അറിവ് തേടുന്ന പാവം പ്രവാസി
മാരത്തോൺ ഓട്ടത്തിനുള്ള ദൂരം 26 മൈൽ 385 വാരയായി നിശ്ചയിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
👉മാരത്തോൺ ഓട്ടക്കാർ ഓടേണ്ടുന്ന ദൂരം 26 മൈൽ 385 വാര എന്നതിന് പകരം, 30 മൈൽ എന്നോ മറ്റോ നിശ്ചയിക്കാമായിരുന്നില്ലേ എന്ന് സ്വാഭാവികമായും നമുക്ക് തോന്നും. പക്ഷേ, ദൂരം അത്രയും നിശ്ചയിച്ചതിന് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. BC 400 മാണ്ടിൽ പേര്ഷ്യക്കാരെ തോല്പിച്ച് ഗ്രീക്കുകാർ വിജയം നേടി. ആ വിജയവാർത്ത സ്വന്തം നാട്ടുകാരെ അറിയിക്കുന്നതിന് വേണ്ടി പൈസിപ്പൈഡ്സ് എന്ന ഗ്രീക്കുഭടൻ യുദ്ധരംഗമായ മാരത്തോണിൽ നിന്ന് 22 മൈൽ അകലെയുള്ള ഏതൻസിൽ ഓടിയെത്തി. ഗ്രീക്ക് ജനതയെ കോരിത്തരിപ്പിക്കുന്ന ആ വാർത്ത അറിയിക്കുന്നതിനിടയിൽ, ഓട്ടം കൊണ്ട് പരിക്ഷീണിതനായ പൈസിപ്പൈഡ്സ് വീണ് മരിച്ചു. ആവേശകരമായ ഈ സംഭവത്തെ അനുസ്മരിച്ചാണ് പുരാതന ഒളിമ്പിക്സിൽ മാരത്തോൺ എന്ന ഇനം ഉൾപ്പെടുത്തിയത്. ആദ്യകാല മൽസരങ്ങളിൽ ഓട്ടത്തിന്റെ ദൂരം സംബന്ധിച്ച് കൃത്യമായ നിയമം ഉണ്ടായിരുന്നില്ല.
ആധുനിക ഒളിമ്പിക്സ് ആരംഭിച്ചതിന് ശേഷം 1908 ൽ ലണ്ടനിൽ വച്ച് നടന്ന ഒളിമ്പിക്സിൽ മാരത്തോൺ ഓട്ടം ആരംഭിച്ചത് വിൻസർ കൊട്ടാരത്തിന് മുന്നിൽ വച്ചായിരുന്നു. ഓട്ടക്കാർ അവിടെ നിന്ന് ലണ്ടനിൽ എത്തുമ്പോഴേക്കും 26 മൈൽ പിന്നിട്ട് കഴിഞ്ഞിരുന്നു. പക്ഷേ ഓട്ടം അവസാനിപ്പിക്കേണ്ട സ്ഥലമായ Royal Box ( രാജകുടുംബത്തിന്റെ ഇരിപ്പിടം) ന്റെ മുന്നിലെത്താൻ പിന്നെയും 385 വാര ഓടണമായിരുന്നു. ആ സംഭവത്തെ തുടർന്ന് മാരത്തോൺ ഓട്ടത്തിന്റെ ദൂരം 26 മൈൽ 385 വാരയായി നിശ്ചയിക്കപ്പെട്ടു.