ദീർഘകാല ഇടതുപക്ഷ ജീവിതം കൊണ്ടുപോലും ഒരുതരി സാമൂഹ്യബോധവും ആർജ്ജിക്കാത്ത സ്ത്രീ

135

എം സി ജോസഫൈൻ, ദീർഘകാലത്തെ തന്റെ ഇടതുപക്ഷ പൊതുജീവിതം കൊണ്ട് പോലും ഒരു തരം സാമൂഹ്യ ബോധവും ആർജ്ജിക്കാനാവാതെ പോയ സ്ത്രീയാണെന്ന് ഇവരുടെ പല പ്രസ്താവനകളും തെളിയിക്കുന്നുണ്ട് . വനിതാ കമ്മീഷന്റെ ഈ കസേരയിൽ അവർ വന്നില്ലായിരുന്നുവെങ്കിൽ നമ്മളാരും അത് അറിയാതെ പോകുമായിരുന്നു. തന്റെ അറിവല്ലായ്മകളും അൽപത്തരങ്ങളും വിളമ്പാൻ ഈ കസേര അവരെ വളരെയേറെ സഹായിച്ചിട്ടുണ്ട്. എൺപത്തൊൻപതു വയസ്സുള്ള ഒരു സ്ത്രീയോട് ബഹുമാനമോ സ്നേഹമോ വേണമെന്ന് പറയുന്നില്ല. പക്ഷെ വേറാരും തുണയില്ല എന്ന ഗതിയെത്തുമ്പോൾ അവസാന ആശ്രയമെന്ന നിലയ്ക്ക് അവർ സഹായമഭ്യര്ഥിക്കുമ്പോൾ ഒരല്പം കരുണയാവാം. അവരെ സഹായിക്കാൻ മനസ്സിലെങ്കിൽക്കൂടി അധിക്ഷേപിക്കാതിരിക്കാൻ ശ്രമിക്കാം. ആരെങ്കിലും ചീത്ത പറഞ്ഞെന്നോ കണ്ണുരുട്ടിയെന്നോ പരിഭവിച്ചല്ല അവർ പരാതിയുന്നയിച്ചത്. അയല്പക്കക്കാരൻ ദേഹോപദ്രവം ഏൽപ്പിച്ച വിവരം ബന്ധു വഴി അറിയിക്കാൻ ശ്രമിച്ചതും ഗതികേട്‌ കൊണ്ടാണ്. വൃദ്ധയായ ഒരു സ്ത്രീ, അതും ദൈനംദിന കാര്യങ്ങൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഒരു പ്രായത്തിൽ തളർന്നുപോയെങ്കിൽ, പോലീസിൽ പരാതിപ്പെട്ടിട്ടും നീതി വൈകുന്നതു കൊണ്ട് രക്ഷിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ധാർഷ്ട്യമാണോ മറുപടി? ഇതിപ്പോൾ എത്രാമത്തെ തവണയാണ് വനിതാ കമ്മീഷൻ ചെയര്പേഴ്സൻ തന്റെ സ്ഥാനത്തിനും ചുമതലകൾക്കും യാതൊരു പ്രതിബദ്ധതയുമില്ലാത്ത അഭിപ്രായങ്ങളും പ്രസ്താവനകളും നടത്തുന്നത് ?