Featured
മെലൺകോളി മലയാളിയുടെ ഒബ്സെഷൻ ആണ്. ചത്താലും പോകില്ല..
വിഷാദിയായ വേണുനാഗവള്ളി-മോഡൽ പുരുഷനും ദുഃഖപുത്രിയും ദുരന്തനായികയുമായ ജലജ-മോഡൽ സ്ത്രീയും പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീഴുന്നിടത്തോളം
174 total views

Anjaly Raj
മെലൺകോളി മലയാളിയുടെ ഒബ്സെഷൻ ആണ്, ചത്താലും പോകില്ല..
വിഷാദിയായ വേണുനാഗവള്ളി-മോഡൽ പുരുഷനും ദുഃഖപുത്രിയും ദുരന്തനായികയുമായ ജലജ-മോഡൽ സ്ത്രീയും പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീഴുന്നിടത്തോളം കാലം മലയാളി- സൈക്കിന്റെ ആഴങ്ങളെ സ്വാധീനിക്കും.അസ്തിത്വദുഃഖമൊക്കെ കോമഡി ആയിമാറി എന്ന് പറയപ്പെടുന്ന ഇക്കാലത്തും മെലൺകോളിയുടെ ഭൂതാവേശത്തിൽനിന്നും മലയാളി രക്ഷപ്പെട്ടിട്ടില്ല..
നിരാശയെയും ദുഃഖത്തെയും കാല്പനികവത്കരിക്കുക… ആനന്ദത്തെ നിഷേധിക്കുക. പകരം മനോവ്യഥയെ ഉന്മാദിയെപ്പോലെ മനസ്സിൽ താലോലിക്കുക..സുഖമുള്ള നൊമ്പരം എന്നൊക്കെ ഡെക്കറേഷൻ കൊടുക്കുക. പിന്നെ ഇതൊക്കെ ഉയർന്ന ബൗദ്ധികതയുടെ സൂചനകളാണെന്നു സ്വയമങ്ങു വിചാരിച്ച് കുറെ തത്വങ്ങളെടുത്തു വിളമ്പുക. ആരെങ്കിലും പരിഹസിച്ചാൽ അയാളെ ഉടനെ അനാർദ്രനും ആഴമില്ലാത്ത വ്യക്തിത്വവുമായി മുദ്രകുത്തുക..ഇതൊക്കെതന്നെയാണ് ജമണ്ടൻ ആധുനികന്മാരുടെപോലും അടിസ്ഥാന ലൈൻ. ഫ്രീക്കൊക്കെ ലുക്കിലെയുള്ളൂ. പൊളിച്ച് പൊളിച്ച് ഉള്ളിലേക്ക് ചെല്ലുമ്പോ “ഇത്ര നിസ്സഹായനും ദുഖാർത്തനും സർവോപരി ആത്മസംഘർഷങ്ങളുടെ എണ്ണയിൽകിടന്നു തിളച്ചുമറിയുന്നവനുമായ” എന്നെ ആരും മൈന്ഡാക്കുന്നില്ലല്ലോ എന്ന നിലവിളിയാണ്..
കണ്വാശ്രമത്തിലെ പേടമാനിനേക്കാൾ നിസ്സഹായയായ കാളിദാസന്റെ ശകുന്തളേയെത്തന്നെയാണ് വ്യാസന്റെ മൂലകഥയിലെ തന്റേടിപ്പെണ്ണിനെക്കാളും നമുക്കിഷ്ടം. അതങ്ങനെയാണ്. നിസ്സഹായതയെ കാല്പനികവൽക്കരിച്ച് അതിന്റെ രാഷ്ട്രീയമായ മാനങ്ങളെ കൊന്നുകളയുക. അല്ലെങ്കിൽ അവ്യക്തമാക്കുക. അങ്ങനെ നീതിനിഷേധത്തെ വെള്ളപൂശുക. സാഹിത്യത്തിലായാലും ജീവിതത്തിലായാലും ഇത് നടക്കുന്നുണ്ട്. ബോധപൂർവ്വവും അബോധപൂർവ്വവും.
ദുഖത്തെ ലഹരിയായിക്കാണുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. അത് പോട്ടെ. വ്യക്തിപരമാണ്. പക്ഷെ തന്നെയും കടന്നു മറ്റൊരാളിലേക്ക് അത് അടിച്ചേൽപ്പിക്കുകകൂടി വേണം എന്ന് ശഠിക്കുമ്പോൾ പരിഹസിക്കേണ്ടിവരും. അല്ലാതെ തരമില്ല.
വീട്ടിനടുത്തുള്ള വിധവ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുകയും സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിക്കുകയും ചെയ്യുന്നത് നിങ്ങളെ അസ്വസ്ഥമാക്കുന്നുവെങ്കിൽ, പാവപ്പെട്ട വീട്ടിലെ കുട്ടി ഒരല്പം സ്റ്റൈലിഷ് ആവുന്നത് നിങ്ങളുടെ നെറ്റിചുളിപ്പിക്കുന്നു എങ്കിൽ, നൈരാശ്യമില്ലാതെ പ്രണയപരാജയത്തെ നോക്കിക്കാണുന്നവൻ നിങ്ങളെ ഞെട്ടിക്കുന്നുവെങ്കിൽ, ബലാൽക്കാരം ചെയ്യപ്പെട്ട പെൺകുട്ടി ധൈര്യപൂർവ്വം പൊരുതി ജീവിക്കുന്നതും മറ്റുള്ളവരെപ്പോലെ പൊട്ടിച്ചിരിക്കുന്നതും നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ നിങ്ങളുടെ ഉപബോധമനസ്സ് ആഗ്രഹിക്കുന്നത് അവർ ദുഖിക്കണമെന്നും നരകിക്കണമെന്നുമാണ്.
അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങളുടെ ദുഃഖം നിങ്ങൾ കാല്പനികവൽക്കരിച്ച് ഉന്മാദമാക്കിക്കോളൂ. മറ്റുള്ളവരെയെങ്കിലും വെറുതെ വിടുക. ഈ ചെറിയ ജീവിതം അവർ പറ്റുമ്പോലെ ആസ്വദിക്കട്ടെ. മെലൺകോളി മൂത്ത ബുദ്ധിജീവി ആയിക്കോളൂ. കണ്ണുകടി ശകലം കുറച്ചാൽ കൊള്ളാം.
175 total views, 1 views today
Continue Reading