ആണുങ്ങൾക്ക് എന്തിനാണ് സ്തനങ്ങൾ ?
📌ഡോ. ജിമ്മി മാത്യു
✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉മനുഷ്യൻ്റെ ശരീര ഘടന അടിസ്ഥാനപരമായി മിക്ക സസ്തനികളുടേതും പോലെ പെൺ ശരീരത്തിന്റെ ആണ് . ഗർഭാവസ്ഥയിൽ , ഒരു ജനിതക ആണിന്റെ വൃഷണങ്ങൾ മുളക്കുന്നതോടെ ആണ് ഈ ശരീര ഘടന മാറി ആണാവുന്നത് എന്ന് പറയാം . വൃഷണങ്ങളിൽ നിന്ന് വരുന്ന ടെസ്റ്റോസ്റ്റിറോൺ ആണ് പ്രധാനമായും കാരണം . അത് കൊണ്ട് തന്നെ ആണുങ്ങളിൽ ചെറു സ്തനങ്ങൾ ഉണ്ട് .പെണ്ണുങ്ങളിൽ കൗമാര സമയത്ത് ഈസ്ട്രജൻ എന്ന ഹോർമോൺ മൂലം സ്തനങ്ങൾ വളരുന്നു . ആണുങ്ങളിൽ ഇത് സംഭവിക്കുന്നില്ല എന്ന് മാത്രം . ആണുങ്ങളിലും ,പെണ്ണുങ്ങളിലും ആൺ ഹോർമോണുകളും, പെൺ ഹോർമോണുകളും ഉണ്ട്. ഇവ തമ്മിലുള്ള അളവുകളുടെ ബാലൻസ് വ്യത്യാസപ്പെട്ടിരിക്കും എന്ന് മാത്രം . എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ, ഈ ബാലൻസ് സ്വല്പം തെറ്റാം . അപ്പോൾ , ആണുങ്ങളിലും സ്വല്പം സ്തന വളർച്ച ഉണ്ടാവാം .ജനിച്ച ഉടനെ വലിയ ഒരു ശതമാനം ആൺകുട്ടികളിൽ സ്തനങ്ങൾ വലുതായി കാണാം . ചിലപ്പോൾ സ്തനങ്ങളിൽ നിന്ന് പാലും വന്നേക്കാം . അമ്മയുടെ ഈസ്ട്രജൻ മൂലം ആണിത് . ഏതാനും ആഴ്ചക്കുള്ളിൽ ഇത് നിശ്ശേഷം മാറും .
പല ആൺകുട്ടികൾക്കും ഹോർമോണൽ ഒഴുക്കിന്റെ കാലത്ത് ചില ഈസ്ട്രജൻ-ടെസ്റ്റോസ്റ്റിറോൺ അളവ് പിണക്കങ്ങളാൽ സ്‌തന വളർച്ച കണ്ടേക്കാം .ഞെക്കിയാലോ, മുട്ടിയാലോ വേദനയും ഉണ്ടായേക്കാം . സാധാരണ ഗതിയിൽ , മാസങ്ങൾ കൊണ്ടോ , ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടോ സംഭവം ചുരുങ്ങിക്കോളും . ഇത് വളർച്ചയുടെ ഒരു ഭാഗമായി കണ്ടാൽ മതി. വയസാവും തോറും ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞു വരും . ഒരു അറുപത് , അറുപത്തഞ്ചു വയസ്സിനു ശേഷം , ലേശം സ്തനവളർച്ച സർവ സാധാരണം ആണെന്ന് പറയാം .
ചില മരുന്നുകൾ മൂലവും ആൺ സ്തന വളർച്ച ഉണ്ടാക്കിയേക്കാം . കാൻസറിന്റെ ചികിത്സ , (പ്രത്യേകിച്ചും പ്രോസ്റ്റേറ്റ് കാൻസറിന്റേത്) ഇത് പോലുള്ള ഒന്നാണ് . ബോഡി ബിൽഡിങ് ചെയ്യുമ്പോൾ , മസിലുകൾ വളരാൻ , നിയമ വിരുദ്ധമായി അനാബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവർ ഉണ്ട്. ഇതിന്റെ ഫലമായി ഗൈനെക്കോമാസ്റ്റിയ എന്ന ആൺ സ്തന വളർച്ചയും ഉണ്ടാക്കാം . മസിലിനു പകരം സ്ത്രീകളെ പോലെ സ്തനങ്ങൾ വളർന്നു വരും.
⚡ഹോർമോണുകളുടെ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന അസുഖങ്ങൾ ,
⚡ചില റ്റ്യുമറുകൾ , കരൾ , വൃക്ക രോഗങ്ങൾ, അങ്ങനെ ചില രോഗങ്ങൾ ഈ അവസ്ഥ ഉണ്ടാക്കിയേക്കാം.
അതായത് ആൺ സ്തന വളർച്ച പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം . രണ്ടു വശത്തും ഒരു പോലെ വളരാം. ചിലപ്പോ ഒരു വശത്തായിരിക്കും വളർച്ച കൂടുതൽ .
അതായത് , ആൺ സ്തന വളർച്ച മിക്കവരിലും ഒരു അസുഖമേയല്ല. ചിലർക്ക് അലോസരം ഉണ്ടാക്കുന്ന വിധത്തിൽ അത് വലുതാണ് എന്ന് മാത്രം . കുറച്ചു പാരമ്പര്യവും കണ്ടേക്കാം . ഇങ്ങനെ ഉള്ളവരിൽ സ്തന ദശകൾ മാത്രമല്ല , ചുറ്റിനും കൊഴുപ്പ് അടിയുന്ന ശരീര പ്രകൃതിയും കാണാറുണ്ട് .ഏന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ആദ്യം ഒരു ഫിസിഷ്യനെയോ, എൻടോക്രനോളജി ഡോക്ടറയോ കാണുന്നതാണ് നല്ലത് .
സ്ത്രീകളുടെ സ്തനങ്ങളുടെ പ്രാഥമിക ജൈവകര്‍മ്മം മുലയൂട്ടുക എന്നുള്ളത് ആണ്.അപൂര്‍വ്വം അല്ലാതെ സ്‌ത്രൈണ രൂപത്തില്‍ ഉള്ള സ്തനങ്ങള്‍ പുരുഷന്മാരിലും കാണാവുന്നത് ആണ്. ഈ അവസ്ഥയ്ക്കു ഗൈനെകോമാസ്റ്റിയ എന്നാണ് പറയുന്നത്. ഈസ്ട്രജന്‍- ടെക്‌സ്റ്റോസ്റ്റിറോണ്‍ അളവുകളില്‍ വരുന്ന വ്യതിയാനം ആണ് പ്രധാനമായും ഇതിനു കാരണം കുറഞ്ഞത് നാല് പുരുഷന്മാരില്‍ ഒരാള്‍ക്ക് എങ്കിലും ഇങ്ങനെ സ്ത്രൈണ രൂപത്തില്‍ ഉള്ള സ്തനങ്ങളാണ്.
പുരുഷന്മാരുടെ സ്തനങ്ങളില്‍ നിന്ന് പാല്‍ ചുരുത്തുകയും കുട്ടികളെ മുലയൂട്ടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തില്‍ എത്തുന്നത് വഴിയാണ് ഇത് സാധ്യം ആകുക. ഹൃദയരോഗത്തിനു ഉപയോഗിക്കുന്ന മരുന്നായ digoxin ഇങ്ങനെ ഒരു സൈഡ് എഫെക്റ്റ് ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭാര്യ പ്രസവത്തിലൂടെ വന്ന സങ്കീര്‍ണ്ണതയിലൂടെ മരണപ്പെട്ടു പോയതിനു ശേഷം തന്റെ രണ്ടു പെണ്‍കുട്ടികള്‍ക്കും സ്വന്തം മാറില്‍ നിന്ന് പാലൂട്ടിയ ഒരു ശ്രീലങ്കന്‍ അച്ഛന്റെ കഥ ഏറെ പ്രസിദ്ധി നേടിയിരുന്നു. ( സയന്റിഫിക് അമേരിക്കയില്‍ വന്ന ഈ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണമുണ്ട് : goo.gl/cWaAms)