ഇതെന്ത് കപ്പാണ് എന്ന് ചേച്ചി, ഓഹ് ഇതറിയില്ലേ ഇതാണ് മെൻസ്ട്രൽ കപ്പ്

1321

Vishnu Vijayan എഴുതുന്നു 

ചേച്ചിയുടെ കൂടെ ഇരുന്ന് ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോഴാണ് (ആൾക്ക് ഫെയ്സ്ബുക്ക് ഇല്ല കെട്ടോ) മെന്സ്ട്രുൽ
കപ്പിൻ്റെ വാർത്ത കണ്ടത്.

Vishnu Vijayan

ഇതെന്ത് കപ്പാണ് എന്ന് ചേച്ചി…!

ഓഹ് ഇതറിയില്ലേ ഇതാണ് മെൻസ്ട്രൽ കപ്പ്.

ഇതെങ്ങനെയാ ഉപയോഗിക്കുന്നത്…!

അതിനെക്കുറിച്ച് എനിക്ക് വലിയ ഐഡിയ ഇല്ല.

നീ ജസ്റ്റ് ഗൂഗിൾ ചെയ്താൽ മതി, അല്ലെങ്കിൽ യൂ ട്യൂബിൽ നൊക്കൂ ഏകദേശം ഐഡിയ കിട്ടുമായിരിക്കും.

ഇതിന് ശേഷം ചിന്ത പോയത് കുറച്ചു വർഷം പിന്നിലേക്കാണ്.

ഏഴാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ചേച്ചി ഒരു പായ്ക്കിൽ എന്തോ കൊണ്ടു പോകുന്നത് കണ്ട് അതെന്താ എന്ന് ചോദിച്ചു, ഏയ് ഒന്നുമില്ല ഡാ എന്ന് പറഞ്ഞ് മറച്ചു പിടിച്ച് ഒരു ചമ്മിയ ചിരിയോടെ കടന്നു പോയത്,

എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ മറുപടി ഒന്നും പറഞ്ഞില്ല.

പിന്നെ നോക്കുമ്പോൾ ടിവിയിൽ പരസ്യം കാണുന്ന സാധനം ആണല്ലോ ഇതെന്തിനാ ഇങ്ങനെ മറച്ച് പിടിക്കുന്നത് എന്നോർത്തു.

വളരെ നാളുകൾക്ക് ശേഷം,

ഒരു വർഷം മുമ്പ് പ്രളയത്തിൻ്റെ ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കാൻ കടയിൽ പോയി ബ്രാൻഡും, സൈസും ചോദിച്ച്, സാനിറ്ററി നാപ്കിൻ വാങ്ങിയതാണ്
ഓർമ്മ വരുന്നത്. അതുവരെ പതിഞ്ഞ ശബ്ദത്തിൽ മാത്രം പറയാൻ ശ്രമിച്ചിരുന്ന സാനിറ്ററി പാട് എന്നത് പരിഹാസങ്ങളും, അവജ്ഞയും, അറിവില്ലായ്മയും ഒക്കെ
ഒരു പ്രതിസന്ധി ഘട്ടം വന്നാൽ തീരാവുന്നതേയുള്ളു.

ഇതൊക്കെ ഇപ്പോൾ ഇങ്ങനെ പറയാൻ കാരണം,

ഏഴാം ക്ലാസിൽ പഠിക്കുന്ന ആ കാലത്ത് നിന്ന്, സാനിറ്ററി നാപ്കിൻ മെഡിക്കൽ ഷോപ്പിൽ പോയി വാങ്ങുന്ന, മെൻസ്ട്രൽ കപ്പ് എന്താണെന്ന് പറഞ്ഞു കൊടുക്കുന്ന, അല്ലെങ്കിൽ അതിനെക്കുറിച്ച് പറയാൻ ഒരു വിസിബിലിറ്റി ഉണ്ടാകുന്ന കാലത്തേക്ക് ഒരു വലിയ ദൂരമുണ്ട്.

അതിനിടയിൽ സംഭവിച്ച ഒരു ചെറിയ വലിയ കാര്യം.

എന്താണെന്നല്ലേ….!

ഈ സ്ക്രീനിൽ ഇങ്ങനെ നോക്കിയിരിക്കാൻ മാത്രം എന്താണ് ഇതിനകത്ത് ഇത്രയധികം ഉള്ളതെന്ന നിരന്തരമായ ചോദ്യങ്ങളുടെ, പിള്ളേരൊക്കെ മൊബൈൽ ഫോൺ വന്നതോടെ, സോഷ്യൽ മീഡിയ വന്നതോടെ വഴി തെറ്റി കെട്ടോ എന്ന സോ കോൾഡ് ചിന്താഗതിയോടുളള മറുപടി കൂടിയാണത്,

വഴിയൊന്നും അധികം തെറ്റിയിട്ടില്ല കാർന്നോൻമാരെ, അതേസമയം ചിന്താഗതിയലും, കാഴ്ചപ്പാടിലും ഉൾപ്പെടെ കുറെയധികം ക്ലാരിറ്റി വന്നത്, കൂടുതൽ അവബോധം ഒക്കെ നേടാൻ കഴിഞ്ഞത് ഇവിടത്തെ വായനയുടെ കൂടി ഫലമാണ്. അല്ല അതിൻ്റെ വലിയ ഗുണമാണ്.

ഒരുപക്ഷെ ഇതിൻ്റെ അഭാവത്തിൽ നേടിയെക്കാൻ കഴിയാതെ പോകുമായിരുന്ന കാര്യം.

പാഠ്യപദ്ധതി വഴി നേടിയെക്കാൻ കഴിയുന്ന കാര്യങ്ങളുടെ വലിയ മടങ്ങ് വരും ഈ തിരിച്ചറിവുകൾ ഒക്കെ.

ഇത് മാത്രമല്ല പല കാര്യങ്ങളിലും ഉള്ളിൽ ഉണ്ടായിരുന്ന പല തരത്തിലുള്ള ചിന്തകളും തെറ്റിദ്ധാരണകളും, മറികടന്ന് കൂടുതൽ കൂടുതൽ മാറ്റങ്ങൾ വരുത്തുന്നതിൽ ചെറിയ സ്വാധീനമല്ല ഈ സ്ക്രീനിൽ വരുന്ന വാക്കുകൾ നൽകുന്നത്.

അതുകൊണ്ട് ഒരിക്കൽ കൂടി പറയട്ടെ വായന എന്നത് നമ്മുടെ നാട്ടിൻപുറത്തെ വായനശാലയുടെ നാല് ചുവരുകളുടെ പുറത്ത് ഇങ്ങനെ വ്യത്യസ്തമായ തലങ്ങളിൽ വിശാലമായി പരന്നു കിടക്കുകയാണ്.

അപ്പോൾ അങ്ങനെ വ്യവസ്ഥാപിത രീതീകൾ ഒക്കെ മാറട്ടെന്നെ, കാഴ്ചപ്പാടുകളും.

എന്നിരിക്കെ കൂട്ടത്തിൽ പറയാനുള്ള ഒരു കാര്യം സർക്കാരിനോടാണ് വിദ്യാഭ്യാസ വകുപ്പിനോട്.

മേൽപ്പറഞ്ഞ ആർത്തവം ഉൾപ്പെടെയുള്ള കാര്യങ്ങളിലുള്ള അവബോധം നമ്മുടെ പാഠ്യപദ്ധതികളിൽ ഇത്തരം കാര്യങ്ങൾ വിശദമായി ഉൾപ്പെടുത്തിയാൽ മാത്രമേ, വരും തലമുറയ്ക്ക് കൃത്യമായ ധാരണകൾ രൂപപ്പെടുത്തി എടുക്കാൻ കഴിയും വിധം പാഠ്യപദ്ധതി പരിഷ്കരിച്ചാൽ മാത്രമേ, സാമൂഹിക ഇടപെടലുകൾ സംഭവിച്ചാൽ മാത്രമേ ഇത്തരം സ്ത്രീ വിരുദ്ധ സാമൂഹിക വിപത്തുകളെ നമുക്ക് വരും നാളുകളിൽ ശക്തമായി നേരിടാൻ കഴിയൂ…