‘എംജിആർ തോട്ടം ‘ (MGR Thottam ) ത്തിന് പിന്നിലെ കഥകൾ എന്തെല്ലാം ?

അറിവ് തേടുന്ന പാവം പ്രവാസി

എത്ര വ്യാഖ്യാനിച്ചാലും പിന്നെയും ബാക്കിയാകുന്ന മൂന്നക്ഷരമാണു എംജിആർ. ഓർമയായി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും മരുതൂർ ഗോപാല രാമചന്ദ്രൻ എന്ന പേരും അദ്ദേഹം സ്ക്രീനിലും ജീവിതത്തിലും നിറഞ്ഞാടിയ വിസ്മയ വേഷങ്ങളും തമിഴ്‌നാടിന്റെ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. സ്ക്രീനിൽ നായികയായെത്തി ജീവിതത്തിൽ എംജിആറിന്റെ സഖിയായി മാറിയ വി.എൻ.ജാനകിയും കുറച്ചുകാലം തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേര യിലിരുന്നിട്ടുണ്ട്. കരുണാനിധി ഭരിച്ചിരുന്ന കാലത്ത് ഗോപാലപുരത്തെ ‘അജ്ഞുഗം’ പോലെ, ജയലളിത ഭരിച്ചിരുന്ന കാലത്ത് പോയസ്ഗാർഡനിലെ ‘വേദനിലയം’ പോലെ, എംജിആറിന്റെ കാലത്തെ അധികാര കേന്ദ്രമായിരുന്നു രാമപുരത്തെ എംജിആർ തോട്ടം. മുഖ്യമന്ത്രിയായിരുന്ന കാലത്തും എംജിആർ ഇവിടെയാണു താമസിച്ചിരുന്നത്.

അന്തരിച്ച മുൻമുഖ്യമന്ത്രി എം.ജി.ആറിന്റെ ജീവിതകാലത്ത് എ.ഡി.എം.കെ.യുടെ എല്ലാ നീക്കങ്ങളും തീരുമാനിച്ച അധികാരകേന്ദ്രമായിരുന്നു രാമവരം ഗാർഡൻ. പക്ഷേ, ഇന്ന് ആ പൂന്തോട്ടത്തിനുള്ളിൽ വിവിധ രാഷ്ട്രീയ സംഭവങ്ങൾ അരങ്ങേറുകയാണ്. രാമവരം പൂന്തോട്ടത്തിൽ എന്താണ് സംഭവിക്കുന്നത്?എംജിആറിന് അനന്തരാവകാശി ഇല്ലാത്തതിനാൽ ഭാര്യ ജാനകിയുടെ അനുജൻ നാരായണന്റെ നാല് പെൺമക്കളായ ലത, ഗീത, ജാനകി, സുധ എന്നിവരെ ദത്തുപുത്രികളായി സ്വീകരിച്ചു. തന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ വേർതിരിക്കുന്ന ഒരു വിൽപത്രവും അദ്ദേഹം എഴുതി.അങ്ങനെ നോക്കുമ്പോൾ ഗീതാ മധുമോഹനും സുധാ രാജേന്ദ്രനും ഗോപാലകൃഷ്ണനും ഇപ്പോൾ എംജിആറിന്റെ തോട്ടത്തിലെ വീട്ടിലാണ് താമസിക്കുന്നത്. അതുപോലെ എം.ജി.ആറിന്റെ ഇഷ്ടപ്രകാരം സ്ഥാപിച്ച ബധിര-മൂക വിദ്യാലയം ഇപ്പോൾ ലതാ രാജേന്ദ്രന്റെ കൈവശമാണ്.

എംജിആറിന്റെ മരണശേഷം അപ്രതീക്ഷിത മായി ജാനകി അധികാര കസേരയിലെ ത്തിയപ്പോഴും വസതി രാമപുരത്തെ തോട്ടമായിരുന്നു. അങ്ങനെ, 2 മുഖ്യമന്ത്രിമാർ താമസിച്ച വീടെന്ന അപൂർവത എംജിആർ തോട്ടത്തിനു സ്വന്തം. ജാനകിയുടെ സഹോദരൻ നാരായണയന്റെ മക്കളുൾപ്പെടെ 7 പേരെ ദമ്പതികൾ ദത്തെടുത്തു വളർത്തി. ലത രാജേന്ദ്രൻ, ഗീതാ മധുമോഹൻ, സുധ വിജയകുമാർ, ജാനകി ശിവരാമൻ, ദീലീപൻ എന്ന രാമചന്ദ്രൻ, ബാനു ശ്രീധർ, മനോ അരുൺ എന്നിവർ എംജിആർ-ജാനകി ദമ്പതികൾ ക്കൊപ്പം രാമപുരം തോട്ടത്തിലാണു വളർന്നത്.

എംജിആർ വിട പറഞ്ഞ് 9 വർഷങ്ങൾക്കു ശേഷം, 1996 മേയ് 19നാണു ജാനകി ഓർമയായത്. അതുവരെ രാമപുരം തോട്ടം ശാന്തമായിരുന്നു. അതിനു ശേഷം പക്ഷേ, കൂടപ്പിറപ്പുകൾ തമ്മിൽ അടി തുടങ്ങി. എംജിആറിന്റെ ഏറ്റവും നാടകീയമായ സിനിമകളെ വെല്ലുന്ന സംഭവങ്ങളാണു പിന്നീട് അരങ്ങേറിയത്. അതിൽ കുടിപ്പകയും , നിയമപോരാട്ടങ്ങളും തുടങ്ങി കൊലപാതകം വരെയുണ്ട്. ജാനകി രാമചന്ദ്രൻ ചരിത്രത്തി ലേക്കു മറഞ്ഞു കാൽ നൂറ്റാണ്ടു പിന്നിട്ടിട്ടും രാമപുരം തോട്ടത്തിനായുള്ള വടംവലി അവസാനിച്ചിട്ടില്ല.

മൗണ്ട്-പൂനമല്ലി റോഡിനോടു ചേർന്നു നഗരത്തിന്റെ കണ്ണായ സ്ഥലത്താണു രാമപുരം. രാജ്ഭവൻ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങ ളിരിക്കുന്ന ഗിണ്ടിയിൽനിന്നു 3 കിലോമീറ്റർ മാത്രം ദൂരം. ഇവിടെ 6.5 ഏക്കറിലാണു വിശാലമായ എംജിആർ തോട്ടം. എംജിആറിന്റെ പേരിൽ കാഴ്ച പരിമിതിയുള്ളവർക്കു വേണ്ടി നടത്തുന്ന സ്കൂളും തോട്ടത്തിലുണ്ട്. എംജിആറിന്റെ വിൽപ്പത്രപ്രകാരം നാരായണ ന്റെ മക്കളായ ഗീത, സുധ, ജാനകി, എംജിആറിന്റെ വളർത്തുമക്കളായ രാധാ ഗോപാലകൃഷ്ണൻ, രവീന്ദ്രൻ എന്നിവരുടെ പേരിലാണു എംജിആർ തോട്ടം. കോടികൾ വില മതിക്കുന്ന മറ്റു സ്വത്തുക്കൾ എംജിആർ ട്രസ്റ്റിനു കീഴിലുണ്ട്.

സത്യം ഗാർഡൻസ്, സത്യം സ്റ്റുഡിയോ, എംജിആർ മാർക്കറ്റ്, നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിൽ കെട്ടിടങ്ങൾ, ഏഴോളം സ്കൂളുകൾ എന്നിവയും ഇതിനു കീഴിലുണ്ട്. നിലവിലെ കണക്കനുസരിച്ച് നൂറു കോടിയി ലേറെ വരുന്നതാണു വസ്തുവകകൾ. നാരായണന്റെ മൂത്ത മകൾ ലതയുടെ ഭർത്താവ് രാജേന്ദ്രനെയാണു വിൽപത്രം നടപ്പാക്കുന്ന തിനുള്ള എക്സിക്യൂട്ടറായി നിയമിച്ചിരുന്നത്. എംജിആർ ട്രസ്റ്റിന്റെ സ്വത്തിൽ എല്ലാവർക്കു അവകാശമുണ്ട്. ജാനകിയുടെ മരണത്തിനു പിന്നാലെത്തന്നെ സ്വത്ത് കൈകാര്യവുമായി ബന്ധപ്പെട്ട് അടി തുടങ്ങി. രാമപുരം തോട്ടത്തിന്റെ പിന്തുടർച്ചാവകാശം വിൽപത്രത്തിലെഴുതുമ്പോൾ എംജിആർ ഒരു വ്യവസ്ഥ വച്ചിരുന്നു. അവകാശികൾക്കു സ്വത്ത് അനുഭവിക്കാം. പക്ഷേ, വിൽക്കാനോ പണയപ്പെടുത്താനോ പാടില്ല!

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമുണ്ട് എംജിആർ തോട്ടത്തിന്. കരുണാനിധിയുമായി പിണങ്ങി എംജിആർ അണ്ണാഡിഎംകെ രൂപീകരിച്ച കലുഷിതമായ കാലത്ത് പ്രധാന യോഗങ്ങളെല്ലാം നടന്നത് ഇവിടെയാണ്. അണ്ണാഡിഎംകെ രൂപീകരണം നടന്നതു സത്യാ സ്റ്റുഡിയോയിലാണെങ്കിലും നിർണായക ചർച്ചകളുടെ ആസ്ഥാനം രാമപുരം തോട്ടമായിരുന്നു. പ്രമുഖ നേതാക്കളെല്ലാം എംജിആറിനെ കാണാൻ ഇവിടെയെത്തി. 1977ൽ അണ്ണാഡിഎംകെ അധികാരത്തി ലെത്തി എംജിആർ മുഖ്യമന്ത്രി പദവിയി ലേറിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി എംജിആർ തോട്ടം മാറി. 1987ൽ ഇതേ വീട്ടിലിരുന്നാണു എംജിആർ അന്ത്യശ്വാസം വലിച്ചത്.

എംജിആറിന്റെ മരണം വരെ രാഷ്ട്രീയ ഇടപെടലുകൾക്കു ജാനകി മുതിർന്നിരുന്നില്ല. അവസാന കാലത്ത് എംജിആർ ചികിത്സയിലിരിക്കെ ചില തീരുമാന ങ്ങളെടുത്തെങ്കിലും ജീവിതത്തിലുടനീളം എംജിആറിന്റെ നിഴലായി നിൽക്കാനാണു ജാനകി ഇഷ്ടപ്പെട്ടത്. സ്ക്രീനിലെ നായികയായി പിന്നീട് എംജിആറിന്റെ ഇഷ്ടക്കാരിയായി മാറിയ ജയലളിത രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുകയും ചെയ്തു. എംജിആറിന്റെ മരണവിവരമറിഞ്ഞു രാമപുരം തോട്ടത്തി ലെത്തിയ ജയലളിതയ്ക്കു നല്ല അനുഭവമല്ല ഉണ്ടായത്.

അണ്ണാഡിഎംകെയിലെ പ്രമുഖ നേതാക്കളിൽ ആർ.എം.വീരപ്പൻ ഉൾപ്പെടെയുള്ളവർക്കു ജയലളിത എംജിആറിന്റെ പിൻഗാമിയാ കുന്നതിനോടു താൽപര്യമില്ലായിരുന്നു. അവരുടെ നിർബന്ധത്തിനു വഴങ്ങിയാണു എംജിആറിന്റെ മരണ ശേഷം ജാനകി മനസ്സില്ലാ മനസ്സോടെ അണ്ണാഡിഎംകെ തലപ്പത്തേക്കു വന്നത്. ഇപ്പോൾ തീരുമാനമെടുത്തില്ലെങ്കിൽ എംജിആർ പടുത്തുയർത്തിയ പാർട്ടി തകർന്നു പോകുമെന്നു നേതാക്കളിൽ ചിലർ പറഞ്ഞ പ്പോഴാണു ജാനകി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

മുഖ്യമന്ത്രി പദത്തിൽ ഒരു മാസത്തിൽ താഴെ മാത്രമാണു ജാനകിക്ക് ഇരിക്കാനായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജാനകി, ജയലളിത വിഭാഗങ്ങൾ രണ്ടു ചേരികളായി മത്സരിച്ചു. എംജിആറിന്റെ മണ്ഡലമായിരുന്ന തേനിയിലെ ആണ്ടിപ്പെട്ടിയിൽ മത്സരിച്ച ജാനകി ദയനീയമായ തോറ്റു. 28 സീറ്റു നേടിയ ജയലളിത വിഭാഗം പ്രതിപക്ഷത്തെ വലിയ പാർട്ടിയായി. ഇതോടെ, ജാനകി രാഷ്ട്രീയം മതിയാക്കി. അന്നു മുതൽ മരണം വരെ രാഷ്ട്രീയത്തിൽ നിന്നകന്ന്, രാമപുരം തോട്ടത്തിൽ മക്കൾക്കും കൊച്ചു മക്കൾക്കുമൊപ്പം സ്നേഹവതിയായ അമ്മയും , വാൽസല്യ നിധിയായ മുത്തശ്ശിയു മായി അവർ ജീവിച്ചു.

വൈക്കം നാരായണി ജാനകിയെന്ന വി.എൻ. ജാനകി സിനിമയിലും , രാഷ്ട്രീയത്തിലും എംജിആറിന്റെ നായികയായിരുന്നു. രാഷ്ട്രീയ ക്കാരെയും , സിനിമാ നക്ഷത്രങ്ങളെ യും കൊണ്ടാടുന്ന തമിഴകം പക്ഷേ, രണ്ടിലും മുദ്ര പതിപ്പിച്ച ജാനകിയെ മറന്നു. താരങ്ങൾക്കും നേതാക്കൾക്കും മനസ്സിലും തെരുവിൽ നിറച്ചും പ്രതിമ പണിയുന്ന തമിഴ് മക്കൾ ജാനകിയെ ആ നിലയിൽ കൊണ്ടാടിയില്ല. രാമപുരം തോട്ടത്തിൽ എംജിആറിനൊപ്പമുള്ള ഒരു പ്രതിമയിലൊതുങ്ങുന്നു അവരുടെ സ്മാരകം. തോട്ടത്തിനു മുന്നിലെ സ്മാരകങ്ങളിലൊന്നു ജാനകിയുടേതാണ്. എംജിആറിന്റേതും അമ്മ സത്യഭാമയുടേതുമാണു മറ്റുള്ളവ.
ജാനകിയുടെ മരണത്തിനു പിന്നാലെ രാമപുരം തോട്ടത്തിലും എംജിആർ ട്രസ്റ്റിന്റെ സ്വത്തു വകകളുടെ വീതംവയ്പുമായി ബന്ധപ്പെട്ടും കലഹം തുടങ്ങി. അനന്തരാവകാശികൾ തമ്മിൽ ചേരി തിരിഞ്ഞു നിയമപോരാട്ടത്തി നിറങ്ങി. തമിഴ്നാട് രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന രാമപുരം തോട്ടം സ്വത്തു തർക്കത്തിന്റെ ഹോട്ട് സ്പോട്ടായി മാറി. ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ടു സമരവും , നിരാഹാരവും , തൊഴുത്തിൽ കുത്തും വർഷങ്ങളോളം തുടർന്നു. അതിന്റെ തുടർച്ചയായി നടന്ന കൊലപാതകം തമിഴകത്തെ ഞെട്ടിച്ചു.

2008 ജൂണിൽ ആൽവാർപെട്ടിൽ സുധയുടെ ഭർത്താവ് വിജയനെ മരിച്ച നിലയിൽ കണ്ടെത്തി. ഇതു കൊലപാതകമാണെന്നു പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം സുധയുടെ മൂത്ത സഹോദരി ലതയെയും , ഭർത്താവ് രാജേന്ദ്രനെയുമാണു എല്ലാവരും സംശയിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായതു സുധയുടെ അനിയത്തി ബാനു ശ്രീധർ. ബാനുവും സഹോദരൻ ദീപനും തമ്മിൽ എംജിആർ ട്രസ്റ്റിനു കീഴിലുള്ള സ്കൂളിനെ ച്ചൊല്ലി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. എംജിആറിന്റെ ശവ സംസ്കാരയാത്രയ്ക്കിടെ വാഹനത്തിൽനിന്നു ജയലളിതയെ തള്ളിയിട്ടു കുപ്രസിദ്ധി നേടിയയാളാണു ദീപൻ.

ദീപന്റെ പിന്നിലുള്ള ബുദ്ധി കേന്ദ്രം വിജയനാണെന്നു ബാനു തെറ്റിദ്ധരിച്ചെന്നും ഇതിന്റെ പകയാണു കൊലപാതകത്തിനു പിന്നിലെന്നുമായിരുന്നു കണ്ടെത്തൽ. ഇതിനായി പൊലീസുകാരനെയും , ഗുണ്ടക ളെയും ഉപയോഗപ്പെടുത്തിയെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിചാരണക്കോടതി ബാനുവിനെ ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പിന്നീട് അവരെ കുറ്റവിമുക്തയാക്കി. ഇതിനെതിരെ സുധ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസും കുടിപ്പകയും പ്രതികാരവുമായി എംജിആറിന്റെ സ്വത്തിനു വേണ്ടിയുള്ള തർക്കം അനന്തരാവകാശികൾ തമ്മിൽ ഇപ്പോഴും തുടരുന്നു.വിജയൻ-സുധ ദമ്പതികളുടെ മകനായ വി. രാമചന്ദ്രൻ മുത്തച്ഛനെപ്പോലെ സിനിമയിലും രാഷ്ട്രീയത്തിലുമുണ്ട്. അണ്ണാഡിഎംകെ യുവജന വിഭാഗം ഭാരവാഹിയാണ്. സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. മൂത്ത മകൻ രാജ് കുടുംബ സമേതം വിദേശത്താണ്. മൗണ്ട് -പൂനമല്ലി പാതയോരത്ത് തലയുയർത്തി നിൽക്കുന്ന എംജിആർ തോട്ടം തമിഴ്നാട് രാഷ്ട്രീയ-സിനിമാ ചരിത്രത്തിലെ തലയെടു പ്പുള്ള സാക്ഷിയാണ്. നിർഭാഗ്യവശാൽ ഇപ്പോൾ കനൽ പോലെ നീറുന്ന കുടുംബവൈരത്തിന്റെ സ്മാരകവും.

You May Also Like

ആദ്യ ഭാഗത്തേക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗം ‘ദി മൗണ്ടെയ്‌ൻ 2’

ആദ്യ ഭാഗത്തേക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗം… തള്ള് അല്ല ഉറപ്പായും കാണുക… നല്ലൊരു…

‘റാം’ എന്ന ഒരു വലിയ സിനിമയ്ക്ക് ഇടവേള ഉണ്ടാക്കി ‘നേര്’ ചെയ്തു റിലീസ് ചെയ്യണമെങ്കിൽ അതിൽ സംവിധായകനെ എക്സൈറ്റ് ചെയ്യുന്ന ഘടകങ്ങൾ ഉണ്ടായിരിക്കണം

Vani Jayate ദൃശ്യം 2, ഒറ്റിറ്റിയിൽ റിലീസ് ആയതിന് തൊട്ടു മുമ്പുള്ള ജിത്തു ജോസഫിന്റെ ഇന്റർവ്യൂകൾ…

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ?

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ? അറിവ് തേടുന്ന പാവം പ്രവാസി ????അപകടത്തിൽ പെട്ടവരെയോ,…

മമ്മൂട്ടിയുടെ ‘ന്യൂഡൽഹി’ രജനീകാന്തിന് നൽകിയത് ‘നിരാശ’

മമ്മൂട്ടി ചിത്രമായ ന്യൂ ഡൽഹി മലയാളത്തിൽ നേടിയ ചരിത്ര വിജയം നമുക്കെല്ലാം അറിവുള്ളതാണ്. ആ ചിത്രത്തോടെ…