115th Birthday Anniversary

Suresh Varieth

ക്രിക്കറ്റിനോടുള്ള അതിയായ സ്നേഹം ആ മദ്രാസ് സ്വദേശിക്ക് നഷ്ടമാക്കിയത് ഒരു ഒളിംപിക് മെഡലായിരുന്നു. പക്ഷേ.മൊഹമ്മദ് നിസാറും അമർ സിംഗും നിറഞ്ഞു നിന്നിരുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിൽ അയാളൊരിക്കലും ഒരു നിറസാന്നിധ്യമായില്ല.

* ക്രിക്കറ്റിലും ഹോക്കിയിലും അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കളിക്കാരൻ
* ചെപ്പോക്കിൽ ആദ്യ ഹാട്രിക്കിനുടമ
* രഞ്ജി ട്രോഫിയിലെ ആദ്യ പന്തിൻ്റെ അവകാശി
* സർ ജാക്ക് ഹോബ്സിനെ രണ്ടിന്നിംഗ്സിലും പുറത്താക്കിയ ഇന്ത്യക്കാരൻ

മോറപ്പാക്കം ജോസ്യം ഗോപാലൻ അഥവാ MJ GOPALAN.1909 ൽ മദ്രാസിലെ മോറപ്പാക്കം എന്ന സ്ഥലത്ത് ജനിച്ച ഗോപാലൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തോടൊപ്പം ട്രിപ്ളിക്കേനിൽ താമസമാക്കി. മദ്രാസിൽ ക്രിക്കറ്റ് വളർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച ഇംഗ്ലണ്ടിൻ്റെ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ സി.പി.ജോൺസ്റ്റൻ ഗോപാലനിലെ ബൗളറെ കണ്ടെത്തുകയും പ്രാക്ടീസ് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. കൂടാതെ ബുംറാ ഓയിൽ കമ്പനിയിൽ ജോലിയും ശരിയാക്കി. ട്രിപ്ളിക്കേൻ ക്രിക്കറ്റ് ക്ലബിലൂടെ കളിച്ചു വളർന്ന അദ്ദേഹം മദ്രാസ് ഫസ്റ്റ് ക്ലാസ് രംഗത്ത് ശ്രദ്ധേയനായി.

ഇംഗ്ലീഷ് ടീമുകൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത് പതിവായിരുന്ന അക്കാലത്ത് മികച്ച മീഡിയം പേസറായി വളർന്ന ഗോപാലൻ അവർക്കെതിരെ മികച്ച പ്രകടനങ്ങൾ തുടർന്നു. 1930ൽ മദ്രാസ് ടീമിനു വേണ്ടി വിഴിയ നഗരം ഇലവനെതിരെ അവരുടെ അതിഥി താരം, ലോകത്ത് ഏറ്റവുമധികം ഫസ്റ്റ് ക്ലാസ് സെഞ്ചുറികളുള്ള സർ ജാക്ക് ഹോബ്സിനെ രണ്ടിന്നിംഗ്സിലും വീഴ്ത്തി ഗോപാലൻ ദേശീയ ശ്രദ്ധയാകർഷിച്ചു. 1933 ൽ ഇന്ത്യ സന്ദർശിച്ച സിലോൺ (ഇന്നത്തെ ശ്രീലങ്ക) ടീമിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒരോവറിൽ ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് നേടി അദ്ദേഹം ദേശീയ ടീമിലേക്ക് അവകാശവാദമുന്നയിച്ചു.

1934 ൽ രഞ്ജി ട്രോഫി ഇന്ത്യയുടെ ആഭ്യന്തര ടൂർണമെൻ്റായി രൂപപ്പെട്ടപ്പോൾ ആദ്യ മത്സരത്തിൽ (മദ്രാസ് X മൈസൂർ) ആദ്യ പന്തെറിയാനുള്ള ഭാഗ്യം ലഭിച്ചത് ഗോപാലനായിരുന്നു. അതിനും ആറു മാസം മുമ്പ് തന്നെ കൽക്കട്ടയിൽ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിൽ കേണൽ സി.കെ നായിഡുവിൻ്റെ ക്യാപ്റ്റൻസിയിൽ അമർസിങ്ങിനും നിസാറിനുമൊപ്പം പന്തെറിയാൻ അവസരം ലഭിച്ചു. ഒരിന്നിംഗ്സിൽ മാത്രം പന്തെറിഞ്ഞ് 19 ഓവറിൽ 39 റൺസ് നൽകി ഒരു വിക്കറ്റ് നേടിയ അദ്ദേഹത്തിന് പക്ഷേ പിന്നീടൊരു മത്സരത്തിൽ ഇന്ത്യക്കായി ഇറങ്ങാൻ കഴിഞ്ഞില്ല. 1936ൽ ഇംഗ്ലീഷ് പര്യടനത്തിന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരു കളിയിൽ പോലും അന്തിമ ഇലവനിൽ ഇറങ്ങാൻ കഴിഞ്ഞില്ല.

ഹോക്കിയിലും തൽപ്പരനായിരുന്ന അദ്ദേഹത്തിന് നേരായ വഴി ഉപദേശിച്ചത് റോബർട്ട് സമ്മർഹെയ്സ് എന്ന ഇംഗ്ലീഷ് പരിശീലകനായിരുന്നു. ഇന്ത്യൻ ഹോക്കി ടീമിൽ സ്ഥാനം നേടിയ അദ്ദേഹം ഇന്ത്യക്കായി ക്രിക്കറ്റിൽ അരങ്ങേറിയതിനു പിന്നാലെ 1935ൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ന്യൂസിലൻ്റിൽ വിജയകരമായി പര്യടനം നടത്തി. 1936 ബെർലിൻ ഒളിംപിക്സിന് വേണ്ടിയുള്ള സെലക്ഷൻ ട്രയല്സിലേക്കുള്ള ക്ഷണം അദ്ദേഹം പക്ഷേ വേണ്ടെന്ന് വച്ചു ക്രിക്കറ്റ് ടീമിനൊപ്പം ഇംഗ്ലീഷ് പര്യടനം തെരഞ്ഞെടുത്തു. ഒളിംപിക്സിൽ ധ്യാൻചന്ദിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ സ്വർണമെഡൽ ജേതാക്കളുമായി .

ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടമായെങ്കിലും ആഭ്യന്തര രംഗത്ത് കഠിനമായി പരിശ്രമിച്ച അദ്ദേഹം തൻ്റെ ബാറ്റിങ്ങും മെച്ചപ്പെടുത്തി. ഇന്ത്യ സന്ദർശിച്ചിരുന്ന വിദേശ ടീമുകൾക്കെതിരെ ബാറ്റു കൊണ്ടും പന്തു കൊണ്ടും അദ്ദേഹം മികച്ച പ്രകടനം തുടർന്നു. ഗോപാലൻ്റെ കായിക രംഗത്തെ 25 വർഷങ്ങൾ പിന്നിട്ടതിൻ്റെ ആദരസൂചകമായി 1952 മുതൽ മദ്രാസ് ടീമും സിലോൺ ടീമും തമ്മിൽ എല്ലാ വർഷവും ” എം ജെ ഗോപാലൻ ട്രോഫി ” മത്സരങ്ങൾ നടത്തി. 1980 വരെ ഈ ടൂർണമെൻറ് മുടങ്ങാതെ തുടർന്നു. 1981ൽ ശ്രീലങ്കക്ക് ടെസ്റ്റ് പദവി ലഭിച്ചു. 1950ൽ അദ്ദേഹം ദേശീയ സെലക്ടറുമായി.78 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 194 വിക്കറ്റുകളുമുള്ള അദ്ദേഹം 2003 ഡിസംബർ 21 ന് ലോകത്തോട് വിട പറഞ്ഞു.

From the book “22 വാരയിലെ ചരിത്രത്തിലൂടെ ” for details and copies, pls whatsapp 9349796257

You May Also Like

ജൂലൈ 18 ൻ്റെ നഷ്ടം

ജൂലൈ 18 ൻ്റെ നഷ്ടം Suresh Varieth “ഗോളടിക്കുന്ന സ്ട്രൈക്കർമാരെപ്പോലെയോ അതിൽ കൂടുതലോ പ്രധാനപ്പെട്ടവരാണ് സ്വന്തം…

നന്ദി റോജർ ഫെഡറർ… കളിക്കളത്തിനുപുറത്തും എന്താണ് ക്‌ളാസ്സ് എന്നത് നിരന്തരം കാണിച്ചു തന്നതിന്

Sreejith Sreekumar സ്വിസ്സിലെ ഒരു ഗ്രാമത്തിലെ ടെന്നീസ് ഇഷ്ടമുള്ള, ഒരിക്കൽ ബോൾ ബോയ് ആയിരുന്ന ആ…

ഒരു ഒളിമ്പിക് ദീപശിഖ അട്ടിമറി

ഒരു ഒളിമ്പിക് ദീപശിഖ അട്ടിമറി Sreekala Prasad 1956-ലെ സമ്മർ ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലാണ് നടന്നത്. പതിവുപോലെ,…

വിക്കറ്റ് കീപ്പര്‍മാര്‍ അരങ്ങുവാണ ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ കഥ

ഒരു ടെസ്റ്റില്‍ ഒരേ ടീമിന് വേണ്ടി നാല് വിക്കറ്റ്കീപ്പര്‍മാര്‍ കളിക്കാന്‍ ഇറങ്ങിയാലോ?