തീവ്രവാദികൾ എന്ന് ഒരു കൂട്ടരേ വിളിക്കുമ്പോൾ ആ മതത്തിലുള്ള മുഴുവൻ പേരും അങ്ങനെയല്ലെന്ന് കരുതാൻ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ ഐ.ക്യു ഒന്നും വേണ്ട

0
269

Shymon Sebastian Parassery

എന്‍.ഡി.എഫ് (പോപ്പുലര്‍ ഫ്രണ്ട്) പോലുള്ള ഇസ്ലാമിക തീവ്രവാദികള്‍ എന്ന് എടുത്തുപറയുന്നുണ്ട് മോഹനന്‍ മാസ്റ്ററുടെ പ്രസംഗത്തില്‍. എന്നിട്ടും അത് കേട്ടിട്ട് പൊള്ളുന്നുണ്ടെങ്കില്‍ അത് കേള്‍ക്കുന്നവരുടെ ഉള്ളിലും ഇസ്ലാമിക ഭീകരവാദത്തോട് ആഭിമുഖ്യം ഉള്ളതുകൊണ്ടാണെന്ന് മനസിലാക്കണം. ഹിന്ദു തീവ്രവാദികള്‍ എന്നു സംഘികളെ വിളിക്കുമ്പോള്‍ മുഴുവന്‍ ഹിന്ദുക്കളും അങ്ങനെയാണെന്നൊരു ധ്വനി അതില്‍ ഇല്ലാത്തതു പോലെ, ഇസ്ലാമിക തീവ്രവാദികള്‍ എന്നു സുഡാപ്പികളെ വിളിക്കുമ്പോള്‍ മുഴുവന്‍ മുസ്ലിങ്ങളും തീവ്രവാദികള്‍ ആണെന്നൊരു ധ്വനി ആ പ്രസ്താവനയിലുമില്ല. ഇതു മനസിലാക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ ഐ.ക്യു ഒന്നും ആവശ്യമില്ല.

ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ളവരുടെ ചൊറിച്ചില്‍ മനസിലാക്കാവുന്നതേയുള്ളൂ. ഇക്കണ്ട പ്രചണ്ഡമായ സി.പി.എം വിരുദ്ധ വാര്‍ത്തകളൊക്കെയും പടച്ചുണ്ടാക്കിയിട്ടും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ ഉജ്ജ്വലമായ വിജയം കുറച്ചൊന്നുമല്ല സംഘി ചാനലായ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങളെ വിറളിപിടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലത്തോട്ട് ഒഴുകിയ ന്യൂനപക്ഷ വോട്ടുകള്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറെക്കുറെ കൂട്ടമായി ഇടത്തോട്ട് ഒഴുകി എന്നാണ് പൊതു വിലയിരുത്തല്‍. അങ്ങനെ ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിച്ച ന്യൂനപക്ഷ വിഭാഗങ്ങളെ അവരില്‍ നിന്നും അകറ്റുക എന്നതാണ് വലതുപക്ഷ മാധ്യമങ്ങളുടെ പ്രഥമഗണനീയമായ കര്‍ത്തവ്യം.

മോഹനന്‍ മാസ്റ്റര്‍ മുസ്ലിങ്ങളെയാകെ അടച്ചാക്ഷേപിച്ചു എന്ന രീതിയിലാണ് വലതുപക്ഷ മാധ്യമങ്ങളും കോണ്‍ഗ്രസും ലീഗുമൊക്കെ പൊതുബോധം സൃഷ്ടിച്ച് കാറ്റുള്ളപ്പോള്‍ തൂറ്റാന്‍ നോക്കുന്നത്. അങ്ങനെയൊന്നും ആ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് ആ പ്രസംഗം കേട്ട ഏതൊരാള്‍ക്കും മനസിലാകുന്നതാണ്. മുസ്ലിം നാമധാരികളായ രണ്ടു തക്കുടുവാവകളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയപ്പോള്‍ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ ഏറ്റവുമാദ്യം ശക്തമായി രംഗത്തു വന്നവരില്‍ ഒരാള്‍ ഇതേ മോഹനന്‍ മാസ്റ്ററായിരുന്നു എന്ന് ഓര്‍ക്കണം. തക്കുടുവാവകളെ പിണറായി പൊലീസ് ചുമ്മാതങ്ങ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞായിരുന്നു അന്നത്തെ വിമര്‍ശനം മുഴുവന്‍. ഏതായാലും ഇപ്പോള്‍ റൂട്ട് മാറിയിട്ടുണ്ട്. കുഞ്ഞാവകള്‍ വഴി തെറ്റിയിട്ടുണ്ടെങ്കില്‍ അത് സി.പി.എമ്മിന്‍റെ കുഴപ്പമാണ് എന്ന രീതിയിലാണ് ഇപ്പോളത്തെ വിലാപം മുഴുവന്‍. കള്ളക്കേസ് എടുത്ത് പിണറായി പൊലീസ് കുഞ്ഞാവകളെ കുടുക്കുകയായിരുന്നു എന്ന വാദം ഇനിയും നിലനില്‍ക്കില്ലെന്ന് മനസിലാക്കിയ തല്‍പ്പരകക്ഷികള്‍ ഇനിയെന്ത് എന്ന രീതിയില്‍ ലക്ഷ്യബോധമില്ലാതെ ഇരിക്കുമ്പോളാണ് മോഹനന്‍ മാസ്റ്ററുടെ പ്രസംഗം വരുന്നത്. വളച്ചൊടിക്കാന്‍ മറ്റൊരു സി.പി.എം നേതാവിന്‍റെ പ്രസ്താവനയോ പ്രസംഗമോ വരുന്നതു വരെ ഇതിലാണ് അവരുടെ പ്രതീക്ഷ അത്രയും.

ഇന്‍ഡ്യന്‍ മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റ് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ ആദ്യത്തെ വ്യക്തിയൊന്നുമല്ല മോഹനന്‍ മാസ്റ്റര്‍. എത്രയോ ആളുകള്‍ അത് പറഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ അതെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത കോലാഹലം ഇപ്പോള്‍ ഉണ്ടാക്കുന്നത് എന്തിനാണെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞത് ഒരു വസ്തുതയാണ്. പച്ചപരമാര്‍ത്ഥം. മാവോയിസ്റ്റ് നേതാവായിരുന്ന കൊല്ലപ്പെട്ട കിഷന്‍ജി നടത്തിയ പ്രസ്താവന തന്നെ ഇതിന് സാധൂകരണം നല്‍കുന്നുണ്ട്. കിഷന്‍ജി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു:

”അടിസ്ഥാനപരമായി അമേരിക്കന്‍ വിരുദ്ധവും സമാധാനപരവും സാമ്രാജ്യത്വ വിരുദ്ധവും ആയതിനാല്‍ ഇസ്ലാമിക കലാപകളെ എതിര്‍ക്കേണ്ടതില്ല. അതുകൊണ്ട് തന്നെ അത് വളരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.”

മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ഗണപതിയും ഇതേ രീതിയില്‍ പറഞ്ഞിട്ടുണ്ട്. പൊതുശത്രുക്കള്‍ക്കെതിരെ പൊരുതുമ്പോള്‍ ഇസ്ലാമിസ്റ്റുകളുമായും കൈകോര്‍ക്കാം എന്നാണ് ഗണപതി ഇതേ കുറിച്ച് പറഞ്ഞത്. ബംഗാളിലും ത്രിപുരയിലുമൊക്കെ ആരായിരുന്നോ അവരുടെ പൊതുശത്രു അവര്‍ തന്നെയാണ് കേരളത്തിലും അവരുടെ പൊതുശത്രുവെന്ന് അവര്‍ക്കും അറിയാം ആ പൊതുശത്രുവിനും അറിയാം.

വേണമെങ്കില്‍ മോഹനന്‍ മാസ്റ്റര്‍ക്ക് മാവോയിസ്റ്റുകളും ഇസ്രയേലി ചാരസംഘടനയായ മൊസാദും തമ്മില്‍ ബന്ധമുണ്ടെന്നൊക്കെ പറയാമായിരുന്നു. അതാകുമ്പോള്‍ ഇത്രയും പൊല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല. ആര്‍.എസ്.എസിനെ ഹിന്ദു തീവ്രവാദികള്‍ എന്നു വിളിക്കുന്നതു പോലെ എളുമല്ല അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ ധൈഷണിക ഇടപെടല്‍ കൊണ്ട് സംഘ്പരിവാര്‍ വിരുദ്ധ പൊതുബോധം ശക്തമായ കേരളത്തില്‍ സുഡാപ്പികളെ ഇസ്ലാമിക തീവ്രവാദികള്‍ എന്നു വിളിക്കുന്നത്. പറഞ്ഞുവരുമ്പോള്‍ മോഹനന്‍ മാസ്റ്ററുടെ അടുത്തും തെറ്റുണ്ട്.

മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റ് ഭീകരവാദികളും തമ്മില്‍ ബന്ധമുണ്ട്. ഒരു തരം. രണ്ടു തരം മൂന്നു തരം.