എന്തുകൊണ്ടാണ് മോഹനനും വടക്കാഞ്ചേരിയും പോലെ പത്താംക്ലാസ്സ്‌ പാസ്സാകാത്തവർക്ക് ചികിൽസിച്ചു കൊല്ലാൻ രോഗികളെ കിട്ടുന്നത്?

0
628

Written by : Dr.Shanavas AR

എന്തുകൊണ്ടാണ് മോഹനനും വടക്കാഞ്ചേരിയും പോലുള്ള പത്താം ക്ലാസ്സ്‌ പോലും പാസ്സാകാത്തവർക്ക് ചികിൽസിച്ചു കൊല്ലാൻ രോഗികളെ കിട്ടുന്നത്?

1) മനുഷ്യന്റെ അടിസ്ഥാന വികാരം സന്തോഷവും സമാധാനവുമാണ്. ഇവ തരുന്ന വാർത്തകളും വിശേഷങ്ങളും വിശ്വസിക്കാനാണ് ഒരു മനുഷ്യന്റെ തലച്ചോറ് കണ്ടിഷൻ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ വിദ്യാഭ്യാസം, ക്ലാസ്സ്‌ (ലോവർ, മിഡിൽ, അപ്പർ ക്ലാസ്സ്‌ ) എന്നിവ സ്വാധീനം ചെലുത്തുമെങ്കിൽ പോലും ഒരു ശരാശരി മനുഷ്യൻ ഇങ്ങനെയാണ്.

ഒരു ഉദാഹരണം പറയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. ഒരു പ്രമേഹ രോഗി തന്റെ രക്തമെടുത്തു ഒരേ സമയം തന്നെ മൂന്നു ലാബിൽ കൊടുത്തു എന്ന് വിചാരിക്കുക. ആദ്യത്തേത് വീടിനടുത്തുള്ള ചെറിയ ലാബ് ( മാന്വൽ ആയി ചെയ്യുന്ന സ്ഥലം ) – അവിടന്ന് കൊടുത്തത് 110 ആണ്.
രണ്ടാമത്തേത് തരക്കേടില്ലാത്ത ലാബ്( സെമി ഓട്ടോമാറ്റിക് മെഷിനിൽ ചെയ്യുന്നു ) – അവിടന്ന് കൊടുത്തത് 132.
മൂന്നാമത്തേത് NABL അംഗീകാരമുള്ള( ഫുള്ളി ഓട്ടോമാറ്റിക് മെഷിനിൽ ചെയ്യുന്നു ) – അവിടന്ന് കിട്ടിയത് 154.

ഈ മൂന്നു റിസൾട്ട്‌ നിങ്ങൾ ആ രോഗിക്ക് കൊടുത്താൽ അയാൾ പറയുന്നത് 110 എഴുതി കൊടുത്ത മാന്വൽ ആയി ചെയ്യുന്ന തൊട്ടടുത്തുള്ള ലാബിലെ റിസൾട്ട്‌ ആണ് ശരി എന്നായിരിക്കും. ഇനി എത്ര തർക്കിച്ചാലും – NABL സർട്ടിഫിക്കറ്റ് ഉള്ള സ്ഥലം , ഫുള്ളി ഓട്ടോമാറ്റിക് മെഷീൻ ആണ്, ദിവസവും കൺട്രോൾ ഓടിച്ചതിന് ശേഷം (റിസൾട്ട്‌ ആക്ക്യൂറസി കൂട്ടുന്നു )ആണ് ചെയ്യുന്നത് – നോ രക്ഷ, അയാൾ വിശ്വസിക്കില്ല, കാരണം ശരാശരി മനുഷ്യന്റെ തലച്ചോറ് അയാൾക്ക്‌ നല്ലതും സന്തോഷവും സമാധാനവും കൊടുക്കുന്നത് വിശ്വസിക്കാനാണ് ഇഷ്ടപെടുന്നത്.

അത് കൊണ്ട് തന്നെ കാൻസർ(ഇപ്പോൾ മരിച്ച കുട്ടിക്ക് ഉള്ള പ്രൊപിയോണിക് ആസിഡിമിയ ) പോലുള്ള രോഗങ്ങൾ വരുമ്പോൾ മോഡേൺ മെഡിസിൻ ഡോക്ടർമാർ സത്യം പറയുന്നു — ചികിത്സ എന്താണ്, എത്ര ശതമാനം ഫലിക്കും, എന്തൊക്കെ കോംപ്ലിക്കേഷൻസ് വരാം, ഏകദേശം എത്ര കാലം ജീവിക്കാം.

ഇവർ ഈ ഉഡായിപ്പന്മാരെടുത്തു പോകുമ്പോൾ അവർ ആദ്യം പറയും നിങ്ങൾക്ക് കാൻസർ ഇല്ല, ഇത് വെറും ഗ്യാസ് ട്രബിൾ മാത്രം. ഇത് വളരെ നിസ്സാരമായി മാറ്റാം. ഇതോടെ രോഗി നേരത്തെ പറഞ്ഞ കണ്ടിഷനിംഗ് കാരണം സന്തോഷം വരുന്നു, അയാളെ വിശ്വസിച്ചു യാതാർത്ഥ ചികിത്സ നിർത്തുന്നു.

2) മോഡേൺ മെഡിസിനിൽ അസുഖം ആണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ ചികിൽസിക്കുകയുള്ളൂ. (ഇത് ഒരിക്കൽ ഞാൻ fb യിൽ എഴുതിയതുമാണ്- കുറച്ചു ഭാഗം റീപോസ്റ്റുന്നു ).

ഞാൻ MD general medicine PG ചെയ്യുന്ന സമയത്ത്, ഒരു നിശ്ചിത പീരീഡ് വന്ന എല്ലാ പാമ്പ് കടിച്ചു എന്ന് പറഞ്ഞു വന്ന കേസുകളുടെ ലിസ്റ്റ് എടുത്തു ഒരു പഠനം നടത്തുകയുണ്ടായി . 24 കേസുകൾ ഉണ്ടായിരുന്നു. പാമ്പ് കടിക്കുകയും bite mark ഉള്ളതുമായ കേസുകൾ.
ഈ 24 കേസുകളിൽ വെറും ഒരെണ്ണത്തിനു മാത്രമേ മറുമരുന്നു അഥവാ anti snake venom(ASV) കൊടുക്കേണ്ടി വന്നുള്ളൂ(രോഗി രക്ഷപെട്ടു ). ബാക്കിയുള്ള 23 കേസുകളും admit ചെയ്ത് ഒബ്സർവ് ചെയ്ത് വിഷം ശരീരത്തിൽ കയറിയിട്ടില്ല എന്ന് ഉറപ്പ് വരുത്തി ഡിസ്ചാർജ് ചെയ്തു.
എന്താണ് ഇതിനു കാരണം?
1)എല്ലാ പാമ്പുകളും വിഷമുള്ളവയല്ല.
2)എല്ലാ വിഷ പാമ്പുകളുടെ കടിയും വിഷമുള്ളവയല്ല (dry bites).
3)വിഷ പാമ്പുകളുടെ കടിയാണെങ്കിലും വിഷം തീരെ കുറച്ചു മാത്രം ഉള്ളവ. ഉദാഹരണത്തിന് ഒരു ഇര പിടിച്ചു കഴിഞ്ഞ ഉടനുള്ള അവസ്ഥ.

ഇനി ഈ 24 കേസുകളും മോഹനൻ / വടക്കാഞ്ചേരി യുടെ അടുത്ത് പോയി എന്ന് സങ്കല്പിക്കുക. അപ്പോൾ 23 കേസുകൾ ഈ ഉഡായിപ്പന്മാർ ചികിൽസിച്ചു ഭേദമാക്കും!!!!. ഒരാൾ മാത്രമേ മരണപ്പെടുകയുള്ളു. അപ്പോൾ ആൾക്കാർ പറയും – ഹാ, എന്ത് നല്ല വൈദ്യൻ(? ) . എത്രയോ പേരെ രക്ഷിച്ചു. ഈ കേസ് മുറ്റി പോയത് കൊണ്ടാണ് വൈദ്യർക്ക്(? ) ഒന്നും ചെയ്യാൻ പറ്റാത്തത് എന്ന്.

3) എല്ലാ അസുഖത്തിനും ചികിത്സ വേണ്ട. മോഡേൺ മെഡിസിനിൽ ചികിത്സ ആവശ്യമുണ്ടെന്നു ഉറപ്പാക്കിയതിന് ശേഷം മാത്രമേ ചികിത്സ തുടങ്ങുകയുള്ളൂ.

ഉദാഹരണത്തിന്, 10 പേർക്ക് വൈറൽ പനി (വൈറസ് ഇല്ല എന്നും പറഞ്ഞു മോഹനൻ ചാടി കടിക്കുമോ എന്തോ? ) വന്നു എന്ന് വിചാരിക്കുക. ഇതിൽ 8 പേർക്കും ഒരു ചികിത്സയും ഇല്ലാതെ തന്നെ അസുഖം മാറും. ഇവർ ചുട് കട്ട പൊടിച്ചു കഴിച്ചാലും ചാണകം കലക്കി കുടിച്ചാലും ഒന്നും ചെയ്തില്ലെങ്കിലും അസുഖം മാറും.

ബാക്കി രണ്ടു പേർക്ക് പ്ലേറ്റലെറ്റ് കൗണ്ട് കുറയും. ഇവരെ അഡ്മിറ്റ്‌ ചെയ്തു നോക്കണം. ഈ പ്ലേറ്റലെറ്റ് കൗണ്ട് കുറഞ്ഞ 2 പേരിൽ ഒരാൾക്ക് ഒന്നും ചെയ്യാതെ തന്നെ അത് തിരിച്ചു നോർമൽ ആകും. അയാൾക്ക്‌ വെറും ഒബ്സർവേഷൻ മതി. കൗണ്ട് കുറഞ്ഞ ഒരാൾക്ക് പ്ലേറ്റലെറ്റ് അടക്കേണ്ട അവസ്ഥ വരും.

അതായത് 10 പേർ വൈറൽ പനി ആയിട്ട് വന്നാൽ ഒരാൾക്ക് മാത്രമേ ചികിത്സ വേണ്ടി വരുന്നുള്ളൂ. നേരത്തെ പറഞ്ഞത് പോലെ ഈ 10 പേരും മോഹനാനാദിയുടുത്തു പോയാൽ വെറും ഒരാൾ മാത്രമേ മരണപ്പെടൂ. അതായത് രക്ഷിക്കേണ്ട ഒരാളെ മാത്രം അയാൾ കൊല്ലുന്നു. ബാക്കിയുള്ളവർക്ക് ചുടു കട്ട പൊടിച്ചും നെല്ലിക്ക നീരും ചാണകം കലക്കി കൊടുത്തും ഇവർ അസുഖം(? ) മാറ്റുന്നു.

4) അസുഖത്തിന്റെ ബേസ് റേറ്റ് — അതായത് പ്രത്യേക ഇടപെടലുകൾ ഒന്നും ഇല്ലാതെ തന്നെ അസുഖം മാറാനുള്ള സാധ്യത. ഒരു ചികിത്സാ ഫലപ്രദമാണോ എന്നറിയാൻ ഈ പറയുന്ന ബേസ് റേറ്റിനെക്കാൾ കൂടുതലാണോ എന്നാണ് നോക്കേണ്ടത്. അത് കൂടുംതോറും ചികിത്സ കൂടുതൽ ഫലപ്രദമാണ് എന്ന് അനുമാനിക്കാം.

നിർമാർജനം ചെയ്ത അപകടം പിടിച്ച വസൂരിക്ക് (small pox ) പോലും മരണ നിരക്ക് ഏതാണ്ട് 30 ശതമാനം മാത്രമായിരുന്നു. അതായത് വാക്സിനേഷൻ വരുന്നതിനു മുൻപും വസൂരി വന്ന ഏതാണ്ട് 70 ശതമാനം പേരും ഒരു ചികിത്സയും ചെയ്തില്ലെങ്കിലും രക്ഷപ്പെട്ടിരുന്നു.

മുതിർന്നവർക്ക് ഹെപ്പറ്റൈറ്റിസ് ബി വന്നാൽ 95 ശതമാനം പേരും ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെടും. വെറും 5 ശതമാനം പേർക്ക് മാത്രമെ പ്രശ്നം ഉണ്ടാകൂ.

മോഹനാനാദി ഉഡായിപ്പന്മാരുടെ പരിപാടി ഇത് പോലെ ഹെപ്പറ്റൈറ്റിസ് ബി വന്ന ആരെയെങ്കിലും കാണിച്ചു, കണ്ടോ അസുഖം മാറിയത് എന്നും പറഞ്ഞു വീഡിയോ പിടിക്കും.

5) ഇവിടുത്തെ നിയമത്തിലെ പോരായ്മയും അവയോടുള്ള പേടിയില്ലായ്‌മയും.

വേറെ ഏതെങ്കിലും രാജ്യത്തു ആയിരുന്നു എങ്കിൽ ഇതിന് എത്രയോ മുൻപ് തന്നെ ഇവന്മാർ ജയിലിൽ ആയിരുന്നേനെ. മാത്രമല്ല ജയിൽ ഇടിഞ്ഞാലും വെളിയിൽ വരില്ലായിരുന്നു. ഇത് ഇന്ത്യയും കേരളവുമായി പോയി. ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. ഇത് മറ്റാരെയുംകാൾ നന്നായിട്ടു ഈ ഉഡായിപ്പന്മാർക്കറിയാം. അത് കൊണ്ട് തന്നെ ഈ കൊലകൾ തുടർന്ന് കൊണ്ടേയിരിക്കും.

6) വ്യാപകമായി പരസ്യം ചെയ്യുക.

മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് പരസ്യം ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ അവരുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യും. മോഹനാനാദികൾ അറഞ്ചം പുറഞ്ചം പരസ്യം ചെയ്യും. (ക്യാൻസൽ ചെയ്യാൻ അവർക്ക് രജിസ്ട്രേഷൻ ഇല്ലല്ലോ.) ഇത് കാണുന്ന സാധാരണക്കാർ ഇവരുടെ വലയിൽ വീഴും.

7) വ്യാജ്യ ഉറപ്പ് നൽകുക, അതായത് 100 ശതമാനം രോഗം മാറ്റും എന്നുള്ള വ്യാജ്യ ഉറപ്പ്.

മോഡേൺ മെഡിസിനിൽ ഒരിക്കലും നൂറ് ശതമാനം ഉറപ്പ് നൽകുക സാധ്യമല്ല. ഒരു ക്യാൻസർ രോഗിയെ വ്യവസ്ഥാപിത ചികിത്സ നൽകി ഫോളോഅപ്പ് ചെയ്യുക എന്നുള്ളതാണ് ശാസ്ത്രീയം. മോഹനാനാദികൾ യാതൊരു ഉളുപ്പുമില്ലാതെ അസുഖം മാറ്റാമെന്ന് 100 ശതമാനം ഉറപ്പ് നൽകും. അതോടെ പാവം രോഗി വീണു പോകും.

8) സാക്ഷ്യം പറയിക്കൽ. പരസ്യ ചികിത്സ നൽകൽ.

നേരത്തെ പറഞ്ഞ ചികിത്സ വേണ്ടാതെ തന്നെ അസുഖം മാറിയ ഒരാളെ വിളിച്ചു മോഹനൻ സാക്ഷ്യം പറയിക്കും – ചാണക പൊടി കൊടുത്താണ് അസുഖം മാറിയത് എന്ന്, അതും പരസ്യമായി എല്ലാ രോഗികളും കൂട്ടിരിപ്പുകാരും കേൾക്കെ.

മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് മെഡിക്കൽ എത്തിക്സ് ഉള്ളത് കൊണ്ട് ഇതൊന്നും ചെയ്യാൻ പറ്റില്ല. മാത്രവുമല്ല രോഗിയുടെ സ്വകാര്യത മാനിക്കുകയും വേണം. ഇതൊന്നും മോഹനന് അറിയണ്ടല്ലോ. (പോത്തിനെന്തു ഏത്ത വാഴ).

* മോഡേൺ മെഡിസിനിൽ ഗിമ്മിക്കുകൾ ഇല്ല. വ്യക്തത വരുത്തി മാത്രമേ ചികില്സിക്കുകയുള്ളൂ. അതും evidence based ആയി മാത്രം.