Asim Asim
ഇപ്പോൾ മൺസൂൺ കാലമാണല്ലോ. മൺസൂൺ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് തകർത്തു പെയ്യുന്ന മഴയാണല്ലൊ. നമ്മുക്ക് അതിന്റെ ഉത്ഭവം എങ്ങനെയാണ് പരിശോധിക്കാം .നമ്മുടെ ഭൂമി മധ്യഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന ഗോളാകൃതിയിലാണ് ഉള്ളതെന്ന് അറിയാമല്ലോ. അതുകൊണ്ട് തന്നെ ഭൂമധ്യരേഖയോട് അടുത്തു നിൽക്കുന്ന ഭാഗങ്ങളിലാണ് കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത്. അങ്ങനെ ഈ പ്രദേശം ചൂട് പിടിക്കുകയും അതിനാൽ തന്നെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള തണുത്ത വായു ഭൂമധ്യരേഖയിലേക്ക് സഞ്ചരിക്കുകയും ചെയ്യും. Trade winds അഥവാ വാണിജ്യവാതങ്ങൾ എന്ന പേരിലാണ് ഈ കാറ്റ് അറിയപ്പെടുന്നത്.

ഉത്തരാർദ്ധഗോളത്തിൽ ഈ കാറ്റ് വീശുന്നത് വടക്ക് കിഴക്കൻ ദിശയിലാണ്. നമ്മുടെ ഭൂമിക്ക് ഒരു ചരിവുള്ളതായി അറിയാമല്ലോ. ഈ ചരിവ് കാരണം സൂര്യന് ചുറ്റും കറങ്ങുമ്പോൾ കൂടുതൽ സൂര്യപ്രകാശം കിട്ടുന്ന ഭാഗത്തിന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും . ആയതിനാൽ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമായി 23° അക്ഷാംശരേഖക്കിടയിൽ മാറിക്കൊണ്ടിരിയ്ക്കും. ഭൂമിയുടെ ചെരിവിൻ്റെ ഫലമായി സൂര്യൻ വടക്ക് 23°(Tropic of Cancer) എത്തുമ്പോൾ മാർച്ച് മുതൽ സെപ്തംബർ വരെ ഉത്തരാർദ്ധഗോളത്തിൽ കനത്ത ചൂട് അനുഭവപെടുന്നു അത് പോലെ അടുത്ത ആറ് മാസങ്ങളിൽ സൂര്യൻ തെക്ക് 23°(Tropic of Capricon) എത്തുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ വേനലാകുന്നു. അങ്ങനെയാണ് ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നത്.

അങ്ങനെ നമ്മുടെ വേനൽക്കാലം ആകുമ്പോൾ സൂര്യൻ ഏകദേശം 23 ഡിഗ്രി അതായത് നമ്മുടെ മധ്യ ഇന്ത്യയുടെ ഒക്കെ മുകളിൽ എത്തും. ഇത് ആ ഭാഗത്തുള്ള കരഭാഗത്തെ പ്രത്യേകിച്ചും അവിടെയുള്ള മരുപ്രദേശങ്ങളെ ചൂട് പിടിപ്പിക്കുന്നു. അതിന്റെ ഫലമായി അവിടെ ഒരു ന്യൂനമർദം രൂപപ്പെടുന്നു. പടിഞ്ഞാറൻ പാകിസ്ഥാൻ മുതൽ ബംഗാൾ ഉൾക്കടൽ വരെ കിഴക്ക് പടിഞ്ഞാറായി നീണ്ടു കിടക്കുന്ന ഈ ന്യൂനമർദത്തിന് മൺസൂൺ ട്രഫ് എന്നാണ് പേര്. ഈ ശക്തമായ ന്യൂനമർദം ദക്ഷിണാർദ്ധ ഗോളത്തിലെ തണുത്ത വായുവിനെ വടക്കോട്ട് അതായത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വലിക്കുന്നു. അങ്ങനെ വടക്ക് കിഴക്കൻ ട്രേഡ് വിൻഡിന്റെ ദിശ മാറുകയും അത് തെക്ക് പടിഞ്ഞാറൻ കാറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ വടക്ക് കിഴക്കൻ ട്രേഡ് വിൻഡ് ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. എന്നാൽ ഭൂമിയുടെ കറക്കം മൂലം ഉണ്ടാകുന്ന കോറിയോലിസ് പ്രഭാവത്തിൻ്റെ സ്വാധീനഫലമായി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന ഈ കാറ്റിന് മൺസൂൺ എന്ന പുതിയ പേര് കിട്ടുന്നു. പശ്ചിമഘട്ടം കടക്കുന്നതിന് വേണ്ടി നീരാവിയുളള മൺസൂൺ കാറ്റിന് അല്പം ഉയരേണ്ടി വരുകയും ഈ ഉയർച്ചയിൽ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെയുളള മഴക്ക് Orographic rainfall എന്ന് അറിയപ്പെടുന്നു. ഇങ്ങനെ ജൂൺ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്ത് ഈ കാറ്റിൻ്റെ സ്വാധീനഫലമായി മഴക്കാലത്തിന് തുടക്കമിടുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന് രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളിൽ പറഞ്ഞ പോലെ അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടുതൽ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷം ഓരോ മേഖലയിലും നൽകുന്ന വർഷപാതത്തിന്റെ അളവിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാർഷികവർഷപാതത്തിന്റെ 80 ശതമാനവും ഈ കാലവർഷക്കാലത്താണ് ലഭിക്കുന്നത്.ഇന്ത്യയിൽ പ്രത്യേകിച്ചും 80% ആൾക്കാരുടെ ഉപജീവനം കൃഷിയെ ആയതിനാൽ മൺസൂൺ എത്താൻ വൈകുന്നത് കൃഷിനാശത്തിനും, കാലവർഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഉരുൾ പൊട്ടൽ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നു.
തെക്ക് കിഴക്കൻ ഏഷ്യയുടെ ഏകദേശം എല്ലാ ഭാഗങ്ങളിലും അതായത് ഇന്ത്യയും ശ്രീലങ്കയും മുതൽ തായ്‌വാനും ജപ്പാനും വരെയുള്ള ഭാഗങ്ങളിൽ മൺസൂൺ കാണപ്പെടുന്നു. അത് കൂടാതെ ഓസ്‌ട്രേലിയ, പടിഞ്ഞാറൻ ആഫ്രിക്ക, സൗത്ത് അമേരിക്ക, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലും മൺസൂൺ ഉണ്ട്.
Pic
1),trade wind
2) various season due to tilt of axis of earth
3) monsoon trough
4) monsoon wind over india