ഇന്റർസെക്സ് ജെൻഡറിനെക്കുറിച്ച് ഡിസ്കസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ “Eka”

0
275

Anjali S

ഇന്റർസെക്സ് ജെൻഡറിനെക്കുറിച്ച് ഡിസ്കസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ “Eka” കാണാനുള്ള അവസരമുണ്ടായി. ആണും പെണ്ണും മാത്രമാണ് ലോകത്തുള്ളത് ഇതിനപ്പുറത്തുള്ള മനുഷ്യർ ഭ്രാന്തുള്ളവരാണ് എന്ന് കരുതുന്നവരും സ്വന്തം കുടുംബത്തിൽ ഇത്തരത്തിലൊരു കുഞ്ഞുണ്ടായാൽ അത് ദൗർഭാഗ്യമായും, ശാപമായും കാണുന്നവരും ധാരാളമുള്ള ഇടം തന്നെയാണ് ഇന്നും നമ്മുടെ നാട്. ജെൻഡർ മൈനോരിറ്റീസ് പൊതു ഇടങ്ങളിലേക്ക് വരാനും അവരുടെ വിഷയങ്ങൾ നമ്മൾ ചർച്ച ചെയ്യാനും തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല എങ്കിലും എല്ലാ മനുഷ്യരേയും അവസരസമത്വം നൽകി പൊതു ഇടങ്ങളിലെ പ്രാധിനിത്യം ഉറപ്പു വരുത്താൻ ശ്രമിക്കുന്ന സർക്കാർ വീണ്ടും അധികാരമേൽക്കാൻ ഒരുങ്ങുന്ന ഈ അവസരത്തിൽ LGBTQ+ വിഷയങ്ങൾ വളരെ വ്യത്യസ്ഥതയോടെ പച്ചയായി സത്യസന്ധമായി ഈ ചിത്രം കാഴ്ച്ചവയ്ക്കുന്നു.

എക്കാലത്തും ഏകയായി മാറേണ്ടി വന്ന ഒരുവളെ അവളുടെ മൂന്നു സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയെ ആ യാത്രയിലുടനീളം അവളെ പിന്തുടരുന്ന ദുരൂഹതയെ “ഏക ” അതി മനോഹരമായി തന്നെ അവതരിപ്പിക്കുന്നു. നമ്മുടെ തന്നെ ചിന്തകളെ നോട്ടങ്ങളെ എല്ലാം നമ്മൾ തന്നെ ചോദ്യം ചെയ്യത്തക്ക രീതിയിൽ എത്തിക്കുന്നു. തികച്ചും പുതുമുഖങ്ങളായ ഈ സിനിമാക്കാർ പരിചയക്കുറവിനെ ഭയക്കാതെ ഉറച്ച മനസ്സോടെ ഒരുമിച്ചു നിന്ന് പൂർത്തിയാക്കി നമ്മൾക്കു മുന്നിൽ വയ്ക്കുന്ന ഈ ചിത്രം പുഷ്പവതിയുടെ അതി മനോഹരമായ ശബ്ദത്തിൽ പാടിയ സ്വാതന്ത്രത്തിന്റെ “ആസാദി ” സംഗീതം കൂടി ചേരുമ്പോൾ ഒരു പുതിയ അനുഭവമായി മാറുന്നുണ്ട്.

ഇവിടത്തെ സെൻസർ നിയമങ്ങളനുസരിച്ച് റിലീസ് ചെയ്യുന്നതിന് വേണ്ടി ഈ ചിത്രത്തിൽ നിന്നും വെട്ടിമാറ്റിയ നിറക്കൂട്ടുകൾ കടുപ്പത്തിൽ ചാലിച്ചെടുത്തിട്ടുള്ള കുറച്ചധികം രംഗങ്ങൾ തീർച്ചയായും ഒരു നഷ്ടം തന്നെയാണ്. എങ്കിലും കഥയുടെ സ്വത്വം ഒട്ടും ചോർന്നുപോകാതെ ഒരു കനലായി “ഏക” നമ്മൾക്കു മുന്നിലേക്ക് എത്തിക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
ഹൃദയം നിറഞ്ഞ ആശംസകൾ