തയ്യാറാക്കിയത് രാജേഷ് ശിവ
പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’ റിലീസിംഗിന് തയ്യാറെടുക്കുന്നു
വ്യഭിചാരവൃത്തി സ്ത്രീകൾക്ക് മാത്രം പതിച്ചുനൽകിയ ഒരു സമൂഹമാണ് നമ്മുടേത്. ചാരിത്ര്യം, കന്യകാത്വം ഇവയൊക്കെ പോലെ പുല്ലിംഗം ഇല്ലാത്തൊരു വാക്കായിരുന്നു ‘വേശ്യ’ . എന്നാൽ അടുത്തകാലത്തായി നമുക്കിടയിലേക്കു കയറിവന്ന ഒരു വാക്കാണ് ‘ജിഗോള’. ഇന്ത്യൻ സമൂഹത്തിനു അപരിചിതമെങ്കിലും പാശ്ചാത്യസമൂഹങ്ങൾക്കു ഈ വാക്ക് സുപരിചിതമാണ്. എന്നാൽ ഈ അടുത്തകാലത്തായി നമ്മുടെ കൊച്ചുകേരളത്തിലും കാമപൂർത്തീകരണത്തിനായി സ്ത്രീകൾ പുരുഷന്മാരെ തേടുന്ന സ്ഥിതിവിശേഷം വാർത്തകളിലും മറ്റും നിറയുന്നുണ്ട്. ലൈംഗികത, അത് ആസ്വദിച്ച് തന്റെ പങ്കാളിക്കൊപ്പം ചെയുമ്പോൾ ആണ് സുഖാനുഭൂതി പ്രദാനം ചെയുന്നത്. എന്നാൽ അത് വരുമാനത്തിനുവേണ്ടി ഒരുദിവസം തന്നെ അനവധി ആകുമ്പോൾ സുഖത്തിനു പകരം ശാരീരികക്ലേശങ്ങൾ ആണ് അനുഭവിക്കേണ്ടിവരിക. സ്ത്രീകൾക്ക് ഒരു ദിവസം അനവധി പുരുഷന്മാരെ ഉൾക്കൊള്ളാൻ കഴിയുന്നതുപോലെ … ഒരു പുരുഷന് ഒരു ദിവസം അനവധി സ്ത്രീകളെ ഉൾക്കൊള്ളാൻ കഴിയില്ല.. എളുപ്പം നിരായുധമാകുന്ന അവന്റെ കാമത്തിന്റെ ആവനാഴി പ്രകൃതിയുടെ വരമോ ശാപമോ ആണ്. ജിഗോള എന്ന സിനിമ നമ്മിലേക്ക് എത്തുമ്പോൾ ചർച്ച ചെയ്യപ്പെടേണ്ട അനവധി വിഷയങ്ങൾ ഉണ്ട്. അത് സെക്സ്, ആരോഗ്യം, മാനസികം, സാമൂഹികം എന്നീ ഘടകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
സ്ത്രീ വേശ്യാവൃത്തി പ്രമേയമായ എണ്ണിയാലൊടുങ്ങാത്ത സിനിമകൾ ലോകത്തു എല്ലാ ഭാഷയിലും വന്നിട്ടുണ്ട്. എന്നാൽ പുരുഷ വേശ്യാവൃത്തിയെ അധികം ഉപയോഗിച്ചുകണ്ടിട്ടില്ല. എന്താണ് ഒരു പുരുഷവേശ്യയുടെ റോൾ, എന്താണ് അവന് സമൂഹത്തോട് പറയാനുള്ളത് ? എന്താണ് അവന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ? ഈ വിധ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചാലിയാർ രഘു സംവിധാനം ചെയുന്ന ജിഗോള പറയുന്നത്.
സംവിധാനത്തിന് പുറമെ കഥയും തിരക്കഥയും ചാലിയാർ രഘുവിന്റേത് തന്നെയാണ്. അഭിനേതാവ്, സിനിമാ സഹസംവിധായകൻ, തിരക്കഥാകൃത്ത്, കവി, യോഗാദ്ധ്യാപകൻ, ആയുർവേദ തെറാപ്പിസ്റ്റ് എന്നെ നിലകളിൽ പ്രവർത്തി പരിചയമുള്ള ആളാണ് ചാലിയാർ രഘു . 1984- ൽ കോഴിക്കോട് കടലുണ്ടി പഞ്ചായത്തിൽ ഗോപിനാഥന്റെയും ആനന്ദവല്ലിയുടെയും മകനായി ജനനം.സി എം എച്ച് എസ് മണ്ണൂരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. ഫറോക്ക് കോ-ഓപ്പറേറ്റീവ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം കുറച്ചുകാലം ഖലാസികളുടെ കൂടെ ജോലിചെയ്തു .കെ എൽ 10, ക്യാപ്റ്റൻ, രാജമ്മ@ യാഹൂ. കോം, കമ്മാരസംഭവം, തുടങ്ങിയ സിനിമകളിൽ ആഭിനയിച്ചു. കല്ലായി എഫ് എം, മേരേ പ്യാരേ ദേശ് വാസിയോം, എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ‘മലബാർ കലാസി’ എന്ന പുസ്തകത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ, യുവ എഴുത്തുകാരനും സംവിധായകനുമാണ് ചാലിയാർ രഘു.

ഫ്രാൻസിൽ ഉടലെടുത്ത് ലോകത്തിൻ്റെ വിവിധ മെട്രോ സിറ്റികളിൽ മാത്രം കണ്ടു വന്നിരുന്ന, പുരുഷ വേശ്യകളുടെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ ദൃശ്യവൽക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകരായ ചാലിയാർ രഘു, ജാസിക് അലി എന്നിവർ.”സോറോ”എന്ന ചിത്രത്തിനു ശേഷം ചാലിയാർ രഘു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ജിഗോള “. ആർ സി ഗ്രൂപ്പിൻ്റെ ബാനറിൽ ജാസിക് അലി, നിജാസ് തുടങ്ങിയവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ശോഭാനന്ദ് നിർവ്വഹിക്കുന്നു.
രഘു ചാലിയാർ, അനൂപ് അയ്യപ്പൻ, രാമചന്ദ്രൻ നായർ,ഷിംജിത്, പ്രിനിൽ കടലുണ്ടി, ഷാഹുൽ കൃഷ്ണൻ, അനശ്വര എസ്, ലോഹിതദാസൻ, രമാദേവീ, പ്രസീത, ധന്യ, സതീഷ് അമ്പാടി, രാമചന്ദ്രൻ നായർ,ലൗജേഷ് തുടങ്ങിയവരാണ് ജിഗോളയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം-സിബു സുകുമാരൻ,എഡിറ്റര്‍- സലീഷ് ലാൽ.കോ- പ്രൊഡ്യൂസർ അരുൺ ദിവാൻ കെ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജിൽ ദിവാകരൻ,കല-അബി അച്ചൂര്‍, മേക്കപ്പ്-ഷനീജ് ശില്‍പം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സച്ചി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍-എല്‍ദോ, അനൂബ് ജോ, ഷാഹുല്‍ കൃഷ്ണന്‍. എക്‌സിക്യൂട്ടീവ്-ജിജേഷ്, പ്രൊഡക്ഷന്‍ മാനേജര്‍- ഹരി എസ് നായര്‍, വാർത്ത പ്രചരണം-എ എസ് ദിനേശ്.
ജിഗോളയുടെ സംവിധായകൻ ചാലിയാർ രഘു ബൂലോകം ടീവിയോട് സംസാരിക്കുന്നു
ഞാൻ ചാലിയാർ രഘു, എന്റെ സ്വദേശം കടലുണ്ടി ആണ്. ഞാൻ സിനിമയിലേക്ക് വന്നിട്ട് രണ്ടുവർഷമായി, ഞാൻ മാലിദ്വീപിൽ ആണ് വർക്ക് ചെയ്തുകൊണ്ടിരുന്നത്. പിന്നെ അത് റിസൈൻ ചെയ്തിട്ടാണ് സിനിമാ ഫീൽഡിലേക്കു വന്നത്. കോഴിക്കോട് തെരുവ് നാടകങ്ങൾ ഒക്കെ ആയി സജീവമായിരുന്നു. ചെറുപ്പം മുതൽ നാടകവേദികളിൽ ഉണ്ടായിരുന്നു. എന്റെയൊരു പുസ്തകം ഉണ്ട്, ‘മലബാർ കലാസി’. ഒരു ടീം ഞാൻ അറിയാതെ അതൊരു സിനിമയാക്കാൻ നോക്കി. അത് വലിയ പ്രശ്നമായി. അങ്ങനെ സിനിമയാക്കാനുള്ള ഒരു ചർച്ച ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ജിഗോള എന്റെ രണ്ടാമത്തെ പടമാണ്. ആദ്യത്തെ സിനിമ സോറോ (ZORRO) എന്ന ഒരു സിനിമ ആയിരുന്നു . അത് തലൈവാസൽ വിജയ്, സുനിൽ സുഖദ, മാമുക്കോയ എന്നിവരൊക്കെ അഭിനയിച്ച സിനിമയാണ്.
ജിഗോള എന്ന കൺസപ്റ്റിലേക്കു വരുമ്പോൾ ആൺവേശ്യ എന്ന ആ കൺസപ്റ്റ് ആണ്. അത് യൂറോപ്പിൽ ഉള്ളവർക്കൊക്കെ അറിയാം. അത് യൂറോപ്പിൽ ഉള്ള സർവ്വസാധാരണമായ ഒരു കൾച്ചർ ആണ്. എന്നാൽ ഇപ്പോൾ നമ്മുടെ നാട്ടിൻ പ്രദേശത്തു പോലും വന്നിട്ടുണ്ട് എന്നതാണ് ഒരത്ഭുതം. നമ്മുടെ നാട്ടിൽ ഓഫീസ് ഒക്കെ വച്ചിട്ട് രജിസ്‌ട്രേഷൻ ഒക്കെ നടത്തി ആൺവേശ്യ ആയി ജീവിക്കുന്നവർ ഒരുപാടുണ്ട്. ഒരു ദിവസം 10000 -20000 ഒക്കെ സമ്പാദിക്കുന്ന ആളുകളുണ്ട്. നമ്മൾ ഈ കഥയിലൂടെ പറയാൻ ശ്രമിക്കുന്നത്, ഒരുപാട് ആളുകളുമായി സെക്സ് ചെയ്യുന്നതുകൊണ്ട് ശീരത്തിനുണ്ടാകുന്ന , മനസിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒക്കെയാണ്. അവരുടെ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അവർ സമൂഹത്തിൽ നിന്നും അകന്നുപോകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ..എല്ലാം ഉണ്ടാകുന്നുണ്ട്. മെന്റലി സ്ട്രെസ് ആണ് കൂടുതലായി ഉണ്ടാകുക.
ജിഗോള ആകാൻ…അതിലേക്കു കയറാൻ ഒരു എൻട്രൻസ് മാത്രമേ ഉള്ളൂ…എന്നാൽ തിരിച്ചിറങ്ങാൻ ഒരു എൻട്രൻസും ഇല്ല. ഒരു പഴുതു പോലും ഇല്ല എന്നതാണ് യാഥാർഥ്യം . പല ജിഗോളയോടും സംസാരിച്ചിട്ടുള്ള അനുഭവം വച്ചിട്ടാണ് ഇതിന്റെ തിരക്കഥ എഴുതി ജനങ്ങളിലേക്ക് സിനിമയായി ഇറക്കാം എന്ന് കരുതിയത്. ഇതുവരെ മലയാള സിനിമ പരീക്ഷിക്കാത്ത ഒരു കണ്ടന്റ് ആണ് ഇത്. ആ തീം എടുത്തു നമ്മൾ പ്രേക്ഷരിലേക്കു കൊടുത്തു അതിനെ കുറിച്ച് മനസിലാക്കി കൊടുക്കുകയാണ് . തികച്ചും ഒരു സോഷ്യൽ അവെയർനെസിന്റെ ഭാഗമായാണ് നമ്മൾ ചെയുന്നത്.
ഇന്ത്യൻ സംസ്കാരത്തിൽ വേശ്യാവൃത്തി എന്നത് സ്ത്രീകൾക്ക് മാത്രം പതിച്ചുനൽകിയ ഒന്നാണ്. ജിഗോള എന്ന പദം തീർച്ചയായും നമുക്ക് സുപരിചിതമല്ല , അല്ലെ ?
തീർച്ചയായും, എന്നാൽ വേശ്യാവൃത്തി എന്ന പദം പോലും നമ്മൾ ഉപയോഗിക്കാൻ പാടില്ല എന്നതാണ് സത്യം, അതുതന്നെയാണ് എന്റെ കൺസപ്റ്റ്. ലൈംഗികത്തൊഴിലാളികൾ എന്നതാണ് സത്യത്തിൽ പറയേണ്ടത്. കാരണം വേശ്യ എന്ന പദം നമ്മൾ പറയുമ്പോൾ അതിലൂടെ സ്ത്രീശാക്തീകരണത്തെ നമ്മൾ പുച്ഛിക്കുകയാണ്. ജെൻഡർ ന്യുട്രാലിറ്റിയെ പുച്ഛിക്കുകയാണ്.
ഒരു സ്ത്രീ ലൈംഗിക തൊഴിലാളിക്ക് ഒരുദിവസം എത്ര പുരുഷന്മാരെയും ഉൾക്കൊള്ളാൻ സാധിക്കും, എന്നാൽ പുരുഷ ലൈംഗിക തൊഴിലാളിക്ക് അത് സാധിക്കില്ല. അത് പ്രകൃതി പുരുഷശരീരത്തിൽ എഴുതിച്ചേർത്ത ഒരു നിബന്ധനയാണ്. അല്ലെ ?
അതെ ഞാൻ ഈ സിനിമയിൽ പറയാൻ ഉദ്ദേശിച്ചത് ഇതിന്റെ പ്രശ്നങ്ങൾ മാത്രമാണ്. രണ്ടു സിനിമകൾ ആണ് ജിഗോളോ ആയി ബന്ധപ്പെട്ടു ഇന്ത്യയിൽ ഉള്ളത്. BODHA എന്ന തമിഴ് മൂവിയും BA Pass എന്ന ബോളിവുഡ് മൂവിയും. ബാക്കി സിനിമകളിൽ പലതും ജിഗോളോ സബ്ജറ്റ് വന്നിട്ട് അതിൽനിന്നും വ്യതിചലിച്ചു വേറെന്തോ പറഞ്ഞുപോകുന്നതാണ്. നമ്മുടെ സിനിമ ജിഗോളോയിൽ മാത്രം കോൺസൻട്രേറ്റ് ചെയ്തു, അതിലൂടെ മാത്രം പോകുന്നതാണ്. പുരുഷലൈംഗിക തൊഴിലാളികളുടെ പ്രശ്നങ്ങൾ മാത്രമാണ് അത്.
ജിഗോള ട്രെയ്‌ലർ
ഈ കപട സദാചാരസമൂഹത്തിൽ എങ്ങനെ ഇത്തരമൊരു മൂവിയെ സഹിഷ്ണുതയോടെ സമീപിക്കും ? ഇവിടെ വ്യവസ്ഥാപിതമായ സ്ത്രീലൈംഗികതൊഴിലിനോട് പോലും കഠിനമായ വിമർശനങ്ങൾ ഉണ്ടാകുന്നു എങ്കിൽ ഈ വിഷയത്തിൽ അതിലും വിമർശനങ്ങൾ ഉണ്ടാകില്ലേ ?
തീർച്ചയായും, ആ വിമർശങ്ങളെ ഞാൻ ഉൾക്കൊള്ളുകയാണ് . ഇവിടെ അർദ്ധരാത്രി സൂര്യനുദിച്ചാൽ പലരുടെയും സ്വഭാവം കാണാൻ പറ്റും. ഭാഗ്യത്തിന് അങ്ങനെ ഉദിക്കുന്നില്ല എന്നതാണ് പലരും വെളിപ്പെടാതെ പോകുന്നതിന്റെ കാരണം . ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ നിന്നുകൊണ്ടാണ് പലരും സദാചാരത്തെ കുറിച്ച് വളരെ വാചാലമായി സംസാരിക്കുന്നത്. അത് പൊളിച്ചടുക്കുക എന്നത് തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നത്.
സംവിധായകനിലേക്കുള്ള വരവ് എങ്ങനെ ആയിരുന്നു ?
ഞാൻ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്, പിന്നെ കുറച്ചൊക്കെ ഗോസ്റ്റ് റൈറ്റിങ് ചെയ്തിട്ടുണ്ട്. പലർക്കും വേണ്ടി ഡയലോഗുകൾ എഴുതി കൊടുക്കാറുണ്ട്. ഞാൻ ആദ്യമായി ചെയ്ത ഒരു സിനിമ ജോയ് മാത്യുവിന്റെ ബൈനറി എന്ന സിനിമയാണ്. എന്റെ സുഹൃത്തായ ജാസിക് അലിയാണ് അത് സംവിധാനം ചെയ്തത്. . ബൈനറിയിൽ ഞാൻ സംവിധാന സഹായി ആയിട്ട് പ്രവർത്തിച്ചു. ഞാൻ ശരിക്കും ഒരു ആർട്ടിസ്റ്റ് ആണ്, ഒരു അഭിനേതാവ്. എനിക്ക് അഭിനയിക്കാൻ വല്ലാത്തൊരു താത്പര്യമാണ്. അഭിനയിക്കുമ്പോൾ ഞാൻ പലപ്പോഴും ചീറ്റ് ചെയ്യപ്പെടുന്നു. എന്നെ പലരും പറ്റിക്കുന്നു . അങ്ങനെ വന്നപ്പോൾ ആണ് എഴുത്തിലേക്കും സംവിധാനത്തിലേക്കും ഒരു കാൽ വയ്പ് നടത്തിയത്. കാരണം അതാകുമ്പോൾ എനിക്ക് ഇഷ്ടമുള്ള ഒരു വേഷം തന്നെ എനിക്ക് ചെയ്യാനും സാധിക്കുമല്ലോ. ശരിക്കും അതൊരു സാഹസം തന്നെ ആയിരുന്നു. നമ്മുടെ സബ്ജക്റ്റ്, നമ്മുടെ ഇഷ്ടത്തിന് നമ്മുടെതായ രീതിയിൽ ചെയ്യാൻ പറ്റുമെന്നതാണ് അതിന്റെ പ്രത്യേകത.
ജിഗോളയിലെ കാസ്റ്റിങ് ഒക്കെ എങ്ങനെ ആയിരുന്നു ?
ഞാൻ ജിഗോള എഴുതി അതിനെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ എനിക്കൊരു കാൾ വന്നു. ഓസ്‌ട്രേലിയയിൽ നിന്നോ യുകെയിൽ നിന്നോ ആണ്. വിളിച്ച ആൾ എന്നെ വളരെ അപ്രീഷ്യേറ്റ് ചെയ്തു സംസാരിച്ചു. പുള്ളി ഒരു അസിസ്റ്റന്റ് ഡയറക്റ്റർ ആണ് . പുള്ളി എന്നോട് പറഞ്ഞു, ഞാൻ വലിയൊരു ക്യാൻവാസിൽ വലിയൊരു നടനെ വച്ച് ചെയ്യിക്കാൻ ഇരുന്നതാണ്. ഇത് വളരെ റെയർ ആയിട്ടുള്ള ഒരു സബ്ജക്റ്റ് ആണ്. ആരും പറയാത്തൊരു സബ്ജക്റ്റ്. നിങ്ങൾ ചെയ്യാൻ പോകുന്നതിൽ സന്തോഷമുണ്ട് … എന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്റെ കൈയിൽ നിന്നും ഈയൊരു ആശയം പോകുമെന്ന് കരുതിയിട്ടാണ് ഞാനിതു പെട്ടന്ന് ചെയ്തത്…
ഇതിന്റെ കാസ്റ്റിങ്ങിനു വേണ്ടി ഞാൻ കാസ്റ്റിങ് കോൾ ഇട്ടതാണ്. പുതുമുഖങ്ങളെ വച്ചിട്ടാണ് ചെയ്യാൻ ഉദ്ദേശിച്ചത്. ഇതിന്റെ തീം എന്തെന്നറിഞ്ഞപ്പോൾ ഒരുപാട് പുതുമുഖങ്ങൾ പിന്മാറിയിട്ടുണ്ട്. വന്നു സ്ക്രിപ്റ്റ് വായിച്ചപ്പോൾ പലരും തലകറങ്ങി വീണിട്ടുപോലുമുണ്ട്. കാരണം അഡൽറ്റ് കണ്ടന്റ് കൂടുതലുണ്ട് ഇതിൽ. സിനിമയ്ക്ക് സെക്സ് ആവശ്യമെങ്കിൽ അത് ചെയ്തേ പറ്റൂ. ഏതു ആർട്ടിസ്റ്റ് ആണെങ്കിലും അത് ചെയ്തേ പറ്റൂ. സെക്സിനുവേണ്ടി സിനിമ എന്നതല്ല..സിനിമയ്ക്കുവേണ്ടി സെക്സ് എടുക്കുന്നതാണ് എന്റെ താത്പര്യം. ഇത് ഒന്നും ഉൾപ്പെടുത്താതെ ഉദ്ദേശിച്ച കാര്യം പറയാൻ പറ്റില്ലല്ലോ. അങ്ങനെ പലരും പിന്മാറിയപ്പോൾ ഇത് ധൈര്യസമേതം ഏറ്റെടുത്തത് എന്റെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ആയി വന്ന രണ്ടുപയ്യന്മാർ ആണ്, തൃശൂരുള്ള അനൂപ് ജോ എന്ന പയ്യനും പിന്നെ എസ്‌കെ എന്ന് വിളിക്കുന്ന പയ്യനും അത് ധൈര്യപൂർവ്വം ഏറ്റെടുത്തു. നാലുനായകന്മാർ ആണുള്ളത്. കോഴിക്കോടുള്ള മിമിക്രി ഒക്കെ ചെയുന്ന ജിത്തു, പിന്നെ എന്റെയൊരു സുഹൃത്ത് ..അങ്ങനെ നാല് നായകന്മാരുടെ കഥയാണ്. ഇവരെല്ലാം ധൈര്യസമേതമാണ് ഏറ്റെടുത്തത് . അതുകൊണ്ടുതന്നെ അവർക്കും നല്ല പ്രതീക്ഷയാണ്.
ബൂലോകം ടീവിയുടെ ഒടിടി ആപ്പ്, വെബ് ആപ്പ് ഇവയെ കുറിച്ചൊക്കെയുള്ള വിലയേറിയ അഭിപ്രായം ?
ഞാൻ തീർച്ചയായിട്ടും അപ്രീഷിയേറ്റ് ചെയ്യുകയാണ്. ഇങ്ങനെയുള്ള സംരംഭങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ ചെറിയ ചെറിയ സിനിമാക്കാർക്ക് നിലനിൽപ്പുള്ളൂ. ഇവിടെ നൂറു നൂറ്റിയമ്പത് മെയിൻസ്ട്രീം സിനിമാക്കാരുണ്ട്. കാലാകാലങ്ങളായി അവർ മാത്രം എല്ലാം ചെയ്താൽ മതിയെന്നാണ്. പക്ഷെ അതൊന്നുമല്ല…ഇവിടെ ഒരുപാട് കഴിവുള്ള ഒരുപാട് പുതുമുഖങ്ങളുണ്ട്. ഒരുപാട് പ്രവാസികൾ സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ട്. വലിയ സിനിമാക്കാർ ആണ് ഇവരെയൊക്കെ പറ്റിക്കുന്നത്. ചെറിയ സിനിമാക്കാരുടെ അടുത്തുവരുമ്പോൾ ഇവർ സേഫ് ആണ്. സേഫ് ആയൊരു എമൗണ്ട് പ്രൊഡ്യൂസർ ഇറക്കിയാൽ അത് തിരിച്ചുകിട്ടാനുള്ള മാർഗ്ഗമാണ് ഇതുപോലുള്ള ചെറിയ ചെറിയ ഒടിടികൾ .തീർച്ചയായും പ്രശംസിക്കപ്പെടേണ്ട കാര്യമാണ്. ഇനിയും അനവധി ഇതുപോലുള്ള സംരംഭങ്ങൾ വരട്ടെ…
കോവിഡ് സാഹചര്യങ്ങൾ ഇത്തരത്തിലുള്ള ചില കാര്യങ്ങൾക്കു ഒരു അനുഗ്രഹമായിട്ടുണ്ട് അല്ലെ ?
തീർച്ചയായിട്ടും..വളരെ പോസിറ്റിവ് ആയി ഞാൻ കരുതുന്ന ഒരുകാര്യമാണ്. കലാകാരൻമാർ പൊതുവെ ബുദ്ധിമുട്ടിൽ ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ. പല കലാകാരന്മാരും ആത്മഹത്യയിലേക്കു പോവുകയുണ്ടായി. എന്റെകൂടെ വർക്ക് ചെയ്ത കലാകാരന്മാരും അതിനെക്കുറിച്ച് ചിന്തിച്ചു. അപ്പോൾ ഞാൻ അവരോടു പറഞ്ഞു നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തന്നെ ഞാനും അനുഭവിക്കുന്നുണ്ട്. ഷോർട്ട് ഫിലിംസ് പോലുള്ളതു ബൂലോകവും എടുക്കുന്നുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്. ഒടിടി വരെ സ്ട്രീം ചെയ്യുമ്പോൾ ലോകം മൊത്തം ഇത് കാണും. ചെറിയ എമൗണ്ട് കിട്ടിയാലും പുതിയ ആളുകൾ സേഫ് ആയി നില്ക്കാൻ സാധിക്കും. അവർക്കു കുടുംബം പുലർത്തിക്കൊണ്ടു പോകാൻ പറ്റും. അവർ പറയാൻ ആഗ്രഹിക്കുന്നത് കലാമൂല്യത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനും പറ്റും.
ജിഗോള റിലീസ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ പ്രേക്ഷരോട് , വായനക്കാരോട് എന്താണ് പറയാനുള്ളത് ?
എനിക്ക് വായനക്കാരോട് പറയാനുള്ളത്… ഇതുവരെ ആരും പറയത്തെ സബ്ജക്ടുമായി ഞങ്ങൾ വരുമ്പോൾ , അത് കാണണം, അത് വിജയിപ്പിക്കണം . പുതിയ പുതിയ ആശയങ്ങളുമായി വരുന്ന പുതിയ പുതിയ കലാകാരന്മാരെ വിജയിപ്പിക്കണം. ജിഗോള ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. നിങ്ങൾക്കാവശ്യമായ എല്ലാ കണ്ടന്റും ഞങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു ജിഗോള കാണുന്നവർക്കു അതൊരു നഷ്ടം ആയിരിക്കില്ല. എല്ലാരും കാണേണ്ട സിനിമയാണ്. സമൂഹം എങ്ങനെ പോകുന്നു എന്നുള്ളത് നിങ്ങൾ അറിയണം. അത്രമാത്രം ഭീകരമാണ് കാര്യങ്ങൾ. സെക്സ് സുഖമുള്ളത് എന്നാണല്ലോ നമ്മൾ കരുതുന്നത് . ഈയൊരു പ്രൊഫഷനെ ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞപ്പോൾ നല്ല പണിയാണല്ലോ ഇത്… പൈസയുംകിട്ടും സുഖവും കിട്ടും എന്ന്. പക്ഷെ ഇതിൽ വളരെ ഭീകരമായൊരു വശമുണ്ട്. അത് ജിഗോളോ കാണുമ്പോൾ നിങ്ങള്ക്ക് മനസിലാകും.
******
****