ആ കുളിമുറി ആ പെണ്ണുങ്ങൾക്കൊരു അഭയകേന്ദ്രമായിരുന്നു

0
360
നമ്മുടെ ലോകം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും സ്ത്രീയായി പിറന്നതു കൊണ്ട് മാത്രം സ്വപ്നം കാണാന് പാടില്ലെന്ന് പറയുന്ന ഒരു സമൂഹം ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അതിൽ കൂടുതലും മതത്തിന്റെ അതിർവരമ്പുകളാൽ തകര്ന്ന് പോയ ഒരുപാട് നിറമുള്ള സ്വപ്നങ്ങളാണ്. അത്തരത്തിൽ സ്ത്രീകൾ നേരിട്ടിരുന്ന പ്രശ്നങ്ങളും അവരുടെ സ്വാതന്ത്രഇടവും അവിടെ മുഴങ്ങിക്കേട്ട ആത്മരോഷങ്ങളുടെയും ദീനരോദനങ്ങളുടെയും പോരാട്ടത്തിന്റെയും കഥപറയുന്ന ചിത്രമാണ് I still hide to smoke.
May be an image of 4 people, people sitting and indoorസ്ത്രീകൾക്ക് മാത്രമായുള്ള ഒരു കുളിപ്പുരയുടെ നടത്തിപ്പുകാരിയായ ഫാത്തിമ അതിരാവിലെതന്നെ തന്റെ ഭർത്താവിന്റെ ലൈംഗിക ദാരിദ്ര്യത്തിന് മുന്നിൽ ബലപ്രയോഗത്തിലൂടെ കിടന്ന് കൊണ്ടുക്കേണ്ടിവരുകയും ശേഷം കുളിപ്പുരയിൽ ഇരുന്ന് തന്റെ ശരീരത്തിലേക്ക് തണുത്ത വെള്ളം ശക്തിയായി ഒഴിച്ച് പുകവലിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലോക്കേഷൻ ആ കുളിപ്പുരയാണ്. ഫാത്തിമ കുളിപ്പുരയുടെ വാതിൽ അവിടുത്തെ സ്ത്രീകളുടെ മുന്നിലേക്ക് തുറന്ന്കൊടുക്കുമ്പോൾ ഒരു വലിയ ആശ്വാസത്തോടെയാണ് അതിനുള്ളിലേക്ക് അവർ കയറിവരുന്നത്. അത് അവർക്കുള്ള ഒരു അഭയകേന്ദ്രമാണ്. അതുകൊണ്ടുതന്നെയാണ് പതിനാറുകാരിയായ മറിയം എന്ന ഗർഭിണി തന്റെ സഹോദരന്റെ ഉപദ്രവം താങ്ങാനാവാതെ അവിടേക്ക് വന്ന് കയറുന്നത്. മാത്രമല്ല അവിടം സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും കൂടിച്ചേരലുകളുടെയും ആഘോഷത്തിന്റെയും ലോകം കൂടിയാണ്.
സമൂഹത്തിലെ പല വിഭാഗത്തിൽപെട്ട സ്ത്രീകൾ അവരുടെ ഇഷ്ടങ്ങളും രഹസ്യങ്ങളും ഭയവും പ്രതീക്ഷയും എല്ലാം അവിടെ പങ്കുവെക്കുന്നു. ആകാശം കാണാൻ ടെറസിൽ പോകുന്നത് വിലക്കിയപ്പോൾ തുണി കഴുകി വൃത്തിയാക്കുന്ന ജോലി ഏറ്റെടുത്ത് അവ ഉണക്കാനായി ടെറസിൽ പോയിനിന്ന് മേഘങ്ങളെ കാണുന്ന പെൺകുട്ടികളെയും മുപ്പതോടടുത്തിട്ടും കല്യാണമായില്ലെങ്കിലും വിരലുകളുണ്ടല്ലോ എന്നാശ്വസിക്കുന്നവരെയും രഹസ്യമായി അനുഭവിച്ച ആനന്ദങ്ങളൊക്കെയും കൂട്ടുകാരികളോടു തുറന്നുപറഞ്ഞ് ഉല്ലസിക്കുന്നവരെയും നമ്മുക്ക് കുളിപ്പുരയിൽ കാണാം. തുറന്നു പറച്ചിലുകളുടെയും പങ്കുവെക്കലുകളുടെയും പെൺ ഇടമായി മാറുകയാണ് ആ കുളിപ്പുര.
മതം അടിച്ചേൽപ്പിച്ച ശ്വാസം മുട്ടിക്കുന്ന അവരുടെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു നഗ്നതയിലേക്ക് അവർ സ്വതന്ത്രരായി ഇറങ്ങി ജീവിതം ആഘോഷിക്കുകയാണ്.
ചിത്രത്തിന്റെ അവസാനം ഗർഭിണിയെ മറിയത്തെ തേടിവരുന്ന സഹോദരന്റെയും കൂട്ടാളികളുടെയും മുന്നിൽ നിവർന്ന് നിന്ന് അവൾക്ക് സംരക്ഷണ വലയം തീർക്കുന്ന സ്ത്രീകളുടെ സംഘത്തെ കാണാം. അവർ ആയുധം കൊണ്ട് കണക്കു പറയുമ്പോൾ അതേ നാണയത്തിൽ ഫാത്തിമയുടെ നേതൃത്വത്തിലുള്ള സ്ത്രീകൾ
തിരിച്ചടിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. അത് സമൂഹത്തിലെ പുരുഷമേധാവിത്യത്തിനെതിരെയുള്ള ഒരു മുന്നറിയിപ്പാണ്.
ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റെയ്ഹാന ഒബർമെയർ എന്ന അൾജീരിയക്കാരിയാണ്. പക്ഷെ ഈ ചിത്രത്തിലൂടെ സ്വന്തം രാജ്യത്തെ സ്ത്രീജീവിതം കലാപരമായി ആവിഷ്കരിച്ചതിന് ജൻമനാടായ അൾജീരിയയിൽനിന്ന് ഇവർക്ക് പലായനം ചെയ്യേണ്ടിവന്നു. എങ്കിലും മത വർഗ്ഗീയയുടെ വാൾമുനക്ക് മുന്നിലും ആണധികാരബോധങ്ങൾക്ക് മുന്നിലും
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി വാനിൽ പറത്തി പെൺമനസ്സുകൾക്ക് സ്വപ്നം കാണാൻ പ്രചോദനമാവുകയാണ് ഇന്നും ഈ ചിത്രം. അതെ ഇത് സ്ത്രീയുടെ ആന്തരിക ധൈര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനുഭവകഥയാണ്. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കണം, അടിമുടി സ്ത്രീകളുടെ ചിത്രമാണ് ❤️