മുംബൈയിലെ ഡാൻസ് ബാറുകൾ

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

രാവുറങ്ങാത്ത മുംബൈ നഗരവും, അവിടെ അരണ്ട മഞ്ഞവെളിച്ചത്തിനു താഴെ സീക്കൻസ് പിടിപ്പിച്ച കഴുത്തിറങ്ങിയ ബ്ലൗസും , ഇത്തിരിപ്പോന്ന പാവാടയും ചുറ്റി അരക്കെട്ടിളക്കുന്ന പെൺകുട്ടികളുള്ള ബാറുകളും പലരും ആദ്യം കാണുന്നത് സിനിമയിലാണ്. വില്ലന്മാരുടെ കൂട്ടാളികളായിരുന്നു സിനിമകളിലെ ബാർ ഗേ‍ൾസ്. അവരുടെ മാദക ചലനങ്ങളിലേക്കു വില്ലന്മാർ ഉമ്മകളും , നോട്ടുമാലകളും എറിഞ്ഞു കൊടുത്തു. വീട്ടിലെ കഷ്ടപ്പാടു കൊണ്ട് ബാറിൽ ഡാൻസ് ചെയ്യേണ്ടി വന്ന കഥ പറയുന്ന ചിലരും ഇടയ്ക്കെപ്പോഴോ വന്നു പോയി.

സിനിമയിലെ ‘എക്സ്ട്രാ ഫിറ്റിങ്’, ചുവന്ന തെരുവുള്ള മുംബൈയിലെ വേറൊരു പെൺകച്ചവട ലോകം ഇത്രയൊക്കെയേ ഉള്ളു ഡാൻസ് ബാറുകൾ എന്നു കരുതാൻ വരട്ടെ.ലോക്കൽ ട്രെയിനിനെയും , തിരക്കിനെയും , അധോലോകത്തെയും , ബോളിവുഡിനെയും , ബിസിനസുകളെയും , ചുവന്ന തെരുവിനെയും , വഴിയോരക്കച്ചവടങ്ങളെയും , സ്ഫോടനങ്ങളെയും പോലെ ഡാൻസ് ബാറുകൾക്കും ബാർ ഗേൾസിനും ധാരാളം പറയാനുണ്ട് മുംബൈയെ പറ്റി.അവിടെ പോയിട്ടുള്ളവർ പറയും സിനിമയിലെ കാഴ്ചകളല്ല സത്യമെന്നത്.

മഹാരാഷ്ട്രയിൽ മുംബൈയിൽനിന്ന് 75 കിലോമീറ്റർ അകലെ റായ്ഗഡിലാണ് 1980ന്റെ തുടക്കത്തിൽ ആദ്യത്തെ ഡാൻസ് ബാർ തുറന്നത് എന്നാണു ചരിത്ര രേഖകൾ പറയുന്നത്. കപില ഇന്റർനാഷനൽ ആണത്രേ പുണെയിലെ ആദ്യ ഡാൻസ് ബാർ. പക്ഷേ, 1972ൽ മുംബൈ നരിമാൻ പോയിന്റിൽ ജഗ്തിയാനി എന്ന പാഴ്സി ബിസിനസുകാരൻ ‘സോണിയ മഹൽ’ എന്ന ഡാൻസ് ബാറിനു തുടക്കമിട്ടു. കഥക് നൃത്തവും , മുജ്റ നൃത്തവുമൊക്കെയായിരുന്നു തുടക്കത്തിൽ. മാദക വേഷവും , ചലനവും ചുവടുകളിലേക്കു കൂട്ടിക്കലർത്തിയെന്നു മാത്രം.സിനിമാപ്പാട്ടുകൾ വച്ചാണു ഡാൻസ്. എങ്കിലും കാബറെയും , ഡിസ്കോയും പിന്നീടു പ്രശസ്തമായ ബോളിവുഡ് സ്റ്റൈലുമൊന്നും അന്നു സോണിയ മഹലിന്റെ താളമായില്ല.

പിന്നീട് ബാർ ഡാൻസ് ഹിറ്റ് ആയതോടെ, ഷെട്ടിമാരുടെ സംഘം ബിസിനസിലേക്ക് ഇറങ്ങി. പകിട്ടുകുറഞ്ഞ സോണിയ മഹലിനെ കടത്തിവെട്ടാൻ മേഘ്‌രാജും , സമുദ്രയും , സംഗമും തുറന്നു. മിന്നിത്തിളങ്ങുന്ന ലൈറ്റുകളും , ആഡംബരങ്ങളും കാബറെയും , ബിക്കിനിയും വരെ നിറഞ്ഞ ‘മോഡേൺ’ ഡാൻസ്ബാറുകളിലേക്കു മുംബൈയുടെ രാവുകൾ കൺമിഴിച്ചത് അങ്ങനെയാണ്.പിന്നീട് ഇങ്ങോട്ടു ചെറുതും , വലുതുമായ ഡാൻസ് ബാറുകൾ കിളിർത്തു, പൂത്തു തളിർത്തു. എവിടെനിന്നും മുംബൈയിലെത്തുന്നവരുടെ ആദ്യ ചോദ്യങ്ങളിൽ ഒന്ന് ഇതായി, ‘എവിടെയാണു ഡാൻസ് ബാർ?’മദ്യത്തിനൊപ്പം നൃത്തം എന്നത് ഇന്നലെ ഉണ്ടായതല്ല ഇന്ത്യയ്ക്ക് എന്ന ചരിത്രം കൂടി ചേർത്ത് വായിക്കണം. രാജഭരണ കാലങ്ങളിൽ ദാസിമാരുടെ കൊത്തളങ്ങളിൽ ലഹരിയും , ചിലങ്കയുടെ താളവും ഒരുമിച്ചൊഴുകിയ നാളുകൾ മുതലേ നമുക്കതു പരിചയമുണ്ട്.

ദിവസം 5 ലക്ഷം രൂപ വരെ കൊയ്തെടുത്ത പഞ്ചനക്ഷത്ര ഡാൻസ് ബാറുകൾ മുംബൈയിൽ ഉണ്ടായിരുന്നു. ഒരു ലക്ഷം വരെ കീശയിലാക്കിയ ഇടത്തരം ഇടങ്ങൾ, ആയിരങ്ങളും , പതിനായിരങ്ങളുമായി കളം നിറഞ്ഞ ഇരുണ്ട മൂലകളിലെ അങ്ങേയറ്റം ഇടുങ്ങിയ കുഞ്ഞൻ ബാറുകൾ– അതെ, ഏതു തരക്കാരെയും പോറ്റുന്ന മുംബൈയെപ്പോലെ തന്നെയായിരുന്നു ഡാൻസ് ബാറുകളും.സ്റ്റാർ ഹോട്ടലുകൾ തോൽക്കുന്ന ഫർണിച്ചറും , അലങ്കാര വിളക്കുകളുമുള്ള ഫസ്റ്റ് ക്ലാസ് എസി ഫ്ലോറുകളിൽ ബിസിനസുകാരും , രാഷ്ട്രീയക്കാരും , വൻതോക്കുകളും എത്തുന്നതായിരുന്നു പഞ്ചനക്ഷത്ര ഡാൻസ് ബാറുകൾ. കസ്റ്റമേഴ്സിനു ബോറടിക്കാതിരിക്കാനും , ബിസിനസ്സ് മുൻപോട്ട് പോകാനുമായി മാസങ്ങളുടെ ഇടവേളകളിൽ അവർ ബാറിന്റെ അകത്തളത്തിന്റെ രൂപം മാറ്റും. ഒപ്പം ഡാൻസുകാരികളെയും.

പല ബാറുകളിലും കസ്റ്റമറുടെ കീശയുടെ വലുപ്പത്തിന് അനുസരിച്ചാണു പാക്കേജുകൾ. കുറഞ്ഞ വരുമാനക്കാർക്കായി പ്രത്യേക നില പണിതവരുമുണ്ട്. 10 വർഷം മുൻപ് മുംബൈ നഗരത്തിൽ മാത്രം 700 ഡാൻസ് ബാർ ഉണ്ടായിരുന്നതായാണു കണക്ക്. പലതിന്റെയും വാർഷികവരുമാനം കോടികളാണ്. പൊലീസുകാർക്കും , രാഷ്ട്രീയക്കാർക്കും അതിലൊരു പങ്ക് കിട്ടിയതോടെ നിയമലംഘനങ്ങൾ ആരും ‘കാണാതായി’. ‍ഈ ‘കണ്ണടയ്ക്കലിന്റെ’ മറപറ്റി പതിനഞ്ചും , പതിനാറും വയസ്സുള്ള ഡാൻസുകാരികളെ വരെ ബാറുകൾ കൊണ്ടുവന്നു.

ഡാൻസിലൂടെ ബാറുകൾ കുന്നുകൂട്ടിയ കോടികൾ വച്ചു നോക്കുമ്പോൾ ഡാൻസുകാരികൾക്കു കിട്ടിക്കൊണ്ടിരുന്നത് എത്രയോ കുറഞ്ഞ തുകയാണ്. വരുമാനം എത്ര കൂടിയാലും നിശ്ചയിച്ച ശമ്പളത്തിനപ്പുറം അവർക്കു കിട്ടിയില്ല. എങ്കിലും അതു ധാരാളമായിരുന്നെന്ന് അവരിൽ പലരും പറയുന്നു. കസ്റ്റമർമാരുടെ ടിപ് കൂടിയാകുമ്പോൾ വീടു പോറ്റാൻ, നല്ല ഡ്രസ് വാങ്ങാൻ, ഒറ്റമുറി ഫ്ലാറ്റുകളിലൊന്നിൽ ചേക്കേറാൻ, സിനിമ കാണാൻ ഒക്കെയുള്ള കാശ് കിട്ടുമായിരുന്നെന്ന് പലരും പറയുന്നു.ഭീകരമായ കഷ്ടപ്പാടുകളുടെ ഇന്നലെകളിൽ നിന്ന് ആ വരുമാനമാണു അവരെ രക്ഷിച്ചത്. ശരീരം ദുരുപയോഗം ചെയ്തു ജീവിക്കുന്നതല്ല ബാർ ഡാൻസ്. മുംബൈ പോലൊരു നഗരത്തിൽ ഒരാളും അവരോട് മോശമായി പെരുമാറില്ല .കാരണം ബാറിലെ ബൗൺസർമാർ അത്തരം കസ്റ്റമർമാരെ നിലയ്ക്കു നിർത്തിക്കോളും. നഗരത്തിലെ നിരത്തുകളിൽ പെൺകുട്ടി ഇറങ്ങി നടക്കുമ്പോൾ ഉണ്ടാകുന്ന അക്രമങ്ങൾ വച്ചു നോക്കുമ്പോൾ ബാറിലെ ഡാൻസ് പൊതുവെ സുരക്ഷിതമാണ് .

മുംബൈ ഫൊറസ് റോഡിൽ നിറയെ സോപ്പുപെട്ടിപോലുള്ള ഫ്ലാറ്റുകളാണ്. ഉച്ചവരെ അലസത പുതച്ചു കിടക്കുന്ന ഇടം. പിന്നെ പൊടുന്നനെ അവിടം ഉണരും, കലപില ഉയരും. വൈകിട്ട് 5 മണിയാകുമ്പോഴേക്കും തിളങ്ങുന്ന വേഷങ്ങളും , മുഖത്തു മേക്ക് അപ്പും അണിഞ്ഞ് ബാർ ഗേൾസ് ചന്നം പിന്നം വർത്തമാനം പറഞ്ഞും ചിരിച്ചും ബാറുകളിലേക്കു യാത്രയാകും.ആയിരക്കണക്കിനു പെൺകുട്ടികളുടെ ജീവിതങ്ങൾ കൂടിയാണു ഡാൻസ് ബാറുകൾ.

ഓഫിസുകളിലേതു പോലെ തൊണ്ണൂറുകളിൽ ബാർ ഗേൾസിനും ‘സ്ഥലം മാറ്റം’ വരെ ഉണ്ടായിരുന്നത്രേ. ബാറുകൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ നിശ്ചിത കാലത്തേക്കാണു കൈമാറ്റം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതിനു പുറമേ, നേപ്പാളിലും ബംഗ്ലദേശിലും നിന്ന് ഒട്ടേറെ പെൺകുട്ടികൾ മുംബൈയിലെ ഡാൻസ് ബാറുകളിലേക്ക് എത്തിയ കാലമാണത്. ഇവിടെ നിന്നു ദുബായിലെ ഡാൻസ് ബാറുകളിലേക്കു ‘സ്ഥലം മാറ്റം’ കിട്ടിയവരുമുണ്ട്.

ഡാൻസ് ബാ‍ർ ഇല്ലാതെ എന്തു മുംബൈ എന്ന രീതിയിൽ താരത്തിളക്കത്തോടെ മുന്നേറുന്നതിനിടയ്ക്കാണ് 2005ലെ അപ്രതീക്ഷിത വിലക്ക്. കുറ്റകൃത്യങ്ങൾക്കു കളമൊരുക്കുന്നവയാണു ഡാൻസ് ബാറുകളെന്നും , അനാശാസ്യ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ നിരോധനം. ജോലിയും , വരുമാനവും ഒറ്റയടിക്കു നിലച്ചത് 75,000 ബാർ ഗേൾസിനാണ്. കണക്കിൽപെട്ടാത്തവരെ കൂടി ഉൾപ്പെടുത്തിയാൽ ഒരുലക്ഷത്തോളം പേർ.മുംബൈ ആസാദ് മൈതാനത്തു പ്രതിഷേധവുമായി തടിച്ചു കൂടിയ അവർ സർക്കാരിനോടു ചോദിച്ചു, ‘സിനിമകളിൽ അൽപവസ്ത്രമുടുത്ത് നടിമാർ ഐറ്റം ഡാൻസ് കളിക്കുന്നു. സർക്കാർ പരിപാടികളിൽ വരെ സെക്സി വേഷത്തിൽ ബോളിവുഡ് നടിമാർ ഡാൻസ് ചെയ്യുന്നു. ഞങ്ങൾ ജീവിക്കാനായി ഡാൻസ് ചെയ്യുന്നത് അനാശാസ്യമാകുന്നത് എങ്ങനെ?’

മൈതാനത്തു പലരും ഡാൻസ് കളിച്ചു തന്നെ പ്രതിഷേധിച്ചു. ചിലർ നിരാശയിൽ ജീവനൊടുക്കി. 2006ൽ സംസ്ഥാന സർക്കാർ നടപടി ബോംബെ ഹൈക്കോടതി തള്ളി. എങ്കിലും അപ്പീലുമായി സർക്കാർ മുന്നോട്ടു പോയി.2013ൽ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. നിരോധനം നീക്കാനും , ഡാൻസ് ബാർ ലൈസൻസ് പുനഃസ്ഥാപിക്കാനും ഉത്തരവിട്ടു. എന്നാൽ, പുതിയ നിയമഭേദഗതിയിലൂടെ മഹാരാഷ്ട്ര സർക്കാർ 2014ൽ വീണ്ടും വിലക്ക് പുനഃസ്ഥാപിച്ചു. ഭരണഘടനാ വിരുദ്ധം എന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി ഇതും തള്ളി. തുടർന്ന് കർശന നിയന്ത്രണങ്ങളോടെ ഏതാനും ‍ഡാൻസ് ബാറുകൾ തുറക്കാമെന്ന സർക്കാർ നീക്കത്തിനെതിരെ വീണ്ടും നിയമ പോരാട്ടം.

ഒടുവിൽ, 2019ൽ അമിത നിയന്ത്രണങ്ങളോ , നിരോധനമോ അനുവദിക്കാനാകില്ല എന്ന് സുപ്രീം കോടതി തീർത്തു പറഞ്ഞു . ചില നിയന്ത്രണങ്ങളോടെ ഡാൻസ് ബാറുകൾ വീണ്ടും തുറന്നു.പക്ഷേ, അപ്പോഴേക്കും കോവിഡ് വന്നു .16 വർഷം മുൻപത്തെ പ്രതാപ കാലത്തിലേക്ക് ഒറ്റയടിക്കു തിരിച്ചു പോകാൻ വെമ്പി നിന്ന ഡാൻസ് ബാറുകൾക്കു വലിയ തിരിച്ചടിയായി. വിലക്ക് നീക്കാനുള്ള നീക്കങ്ങളിലേക്കു സർക്കാർ കടന്നതുമില്ല. ഇപ്പോഴും ഡാൻസ് ബാറുകൾ പൂർണമായി നിലച്ചെന്നു കരുതരുത്. തുടർച്ചയായ റെയ്ഡുകളും , നിയമനടപടികളും തുടർന്ന 2010 വരെയുള്ള കാലത്തു പോലും അണ്ടർ ഗ്രൗണ്ടിൽ ചില ഡാൻസ് ബാറുകൾ നൃത്ത രാവുകളുമായി കസ്റ്റമർമാരെ സ്വാഗതം ചെയ്തു.ധാരാളം അനധികൃത അണ്ടർ ഗ്രൗണ്ട് ഡാൻസ് ബാറുകൾ മുംബൈയിൽ പ്രവർത്തിക്കുന്നുണ്ട്.അങ്ങനെയുള്ള അണ്ടർ ഗ്രൗണ്ട് ഡാൻസ് ബാറുകളുടെ പ്രവർത്തന രീതികൾ അല്പം വ്യത്യാസം കാണും .ഡാൻസ് ബാറിലെത്തുന്നവർക്കു രഹസ്യകോഡും , ടോക്കണും കൈമാറിയിട്ടുണ്ടാകും. ഇവർ ലൈവ് ഓർക്കസ്ട്ര നടക്കുന്ന ഹാളിൽ പാട്ടും ,ഉപകരണ സംഗീതവും കേൾക്കുന്നതിനിടെ, ഭിത്തിയെന്നു തോന്നിക്കുന്ന രീതിയിൽ കെട്ടിമറച്ചിട്ടുള്ള ഭാഗം തുറന്ന് രഹസ്യമുറിയിലേക്കു കൊണ്ടുപോകും. അവിടെയാണു ഡാൻസ് ബാർ.

പൊലീസുകാർക്കു കനത്ത ‘കിമ്പളം’ കൊടുത്തായിരുന്നു ഇത്തരം ഡാൻസ് ബാറുകളുടെ പ്രവർത്തനം. പെൺകുട്ടികളെ കൊണ്ടു വരുന്നതും തിരികെ വിടുന്നതും ‘റിസ്ക്’ ആയതിനാൽ പലരെയും ഇതുപോലുള്ള രഹസ്യമുറികളിൽ തന്നെ താമസിപ്പിച്ചു. സാധാരണ ഡാൻസ് ബാറുകളുടെ വിലക്ക് നീങ്ങിയില്ലെങ്കിലും നിയന്ത്രണങ്ങൾ അയഞ്ഞതോടെ അണ്ടർ ഗ്രൗണ്ട് ഡാൻസ് ബാറുകൾ പിന്നീട് കൂടുതൽ സജീവമായി. ധാരാളം പെൺകുട്ടികൾ വീണ്ടും ബാർ നൃത്തത്തിലേക്കു രഹസ്യമായെത്തി. എന്നാൽ പഴയതുപോലെ വരുമാനം ഇല്ലാത്തതും , അണ്ടർഗ്രൗണ്ട് ഡാൻസ് ബാറുകളിലെ ‘ഒളിവുജീവിതവും’ അവരിൽ പലരെയും ഉലച്ചുകളഞ്ഞു. പൊലീസ് എത്തുമ്പോൾ അറിയിക്കാനായി ബാറിന്റെ മുൻ മുറിയിൽ അലാം ഉണ്ട്. അത് മുഴങ്ങിയാലുടൻ ചുമരിലെ കണ്ണാടി നീക്കി ഇടനാഴിയിലൂടെ പെൺകുട്ടികൾ രഹസ്യമുറിയിലേക്കു മാറും. പൊലീസെത്തി പലയിടത്തും പരിശോധിച്ചിട്ടും പെൺകുട്ടികളെ കണ്ടെത്താനാവില്ല. ഒരിക്കൽ വലിയ കണ്ണാടി കണ്ടു സംശയം തോന്നി അതു പൊട്ടിച്ചപ്പോഴാണു ഗുഹയ്ക്കുള്ളിലെന്നവണ്ണം കഴിയുന്ന ധാരാളം പെൺകുട്ടികളെ കണ്ടത്.

ഇന്ത്യയിൽ ഡാൻസ് ബാറുകൾ മുംബൈയിൽ മാത്രമല്ല. ഡൽഹിയിലും , ഹൈദരാബാദിലും , കൊൽക്കത്തയിലും , ചെന്നൈയിലും , ബെംഗളൂരുവിലും ഇങ്ങു കൊച്ചിയിലും വരെയുണ്ട്. ഡാൻസ് ബാറുകളുടെ മറവിൽ മനുഷ്യക്കടത്തും , അധോലോക ഇടപാടുകളും , ഗുണ്ടാത്തല്ലും , ലഹരി വിൽപനയുമെല്ലാം നടക്കുന്നുമുണ്ട്. കോവി‍ഡ് കാലത്തെ സകല നിയന്ത്രണങ്ങളും തെറ്റിച്ചു പോലും ഡാൻസ് ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. അറസ്റ്റും , പെൺകുട്ടികളെ ജയിലിൽ അടയ്ക്കലുമെല്ലാം എല്ലായിടത്തും മുടങ്ങാതെ നടക്കുന്നു. പക്ഷേ, ഒരിടത്തു പോലും ഡാൻസ് ബാറുകൾക്കു പിന്നിലുള്ള യഥാർഥ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ആരും ശ്രമിക്കുന്നില്ല.

ഓരോ അറസ്റ്റ് കഴിയുമ്പോഴും മറ്റൊരിടത്ത് അനധികൃതമായി ഡാൻസ് ബാർ തുറക്കും. പിടിയിലാകുന്ന പെൺകുട്ടികളുടെ ഭാവി ആരുടെയും വിഷയമല്ല. അവരുടെ പുനരധിവാസം അധികാരികളുടെ വിദൂര ചിന്തകളിൽ പോലുമില്ല. ബാർ ഡാൻസർമാരിൽ കോടീശ്വരികളായ ചിലരുടെ കഥകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണാം. ക്രിക്കറ്റ് വാതുവയ്പുകളിൽ വരെ മുഖ്യകണ്ണിയാകുന്നവരും ഉണ്ട്. തരന്നും എന്ന കോടീശ്വരിയായ ബാർ ഡാൻസറുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ ഇടക്കാലത്ത് വാർത്തയായിരുന്നു. പക്ഷേ, ഇവരെപ്പോലുള്ളവർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ.മറുവശത്ത്, ബാറിലെ ഡാൻസിലൂടെ വയറുനിറയ്ക്കാനും , മക്കളെ വളർത്താനും , വീടു നോക്കാനും പാടുപെടുന്ന പതിനായിരങ്ങളാണ്. അവരാണു ഡാൻസ് ബാറുകളുടെ യഥാർഥ മുഖം. പൊടുന്നനെ വന്നുവീണ നിരോധനത്തിൽ പക്ഷേ ആ ജീവിതങ്ങൾ നിലച്ചുപോയി.

മുംബൈയിൽ ഒരു ലക്ഷത്തോളം സ്ത്രീകൾ മുന്നോട്ടെങ്ങനെ ജീവിക്കുമെന്നറിയാതെ പ്രതിഷേധനൃത്തം ചവിട്ടിയപ്പോൾ കാണാനോ , കേൾക്കാനോ ആരുമെത്തിയില്ല. ചിലർ കടകളിൽ സെയിൽസ് ഗേൾസ് ആയി ജോലി തേടി. എന്നാൽ, ബാർ ഡാൻസറായിരുന്ന ഇന്നലെകളെക്കുറിച്ചറിഞ്ഞപ്പോൾ സഹപ്രവർത്തകർ മോശമായി പെരുമാറാൻ തുടങ്ങി .ബാറിൽ ഡാൻസ് ചെയ്യുന്നവരെല്ലാം മോശക്കാരാണെന്ന മുൻവിധിയോടെയായിരുന്നു സമൂഹത്തിന്റെ നോട്ടമെന്ന് പറഞ്ഞ് അവരുടെ ഇടനെഞ്ച് വിങ്ങി. ബാറായിരുന്നു ഇതിലും സുരക്ഷിതമെന്നവർ പതം പറഞ്ഞു. ചിലരാകട്ടെ, വഴിയോരക്കച്ചവടത്തിനും , വീട്ടുജോലിക്കും പോയിത്തുടങ്ങി. കുറച്ചുപേർ ദുബായിലെ ഡാൻസ് ബാറുകളിലേക്കു ചേക്കേറി. കൂടുതൽ പേർക്കും പക്ഷേ, ജോലിയായില്ല. വീടു പട്ടിണിയായപ്പോൾ അവരിലേറെയും ചുവന്ന തെരുവിലേക്കിറങ്ങി. ശരീരത്തിനു വില പറഞ്ഞെത്തുന്നവരെ ആശ്രയിക്കേണ്ടി വന്ന അവരുടെ ഗതികേട് എവിടെയും ചർച്ചയായില്ല.

ഡാൻസ് ബാർ നിർത്തിയാൽ കുറ്റകൃത്യം കുറയുമെന്ന് ആക്രോശിച്ചവർ ഇപ്പോഴും കുത്തനെ മുകളിലേക്കുയരുന്ന കുറ്റങ്ങളുടെ ഗ്രാഫിനെക്കുറിച്ചു മിണ്ടുന്നില്ല. ബാർ നർത്തകിമാർക്കു പുതിയ ജോലി കണ്ടെത്തി നൽകിയതിനു ശേഷം, സ്വയം തൊഴിലിനു മാർഗങ്ങൾ ഒരുക്കിയ ശേഷം, സാമ്പത്തിക സഹായം കൈമാറിയതിനു ശേഷം – അതിനൊക്കെ ശേഷമായിരുന്നില്ലേ നിരോധനം വരേണ്ടിയിരുന്നത് എന്ന് പറയുന്നവരും ധാരാളം. ചെന്നൈയിൽ കാബറെ നടത്തുന്ന ക്ലബുകളും , റസ്റ്ററന്റുകളും പൂട്ടാൻ അടുത്തിടെ ഹൈക്കോടതി ഉത്തരവിട്ടു. അവരും ജീവിതത്തിന് ഇനി പല വഴി തേടേണ്ടി വരും; ആരും സഹായിക്കാൻ ഉണ്ടാകില്ല. എല്ലാ വഴികളുമടച്ച ശേഷം രക്ഷപ്പെടാൻ പറയുന്നതുപോലെ ക്രൂരമെന്തുണ്ട്?

Leave a Reply
You May Also Like

നിങ്ങൾ ഇത് വരെ ഈ ചിത്രം കാണാത്ത ഒരാളാണെങ്കിൽ…

ദീപു ഒരു പക്ഷേ ഇതെല്ലാവരുടെയും കപ്പിലെ ചായ ആകാൻ വഴിയില്ല. മിക്കവാറും എല്ലാവർക്കും മഴ ഇഷ്ടമായിരിക്കും.മഴയുടെ…

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

മഞ്ജുവിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിവാഹം കഴിച്ചാൽ മഞ്ജുവിന് ഫ്രീഡം ഒക്കെ നൽകുമെന്നും സന്തോഷ് വർക്കി

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൻസിലൂടെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി.…

ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!” – വിജയ്കുമാറിന്റെ ‘ഫൈറ്റ് ക്ലബ്ബ്’ ടീസർ റിലീസായി

ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!” – വിജയ്കുമാറിന്റെ ‘ഫൈറ്റ് ക്ലബ്ബ്’ ടീസർ റിലീസായി സംവിധായകൻ…