വധശിക്ഷ കാത്ത് കഴിയുന്ന മുര്‍താജയുടെ ജീവിതം ഇങ്ങനെ

622

10-ാം വയസില്‍ തെരുവിലിറങ്ങി, 13-ാം വയസില്‍ രാഷ്ട്രീയ കുറ്റവാളിയായി; ഇന്ന് സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്നു, മുര്‍താജയുടെ ജീവിതം ഇങ്ങനെ

റിയാദ്: മുര്‍താജ ഖുറൈസ്, ഇത് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാഷ്ട്രീയ കുറ്റവാളി. അമ്പരക്കേണ്ട സംഭവം സത്യമാണ്. പത്താം വയസിലാണ് മുര്‍താജയുടെ ജീവിതം മാറി മറിയുന്നത്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവിലേയ്ക്ക് ഇറങ്ങിയതാണ് തുടക്കം. അത് ഒറ്റയ്ക്കായിരുന്നില്ല. 30 കുട്ടികളെയും കൊണ്ട് സൈക്കിളിലാണ് പോരാട്ടത്തിന് ഇറങ്ങിയത്. ജീന്‍സും-ടീ ഷര്‍ട്ടും ധരിച്ച് ഇറങ്ങിയ കുട്ടികളെ കണ്ടാല്‍ സൈക്കിള്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായി തോന്നും, എന്നാല്‍ അതല്ല. പ്രതിഷേധ പ്രകടനത്തിനായി തെരുവില്‍ ഒത്തുകൂടിയതായിരുന്നു അവര്‍. ആ 30 പേരെയും നിയന്ത്രിച്ചതാകട്ടെ പത്ത് വയസുകാരനായ മുര്‍താജ ഖുറൈസ്.

കുഞ്ഞു കൈയ്യില്‍ മെഗാഫോണ്‍ പിടിച്ച് അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, ‘മനുഷ്യാവകാശം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ.’ 2011 ല്‍ സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന രാജ്യവിരുദ്ധ പ്രക്ഷോഭത്തിലായിരുന്നു കുട്ടി സംഘം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യ പോലീസ് മുര്‍താജിനെ അറസ്റ്റ് ചെയ്തു. കുടുംബത്തോടൊപ്പം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബോര്‍ഡറില്‍ വച്ചാണ് മുര്‍താജിനെ അറസ്റ്റ് ചെയ്യുന്നത്.

Image may contain: one or more people and outdoorആ അറസ്റ്റ് അവനെ ഒരു രാഷ്ട്രീയ കുറ്റവാളിയാക്കി മാറ്റുകയായിരുന്നു. വക്കീലന്മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും സഹായം തേടിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഇന്ന് അവന് 18 വയസ് പൂര്‍ത്തിയായിരിക്കുകയാണ്. പോയ വര്‍ഷങ്ങളില്‍ അവന്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 37 പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതില്‍ മുര്‍താജിന്റെയും പേരുണ്ടായിരുന്നു.

ദമാമിലെ ജുവനൈല്‍ ജയിലിലാണ് ഇപ്പോള്‍ മുര്‍താജ കഴിയുന്നത്. 2018 ആഗസ്റ്റില്‍ മാത്രമാണ് മുര്‍താജയ്ക്ക് അഭിഭാഷകനെ സൗദി അനുവദിച്ച് നല്‍കിയത്. മുര്‍താജയെ കൂടാതെ അറസ്റ്റിലായ അലി അല്‍ നിമ്ര്, അബ്ദുല്ല അല്‍ സഹീര്‍, ദാവൂദ് അല്‍ മര്‍ഹൂന്‍ എന്നീ കുട്ടികളും സൗദിയില്‍ വധശിക്ഷ നേരിടുന്നുണ്ട്. മുര്‍താജയെ തീവ്രവാദിയായി പരിഗണിച്ചാണ് കോടതി വിചാരണ ചെയ്യുന്നത്. വെടിവയ്പ്പ് ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര കുറ്റങ്ങളും മുര്‍താജയുടെ മേല്‍ ചുമത്തിയിട്ടുണ്ട്.

മുര്‍താജയുടെ സഹോദരന്റെ മരണാനന്തര ചടങ്ങിനിടെ അവന്‍ പോലീസിനെതിരെ വെടിവച്ചു എന്ന് മറ്റൊരു കേസു കൂടി ഉണ്ട്. എന്നാല്‍ അത് മാത്രം അവിശ്വസനീയമാണ്. വളരെ സമാധാനപരമായാണ് മരണാനന്തര ചടങ്ങ് നടന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും അന്ന് വന്നിരുന്നു. അതില്‍ ഇത്തരം പ്രകോപനപരമായ യാതൊന്നും കണ്ടിരുന്നില്ല.

[കടപ്പാട്]