അച്ചൻപട്ടം കിട്ടാൻ ഇറങ്ങിപ്പുറപ്പെട്ട് അതെല്ലാം ഉപേക്ഷിച്ച് സംഗീതത്തിന്റെ വഴികളിലേക്ക് തിരിഞ്ഞ ജെറി അമൽദേവ്

197

Abdul Kalam Kalam

ജെറിഅമൽദേവ് എന്ന സംഗീതകാരൻ.

അച്ചൻപട്ടം കിട്ടാൻവേണ്ടി ഇറങ്ങിപ്പുറപ്പെട്ട ജെറി, എന്തുകൊണ്ടോ അതെല്ലാം ഉപേക്ഷിച്ചു, സംഗീതത്തിന്റെ വഴികളിലേക്ക് തിരിയുകയായിരുന്നു. അതിനുവേണ്ടി എത്തിയതോ ഇന്ത്യൻ സംഗീത ചക്രവർത്തി നൗഷാദിന്റെ സന്നിധിയിലും. 1965 -69 കാലഘട്ടത്തിൽ നാലുവർഷം അദ്ദേഹം നൗഷാദിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. ‘പാൽക്കി’, ‘റാം ഔർ ശ്യാം’, ‘സംഘർഷ്’, ‘ആദ്മി,’ സാഥി’ തുടങ്ങിയ സിനിമകളിൽ കൂടെ വർക്ക്‌ ചെയ്തു. അക്കാലത്തെ ഹിന്ദി സംഗീത സംവിധായകർ, ഇന്ത്യൻ സംഗീതമറിയാവുന്ന ഒരാളെ കൂടെ കൂട്ടാറുണ്ടായിരുന്നു. ഒരു സംഗീതസംവിധായകനിലേക്കുള്ള ജെറിയുടെ വളർച്ചയിൽ നൗഷാദ് ഒരു പ്രധാന ഘടകമായിരുന്നു എന്ന് പറയാം.

തുടർന്ന്, പാശ്ചാത്യസംഗീതം പഠിക്കാനുള്ള മോഹം കൊണ്ടാണ് അദ്ദേഹം അമേരിക്കയിലേക്ക് ചേക്കേറുന്നത്. ജ്യേഷ്ഠൻ അക്കാലത്ത് അമേരിക്കയിൽ ഉണ്ടായിരുന്നു. അവിടെ സ്കോളർഷിപ്പ്ന്റെ സഹായത്തോടെ കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലായി ജെറി. അങ്ങനെ
ന്യൂ ഓർലിയൻസിലുള്ള സേവിയർ യൂണിവേഴ്സിറ്റി യിൽ സംഗീതപഠനത്തിന് അപേക്ഷിച്ചു. ന്യൂയോർക്കിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള, ഊട്ടിപോലെ തോന്നിക്കുന്ന, ബുദ്ധിജീവികളുടെ കേന്ദ്രമായിരുന്നു പോൽ അവിടം. ജൂതന്മാർ നടത്തുന്ന ആ യൂണിവേഴ്സിറ്റിയിൽ ചില മാനുഷികത്വത്തിന്റെ പേരിലാണ് ജെറിക്ക് അഡ്മിഷൻ കിട്ടിയത്. ( പത്തു വർഷം അച്ഛൻപട്ടത്തിനു പഠിക്കാൻ പോയ ആളാണല്ലോ അദ്ദേഹം ).

ആദ്യമൊക്കെ അവിടത്തെ വിദ്യാർത്ഥികളുടെ ഇടയിൽ നിന്നുപറ്റാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. സംഗീതത്തിൽ ഒരു ഡോക്ടർ ഡിഗ്രിഎടുക്കുക എന്നതായിരുന്നു ലക്ഷ്യം. നീണ്ട ഏഴുവർഷം കൊണ്ട് അമേരിക്കൻ ജനതയോട് മത്സരിച്ചു ജെറി അതു കരസ്ഥമാക്കി.

പിന്നീട് ഒരു പണിയന്വേഷിച്ചായി യാത്ര. ന്യൂയോർക് സിറ്റിയിൽ വന്നു ക്വീൻസ് കോളേജിൽ ഒരു ജോലിക്ക് അപേക്ഷിച്ചു. അവിടെ കുറെ പി എച്ഛ് ഡി ക്കാർക്കിടയിലും അദ്ദേഹത്തിന് ഒരു ജോലി നേടാൻ കഴിഞ്ഞു. പക്ഷെ വളരെനാൾ അവിടെ തുടരാൻ കഴിഞ്ഞില്ല. മൂന്നു നാല് വർഷങ്ങൾക്കകം സിറ്റി ഓഫ് ന്യൂയോർക് സാമ്പത്തികക്കുഴപ്പത്തിലാവുകയും കുറച്ചുപേരെ യൂണിവേഴ്സിറ്റി പിരിച്ചുവിടുകയും ചെയ്തു. അക്കൂട്ടത്തിൽ ജെറിയും ഉണ്ടായിരുന്നു.

തുടർന്ന്, ഒരു പ്രൈവറ്റ് ട്യൂഷൻ ആരംഭിക്കുകയായിരുന്നു . പിയാനോ പഠിപ്പിക്കുന്നു എന്ന് പത്രങ്ങളിൽ പരസ്യം ചെയ്തു. അങ്ങനെ ഒരിക്കൽ ഒരു ഗുജറാത്തിക്കാരൻ- മാസ്റ്റർ ഗോവാണിയുടെ മകനെ പിയാനോ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ഗോവാണി, അത് നൗഷാദിന്റെ പാട്ടാണല്ലേ എന്ന് ചോദിച്ചു. അതു താൻ കംപോസ് ചെയ്തതാണ് എന്ന് ജെറി അറിയിച്ചു. ആ ട്യൂൺ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. “എന്നാൽ എന്തുകൊണ്ട് നമുക്കൊരു റെക്കോർഡ് ഇറക്കിക്കൂടാ” എന്നായി ഗോവാണി.
അതൊരു പുതിയ സംരഭത്തിന് വഴിതെളിച്ചു. മദ്രാസിലെ തരംഗിണി വഴി എട്ട് ഉർദു -ഹിന്ദി പാട്ടുകൾ റെക്കോർഡ് ചെയ്തു.
‘മമത’എന്ന പേരിൽ എന്റിക്കോ കമ്പിനിക്കാർ ആ റെക്കോർഡ് റിലീസ് ചെയ്തു. ‘ആത്മികി’, ‘ആവാസ്’ എന്ന മറ്റു റെക്കോർഡുകളും തുടർന്ന് പുറത്തിറക്കി.

പിന്നീടൊരിക്കൽ എറണാകുളത്തുവന്നപ്പോൾ യാദൃശ്ചികമായി ഈ റെക്കോർഡുകൾ അപ്പച്ചനെ കേൾപ്പിക്കാൻ ഇടയായി .അത് ഒരു വഴിത്തിരിവായി അങ്ങനെയാണ് ‘ മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ പണി അദ്ദേഹം ഏൽപ്പിക്കുന്നതും ജെറിയുടെ സെല്ലുലോയ്ഡ് ജീവിതവും തുടങ്ങുന്നതും. ശേഷമുള്ളത് മറ്റൊരു ചരിത്രം.

(പ്രിയ സുഹൃത്ത് പ്രമോദ്‌പിള്ളയിൽ നിന്നുകിട്ടിയ വിവരങ്ങൾ കൂടി പങ്കുവെക്കുന്നു. “ആത്മ കി ആവാസ് ” എന്ന ഹിന്ദി -ഉർദു ആൽബത്തിൽ ഒരു പാകിസ്താനിയും ഗാനരചനയിൽ പങ്കാളിയായിട്ടുണ്ട്. ആദ്യം മുഹമ്മദ് റാഫിയെക്കൊണ്ടായിരുന്നു പാടിക്കാൻ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഗന്ധർവ്വനാദത്തിൽ ഇറങ്ങുകയായിരുന്നു. എന്നാൽ വിപണനപരമായ പ്രശ്നങ്ങൾ നിമിത്തം, റെക്കോർഡുകൾ റിലീസ് ആയത് അമേരിക്കയിലാണ്. ഈ ആൽബത്തിലെ “ആനാ ആനാ ജാനാ” എന്ന ഗാനമാണ് പിന്നീട് പ്രിയദർശൻ തന്റെ ഹിറ്റ്‌ ചിത്രമായ ‘പുന്നാരം ചൊല്ലി ചൊല്ലി’ യിലെ “അത്താപൂവും നുള്ളി” എന്ന ഗാനമായി ഉൾപ്പെടുത്തിയത്. ഇതേ ചിത്രത്തിലെ, ചിത്രയുടെ “അരയരയായോ” എന്ന ഗാനം പ്രസ്തുത റെക്കോർഡിലെ “ടിം ടിം ടിം.. ” എന്ന് തുടങ്ങുന്ന ഗാനവുമാണ്.)