Rasheed Pattath
ജന്മം കൊണ്ട് തമിഴ്നാട്ടുകാരൻ ആണെങ്കിലും സാമുവൽ ജോസഫ് പ്രശസ്തനാകുന്നത് മലയാളത്തിന്റെ പ്രിയങ്കരനായ സംഗീതസംവിധായകൻ ശ്യാം എന്ന പേരിലാണ്.
സംഗീതസംവിധായകൻ ശ്യാമിനെക്കുറിച്ച് ശ്രീ Rasheed Pattath എഴുതിയ മനോഹരമായ കുറിപ്പിന് ഒരു അനുബന്ധം.
Nikhil Venugopal
മലയാളത്തിന് ഇലക്ട്രോണിക്-ഡിസ്കോ ശബ്ദങ്ങൾ പരിചയപ്പെടുത്തിയത് ശ്യാം ആണെന്നു പറയാം. “ശരത്കാല സന്ധ്യ“ യും “ഒരു മധുരക്കിനാ“ വും മാറ്റി നിർത്തി മലയാളത്തിലെ ഡിസ്കോ സാന്നിധ്യം പരാമർശിക്കുക സാധ്യമല്ല.
ശ്യാമിന്റെ ഓർക്കെസ്റ്റ്രയിൽ കേട്ടാൽ തിരിച്ചറിയാവുന്ന 2 ഘടകങ്ങൾ ഉണ്ടായിരുന്നു.
അക്കൗസ്റ്റിക് ഗിറ്റാർ-ഇലക്ട്രിക് ഗിറ്റാർ-സിന്തസൈസർ ഉപയോഗിച്ചുള്ള കോഡ് പ്രൊഗ്രഷനാണ് അതിൽ ഏറ്റവും പ്രധാനം. ശ്യാമിന്റെ അസംഖ്യം ഗാനങ്ങളുണ്ട് ഈ ശബ്ദസങ്കലന രീതിയിൽ – “സിന്ദൂരതിലകവുമായി“ (കുയിലിനെ തേടി) എന്ന ഗാനത്തിലുടനീളം മുഴങ്ങിക്കേൾക്കാം ഈ ഗിറ്റാർ പ്രയോഗം. വളരെ ആഴത്തിലുള്ള സമ്പുഷ്ടമായ ഗിറ്റാർ കൊഡുകൾ കൊണ്ട് അണിയിച്ചൊരുക്കിയവയാണ് ശ്യാമിന്റെ മിക്ക ഗാനങ്ങളും.
സിതാർ-പ്രിക്കർഷൻ സങ്കലനമാണ് ശ്യാമിന്റെ ഗാനങ്ങളുടെ മറ്റൊരു പ്രത്യേകത. ശ്യാം തന്റെ ഗാനങ്ങളിൽ നിർലോഭം ഉപയോഗിച്ചിട്ടുള്ള ഒരു ഉപകരണമാണ് സിതാർ. അതിൽ തന്നെയും പലപ്പോഴും താളവാദ്യങ്ങൾക്ക് അനുസൃതമായുള്ള സ്വരവിന്യാസവും കൂടിയാവുമ്പോൾ അതിനൊരു പ്രത്യേക ടോണൽ ക്വാളിറ്റിയാണ്. “ചന്ദനക്കുറിയുമായി..“(ഒരു നോക്കു കാണാൻ), “ഏതോ ജന്മബന്ധം“ (അമേരിക്ക അമേരിക്ക), “പാതിരാ താരമെ“(കുയിലിനെ തേടി), “ദേവദാരു പൂത്തു“(എങ്ങിനെ നീ മറക്കും) എന്നീ ഗാനങ്ങൾ കേട്ടു നോക്കൂ.
സാന്ദർഭികവും തികച്ചും വ്യക്തിപരവുമായൊരു കാര്യം പറയട്ടെ. ചില സന്ദർഭങ്ങളിൽ എന്നെ നിരാശപ്പെടുത്തിയിട്ടുള്ള ഒരു സംഗീതജ്ഞനും കൂടിയാണ് ശ്യാം. അത് മോശം ഗാനങ്ങൾ കൊണ്ട് എന്ന അർത്ഥത്തിലല്ല. പക്ഷെ വളരെ മനോഹരമായ ചില സംഗീതശകലങ്ങളിലൂടെ വലിയ പ്രതീക്ഷകൾ നൽകിയ ചില ഗാനങ്ങൾ, ഒട്ടും സ്വീകാര്യമല്ലാത്ത ചില ഭാവപ്പകർച്ചകളിലേക്ക് പൊടുന്നനെ ചുവടു മാറ്റുമ്പോൾ ഉണ്ടാവുന്ന രസഭംഗം – ശ്യാമിന്റെ ചില ഗാനങ്ങൾ ആ ശ്രേണിയിൽ മുൻപന്തിയിലാണ്.
“ഓരോ നിമിഷവും ഓരോ നിമിഷവും“(അർച്ചന ടീച്ചർ) എന്ന ഈ ഗാനം കേട്ടു നോക്കൂ. പല്ലവിയുടെ ആദ്യഭാഗം കേൾക്കുമ്പോൾ മനസ്സ് അലിഞ്ഞില്ലാതാവും, അത്രയ്ക്ക് ഹൃദ്യമാണ്. അതിന്റെ ഒരു തുടർച്ച പ്രതീക്ഷിക്കുന്ന നമ്മളെ നിരാശപ്പെടുത്തിക്കൊണ്ടാണ് ആ ഗാനത്തിന്റെ ഭാവ സഞ്ചാരം ഒരു പിടിയും നൽകാതെ പല്ലവിയോടു പൊരുത്തപ്പെടാത്ത മേഖലകളിലൂടെ കയറി ഇറങ്ങുന്നത്. “മലവാകപ്പൂവേ‘(ഇളനീർ) എന്നിങ്ങനെ വേറെയും ചില ഉദാഹരണങ്ങളുണ്ട്. മേൽപ്പറഞ്ഞ ഗാനങ്ങൾ മോശം എന്നല്ല, പക്ഷെ ആ ഗാനങ്ങളുടെ പല്ലവി പ്രദാനം ചെയ്യുന്ന ഭാവവുമായി ആ ഗാനം മൊത്തത്തിൽ പൊരുത്തപ്പെടുന്നില്ല എന്നു മാത്രമാണ് ഉദ്ദേശിച്ചത്. (തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. ഈ ഗാനങ്ങൾ ഇഷ്ടപെടുന്ന അനേകം ആസ്വാദകർ ഉണ്ട് എന്നും സ്മരിക്കുന്നു)
ആവർത്തനവിരസത മൂലമാണ് പല സംഗീതസംവിധായകരുടേയും ഗാനങ്ങൾക്ക് വിറ്റു വരവ് കുറഞ്ഞു പോകാറുള്ളത്. പ്രത്യേകിച്ച് കുറച്ചു സമയത്തിനുള്ളിൽ ഒരു പാട് ചിത്രങ്ങൾക്ക് സംഗീതം നൽകാറുള്ളവർ.
എന്നാൽ ശ്യാം എന്ന സംഗീതസംവിധായകന്റെ കരിയർ പരിശോധിക്കുമ്പോൾ എന്നെ അതിശയപ്പെടുത്തിയിട്ടുള്ള ഒരു വസ്തുതയുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങളിലാണ് ആവർത്തന വിരസമെന്നു തോന്നിക്കാവുന്ന, ചില പ്രത്യേക പാറ്റേർണിലുള്ള ഗാനങ്ങൾ അദ്ദേഹം ചെയ്തു തീർത്തത്.
എന്നാൽ 1985 ആകുമ്പോഴേക്കും അദ്ദേഹത്തിന്റെ ഗാനങൾ അതു വരെ പ്രകടിപ്പിച്ചിരുന്ന നിലവാരത്തിൽ നിന്നും അല്പം ഉയർന്നു സഞ്ചരിക്കാൻ തുടങ്ങി എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. “പൂമാനമേ..“ (നിറക്കൂട്ട്) ആയിരിക്കാം ഒരു പക്ഷെ അതിനു തുടക്കം കുറിച്ചത്.
പിന്നീടു വന്ന ഡെയ്സി, നാളെ ഞങ്ങളുടെ വിവാഹം, നാടോടിക്കാറ്റ്, മനു അങ്കിൾ, അധിപൻ, നാടുവാഴികൾ, അക്ഷരത്തെറ്റ്, കോട്ടയം കുഞ്ഞച്ചൻ എന്നിവയിൽ കേൾക്കുന്നത് ശ്യാമിൽ നിന്നും അതു വരെ കേൾക്കാത്ത രീതിയിലുള്ള ചില ഗാനങ്ങളാണ്. കെ. എസ്. ചിത്ര എന്ന ഗായികയുടെ ശബ്ദത്തിന് അതിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പില്ല, പക്ഷെ ഈ സിനിമകളിലുട നീളം, ചിത്ര എന്ന ഗായികയുടെ അതിമനോഹരങ്ങളായ ചില ഗാനങ്ങൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് – “രാപ്പാടി തൻ“ (ഡെയ്സി), “ആലിപ്പഴം..“(നാളെ ഞങ്ങളുടെ വിവാഹം), “ഒരു കിളി ഇരു കിളി“, “മേലെ വീട്ടിലെ വെണ്ണിലാവ്“(മനു അങ്കിൾ), “ശ്യാമമേഘമേ നീ“(അധിപൻ)….
“വൈശാഖ സന്ധ്യേ“(നാടോടിക്കാറ്റ്) പോലൊരു ഗാനം മലയാളത്തിൽ വേറെയുണ്ടോ? എന്തു മനോഹരമായിരുന്ന പാട്ടായിരുന്നു അത്? (ആ ഗാനം വീണ്ടുമൊരിക്കൽ കേൾക്കാൻ കൊതിച്ച് ആകാശവാണിയുടേയും കാസറ്റു കടകളുടേയും യുവജനോൽസവ വേദികളുടെയും അരികു പറ്റി കാത്തിരിന്നിട്ടുണ്ട് അനേകം ദിവസങ്ങൾ)
കരിയറിന്റെ അവസാന പാദത്തിലും (1985-1990) വളരെ മികച്ച ഗാനങ്ങളും, അതിലുപരി എക്കാലവും ഓർമ്മിക്കപ്പെടുന്ന റീ-റിക്കാർഡിംഗുകളും ഒക്കെയായി സജീവമായിരുന്ന ശ്യാമ നമ്മെ ഓർമ്മിപ്പിക്കുന്നത് ആവർത്തനവിരസത കൊണ്ടല്ല താൻ തൊണ്ണൂറുകളിൽ നിശ്ശബ്ദനായത് എന്നാണ്. “ശ്യാമമേഘമെ നീ“(അധിപൻ), “രാവിൽ പൂന്തേൻ“(നാടുവാഴികൾ), “ഈ നീലരാവും“ (കോട്ടയം കുഞ്ഞച്ചൻ), “ഹൃദയം കൊണ്ടെഴുതിയ കവിത“(അക്ഷരത്തെറ്റ്) എന്നീ ഗാനങ്ങൾ ശ്യാമിന്റെ കരിയറിന്റെ അവസാനകാലത്ത് വന്നതാണ് എന്നത് ഇന്നും അവിശ്വസനീയമായ ഒരു വസ്തുതയാണ്.
ശ്യാമിന്റെ പിന്മാറ്റം പ്രധാനമായും എസ്. പി. വെങ്കിടേഷിന്റെ കടന്നു വരവും ലോ ബഡ്ജറ്റ് കോമഡി ചിത്രങ്ങൾക്ക് പ്രാധാന്യമേറിയതും അവയിലൂടെ ജോൺസൺ കണ്ടെത്തിയ സംഗീത സങ്കേതങ്ങളും ആയിരിക്കണം കാരണം എന്നു തന്നെ ഈയുള്ളവൻ വിശസിക്കുന്നു.
തമിഴിൽ
ജന്മം കൊണ്ട് തമിഴും കർമ്മം കൊണ്ട് മലയാളിയും എന്ന് ശ്യാമിനെ വിശേഷിപ്പിക്കാം. ശ്യാമിന്റെ സംഗീതത്തിന്റെ മികച്ച ഏടുകളെല്ലാം മലയാളത്തിൽ ആയിരുന്നു എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.
പക്ഷെ തമിഴിലും അതി മനോഹരങ്ങളായ ചില ഗാനങ്ങൾ ശ്യാം ചെയ്തിട്ടുണ്ട്.
തമിഴിൽ 1978-1990 കാലഘട്ടത്തിലെ പാട്ടുകൾ അന്വേഷിച്ചു പോകുമ്പോൾ നേരിടാറുള്ള ഒരു പ്രധാന പ്രശ്നം അവയെല്ലാം ഇളയരാജയിൽ ചെന്ന് അവസാനിക്കും എന്നുള്ളതാണ്. ഇളയരാജയ്ക്കപ്പുറത്തേക്കുള്ള അന്വേഷണം ചിലപ്പോൾ മടുപ്പിക്കാറുണ്ട്.. കാരണം ആ നിലവാരത്തിലുള്ള മറ്റു സംഗീതജ്ഞരുടെ ഗാനങ്ങൾ കണ്ടു കിട്ടാൻ നന്നേ ബുദ്ധിമുട്ടാണ് (ടി. രാജേന്ദർ, ദേവേന്ദ്രൻ ഒക്കെയുണ്ട്, എന്നിരിക്കിലും…). ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അവയൊക്കെ പലപ്പോഴും വിസ്മൃതിയിലായിരിക്കും. നവമാധ്യമങ്ങളിലോ റേഡിയൊകളിലോ ഗാനമേള വേദികളിലോ അവയക്ക് “ഇളയരാജ ഹിറ്റസ്“ എന്ന ബ്രാൻഡിംഗ് ഇല്ലാത്തതിനാൽ ആവശ്യക്കാർ നന്നേ കുറവാണ്. പഴന്തുണിക്കെട്ടുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന അത്തരം രത്നങ്ങൾ അന്വേഷിച്ചു ചെല്ലുന്നവർ മാത്രമേ അധികവും അത്തരം ഗാനങ്ങൾ കേൾക്കാറുള്ളൂ.
അതു പോലുള്ള ചില രത്നങ്ങളുണ്ട് ശ്യാമിൻ്റേതായി തമിഴിൽ.
അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലറായ തമിഴ് ഗാനം “മഴൈ തരുമോ എൻ മേഘം“(മനിതരിൽ ഇത്തനൈ നിറങ്കളാ) ആയിരിക്കണം. ശ്യാമിന്റെ എല്ലാ വിധത്തിലുള്ള കയ്യൊപ്പും, മേൽ വിശദീകരിച്ച ഗിറ്റാർ കോഡുകളും എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ ദൈവീകമായ ആലാപനവും ഒത്തിണങ്ങിയ
മനോഹരമായ ഒരു ഗാനം.
https://www.youtube.com/watch?v=10w5cjfhn6Q
മനോഹരങ്ങളായ മറ്റു ചില ഗാനങ്ങൾ
വാനം പൻ നീരൈ തൂവും–കൽ വടിയും പൂക്കൾ
ആലാപനം: എസ്. പി. ബി
ഇദയം ഇദയം മുഴുതും മോഹങ്കൾ-ഇദയം പേസുഗിറത്
ആലാപനം: എസ്. പി. ബി, എസ്. ജാനകി
പൂമാലൈകൾ ഇരു തോൾ സേരുമേ-ജാതി മല്ലി
ആലാപനം: ജയചന്ദ്രൻ, എസ്. ജാനകി
മേലാടൈ മേഘത്തിൽ നീന്തും-അക്കരൈക്കു വാരിങ്കളാ
ആലാപനം: ജയചന്ദ്രൻ, എസ്. ജാനകി
മാന്തളിരേ മയക്കമെന്ന-ദേവതൈ
ആലാപനം: എസ്. ജാനകി
ഒരു പാർവൈ പാർത്താൽ എന്ന-പുനിത മലർ
ആലാപനം: ജോളി അബ്രഹാം
വാൻ നിലാ തേടുതേ-കണ്ണീരിൽ എഴുതാതെ
ആലാപനം: എസ്. പി. ബി, എസ്. ജാനകി
സൊല്ലത്താൻ നിനൈത്തേൻ-വിലങ്ക്
ആലാപനം: എസ്. പി. ബി
ഇവൾ ദേവതൈ-വാ ഇന്ത പക്കം
ആലാപനം: എസ്. പി. ബി, വാണിജയറാം
രാധാ കൃഷ്ണാ-മാറ്റ്രവൈ നേരിൽ
ആലാപനം: എസ്. ജാനകി
നിനൈവിൽ ആടും അഴകോ-കൽ വടിയും പൂക്കൾ
ആലാപനം: കെ. ജെ യേശുദാസ്
മഴൈക്കാല മേഘങ്കൾ- കൽ വടിയും പൂക്കൾ
ആലാപനം: കെ. ജെ യേശുദാസ്
ഗലീർ ഗലീർ- ദേവതൈ
ആലാപനം: എസ്. ജാനകി
ആനന്ദ ദാഹം-വാ ഇന്ത പക്കം
ആലാപനം: ദീപൻ ചക്രവർത്തി, എസ്. ജാനകി
https://www.youtube.com/watch?v=5cZmo-0BvNg
പാൽ നിലാ വേളയിൽ-കുയിലെ കുയിലെ
ആലാപനം: കെ. ജെ. യേശുദാസ്
Picture Credits: Original Uploader