അന്ന്…മൈഡിയർ കുട്ടിച്ചാത്തൻ കാണാൻ പോയ ഓർമ്മകൾ…

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
393 VIEWS

ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയാണ് മൈഡിയർ കുട്ടിച്ചാത്തൻ. 1984 ഓഗസ്റ്റ് 24 റിലീസ് ചെയ്ത ഈ ചിത്രം ഇന്നും സിനിമാസ്വാദകർക്കൊരു അത്ഭുതമാണ്. വേണ്ടത്ര സാങ്കേതിക വിദ്യകൾ വളർന്നിട്ടില്ലാത്ത ഒരു കാലത്ത് ഇത്തരമൊരു സിനിമ, അതും മലയാളം ഇൻഡസ്ട്രിയിൽ നിന്നും ഇറങ്ങുക എന്നത് അത്ഭുതം തന്നെ ആയിരുന്നു. ഈ സിനിമ പലരുടെയും നൊസ്റ്റാൾജിയകളിൽ ഉണ്ട്. അത്തരമൊരു ഓർമക്കുറിപ്പാണ് ജിജീഷ് രഞ്ജൻ പങ്കുവയ്ക്കുന്നത് .

ജിജീഷ് രഞ്ജൻ

മൈ ഡിയർ കുട്ടി ചാത്തൻ – 1984 ഓഗസ്റ്റ് 24-നാണ് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ പ്രദർശനത്തിനെത്തിയത്.മലയാളത്തിനൊപ്പം ഹിന്ദി തമിഴ് തെലുങ്ക് ഭാഷകളിലെ മൊഴിമാറ്റ പതിപ്പുകൾ ഉൾപ്പടെയുള്ള സിനിമ ഇന്ത്യയിൽ മുഴുവൻ വൻ വിജയമാണ് നേടിയത്.ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്.പിന്നീട് 1997 മാർച്ച് 27-ന് പുതിയ രംഗങ്ങൾ കൂട്ടി ചേർത്ത്, മലയാള സിനിമയിൽ ഡി.ടി.എസ്‌ സം‌വിധാനം ആദ്യമായി ഉപയോഗപ്പെടുത്തി വീണ്ടും സിനിമ റിലീസ് ചെയ്തു.

2011 ഓഗസ്റ്റ് 31-ന് ഡിജിറ്റൽ ഫോർമാറ്റിൽ സിനിമ ഒരിക്കൽ കൂടി പ്രേക്ഷകരിലേക്ക് എത്തി.മൂന്ന് തവണയും സിനിമ വിജയമായിരുന്നു. ആദ്യമായി ഈ സിനിമ പുറത്തിറക്കിയ സമയത്ത് 3 ഡി കണ്ണട ഉപയോഗിക്കുന്നത് ചെങ്കണ്ണ് ഉൾപ്പടെയുള്ള നേത്ര രോഗങ്ങൾക്ക് കാരണമാകും എന്ന വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാൻ 3 ഡി കണ്ണട വച്ച് സിനിമ കാണുന്ന പ്രേം നസീർ, അമിതാഭ് ബച്ചൻ, രജനികാന്ത്, ചിരഞ്ജീവി തുടങ്ങിയവരുടെ ക്ലിപ്പ് സിനിമ ആരംഭിക്കുന്നതിന് മുൻപ് ചേർത്തിരുന്നു.

ആദ്യ ഭാഗം ഇറങ്ങിയ സമയത്ത് ജനിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ 1997 ൽ പുറത്തിറങ്ങിയ ഭാഗമാണ് കാണുന്നത്.കൊല്ലത്ത് പ്രിയ തീയറ്ററിലാണ് സിനിമ ഇറങ്ങിയത്.ഒരു ദിവസം കൊച്ചച്ഛൻ വന്ന് എന്നോട് കുട്ടിച്ചാത്തൻ കാണാൻ സെക്കൻഡ് ഷോക്ക് പോകാം നീ റെഡിയായി നിന്നോ എന്ന് പറഞ്ഞു .അന്ന് അനിയൻ കുറച്ച് കൂടി ചെറുതായത് കൊണ്ട് അവനെ കൊണ്ട് പോകണ്ട എന്ന് കൊച്ചച്ഛൻ കരുതി.അങ്ങനെ ഞങ്ങൾ കഴിച്ചിട്ട് പതുക്കെ റെഡിയായി.കൊച്ചച്ഛൻ സുസുക്കി സമുറായി സ്റ്റാർട്ട് ആക്കി ഞാൻ കയറാൻ ഒരുങ്ങിയതും ഒരു ഭീകര കരച്ചിൽ.നോക്കിയപ്പോൾ വിവരം ചോർന്ന് കിട്ടിയ അനിയനാണ്.എന്നേം കൂടെ കൊണ്ട് പോ എന്ന് പറഞ്ഞ് ഉടുപ്പുമിട്ട് ഒരു കയ്യിൽ നിക്കറും പിടിച്ചാണ് അനിയന്റെ കരച്ചിൽ.മോനെ നീ പേടിക്കും ഉറങ്ങിപ്പോവും എന്നൊന്നും പറഞ്ഞിട്ട് ഒരു രക്ഷയുമില്ല.അയിത്തോച്ഛന് എന്നോട് സ്നേകൊല്ലാത്തോണ്ടല്ലേ എന്നായി അവന്റെ ഡയലോഗ്.അതിൽ കൊച്ചച്ഛൻ അലിഞ്ഞു.

അങ്ങനെ അവനെയും കയറ്റി ഞങ്ങൾ തീയറ്ററിൽ എത്തി ടിക്കറ്റൊക്കെ എടുത്ത് അകത്ത് കയറി. സിനിമ തുടങ്ങി അല്പം കഴിഞ്ഞപ്പോൾ തീയറ്ററിൽ ഭീകര ചിരി.എന്റെ അടുത്തിരുന്ന അപ്പുപ്പൻ ചാടി ചിരിക്കുന്നു.എനിക്ക് മാത്രം ഒരു ചിരിയും വരുന്നില്ല.കൊച്ചച്ഛനെ നോക്കിയപ്പോൾ പുള്ളിക്കും ഭാവമാറ്റമില്ല.പെട്ടെന്ന് കൊച്ചച്ഛൻ എഴുന്നേറ്റ് പോയി.വാങ്ങാൻ മറന്ന 3 ഡി കണ്ണടയുമായി എത്തി.അത് വച്ച് കഴിഞ്ഞപ്പോഴാണ് അത്രയും നേരം മങ്ങി കണ്ടത് കണ്ണിന്റെ കുഴപ്പമല്ല എന്ന് മനസിലായത്.ഹിയ്യോ എന്ത് രസം അയിത്തോച്ചാ അനിയന്റെ സന്തോഷം.പിന്നെ കണ്ട് ആർത്ത് ചിരിയായി.ഐസ്‌ക്രീംമൊക്കെ കണ്ട് വാ പൊളിച്ചു.അനിയൻ കസേരയിൽ ഇരുന്ന് ചാടി മറിഞ്ഞു.ഇടക്ക്‌ കൊച്ചച്ഛനെ അവൻ ശല്യപ്പെടുത്തി ഓരോന്ന് ചോദിക്കും.അവസാനം ഗുഡ് ബൈ കുട്ടിച്ചാത്തൻ എന്നൊക്കെ എഴുതുമ്പോൾ അവൻ ഗോൾഡ് പിന്നെ എന്തുവാ എന്നൊക്കെയായി.അവസാനം സിനിമ കണ്ടിറങ്ങിയപ്പോൾ വേറേതോ ലോകത്തിൽ നിന്നും ഇറങ്ങി വന്നത് പോലെയായിരുന്നു.കുട്ടിച്ചാത്തൻ ഇനി എന്നെങ്കിലും പിള്ളേരുടെ അടുത്ത് തിരിച്ചു വരുമോ എന്നൊക്ക ആയിരുന്നു പിന്നീട് കുറച്ച് നാളത്തെ ചിന്ത.

പിന്നെ കുറച്ച് വർഷങ്ങൾക്ക് ശേഷം മാജിക് മാജിക് എന്ന പേരിൽ 3ഡി സിനിമ ഇറങ്ങിയെങ്കിലും അതത്ര ജനകീയമായില്ല.കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ രസിപ്പിക്കുന്ന ഒരു കുട്ടി സിനിമ 3 ഡിയിൽ പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല.പട്ടണത്തിൽ ഭൂതം കുട്ടികൾക്ക് പലർക്കും ഇഷ്ടപ്പെട്ടെങ്കിലും മുതിർന്നവർക്ക് ഒട്ടും രസിക്കുന്നതായിരുന്നില്ല.പോരാത്തതിന് 3 ഡിയുമായിരുന്നില്ല.ഇനി മലയാളത്തിലേക്ക് അത്തരം പ്രതീക്ഷകളുമായി എത്തുന്നത് മോഹൻ ലാലിന്റെ ബറോസ് ആണ്.കുട്ടിച്ചാത്തന്റെ സംവിധായകനായിരുന്ന ജിജോയുടെ സാന്നിധ്യം പ്രതീക്ഷ നൽകുന്നുണ്ട്.അദ്ദേഹം ബറോസുമായി സഹകരിച്ച് കൂടെ നിന്നാൽ നല്ലതാണ്.ഏവരെയും രസിപ്പിക്കാൻ കഴിയുന്ന ഒന്നാകട്ടെ ബറോസ് എന്ന് ആശംസിക്കുന്നു.ഞാൻ ഉൾപ്പടെ ഒരുപാട് പേർ 3 D യും കുട്ടീച്ചാത്തനും ആദ്യമായി കണ്ടിട്ട് ആദ്യമായി കണ്ടിട്ട് 25 വർഷങ്ങൾ കടന്ന് പോയി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ