പാവങ്ങളാ… പാവങ്ങൾ…ശബ്‌ദം കേട്ടാല്‍ ബോധം കെടുന്ന ആടുകൾ !
അറിവ് തേടുന്ന പാവം പ്രവാസി
👉വലിയ ശബ്ദം കേട്ടാലോ, ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായാലോ പേടിച്ചു തല കറങ്ങി വീഴുന്നവര്‍ മനുഷ്യര്‍ക്കിടയില്‍ അസാധാരണമല്ല. എന്നാല്‍ മൃഗങ്ങള്‍ക്കിടയിൽ ടെന്നിസെ എന്ന വിഭാഗത്തില്‍ പെട്ട ആടുകളാണ് പതുക്കെ ഒന്നു തുമ്മുന്ന ശബ്ദം കേട്ടാല്‍ തല കറങ്ങി വീഴുന്ന ജീവികള്‍. അമേരിക്കയിലെയും, യൂറോപ്പിലെയും തണുത്ത കാലാവസ്ഥയുള്ള മേഖലകളില്‍ വളരുന്ന ആടുകളാണ് ടെന്നിസെ ആടുകള്‍. ബോധം കെടുന്ന ആടുകള്‍ എന്നാണ് ഇവയുടെ വിളിപ്പേര് തന്നെ. ഇവ ഇങ്ങനെ വീഴുന്നതിനും ഉണ്ട് ഒരു പ്രത്യേകത. ഒരു സെക്കന്‍റ് അനങ്ങാതെ നിന്ന് വെട്ടിയിട്ട പോലെ നിലത്തു വീഴും. പിന്നീട് കാല് നാലും ആകാശത്തേക്കുയര്‍ത്തി ഒരു സെക്കന്‍റ് കിടക്കും. പിന്നെ വശം തിരിഞ്ഞ് അല്‍പ്പനേരം അനങ്ങാതെ കിടന്ന ശേഷം പതുക്കെ എഴുന്നേല്‍ക്കും.ഈ പ്രവര്‍ത്തി ഇവയുടെ ബോധം പോകുന്നതു മൂലമല്ല മറിച്ച് ശരീരം പൂര്‍ണമായി നിശ്ചലമാകുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. മയോട്ടോണിയ കൊഗ്നേഷ്യ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇത് മസിലുകളെ ബാധിക്കുന്ന അവസ്ഥയാണ്.
നാഡീ ഞരമ്പുകള്‍ക്കോ, തലച്ചോറിനോ ഇതുമായി ബന്ധമില്ലെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. മറ്റ് ആടുവര്‍ഗങ്ങള്‍ക്കും ഇതു വരാറുണ്ടെങ്കിലും വളരെ അപൂര്‍വമായി മാത്രമാണിങ്ങനെ സംഭവിക്കാറ്. മനുഷ്യരിലും ഈ അവസ്ഥ കാണാറുണ്ട്.ആ അവസ്ഥ വരുമ്പോള്‍ ആടുകള്‍ പേടിക്കുകയോ, അവയ്ക്ക് വേദനിക്കുകയോ ചെയ്യില്ല. ഇങ്ങനെ ഒച്ച കേള്‍പ്പിച്ച് ആടുകളെ മരവിപ്പിച്ച് രസിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. കാര്യം ആടുകളെ ദോഷകരമായി ബാധിക്കില്ലെങ്കിലും ഇങ്ങനെ ചെയ്യുന്നത് അധാര്‍മ്മികമാണെന്ന് ഗവേഷകര്‍ പറയുന്നു.