റാണി ചിത്തിര മാർത്താണ്‌ഡ ‘ എന്ന പുതിയ മലയാള സിനിമയുടെ പേരിന് പിന്നിൽ

അറിവ് തേടുന്ന പാവം പ്രവാസി

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ശേഷം കുട്ടനാട്ടിൽ ശക്തമായ ഭക്ഷ്യ ക്ഷാമം നേരിട്ടിരുന്നു.ഇതിനൊരു പരിഹാരം കാണുവാനായി കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തണം എന്ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഉത്തരവിറക്കി.ഈ കല്പ്പന കുട്ടനാട്ടിലെ കർഷകനും , ഭൂ ഉടമയുമായിരുന്ന ജോസഫ് മുരിക്കൻ ഏറ്റെടുത്തു. മുരിക്കൻ പണിക്കാരേയും കൂട്ടി കായലിൽ ഇറങ്ങി. തെങ്ങിന്റെ കുറ്റി നാലായി മുറിച്ച് ചെളിയിൽ അടിച്ചിറക്കി. അടിഭാഗം വീതി കൂട്ടിയും മുകൾ വശം വീതി കുറച്ചും ചിറ കെട്ടി. മുള നിരത്തി അതിനു മുകളിൽ കറ്റയും കുറ്റിച്ചെടികളും വിരിച്ച് ബണ്ട് ബലപ്പെടുത്തി. ചക്രം തിരിച്ച് വെള്ളം വറ്റിച്ചു. അവിടെ കട്ടികുറഞ്ഞ ചെളി നിറച്ച് വിത്ത് വിതച്ചു. ഈ ഉത്തരവിൻ്റെ പിൻബലത്തിൽ 1959 ഏക്കർ ഭൂമിയോളം വരുന്ന കായൽ നികത്തുകയും അവിടം നെൽകൃഷി ചെയ്യുകയും ചെയ്തു.

ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) എന്നിങ്ങനെ 1959 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ നികത്തിയെടുത്തത്.1940ൽ ആദ്യമായി കായലിനു നടുവിൽ നെല്ല് വിളഞ്ഞു.കായൽ നികത്തിയെടുക്കാൻ പിന്തുണ നൽകിയ തിരുവിതാംകൂർ റീജൻറ് റാണി സേതു ലക്ഷ്മിഭായി, ചിത്തിരതിരുനാൾ മഹാരാജാ എന്നിവരോടുള്ള നന്ദി സൂചകമായാണ് ജോസഫ് മുരിക്കൻ നികത്തിയെടുത്ത കായൽ നിലങ്ങൾക്ക് ചിത്തിര, റാണി, മാർത്താണ്‌ഡം എന്നിങ്ങനെ നാമകരണം ചെയ്തത്.കുട്ടനാടിന്റെ ഉടമയാണ് മുരുക്കുംമൂട്ടിൽ ഔതച്ചൻ എന്ന മുരിക്കൻ ജോസഫ്. കായലിന്റെ നടുവിൽ വരമ്പു കെട്ടി നെല്ലു വിളയിച്ച മുരിക്കൻ .ആരുടേയുമല്ലാതെ കിടന്ന കായലും കയവും കരയാക്കിയതു മുരിക്കനാണ്. ആയതുകൊണ്ട് തന്നെ അദ്ദേഹം “കായൽ രാജാവ്” എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു.മുരിക്കനും നാട്ടുകാരും ചേർന്ന് കുട്ടനാട്ടിൽ വേറെയും ബണ്ടു കെട്ടി. ആളുകൾ മാറി മാറി ചക്രം ചവിട്ടിയാണ് വെള്ളം വറ്റിച്ചിരുന്നത്. വർഷത്തിൽ രണ്ടു തവണ വിതയ്ക്കും. മേയ് മാസത്തിൽ വിത്തിട്ട് സെപ്റ്റംബറിൽ കൊയ്യുന്നത് വിരിപ്പൂ. നവംബറിൽ വിതച്ച് മാർച്ചിൽ കൊയ്യുന്നത് പുഞ്ച.

വേമ്പനാട്ടു കായലും ,പമ്പയാറും പാട ശേഖരങ്ങളും പണ്ട് ചെമ്പകശേരി രാജാവിന്റെ അധികാരത്തിലായിരുന്നു. പാടശേഖരങ്ങൾക്ക് ‘കരി’ ചേർത്താണ് അക്കാലത്ത് പേരിട്ടത്. കുട്ടനാട്ടിൽ പതിനെട്ടു കരികളുണ്ട്. തലപ്പുലയന്മാരായിരുന്നു കരിയുടെ മേൽനോട്ടക്കാർ. കാലക്രമേണ കരികൾ തലപ്പുലയന്മാരുടെ പേരിൽ അറിയപ്പെട്ടു. തലപ്പുലയനായിരുന്ന കനകന്റെ കരി ‘കൈനകരി’യും ചേന്നന്റെ കരി ‘ചേന്നംകരി’യായി. ഓരോ തുരുത്തിനെയും ബണ്ടുകളാക്കി പിന്നീട് കൃഷി ചെയ്തിരുന്നു. ബോയിലറിൽ മരക്കരി കത്തിച്ച് അതിന്റെ ആവിയിൽ മോട്ടോർ പ്രവർത്തിപ്പിച്ച് ചിറയിലെ വെള്ളം വറ്റിച്ചാണ് പിന്നീട് നെല്ലു വിതച്ചിരുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകൾ അതിരുകളായി വേമ്പനാട്ടു കായലിൻ്റെ തെക്കുഭാഗമായ കുട്ടനാട്ടിൽ കായൽ നികത്തി കൃഷി ചെയ്യുന്ന പാടശേഖരങ്ങളുടെ ഉപഗ്രഹ ഭൂപടം വീക്ഷിച്ചാൽ ത്രികോണാകൃതിയായും , ചതുർഭുജങ്ങളായും ചേർന്നു കിടക്കുന്ന ഭൂപ്രദേശങ്ങൾ കാണാം. മനുഷ്യ നിർമ്മിതമായതിനാൽ കൃത്യമായ ജ്യാമിതീയരൂപങ്ങളിൽ അടുക്കടുക്കായി കിടക്കുന്ന നെല്ലും തെങ്ങും വിളയുന്ന ഈ കൃഷിയിടങ്ങളെയാണ് കായൽനിലങ്ങൾ എന്നുപറയുന്നത്.

പുരാതനകാലത്ത് ഈ പ്രദേശങ്ങളൊക്കെയും തുറന്നുകിടക്കുന്ന ആഴമേറിയ കായൽ തന്നെയായിരുന്നു. മീനച്ചിലാർ, കൊടൂരാർ, മണിമലയാർ, പമ്പ എന്നീ നദികൾ കാലാകാലങ്ങളായി നിക്ഷേപിച്ച എക്കൽ മണ്ണ് കൊണ്ട് ആഴം കുറഞ്ഞതോടെ കിഴക്കുനിന്ന് യഥാക്രമം ബണ്ടു പിടിച്ച് വെള്ളം തേകി നെൽ കൃഷി ചെയ്തു തുടങ്ങുകയും കായൽ പിൻവലിഞ്ഞു മാറുകയും ചെയ്തു.കായലിൽ തന്നെ നാലു വശങ്ങളിലും മൺബണ്ടുകൾ കെട്ടി ജലത്തെ ഒഴിവാക്കിയുള്ള കൃഷി ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ കൈനടി സ്വദേശിയായ പള്ളിത്താനം മത്തായി ലൂക്കാ എന്ന കൃഷീവലനാണ് . തുടർന്ന് അദ്ദേഹത്തിൻ്റെ മകനായ പള്ളിത്താനം ലൂക്കാ മത്തായിയും മറ്റു ചില കർഷകരും ചേർന്ന് വലിയ തോതിൽ കായൽ കുത്തിയെടുത്തു. കാവാലത്തെ ചാലയിൽ രാമകൃഷ്ണപ്പണിക്കരും , ചാലയിൽ ഇരവി കേശവപ്പണിക്കരും ചേർന്ന് ഏതാനും കായൽ നിലങ്ങൾ കുത്തിയെടുത്തു. കോട്ടയംകാരനായ അക്കരെ സി.ജെ.കുര്യനും മറ്റു പലരും ഏറ്റവുമൊടുവിൽ മുരിക്കുംമൂട്ടിൽ ജോസഫ് എന്ന മുരിക്കനും കായൽ നിലങ്ങളൊരുക്കി നെൽകൃഷി ചെയ്തു.
കൈനടിയിലെ പള്ളിത്താനത്ത് മത്തായി ലൂക്കോ നേതൃത്വം കൊടുത്ത് 1862 മുതൽ 1872 വരെയുള്ള കാലയളവിൽ നൂറുകണക്കിന് കർഷകത്തൊഴിലാളികളുടെ അധ്വാന ഫലത്താൽ കായലിൽ പുറംബണ്ട് പിടിച്ച് കൃഷിയോഗ്യമാക്കിയ നെൽവയലാണ് വേണാട്ടുകാട് കായൽ എന്നറിയപ്പെടുന്നത്.

കുമരകത്തിൻ്റെ തെക്കേമുനമ്പിനോട് ചേർന്ന് കിടക്കുന്ന മെത്രാൻകായൽ 1888 ൽ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടിൽ മാർ ദിവന്യാസിയോസി(രണ്ടാമൻ)ൻ്റെ നിർദ്ദേശ പ്രകാരം കോട്ടയം പഴയ സെമിനാരിയുടെ ആവശ്യത്തിലേയ്ക്കായി കുത്തിയെടുത്തു കൃഷിയോഗ്യമാക്കിയതാണ്. ഇത് ആകെ 406 ഏക്കറോളം വരും.സെമിനാരി കായൽ എന്നുകൂടി ഈകൃഷിയിടം അറിയപ്പെടുന്നു.

മണിമലയാറിൻ്റെ കിഴക്കൻ കൈവഴി വേമ്പനാട്ടു കായലിൽ ചേരുന്ന പതനസ്ഥാനത്തോട് ചേർന്ന് പള്ളിത്താനം കായലിൻ്റെ തൊട്ടു പടിഞ്ഞാറു കിടക്കുന്ന രാജപുരം കായൽ (626 ഏക്കർ) 1898-1903 കാലയളവിൽ കാവാലത്തെ ചാലയിൽ ഇരവി കേശവപ്പണിക്കരും കൂട്ടരും ചേർന്ന് കുത്തിയെടുത്ത കൃഷിനിലമാണ്.കൊല്ലം ഡിവിഷൻ ദിവാൻ പേഷ്കാറായ രാജാ രാമറാവുവിൻ്റെ അനുമതിയോടെ കുത്തിയെടുത്ത ഈ കായലിന് രാജാ രാമപുരം കായലെന്നാണ് നാമകരണം ചെയ്തത്. അത് ചുരുക്കി രാജപുരം കായൽ എന്ന് ഇന്ന് അറിയപ്പെടുന്നു. ഇവിടെ ആദ്യത്തെ വിതയ്ക്കായി ആലപ്പുഴയിൽ നിന്ന് ബോട്ടു മാർഗ്ഗം ദിവാൻ പേഷ്കാർ എത്തി കരയ്ക്കിറങ്ങിയ സ്ഥലം ദിവാൻമൂല എന്നാണ് അറിയപ്പെടുന്നത്.

കാവാലത്തിന് പടിഞ്ഞാറായി കാണുന്ന നിലമാണ് മംഗലം കായൽ (979 ഏക്കർ). ഈ കായൽ 1898-1903 കാലയളവിൽ മഠത്തിൽ ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തിൽ കുത്തിയെടുത്തു. പുളിങ്കുന്നിനും , വേണാട്ടു കാടിനും മംഗലം കായലിനും ഇടയിലുള്ള ശ്രീമൂലമംഗലം കായൽ (560 ഏക്കർ) പുളിങ്കുന്നിലെ വാച്ചാപറമ്പിൽകാർ 1898-1903 കാലഘട്ടത്തിൽ കുത്തിയെടുത്തതാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിൻ്റെ സ്മരണാർത്ഥമാണ് കായലിന് ഈ പേരിട്ടിരിക്കുന്നത്.മതിക്കായൽ(511 ഏക്കർ) 1898 മുതൽ 1903 വരെയുള്ള കാലയളവിൽ കാവാലം ചാലയിൽ രാമകൃഷ്ണ പണിക്കരുടെ ചുമതലയിൽ കുത്തിയെടുത്തതാണ്. ഇത് തെക്കേ മതി, വടക്കേ മതി എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു.

കായൽ കുത്തിയെടുത്ത് കൃഷിയിടമാക്കുന്നതിനെ വിലക്കി ബ്രിട്ടീഷുകാർ ഉത്തരവിറക്കിയതിനാൽ തുടർന്നുള്ള പത്തു വർഷത്തോളം ഈ പ്രക്രിയ നിലച്ചുപോയി. കൊച്ചി തുറമുഖത്തിൻ്റെ നിലനില്പിനെ ഇതു ബാധിക്കുമെന്ന വാദമാണ് അതിന് കാരണമായി അവർ ഉന്നയിച്ചത്. എന്നാൽ 1912ൽ ഈ നിരോധനം നീങ്ങി. തുടർന്ന് കായൽകുത്തലിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു. കായലിൽ താരതമ്യേന ആഴമുള്ള ഭാഗങ്ങളിലാണ് ഇത്തവണ കൃഷിനിലങ്ങൾ കുത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നത്.തിരുവിതാംകൂറിലെ ചീഫ് എൻജിനീയറായിരുന്ന ബാസ്റ്റോ (Bastow) എന്ന ഇംഗ്ലീഷ് കാരനാണ് തുടർന്നു കുത്തിയെടുക്കേണ്ട കായൽ നിലങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. കായൽ നിലങ്ങളെയാകെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ നാമകരണം ചെയ്തത് അദ്ദേഹമാണ്. A,B,O,P എന്നിവ ഒഴികെ C മുതൽ T വരെ കായൽനിലങ്ങളെ അത്തരത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞു.പുന്നമടക്കായലിൻ്റെ കിഴക്കും കൈനകരിക്ക് വടക്കുമായി 659 ഏക്കറോളം വരുന്ന C-Block കായൽനിലം ചിറയിൽ ചാക്കോ അന്തോണിയും പാവുത്ര പണിക്കരും ചേർന്ന് 1913ൽ കൃഷിയോഗ്യമാക്കി മാറ്റി.1913 ൽ തന്നെ വള്ളിക്കാട്ട് മത്തായി ഔസേഫിൻ്റെ നേതൃത്വത്തിൽ മതിക്കായലിനും രാജപുരം കായലിനും ഇടയിൽ കിടന്ന കായൽ ബണ്ടു പിടിച്ച് കൃഷിയോഗ്യമാക്കി. 558 ഏക്കറോളം വരുന്ന ഈ കായലിന് D – Block തെക്കൻ എന്ന് പേരിട്ടു.

D-Block തെക്കൻ്റെ വടക്കുഭാഗത്തുള്ള D-Block വടക്കൻ (616 ഏക്കർ) 1913 ൽ വെട്ടത്തു തൊമ്മി ഔസേപ്പും വാച്ചാപറമ്പിൽകാരും ചേർന്ന് കുത്തിയെടുത്തു. ഇത് ആറ്റുമുഖം കായൽ എന്നും അറിയപ്പെടുന്നു.
D-Block വടക്കൻ്റെ പടിഞ്ഞാറു ഭാഗത്ത് 1913 ൽ തന്നെ തേവർക്കാട്ടുകാർ കുത്തിയെടുത്തതാണ് D – Block പുത്തൻ (646ഏക്കർ).
D – Block വടക്കൻ്റെ കിഴക്കുവശത്ത് വിസ്താരമേറിയ കായൽ തുറന്നു കിടക്കുന്നു. ഇതിനും കിഴക്കാണ് കായൽനിലങ്ങളിൽ ഏറ്റവും വിസ്താരമേറിയ E-Block. 2400 ഏക്കർ വിസ്തീർണ്ണമുള്ള ഈ കായൽനിലത്തെ ഇരുപത്തിനാലായിരം എന്നാണ് പൊതുവേ വിളിക്കുന്നത്. 1913 ൽ പള്ളിത്താനത്ത് ലൂക്കാ മത്തായി, കൊട്ടാരത്തിൽ കൃഷ്ണയ്യർ എന്നിവർക്കൊപ്പം കോട്ടയത്തെ നസ്രാണി സമുദായപ്രമുഖനും പ്ലാൻറ്ററുമായ കുന്നും പുറത്ത് (അക്കരെ) സി.ജെ.കുര്യനും ചേർന്നാണ് E- Block കുത്തിയെടുത്തത്.
E-Block കൈനടി ഗ്രാമത്തിനോട് ചേരുന്ന ഭാഗത്താണ് കായലിലെ കുരുതിക്കളം എന്ന സ്ഥലം. നാടുവാഴിത്തകാലത്ത് കുറ്റവാളികളെ തേക്കിൻ തടികൊണ്ടുണ്ടാക്കിയ മരക്കൂടിനുള്ളിൽ കയറ്റി ബന്ധിച്ച് കായലിൽ താഴ്ത്തി കൊലപ്പെടുത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു എന്നാണ് വാമൊഴി.
E-Block ന് കിഴക്കും പഴുക്കാനിലക്കായലിന് തെക്കുമായി കിടക്കുന്ന F- Block (628 ഏക്കർ) ജഡ്ജി ആറായിരം കായൽ എന്നുകൂടി അറിയപ്പെടുന്നു. ചിങ്ങവനത്തിന് പടിഞ്ഞാറാണിത്. കുറിച്ചി പ്രദേശത്തിനോടു ചേർന്ന് ഏകദേശം 215 ഏക്കറോളം വരുന്ന പാടശേഖരമാണ് G – Block എന്ന് അറിയപ്പെടുന്നത്. ഇതിൻ്റെ തെക്കു പടിഞ്ഞാറാണ് ആക്കനടി പാടശേഖരം.
ഇരുപത്തിനാലായിരത്തിനു ശേഷം വിസ്തൃതിയിൽ രണ്ടാം സ്ഥാനത്ത് H- Block, R – Block എന്നിവയാണ്. H – Block (1511ഏക്കർ) പള്ളിത്താനത്തു ലൂക്കാ മത്തായിയും വാച്ചാ പറമ്പിൽകാരും പഴയപറമ്പിൽകാരും ചേർന്ന് 1917ൽ കുത്തിയെടുത്തതാണ്.
H-Blockനും പഴുക്കാനില കായലിനും ഇടയിലുള്ള ചെറിയ കൃഷിനിലമായ I-Block (370ഏക്കർ) 1917 ൽ കുന്നത്തുശ്ശേരിൽ പയസ് ഔസേപ്പ് കുത്തി കൃഷിയോഗ്യമാക്കിയതാണ്.
J-Block (908ഏക്കർ) 1917 ൽ അക്കരെ സി.ജെ.കുര്യൻ്റെ നേതൃത്വത്തിൽ കുത്തിയെടുത്തതാണ്. ഒമ്പതിനായിരം എന്നാണ് ഈ പാടശേഖരം അറിയപ്പെടുന്നത്.

ഒമ്പതിനായിരത്തിൻ്റെ കിഴക്കുഭാഗം നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കൃഷിയോഗ്യമാക്കിയ മലരിക്കൽ, തിരുവായ്ക്കരി പാടശേഖരങ്ങളാണ്. മീനച്ചിലാറിൻ്റെ പതനസ്ഥാനത്തോടടുത്താണ് ഈ പാടശേഖരങ്ങൾ. കിളിരൂരിൽനിന്നും തുടങ്ങി പഴുക്കാനിലയിൽ പതിക്കുന്ന നീലിത്തോട്ട് ഒമ്പതിനായിരത്തിനു കിഴക്കു ചേർന്ന് തെക്കുവടക്കായി കടന്നുപോകുന്നു. ഇതിൻ്റെ മദ്ധ്യഭാഗത്ത് മുന്നൂറു വർഷങ്ങൾക്ക് മുമ്പ് തെക്കുംകൂറിൻ്റെ ഒരു കോട്ട നിലനിന്നിരുന്നതിൻ്റെ അവശേഷിപ്പുകൾ കാണാനുണ്ട്. ഈ തോടിന് പടിഞ്ഞാറുള്ള ഭാഗം അക്കാലത്ത് തുറന്ന കായലിൻ്റെ ഭാഗമായിരുന്നു ഇതാണ് കുത്തിയെടുത്ത J-Block.
J-Blockന് പടിഞ്ഞാറായി തിരുവാർപ്പിനും , കുമരകത്തിനും തെക്കും H-Block ന് വടക്കുമായി കിടക്കുന്ന നിലമാണ് K,L ബ്ലോക്കുകൾ. കിഴക്കുഭാഗത്തുള്ള K-Block (661ഏക്കർ) മാരാൻകായൽ എന്നറിയപ്പെടുന്നു. L-Block (145ഏക്കർ) വളരെ ചെറുതും പള്ളിക്കായലിലേക്ക് ഒരു ആപ്പു പോലെ തള്ളി നിൽക്കുന്നതുമാണ്. അതുകൊണ്ട് ആപ്പു കായൽ എന്നും വിളിക്കുന്നു. കോട്ടയം – ആലപ്പുഴ ജലപാത മാരാൻ-ആപ്പു കായലുകളുടെ വടക്കേ ഓരം ചേർന്ന് പോകുന്നു. 1917ൽ അക്കരെ സി.ജെ.കുര്യൻ്റ നേതൃത്വത്തിലാണ് ഈ കായൽനിലങ്ങൾ കുത്തിയെടുത്തത്.

MN-Blockകൾ മാരാൻ കായലിൻ്റെ വടക്ക് തിരുവാർപ്പ് പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ വയലുകളോട് ചേർന്നു കിടക്കുന്നു. M-Block 276 ഏക്കറും N-Block 261 ഏക്കറുമുണ്ട്. 1917 ൽ അക്കരെ സി.ജെ.കുര്യനാണ് ഈ കായൽ നിലങ്ങൾ കൃഷിയോഗ്യമാക്കിയത്.കായൽനിലങ്ങളിൽ നെൽകൃഷിയുടെ കാര്യത്തിൽ മുന്നിട്ടു നിന്നിരുന്ന കായൽ നിലമാണ് R-Block (1590 ഏക്കർ).1922ൽ പള്ളിത്താനത്തു ലൂക്കാ മത്തായിയും , പഴയപറമ്പിൽകാരും , എട്ടുപറമ്പിൽകാരും ചേർന്നാണ് ആർ ബ്ലോക്ക് കുത്തിയെടുത്തത്.

ജലസേചന സംവിധാനങ്ങൾ തകരാറിലായതോടെ നെൽകൃഷിയും വെള്ളം കെട്ടിക്കിടന്നതോടെ തെങ്ങുകളും നശിച്ചതോടെ ആർ ബ്ലോക്ക് വർഷങ്ങളോളം തരിശായി കിടന്നു. മണ്ടയറ്റ തെങ്ങുകളാണ് ഇന്ന് ആർ ബ്ലോക്കിൽ കാണാൻ കഴിയുന്നത്. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും നിലവാരമുള്ള തെങ്ങിൻകള്ള് ഉത്പാദിപ്പിച്ചിരുന്നത് ഇവിടെ നിന്നാണ്.കായൽ കുത്തിയെടുത്തു കൃഷി ചെയ്യുന്നതിൻ്റെ മൂന്നാംഘട്ടം 1942 ലാണ് ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്തിരതിരുനാളിൻ്റെ നിർദ്ദേശപ്രകാരം മുരിക്കും മൂട്ടിൽ ജോസഫ് തൊമ്മൻ്റെ നേതൃത്വത്തിൽ മൂന്നു കായൽനിലങ്ങൾ നടുക്കായലിൽ നിന്ന് കുത്തിയെടുത്തു. അതിൽ ആർ ബ്ലോക്കിൻ്റെ തൊട്ടു പടിഞ്ഞാറുള്ള കായൽനിലം Q-BLock (654 ഏക്കർ) അഥവാ മാർത്താണ്ഡം കായൽ എന്നറിയപ്പെടുന്നു. തിരുവിതാംകൂറിലെ ഇളയരാജാവായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഓർമ്മയ്ക്കായാണ് ആ പേരിട്ടത്.

മാർത്താണ്ഡം കായലിനോട് ചേർന്ന് വടക്കു കിടക്കുന്നതാണ് S-Block (573 ഏക്കർ) അഥവാ റാണിക്കായൽ. തിരുവിതാംകൂറിലെ സേതു പാർവ്വതിഭായിയുടെ പേരിലാണ് ഈ കായൽ അറിയപ്പെടുന്നത്.
ആർ ബ്ലോക്കിന് വടക്കും റാണിക്കായലിന് കിഴക്കുമായി കിടക്കുന്ന T- Block (730 ഏക്കർ) അഥവാ ചിത്തിരക്കായലിന് തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്തിരതിരുനാളിൻ്റെ സ്മരണാർത്ഥമാണ് പേരിട്ടിരിക്കുന്നത്.

കായൽ കുത്തുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കുവേണ്ടി മുരിക്കൻ ചിത്തിരക്കായലിൻ്റെ തെക്കുപടിഞ്ഞാറേ മൂലയിൽ സാമാന്യം വലിപ്പമുള്ള ഒരു പള്ളി പണികഴിപ്പിച്ചു.ആരാധനയൊന്നുമില്ലാതെ അടഞ്ഞുകിടക്കുന്ന പള്ളി ഇന്ന് ഒരു ചരിത്രസ്മാരകം മാത്രമായി അവശേഷിക്കുന്നു.
ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഉത്തരവ് പ്രകാരം നിർമിക്കപ്പെട്ട ദ്വീപായ മാർത്താണ്ഡം പോലെ ആഗ്രഹങ്ങളുടെ കെട്ടുറപ്പിൽ മുന്നോട്ട് പോകുന്ന ചില മനുഷ്യരുടെ കഥ കൂടിയാണ് റാണി ചിത്തിര മാർത്താണ്‌ഡ എന്ന കൊച്ചു ചിത്രം പങ്കുവയ്ക്കുന്നത് .

You May Also Like

ഒരു ഉത്പന്നം വിറ്റുപോകാന്‍ എന്തൊക്കെ ‘തറ’ വേലകള്‍

ഒരു ഉത്പന്നം വിറ്റുപോകാന്‍ എന്തൊക്കെ വേലകള്‍ ഓരോ കമ്പനികളും കാണിക്കുമല്ലേ എന്ന് ചോദിച്ചുപോകും ഈ വില്‍പ്പന…

അമ്മയെ രക്ഷിക്കാൻ ‘സമയം’ കണ്ടെത്തുന്ന മകന്റെ കഥ

നവാഗത സംവിധായകൻ ശ്രീ കാർത്തി സംവിധാനം ചെയ്ത കണം. അമല, ശർവാനന്ദ്, സതീഷ്, രമേഷ് തിലക്,…

ബ്ലാക്ക് ആൻഡ് വൈറ്റിൽ അതിമനോഹരിയായി രമ്യനമ്പീശൻ.

ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. ടെലിവിഷൻ അവതാരകയായും തിളങ്ങിയിട്ടുള്ള താരത്തിന് ഒട്ടനവധി നിരവധി ആരാധകരാണ് ഉള്ളത്.

എന്ത് കൊണ്ട് മോഹൻലാൽ മാത്രം ഇത്രയധികം വിമർശിക്കപ്പെടുന്നു ?

Aneesh Nirmalan എഴുതിയ പോസ്റ്റ് വായിക്കാം മലയാളസിനിമയും, മോഹൻലാൽ ഫാക്ടറും. (എന്ത് കൊണ്ട് മോഹൻലാൽ മാത്രം…