ശ്രീരാമനെന്ന ദൈവ സങ്കല്‍പ്പത്തെ വൈരാഗ്യം തീര്‍ക്കാനും വെല്ലുവിളിക്കാനുമുള്ള തരത്തിലേക്കു തരംതാഴ്ത്തുകയായിരുന്നില്ലേ മോദിയെന്ന മതഭ്രാന്തന്‍ ചെയ്തത് ?

71

ക്ഷേത്രം നിർമ്മിക്കുവാൻ ആദ്യമായി ഒരു തന്ത്ര ശാസ്ത്ര പണ്ഡിതനെ (തന്ത്രി) കാണുകയും ഉപദേശം തേടുകയും വേണം.അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച് ഭൂമി അളക്കുവാൻ ഒരാളെയും (സൂത്രഗ്രാഹി) ഒരു കല്ലാശാരിയെ (വാസ്തു വിദഗ്ദ്ധൻ) യും നിയമിക്കണം. ഈ നിയമനം മുതൽ എല്ലാവരും വ്രതം എടുക്കണം. ശാന്തവും മനോഹരവുമായ സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. സമുദ്രതീരം, നദീതീരം, കുന്നിന്റെ മുകൾ ഭാഗം തുടങ്ങി ലക്ഷണമെത്ത സ്ഥലം തിരഞ്ഞെടുക്കുന്നു.
എന്നിട്ട് ആദ്യം ഭൂമി നിരപ്പാക്കുക എന്ന കർമ്മമാണ്‌. അതിനുശേഷം “വാസ്തു വിന്യാസം ” എന്ന ചടങ്ങ് നടത്തുന്നു. നിരപ്പാക്കിയ ഭൂമിയിൽ വാസ്തു പുരുഷന്റെ രൂപം വരയ്ക്കുകയും ആ രൂപത്തിൽ ദേവതകൾ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും കുടികൊള്ളുന്നു എന്നുള്ള സങ്കല്പം ആണ് വാസ്തു വിന്യാസം. അതിനുശേഷം “അങ്കുരാർപ്പണം” നടത്തുന്നു. നെല്ല് ,ഗോതമ്പ് ,എള്ള് ,യവം ,തുടങ്ങിയ ധാന്യങ്ങൾ പതിനാറു ചെമ്പ് പാത്രത്തിൽ ആക്കി നിലാവത്ത് വച്ച് മുളപ്പിച്ച് പ്രതിഷ്ട്ട ചെയ്യാൻ ഉദ്ദേശിക്കുന്ന മൂർത്തിക്ക് സമർപ്പിക്കുന്ന ചടങ്ങാണ് ഇത്. നിർമ്മാണത്തിൽ വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഇത് ചെയ്യുന്നത്. പിന്നീട് ശിലാന്യാസമാണ്. അതിനുള്ള കല്ല്‌ ചതുരാകൃതിയിൽ വേണം. ക്ഷേത്രത്തിനുള്ള സ്ഥാനത്തിന്റെ വടക്ക് പടിഞ്ഞാറേ മൂലയിൽ വേണം ശിലാന്യാസം ചെയ്യാൻ.പിന്നെ പണി തുടങ്ങുന്നു.

എല്ലാ വസ്തുക്കളും (പണിആയുധം ഉൾപ്പെടെ) പുതിയതായിരിക്കണം. പണിയായുധങ്ങൾ പൂജ കഴിച്ചേ ഉപയോഗിക്കാവൂ. പണി തുടങ്ങി അടിത്തറ തീർന്നാൽ മണ്ണിട്ട്‌ നിറയ്ക്കാം. ശ്രീകോവിലിന്റെ അടിത്തറ മുക്കാൽ ഭാഗം മാത്രമേ മണ്ണിട്ട്‌ നിറയ്ക്കാവൂ. ആ മണ്ണിനു മുകളിൽ ആധാരശില എന്ന വലിയൊരു പരന്ന കല്ല്‌ വയ്ക്കുന്നു. ആ ശിലയ്ക്ക് മുകളിൽ കല്ലിൽ കൊത്തിയെടുത്ത ഒരു ആമയുടെ രൂപം (കൂർമ്മ ശില ) വയ്ക്കുന്നു. അതിനു മുകളിൽ കുടത്തിന്റെ രൂപത്തിൽ കല്ലിൽ കൊത്തിയെടുത്ത ശില വയ്ക്കുന്നു (നിധികുംഭം). അതിനു മുകളിൽ കല്ലിൽ കൊത്തിയെടുത്ത ഒരു താമര വയ്ക്കുന്നു (പദ്മം). അതിനു മുകളിൽ സ്വർണ്ണത്തിൽ നിർമ്മിച്ച ആമയുടെയും, താമരയുടെയും രൂപം വയ്ക്കുന്നു. അതിനു മുകളിൽ ചെമ്പ് കൊണ്ടുള്ള ഒരു കുഴൽ മുകളിലേക്ക് വയ്ക്കുന്നു (യോഗനാളം) അപ്പോഴേക്കും ശ്രീകോവിലിന്റെ തറ നിരപ്പിൽ എത്തും. അതിനുമുകളിൽ ബ്രഹ്മശില ഉറപ്പിച്ച് അതിലാണ് പ്രതിഷ്ഠ നടത്തുന്നത്.മറ്റൊരു കാര്യം പഴയ അമ്പലങ്ങളുടെ ഐതിഹ്യമനുസരിച്ച് ഈശ്വരന്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ശബരിമല ,മൂകാംബിക , ചെട്ടികുളങ്ങര തുടങ്ങിയവയുടെ ഐതിഹ്യം പരിശോധിച്ചാല്‍ അതു മനസ്സിലാവും ശ്രീരാമന്‍ സരയുവില്‍ ജലസമാധിയാവുമ്പോള്‍ തനിക്ക് അയോദ്ധ്യയില്‍ത്തന്നെ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആരോടെങ്കിലും പറഞ്ഞതായി അറിവുണ്ടോ?

ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അക്ഷയഖനികളാണ് ക്ഷേത്രങ്ങൾ. അവയിൽ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. ക്ഷതത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത്, മനസിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം.ഇന്ത്യയിലെ ക്ഷേത്രങ്ങൾ ദൈവങ്ങൾക്കു പാർക്കാനുളള ഇടങ്ങളല്ല, സമൂഹപ്രാർഥനയ്ക്കുളള സ്ഥലവുമല്ല. അവ നിർമിക്കപ്പെട്ടിട്ടുളളത് അതിശക്തമായ ഊർജകേന്ദ്രങ്ങളായിട്ടാണ്. ആർക്കും അവിടെ പോകാം, ആ ചൈതന്യത്തിന്റെ പങ്കുപറ്റാം. ഭൗതികതയുടെ സ്വാധീനം അങ്ങേയറ്റം കുറച്ചുകൊണ്ടുവരിക, അതൊരു ശാസ്ത്രമാണ്. അതുതന്നെയാണ് ക്ഷേത്രങ്ങളുടേയും പ്രതിഷ്ഠകളുടേയും പിന്നിലുള്ള ശാസ്ത്രം.ക്ഷേത്രാരാധനായുടെ പ്രാഥമ ലക്ഷ്യം അവനവനിൽ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണർത്തുകയാണ്.ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദർശിക്കുന്നത് നമ്മുടെ കണ്ണുകളേയും…ചന്ദനം, ചന്ദനത്തിരി, കർപ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും…

പ്രസാദം, തീർത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും…ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും…ചന്ദനം, ഭസ്മം,തീർത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും… ലൌകിക, അസന്മാർഗ്ഗിക വിഷയങ്ങളിൽ നിന്നും താൽകാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കൽപ്പത്തിൽ ലയിപ്പിക്കുന്നു.കാലം ചെല്ലുമ്പോൾ ക്ഷേത്രദർശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനിൽ എല്ലായ്പോഴും വർത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തിൽ മാത്രമല്ലാതെ സർവചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സർവവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദർശിച്ച് മനുഷ്യൻ മുക്തനാവുകയും ചെയ്യുന്നു.
ഇതാണ് ക്ഷേത്ര സങ്കൽപത്തിന്റെ പ്രാധാന്യം.ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ ഒരു നാടിന്റെ ജീവൽനാഡിയാണ്.

ഷഡാധാരക്രിയയിലൂടെയാണ് ക്ഷേത്രനിർമാണവും വിഗ്രഹപ്രതിഷ്ഠയും നിർവഹിക്കുന്നത്. ‘വിഗ്രഹ’ മെന്നാൽ വിശേഷാൽ ഗ്രഹിക്കുന്നതെന്നാണർത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിൽ ദേവചൈതന്യം കുടിയേറും എന്ന് വിശ്വാസം..പ്രതിഷ്ഠാ കർമത്തിൽ കൂടി വിഗ്രഹത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ഊർജത്തെ സ്വീകരിക്കലാണ് ക്ഷേത്ര ദർശനത്തിന്റെ ഉദ്ദേശം. അനേക കാരണങ്ങളാൽ ദിനംപ്രതി കുറയുന്ന ദേവചൈതന്യത്തെ വർദ്ധിപ്പിക്കുകയാണ് പൂജാരികളുടെ ധർമ്മം. പ്രതിഷ്ഠയിൽ നിന്ന് പ്രസരിക്കുന്ന ഊർജത്തെ സ്വീകരിക്കാനും വിധികളുണ്ട്. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതിൽക്കകത്ത് പ്രവേശിക്കാൻ.
കുളിയും വൃത്തിയുമുള്ള വസ്ത്രവും ക്ഷേത്രദർശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകൾ അഴിച്ച് പുറത്ത് വെച്ച്, കൂപ്പുകൈ നെഞ്ചോട് ചേർത്ത് അകത്തെത്തുന്ന ഭക്തർ പ്രദക്ഷിണം നടത്തണം. പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.’പ്ര’ ഛിന്നത്തി ഭയം സർവ്വ, ‘ദ’ കാരോ മോക്ഷസിദ്ധിദഃ, ‘ക്ഷി’ കാരോ ത് ക്ഷീയതേ രോഗോ,’ണ’ കാരം ശ്രീപദായകം. അതായത് ‘പ്ര’ എന്ന അക്ഷരം സർവ്വ ഭയനാശത്തേയും, ‘ദ’ കാരം മോക്ഷത്തേയും, ‘ക്ഷി’ കാരം രോഗം അപരാധം എന്നവയുടെ ശമനത്തേയും, ‘ണ’ കാരം ഐശ്വര്യത്തെയും കുറിക്കുന്നു.ഇതില്‍ ഏതുതരത്തിലുള്ള മാനദണ്ഡം ഉപയോഗിച്ചാണ് അയോദ്ധ്യയുടെ നിര്‍മ്മാണം മോദി എത്രനാള്‍ വ്രതം എടുത്തു തറക്കല്ലിടാന്‍ എന്തവകാശം?

പ്രധാനമന്ത്രി തറക്കല്ലിടാന്‍ ഇത് അമ്പലമോ ടൂറിസ്റ്റുകേന്ദ്രമോ അതൊക്കെ തള്ളിക്കളഞ്ഞാലും ആരെയൊക്കയോ വെല്ലുവിളിച്ചുകൊണ്ടുകൊണ്ടു നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ ഭഗവത് ചൈതന്യം ഉണ്ടാവുമെന്ന് ഭക്തര്‍ക്കു തോന്നുന്നുണ്ടോ? ശ്രീരാമനെന്ന ഈശ്വരീയ സങ്കല്‍പ്പത്തെ വൈരാഗ്യം തീര്‍ക്കാനും വെല്ലുവിളിക്കാനുമുള്ള തരത്തിലേക്കു തരംതാഴ്ത്തുകയായിരുന്നില്ലേ മോദിയെന്ന മതഭ്രാന്തന്‍ ചെയ്തത്.അങ്ങനെ വൈരാഗ്യം തീര്‍ക്കാനുള്ള ഉരുവായിത്തീരുന്ന സങ്കല്‍പ്പമാണ് ശ്രീരാമനെങ്കില്‍ ആ സങ്കല്‍പ്പത്തെ ആരാധിക്കാതിരിക്കുക. അതാണ് മനുഷ്യത്വം .ആരാധനാലയങ്ങള്‍ ദൈവത്തിന്റെ വീടുകളോ ടൂറിസ്റ്റുകേന്ദ്രങ്ങളോ ആവരുത്. അത് ശാന്തി തേടിയെത്തുന്നവര്‍ക്ക് അവനവനില്‍ കുടികൊള്ളുന്ന ശക്തിയെ തിരിച്ചറിഞ്ഞ് സമാധാനം ലഭിക്കാനുള്ള ശക്തികേന്ദ്രങ്ങള്‍ മാത്രമാവണം