നെടുങ്കോട്ട, കേരളത്തിന്റെ വന്‍മതില്‍

209

നെടുങ്കോട്ട, കേരളത്തിന്‍റ വന്‍മതില്‍..

ചൈനയിലെ വന്‍മതിലിനെ കുറിച്ചു കേള്‍ക്കാത്തവരുണ്ടാവില്ല. അതിനോട് താരതമ്യപ്പെടുത്താനാവില്ലെങ്കിലും 36 കി.മീ. ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന രാജസ്ഥാനിലെ കുംഭാല്‍ഗ്ഗര്‍ കോട്ടയും ആശ്ചര്യകരമായ ഒരു നിര്‍മ്മിതിയാണ്.
എന്നാല്‍ അധികമൊന്നും അറിയപ്പെടുന്നില്ലെങ്കിലും 56 കി.മീ. നീളത്തില്‍ പണിതീര്‍ത്ത ഒരു വലിയ കോട്ടമതില്‍ കേരളത്തിലും ഉണ്ടായിരുന്നു. അതാണ് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ നിര്‍മ്മിച്ച നെടുങ്കോട്ട.

ചരിത്രം


പെരുമാക്കന്‍മാരുടെ കാലശേഷം കേരളത്തില്‍ ഒരു ഏകീകൃത ഭരണ
വ്യവസ്ഥ ഇല്ലാതെ വന്നു.എന്നാല്‍ കാലാന്തരത്തില്‍ കോഴിക്കോട് സാമൂതിരി ഒരു പ്രബല ശക്തിയായി മാറി. മൂറുകളുടെയും മറ്റും സഹായത്തോടെ സാമൂതിരി തന്‍റ അധികാരാതിര്‍ത്തി വ്യാപിപ്പിക്കാന്‍ തുടങ്ങി.കൊച്ചിയുമായി നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടുപോന്ന സാമൂതിരി 15 ആം നുറ്റാണ്ടോടെ കൊച്ചിയുടെ ധാരാളം ഭാഗങ്ങള്‍ പിടിച്ചെടക്കുകയും കോഴിക്കോടിന്‍റ മേധാവിത്തം അംഗീകരിപ്പിക്കുകയും ചെയ്തു.

ഈ സമയത്താണ് പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുന്നത്. അവരുമായി ചങ്ങാത്തം സ്ഥാപിച്ച കൊച്ചി സാമൂതിരിയുടെ മേധാവിത്തം നിരാകരിക്കുകയും പോര്‍ച്ചുഗീസ് സഹായത്തോടെ കോഴിക്കോടിനെ പ്രതിരോധിച്ചു പോരുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിന്‍റ മധ്യത്തില്‍ പോര്‍ച്ചുഗീസ് ശക്തി ക്ഷയിച്ചതോടെ
കൊച്ചി ഡച്ചുകാരുടെ ആശ്രിതത്വത്തിലായി. ഡച്ചുകാരെ തുടര്‍ന്നു ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കേരളത്തില്‍ അധിനിവേഷം ഉറപ്പിച്ചുതുടങ്ങുകയും യൂറോപ്യന്‍മാര്‍ തമ്മിലുള്ള കിടമത്സരം രൂക്ഷമാവുകയും ചെയ്തു…

ഇതേ അവസരത്തിലാണ് മാര്‍ത്താണ്ഡ വര്‍മ്മയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ശക്തിപ്രാപിക്കുന്നത്.തിരുവിതാംകൂറിലെ ആഭ്യന്തര ഭീഷണികളെ അടിച്ചമര്‍ത്തിയ മാര്‍ത്താണ്ഡ വര്‍മ്മ സുസംഘടിതമായ ഒരു സൈന്യത്തെ സംഘടിപ്പിക്കുകയും അയല്‍ രാജാക്കന്‍മാരെയും മാടമ്പിമാരെയും എല്ലാം തന്‍റ വരുതിയിലാക്കുകയും ചെയ്തു.

ദേശിങ്ങനാട്,കായംകുളം,അമ്പലപ്പുഴ,
കോട്ടയം ചങ്ങനാശേരി തുടങ്ങിയ നാട്ടുരാജ്യങ്ങളെല്ലാം പിടിച്ചടക്കിയ തിരുവിതാംകൂര്‍ അതിവേഗം കൊച്ചി അതിര്‍ത്തി വരെ പടര്‍ന്നുകയറി..കുളച്ചല്‍, കായംകുളം യുദ്ധങ്ങളോടെ ഡച്ചുകാരും തിരുവിതാംകൂറിനു മുന്നില്‍ നിലംപരിശാക്കപ്പെട്ടിരുന്നു.(സമാധാന
ഉടമ്പടി പ്രകാരം തിരുവിതാകൂറിനെതിരെ യാതൊന്നും ചെയ്യാന്‍ ഡച്ചുകാര്‍ക്കു പിന്നീട് സാധിക്കാതെയും വന്നു)

ഇതോടെ കൊച്ചിയുടെ സ്ഥിതി തികച്ചും പരുങ്ങലിലായി. ഈ അവസരം മുതലാക്കി വടക്കു നിന്നു സാമൂതിരിയുടെ ആക്രമണം കൊച്ചിക്കു നേരെ ഉണ്ടാവുകയും (1755 ല്‍)
വടക്കുഭാഗം മുഴുവന്‍ പിടിച്ചടക്കുകയും ചെയ്തു. കൊച്ചി രാജാവ് തിരുവിതാംകൂറിനെ സാഷ്ടാംഗം അഭയം പ്രാപിക്കുകയും സൗഹൃദ കരാര്‍ ഉണ്ടാക്കുകയും ചെയ്തു. (മുന്‍പ് നാട്ടുരാജാക്കന്‍മാര്‍ക്കൊപ്പം ചേര്‍ന്നു തിരുവിതാകൂറിനെതിരെ യുദ്ധം ചെയ്യാന്‍ കൊച്ചിയുമുണ്ടായിരുന്നു.ഇതേ തുടര്‍ന്നു കൊച്ചിയുടെ കുറെ ഭാഗങ്ങള്‍ തിരുവിതാംകൂര്‍ പിടിച്ചടക്കുകയും ചെയ്തിരുന്നു)
കരാര്‍ പ്രകാരം കൊച്ചിയില്‍ നിന്നും തിരുവിതാംകൂര്‍ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരുവിതാംകൂറിനു തന്നെ വിട്ടുകൊടുത്തു.

സാമൂതിരായാകട്ടെ തിരുവിതാംകൂറിനെ തന്നെആക്രമിക്കാന്‍ഇറങ്ങിതിരിച്ചു .അതിനിടെയാണ് ഹൈദരാലിയുടെ മലബാര്‍ ആക്രമണം ഉണ്ടാവുന്നത്. അതിനാല്‍ സാമൂതിരിയുടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

ഹൈദര്‍ അലി മടങ്ങിയ ശേഷം സാമൂതിരി വീണ്ടും കൊച്ചിക്കു നേരെ തിരിഞ്ഞു. അപ്പോഴേക്കും തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് നാടുനീങ്ങുകയും അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ അധികാരത്തിലേറുകയും ചെയ്തിരുന്നു. സാമൂതിരിയെ പ്രതിരോധിക്കാനും നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാനുമുള്ള കൊച്ചിയുടെ അഭ്യര്‍ത്ഥന മാനിച്ച്, സൈന്യാധിപനായ ഡിലനോയിയുടെയും, പ്രധാനമന്ത്രി അയ്യപ്പന്‍ മാര്‍ത്താണ്ഡ പിള്ളയുടെയും നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യത്തെ രാജാവ് വടക്കോട്ടയച്ചു.തുടര്‍ന്നു നടന്ന യുദ്ധത്തില്‍ പറവൂര്‍,ചാവക്കാട്,തൃശ്ശൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നെല്ലാം സാമൂതിരിക്കു പിന്‍മാറേണ്ടി വന്നു.

കൊച്ചിയുടെ സ്ഥലങ്ങള്‍ വീണ്ടെടുത്തതോടൊപ്പം പിടിച്ചെടുത്ത കുറെ ഭാഗങ്ങള്‍,ആലങ്ങാട്, പറവൂര്‍ തുടങ്ങിയവ തിരുവിതാംകൂറിനോട് ലയിപ്പിക്കാനും ദളവ മാര്‍ത്താണ്ഡ പിള്ള മറന്നില്ല. അങ്ങിനെ കൊച്ചിയുടെ വടക്കും കിഴക്കും ഭാഗങ്ങള്‍ വരെ തിരുവിതാംകൂറിന്‍റ അതിര്‍ത്തിയായി മാറി.

ഇതേ തുടര്‍ന്നാണ് രാജ്യത്തിന്‍റ
വടക്കന്‍ അതിര്‍ത്തി സ്ഥിരമായി സംരക്ഷിക്കുന്നതിനായി ഒരു വലിയ കോട്ടമതില്‍ പണിയുക എന്ന ആശയം കാര്‍ത്തി തിരുനാള്‍ രാജാവ് മുന്നോട്ടു വയ്ക്കുന്നത്. ഡച്ചുകാരുടെ കൈവശമുള്ള കടല്‍തീരത്തെ പള്ളിപ്പുറം കോട്ട മുതല്‍ പശ്ചിമ ഘട്ടം വരെ വലിയ മതില്‍ കെട്ടിനിര്‍ത്തുക ആയിരുന്നു പദ്ധതി.

(യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂറിനു
ഈ ആശയം പുതുമയുള്ളതായിരുന്നില്ല. മാര്‍ത്താണ്ഡ വര്‍മ്മ അധികാരമേറ്റതിനെ തുടര്‍ന്ന് കന്യാകുമാരിയിലെ ആളുവാ കുറിച്ചി മുതല്‍ ആരുവാമൊഴി വരെ ഒരു മതില്‍ പണിത് രാജ്യത്തിന്‍റ കിഴക്കന്‍ അതിര്‍ത്തി സംരക്ഷിച്ചിരുന്നു).

കോട്ട പണിയാനുള്ള ചുമതല ദളവ അയ്യപ്പന്‍ മാര്‍ത്താണ്ഡ പിള്ളക്കും, ഡിലനോയിക്കുമായിരുന്നു. ( കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ തടവിലാക്കിയ ബെല്‍ജിയം സ്വദേശിയായ ഡിലനോയി പിന്നീട് മാര്‍ത്താണ്ഡ വര്‍മ്മയുടെ വിശ്വസ്തനായി മാറുകയായിരുന്നു. തിരുവിതാംകൂര്‍ സൈന്യത്തെ ആധുനിക വല്‍ക്കരിക്കുകയും നിരവധി യുദ്ധങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത അദ്ധേഹം സര്‍വ്വ സൈന്യാധിപനായി നിയമിതനുമായി)

ദളവയും സൈന്യാധിപനും ചേര്‍ന്നു കോട്ട പണിയുന്നതുനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.കൊടുങ്ങല്ലൂര്‍ പുഴയുടെ തെക്കുഭാഗത്തുള്ള കുര്യാപ്പള്ളിയില്‍ നിന്നും തുടങ്ങി പശ്ചിമ ഘട്ടം ആനമല വരെ 30 മൈല്‍ നീളത്തിലാണ് മതില്‍ പണിയാന്‍ തീരുമാനിച്ചത്. കുര്യാപള്ളിയില്‍ കരിങ്കല്‍ കൊണ്ടുള്ള ഒരു കോട്ടയാണ് നിര്‍മ്മിച്ചത്.അവിടെ നിന്നു ചെളിയും മണ്ണും കൊണ്ട് 20 അടി വീതിയിലും 12 ആടി ഉയരത്തിലുമുള്ള മതിലും, ഇടയ്ക്കിടക്കു പീരങ്കികള്‍ നിര്‍ത്തുവാന്‍ കല്ലുകൊണ്ടുള്ള പീഠങ്ങളും, കോട്ടകളും കൊത്തളങ്ങളും ഓക്കെയായി ആണ് കിഴക്കു ഭാഗത്തേക്കു ഈ മതില്‍ കെട്ടിപ്പോയത്.

മതിലിനോടു ചേര്‍ന്നു വടക്കു ഭാഗത്തായി 16 അടി വീതിയിലും 20 അടി താഴ്ചയിലുമായി മതിലിനു സമാന്തരമായി വലിയ കിടങ്ങും കുഴിച്ചിരുന്നു.
തെക്കു ഭാഗത്താകട്ടെ അതേ രീതിയില്‍ റോഡു വെട്ടുകയും ചെയ്തിരുന്നു.
കൂടാതെ മതിലിനോടു ചേര്‍ന്നു കിടങ്ങിന്‍റ ഭാഗത്ത് മുളയും മുള്‍ച്ചെടികളും വച്ചുപിടിപ്പിക്കുകയും ചെയ്തു.
മദ്ധ്യ കേരളത്തിനു കുറുകെ സമുദ്രം മുതല്‍ പശ്ചിമ ഘട്ടം വരെ നീണ്ട ഈ മതില്‍ നെടുങ്കോട്ട എന്ന പേരില്‍ പ്രശസ്തമായി.

അങ്ങിനെയിരിക്കെയാണ് ഹൈദരാലിയുടെ മലബാര്‍ ആക്രമണം(1756) വീണ്ടും ഉണ്ടാവുന്നത്.
കണ്ണൂരിലെ ആലി രാജാവിന്‍റ സഹായത്തോടെയുള്ള മൈസൂരിന്‍റ പടയോട്ടത്തില്‍ മലബാറിലെ നാടുവാഴികളും പ്രഭുക്കളും എല്ലാം നിലംപരിശാക്കപ്പെട്ടു…
അപമാനിതനായ കോഴിക്കോട് സാമൂതിരി കൊട്ടാരത്തിനു തീകൊളുത്തി ആത്മഹത്യ ചെയ്തു.

‘ചക്കിനു വച്ചത് കൊക്കിനു കൊണ്ടു’ എന്നതുപോലെ തിരുവിതാംകൂറിന്‍റ പ്രതിരോധ മതില്‍(നെടുങ്കോട്ട) മൈസൂരിന്‍റ തെക്കോട്ടുള്ള പ്രയാണത്തെ തടഞ്ഞു നിര്‍ത്തി. 1767 ജനുവരിയില്‍ ഹൈദര്‍ അയച്ച സൈന്യം മലബാര്‍ അതിര്‍ത്തി കടക്കുംമുന്‍പെ തിരിച്ചടി നേരിട്ടു

പിന്നീട് കര്‍ണ്ണാട്ടിക് സമതലത്തിലേക്കു തിരിഞ്ഞ ഹൈദരാലി ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങള്‍ കീഴടക്കി.

1769 ല്‍ ഇംഗ്ലീഷ്കാരുമായി സമാധാന ഉടമ്പടി ഉണ്ടാക്കിയിരുന്ന ഹൈദരാലി അധികം വൈകാതെ വീണ്ടും യുദ്ധത്തിനിറങ്ങി. ഇത്തവണ തിരുവിതാംകൂര്‍ തന്നെയായിരുന്നു പ്രധാന ലക്ഷ്യം. തന്‍റ ഖജനാവു നിറയ്ക്കാനും ഭാവി പരിപാടികള്‍ക്കും തിരുവിതാംകൂര്‍ കീഴടക്കുന്നത് സഹായകമാകും ഏന്നു അദ്ദേഹം കണക്കുകൂട്ടി.

കൊച്ചിയിലെ ഡച്ചുകാരോട് തിരുവിതാംകൂറിലേക്കു വഴി അനുവദിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു ( നെടുങ്കോട്ടയുടെ പടിഞ്ഞാറു ഭാഗം ചേര്‍ന്നായിരുന്നു ലന്തക്കാരുടെ കൊടുങ്ങല്ലൂര്‍ കോട്ടയും മറ്റും സ്ഥിതിചെയ്തിരുന്നത്). തുടര്‍ന്നു സര്‍ദാര്‍ഖാന്‍റ് നേതൃത്വത്തിലുള്ള പതിനാലായിരത്തോളം വരുന്ന മൈസൂര്‍ സൈന്യം കൊച്ചിക്കു നേരെ തിരിച്ചു.
സംഭീതനായ കൊച്ചി രാജാവ് വലിയ തുക കാഴ്ചവച്ചുകൊണ്ട് ഹൈദരാലിയുടെ മേധാവിത്തം അംഗീകരിച്ചു.എന്നാല്‍ ഇത്തവണയും തിരുവിതാംകൂര്‍ കടക്കാന്‍ ഹൈദരാലിക്കു കഴിഞ്ഞില്ല.

നെടുങ്കോട്ട യുദ്ധം

1782 ല്‍ ഹൈദര്‍ അലി നിര്യാതനായതിനെ തുടര്‍ന്നു ടിപ്പു സുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.മൈസൂര്‍ അധിനിവേശ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനും
അധികാരം ഉറപ്പിക്കാനുമായി ടിപ്പു നടത്തിയ പടയോട്ടം മലബാറിനെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ത്തി.പലരും കാടുകളിലും മറ്റും അഭയം പ്രാപിച്ചു. മലബാറില്‍ നിന്നും ധാരാളം ജനങ്ങള്‍, നാടുവാഴികളും പ്രഭുക്കളും അടക്കം തിരുവിതാംകൂറിലേക്കു പലായണം ചെയ്തു.

ഇതു ടിപ്പുവിനെ വളരെയേറെ പ്രകോപിപ്പിച്ചു. തിരുവിതാംകൂറിലേക്കു കടക്കാനുള്ള സൗകര്യത്തിനായി ഡച്ചുകാരുടെ കൈവശത്തിലുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍,അഴിക്കോട്ടകള്‍ വിലയ്ക്കു വാങ്ങാന്‍ ടിപ്പുസുല്‍ത്താന്‍ ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ അതിനു മുന്‍പേ തന്ത്രപ്രധാനമായ ഈ കോട്ടകള്‍ തിരുവിതാംകൂര്‍ രാജാവ് നതര്‍ലാന്‍ഡ് ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നും വിലയ്ക്കു വാങ്ങുകയാണുണ്ടായത്.

ഇതു ടിപ്പുവിനെ കൂടുതല്‍ പ്രകോപിതനാക്കി. തിരുവിതാംകൂര്‍ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരുന്ന സുല്‍ത്താന്‍ കോട്ടകളുടെ മേല്‍ അവകാശം ഉന്നയിച്ചു. തന്‍റ സാമന്തനായ കൊച്ചിരാജാവിന്‍റ വകയാണ് ഈ കോട്ടകള്‍ എന്നു അദ്ദേഹം ആരോപിച്ചു.

കോയമ്പത്തൂരില്‍ നിന്നും 30,000 പേര്‍ വരുന്ന പടയുമായി അദ്ദേഹം പുറപ്പെട്ടു.തിരുവിതാകൂറില്‍ അഭയം തേടിയിട്ടുള്ള മലബാറിലെ എല്ലാ പ്രഭുക്കളെയും വിട്ടുകൊടുക്കുക, ലന്തക്കാരില്‍ നിന്നും വാങ്ങിയ കോട്ടകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുക, തന്‍റ സാമന്തനായ കൊച്ചിരാജാവിന് അവകാശപ്പെട്ട സ്ഥലത്തുകൂടി നിര്‍മ്മിച്ചിരിക്കുന്ന നെടുങ്കോട്ടയുടെ ഭാഗങ്ങ‍ള്‍ പൊളിച്ചുമാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ഒരു കത്തു ആദ്യം കൊടുത്തുവിടുകയുണ്ടായി. എന്നാല്‍ തിരുവിതാംകൂര്‍ രാജാവ് ഇതെല്ലാം നിരസിക്കുകയാണുണ്ടായത്.

തുടര്‍ന്നു 1789 ഡിസംബര്‍ 28 ന് നെടുങ്കോട്ടയുടെ അടുത്തായി ടിപ്പു പാളയമടിക്കുകയും പീരങ്കികള്‍ ഉറപ്പിക്കുകയും ചെയ്തു.

കേശവപിള്ള ആയിരുന്നു (രാജാ കേശവദാസ്) അപ്പോള്‍ തിരുവിതാംകൂറിലെ
ദിവാന്‍. ഡിലനോയിയുടെ കാലശേഷം സൈന്യത്തിന്‍റ കാര്യക്ഷമത പരിശോധിക്കാന്‍ പറ്റിയ ആളില്ലാതെ വിഷമിച്ചിരുന്ന സമയമായിരുന്നു അത്.ഇംഗ്ലീഷുകാരില്‍ നിന്നും ആവശ്യമായ സഹായം ലഭിക്കുമെന്നു രാമവര്‍മ്മ പ്രതീക്ഷിച്ചെങ്കിലും പറയത്തക്ക നീക്കമൊന്നും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

ഡിസം.28 ന് 14,000 വരുന്ന മൈസൂര്‍ സൈന്യവും വഴിതെളിച്ചുപോകുന്ന അഞ്ഞൂറോളം വിദഗ്ദ ജോലിക്കാരും നെടുങ്കോട്ടയ്ക്കു മുന്നില്‍ അണിനിരന്നു.നീണ്ടുകിടക്കുന്ന നെടുങ്കോട്ടയുടെ സംരക്ഷണമില്ലാത്ത ഒരു ഭാഗത്തെ കിടങ്ങിനടുത്ത് വഴിയുണ്ടാക്കാന്‍ അവര്‍ ശ്രമമാരംഭിച്ചു.രാത്രിയില്‍ എങ്ങനെയെങ്കിലും മതില്‍ ചാടിക്കടക്കാനായിരുന്നു സുല്‍ത്താന്‍റ കല്‍പ്പന. പിറ്റെ ദിവസം പ്രഭാതത്തോടെ കോട്ടയുടെ ഒരു ഭാഗം കൈവശപ്പെടുത്താന്‍ മൈസൂര്‍ പടയ്ക്കു സാധിച്ചു.

അവിടെയുള്ള തിരുവിതാംകൂര്‍ സൈന്യം പിന്‍മാറുകയാണുണ്ടായത്.എന്നാല്‍ മതിലിനോട് ചേര്‍ന്നു കോട്ടവാതിലിലേക്കു പ്രയാണം ചെയ്യുകയായിരുന്ന മൈസൂര്‍ പടയെ അവിടെ വച്ചു തിരുവിതാംകൂര്‍ സൈന്യം തടഞ്ഞു നിര്‍ത്തി.

തന്‍റ സൈന്യത്തെ സഹായിക്കാനായി പോഷക സേനകളെ എത്തിക്കാന്‍ ടിപ്പു തീരുമാനിച്ചു. എന്നാല്‍ വെപ്രാളത്തിനിടയില്‍ കല്‍പ്പന എന്തെന്നു മനസ്സിലാകാതിരുന്ന മേസൂര്‍ സൈന്യം ലക്ഷ്യമില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനിടെ കോട്ടയുടെ മൂലയിലുണ്ടായിരുന്ന ഇരുപതോളം വരുന്ന തിരുവിതാംകൂര്‍ ഭടന്‍മാര്‍ മൈസൂര്‍ സൈന്യത്തെ കടന്നാക്രമിക്കുകയും ഒരു സൈന്യാധിപനെ വധിക്കുകയും ചെയ്തു.
പരിഭ്രാന്തരായ മൈസൂര്‍ സൈന്യം പിന്തിരിയാനും തുടങ്ങി.ധാരാളം മൈസൂര്‍ ഭടന്‍മാര്‍ കിടങ്ങില്‍ വീഴുകയും തിരുവിതാകൂര്‍ സൈന്യത്തിന്‍റ പ്രഹരത്തിനിരയാവുകയും ചെയ്തു.
കിടങ്ങില്‍ കുടുങ്ങിയവര്‍ അധികവും മരിച്ചു.

ഈ സംഘട്ടനത്തിനിടെ ടിപ്പു സുല്‍ത്താനും നിലംപതിക്കുകയും അദ്ദേഹത്തിന്‍റ പല്ലക്കു വാഹകര്‍ മരിക്കുകയും ചെയ്തു.വിശ്വസ്തരായ ചില അനുയായികള്‍ ചേര്‍ന്നു സുല്‍ത്താനെ ഞൊടിയിടയില്‍ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്‍റ വാളും ചില ആഭരണങ്ങളും തിരുവിതാകൂറിനു ലഭിച്ചു.ധാരാളം മൈസൂര്‍ സൈനികരും ഓഫീസര്‍മാരും തടവുകാരായി പിടിക്കപ്പെട്ടു.

ലജ്ജയോടുംവലിയ ദുഖത്തോടും കൂടി സുല്‍ത്താന്‍ പിന്‍വാങ്ങി.കേശവ പിള്ള ആകട്ടെ ടിപ്പുവിന്‍റ വാളും പരിചയും മറ്റും വിജയ സൂചകമായി തിരുവനന്തപുരത്തു എത്തിക്കുകയും ചെയ്തു.( അവ പിന്നീട് കര്‍ണ്ണാടക നവാബിന് അയച്ചുകൊടുക്കുക ഉണ്ടായി).

തിരുവിതാകൂറിനോട് പകരം വീട്ടാന്‍ ദൃഢനിശ്ചയം ചെയ്ത ടിപ്പു ഇന്ത്യ തന്നെ കീഴടക്കാന്‍ ഇറങ്ങിതിരിച്ചിരിക്കുന്ന തന്‍റ വമ്പിച്ച കാലാള്‍പ്പട,കുതിരപ്പട,പീരങ്കിപ്പട എല്ലാം തയ്യാറാക്കി നിര്‍ത്തി.
മദ്രാസ് ഗവണ്‍മെന്‍റില്‍ നിന്നും സഹായത്തിനായി ശ്രമം നടത്തിയ കാര്‍ത്തിക തിരുനാള്‍ നിരാശനായി.

യൂറൊപ്യന്‍ രീതിയില്‍ പരിശീലനം ലഭിച്ച 50,000 ഭടന്‍മാര്‍ തിരുവിതാംകൂറിന് ഉണ്ടായിരുന്നു.നായന്‍മാരും ചേകവന്‍മാരും ഉള്‍പ്പെടെ ഒരു വലിയ സൈനിക വിഭാഗം വേറെയുമുണ്ടായിരുന്നു. എങ്കിലും തന്‍റ സൈനിക ഉപാധികളും സുല്‍ത്താന്‍റ വമ്പിച്ച സൈന്യവും യുദ്ധൊപകരണങ്ങളും തമ്മിലുള്ള അന്തരം രാജാവിനെവളരെയേറെ ആശങ്കപ്പെടുത്തി.

ടിപ്പുവിന്‍റ സൈന്യം യുദ്ധം ആരംഭിച്ചു.മൈസൂരും തിരുവിതാംകൂറും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടല്‍ നടന്നത് 1790 മാര്‍ച്ചു 2 ന് നെടുങ്കോട്ടയുടെ വെളിയില്‍ വച്ചായിരുന്നു. മാര്‍ച്ച് 6 ന് മൈസൂര്‍ പീരങ്ങികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നെടുങ്കോട്ട മറികടക്കാന്‍ സാധിക്കാഞ്ഞതിനാല്‍ മതിലിനോട് ചേര്‍ത്ത് ധാരാളം പീരങ്കികള്‍ ഉറപ്പിച്ചു നിര്‍ത്തി നശീകരണം ആരംഭിച്ചു. ഒരു മാസത്തോളം വെടിയുണ്ടകളെ അതിജീവിച്ചു നില്‍ക്കാന്‍ മതിലിനു സാധിച്ചു.

എന്നാല്‍ ഏപ്രില്‍ മാസത്തോടെ കോട്ടയുടെ ഒരു ഭാഗം തകര്‍ക്കപ്പെട്ടു.(ഇരിങ്ങാലക്കുടക്കു അടുത്തുള്ള ഈ പ്രദേശം കോട്ടമുറി എന്ന പേരില്‍ അറിയപ്പെടുന്നു). പ്രതിരോധം പ്രയോജനമല്ലെന്നു കണ്ട തിരുവിതാംകൂര്‍ സൈന്യം പിന്‍വാങ്ങി തുടങ്ങി.മൈസൂര്‍ സൈന്യത്തിന്‍റ ഒരു വിഭാഗം കൊടുങ്ങല്ലൂര്‍ കോട്ട ആക്രമിച്ചു.. അധികം വൈകാതെ നെടുങ്കോട്ട സുല്‍ത്താന്‍റ വരുതിയിലായി.

.ഇതിനിടെ തിരുവിതാംകൂറിന്‍റ അഭ്യര്‍ത്ഥന പ്രകാരം ചില ഇംഗ്ലീഷ് റെജിമെന്‍റുകളെ അയച്ചിരുന്നെങ്കിലും അവര്‍
കാര്യമായി ഇടപെടുകയുണ്ടായില്ല.

ദിവാന്‍ കേശവപിള്ള തന്‍റ യൂറോപ്യന്‍ ഓഫീസര്‍മാരോടും തിരുവിതാംകൂര്‍ സൈന്യത്തോടുമൊപ്പം പറവൂരില്‍ നിലയുറപ്പിച്ചുവെങ്കിലും മൈസൂര്‍ മുന്നേറ്റം തടയുക പ്രയാസമാണെന്നു കണ്ടതിനാല്‍ ബുദ്ധിപൂര്‍വ്വം പിന്‍മാറുകയാണുണ്ടായത്.

നെടുങ്കോട്ട വരുതിയിലാക്കിയ സുല്‍ത്താന്‍റ പിന്നീടുള്ള പ്രധാന ഉദ്ദേശം അതു തകര്‍ക്കല്‍ ആയിരുന്നു. ഒരു മണ്‍വെട്ടി എടുത്ത് അദ്ദേഹം നെടുങ്കോട്ടയില്‍ വെട്ടി മാതൃക കാണിക്കുകയും തുടര്‍ന്നു മൈസൂര്‍ സൈന്യം ഒന്നടങ്കം ആവേശത്തോടെ കിളയ്ക്കലും കോരലും ചെയ്തുപോന്നു.കുറെ നാള്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നു.അങ്ങിനെ ചരിത്രപ്രസിദ്ധമായ തിരുവിതാംകൂര്‍ പ്രതിരോധമതിലും കിടങ്ങും കുറെയേറെ തകര്‍ക്കപ്പെട്ടു.

ഇതേ തുടര്‍ന്നു മൈസൂര്‍ സൈന്യം ഗ്രാമങ്ങളിലേക്കു പ്രവേശിക്കുകയും വളരെയേറെ അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു. ഒരു വിഭാഗം സൈനികരുമായി ടിപ്പു ആലുവയിലെത്തിച്ചേര്‍ന്നു.

പെട്ടന്നു തന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്പെടുകയും പെരിയാര്‍ കരകവിഞ്ഞു ഒഴുകാനും തുടങ്ങി. സൈന്യത്തിന് തമ്പടിക്കാന്‍ സ്ഥലമില്ലാതെ വന്നു. പടക്കോപ്പുകളും വെടിമരുന്നും നനഞ്ഞ് നാശമായി. അവശ്യസാധനങ്ങള്‍ പലതും നദിയിലൊലിച്ചു പോയി. മലബാറിലെ കാലവര്‍ഷത്തെ കുറിച്ചു അജ്ഞരായിരുന്ന ടിപ്പുവും മൈസൂര്‍ സൈന്യവും പരിഭ്രാന്തരായിതീര്‍ന്നു.

ഭക്ഷണസാധനങ്ങള്‍ തീരുകയും കോളറ,വസൂരി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയും ചെയ്തു.രോഗവും പട്ടിണിയും കാരണം ധാരാളം ആളുകള്‍ മരിച്ചു. അതിനിടെ കൊള്ളയും കൊള്ളിവെപ്പും വലിയ രീതിയില്‍ അരങ്ങേറി.

പറവൂരില്‍ നിന്നും പിന്‍വാങ്ങിയ കേശവപിള്ള ഓരോ സൈനിക താവളങ്ങളും ബലവത്താക്കാന്‍ തുടങ്ങി.കുമരകം മുതല്‍ പൂഞ്ഞാര്‍ വരെ ഇങ്ങനെ കോട്ടകളും താവളങ്ങളും സജ്ജമാക്കുകയും നിരവധി സ്ഥലങ്ങളില്‍ പീരങ്കികള്‍ ഉറപ്പിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ അടിയന്തിര സേവനത്തിന് നിയമിച്ചു. കിട്ടാവുന്ന ആയുധങ്ങളെല്ലാം ശേഖരിച്ചു ധാരാളം ജനങ്ങളെ പട്ടാളത്തില്‍ ചേര്‍ക്കാനും തുടങ്ങി.

ഇതിനിടെ ഇംഗ്ലീഷ് സേന തൃശ്ശിനാപള്ളിയില്‍ തമ്പടിച്ചിരിക്കുന്ന വിവരം ടിപ്പുവിനു ലഭിച്ചു. തന്‍റ സൈന്യത്തെ പെട്ടന്നു തന്നെ പിന്‍വലിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പ്രളയം അപ്പോഴും ഒഴിഞ്ഞിട്ടുണ്ടായിരുന്നില്ല. നദികളിലെ ഒഴുക്കു ശക്തമായി തുടരുകയായിരുന്നു.തന്‍റ സൈന്യത്തെ രണ്ടായി വിഭജിച്ചു ഒരു വിഭാഗത്തെ തൃശ്ശൂര്‍ വഴിയും മറ്റൊന്നു കൊടുങ്ങല്ലൂര്‍ വഴിയും പാലക്കാട്ടേക്കു അയച്ചു.. ദ്രുതഗതിയിലുള്ള ഈ പിന്‍മാറ്റത്തിനിടെ കനത്ത നാശനഷ്ടങ്ങളാണ് മൈസൂരിന് ഉണ്ടായത്. ഈ പിന്‍മാറ്റ സേനയെ കേശവപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യം പിന്തുടര്‍ന്നു ആക്രമിച്ചത് നാശനഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു..തുടര്‍ന്നു സഖ്യ ശക്തികളുമായുണ്ടായ യുദ്ധത്തില്‍ മൈസൂരിന്‍റ പതനം സംഭവിച്ചത് ചരിത്രം

നെടുങ്കോട്ടയ്ക്ക് 56 കി.മീ ദൂരം ആണ് ഉണ്ടായിരുന്നതെന്നു കഴിഞ്ഞ നൂറ്റാണ്ടിന്‍റ ആരംഭത്തില്‍ കൊച്ചിയിലെ പുരാവസ്തു ഗവേഷകനായിരുന്ന പി.അനുജനച്ഛന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കാലത്ത് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഏറെകുറെ നിലനിന്നിരുന്നു. പില്‍ക്കാലത്തുണ്ടായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഭൂമി കയ്യേറ്റത്തിന്‍റയും ഫലമായി കേരളത്തിന്‍റ ആ വന്‍മതില്‍ ഏറെകുറെ അപ്രത്യക്ഷമാവുകയാണുണ്ടായത്.

ചിത്രം :-
* നെടുങ്കോട്ടയുടെ അവശിഷ്ടം.
* നെടുങ്കോട്ട യുദ്ധം ഒരു പെയിന്‍റിംഗ്
(കടപ്പാട്).

Advertisements