Tesla എന്ന അമേരിക്കന്‍ കമ്പനിയെപ്പറ്റി അറിയാത്തവരില്ല. വെറും സയന്‍സ് പ്രൊജെക്ടുകള്‍ എന്ന രീതിയില്‍ നിന്ന്, നിത്യോപയോഗത്തിന് യോജിക്കുന്ന രീതിയില്‍ ഇലക്ട്രിക് കാറുകളെ മാറ്റിയെടുത്തത് Elon Musk ന്റെ നേതൃത്വത്തില്‍ Tesla കമ്പനിയാണ്. വെറും അഞ്ചു വര്‍ഷങ്ങള്‍ മുന്‍പ് 45 ഡോളറായിരുന്ന ടെസ്ലയുടെ സ്റ്റോക്കിന്റെ വില ഇന്ന് 450 ഡോളറാണ്!!! ബൂര്‍ഷ്വാ മുതലാളിയായ മസ്കിനോടൊപ്പം, കമ്പനിയിലെ തൊഴിലാളികള്‍ക്കും ഷെയര്‍ വില കൂടിയതിന്റെ പ്രയോജനം ലഭിക്കുന്നു.
ഏതാണ്ട് ടെസ്ലയുടെ മാതൃകയിലുള്ള ഒരു ചൈനീസ് കമ്പനിയാണ് NIO. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് അവരുടെ ഷെയര്‍ വില വെറും രണ്ടു ഡോളറില്‍ നിന്നും 28 ഡോളറായി. ഷെയര്‍ വില കുതിക്കുന്നുണ്ടെങ്കിലും, കമ്പനി കടുത്ത നഷ്ടത്തിലാണ്. അതേസമയം , സാമാന്യം നല്ല രീതിയില്‍ ലാഭമുണ്ടാക്കുന്ന ഫോര്‍ഡ്, GM തുടങ്ങിയ കമ്പനികളുടെ ഷെയറുകളുടെ വിലകള്‍ ഓരോ ദിവസം കുറഞ്ഞു കുറഞ്ഞു വരുന്നു 🙁
എന്താണിവിടെ സംഭവിക്കുന്നത്?
വയറുള്ള ഫോണില്‍ നിന്നും, വയറില്ലാത്ത ഫോണിലേക്ക് ലോകം മൊത്തം വെറും പത്തുവര്ഷങ്ങള് കൊണ്ട് (2005 – 2015) മാറിയതുപോലുള്ള ഒരു സാഹചര്യമാണ് വാഹനരംഗത്ത് ഇപ്പോള്‍ നടക്കുന്നത്. പെട്രോളും ഡീസലും പോലെയുള്ള ഫോസ്സില്‍ ഇന്ധന വാഹനങ്ങളില്‍ നിന്നും, വൈദ്യുതി ഉപയോഗിച്ചോടുന്ന (new energy vehicles) വാഹനങ്ങളിലേക്ക് ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. വാഹന രംഗത്തുമാത്രമല്ല, വൈദ്യുതിയുടെ ഉത്പാദന രംഗത്തും സമാനമായ മാറ്റമാണ് നടക്കുന്നത്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത ഉത്പാദനം, സോളാറും കാറ്റും ഉപയോഗിച്ചുള്ള ഉത്പാദനത്തിലേക്ക് അതിവേഗത്തിൻ മാറിക്കൊണ്ടിരിക്കുന്നു.
രാഷ്ട്രീയം:
പൊതുവേ എല്ലാ വലതുപക്ഷ ഭരണാധികാരികളേയും പോലെ, അമേരിക്കയിലെ ട്രമ്പും ഫോസ്സില്‍ ഇന്ധന പ്രേമിയാണ്; പെട്രോളിന് വില കുറക്കണമെന്ന് പറയുന്നയാളാണ്. പക്ഷേ, അടുത്ത പ്രസിഡണ്ട് ആയി ബൈഡന് വരുന്നതോടെ, അമേരിക്കയുടെ ഇന്ധന പോളിസികളില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.