എന്താണ് പപ്പാഞ്ഞികള് ?⭐
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
പുതുവര്‍ഷത്തോടനുബന്ധിച്ച് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന ജനകീയ ഉത്സവങ്ങളുടെ കേന്ദ്രബിന്ദുവാണ് പപ്പാഞ്ഞികള്. ‘പപ്പാഞ്ഞി’ എന്ന പോര്‍ച്ചുഗീസ് വാക്കിന് ‘വൃദ്ധന്’ എന്നു മാത്രമേ അര്ഥമുളളൂ. കടന്നുപോകുന്ന വര്‍ഷത്തിന്റെ പ്രതീകമായി വയോധികന്റെ രൂപത്തിലാണ് ആദ്യകാലം മുതല്‍ കൊച്ചിയില്‍ പപ്പാഞ്ഞിയെ ഒരുക്കിയിരുന്നത്.
ഡിസംബറിന്റെ അവസാന നാളില്‍ അര്‍ധരാത്രിയില്‍ പപ്പാഞ്ഞി രൂപത്തെ എരിച്ചുകളയുന്നതോടെ ആ വര്‍ഷം അവസാനിച്ചു എന്നാണ് സങ്കല്‍പ്പം. വലിയ പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍, പോയ വര്‍ഷത്തെ യാത്രയാക്കുന്ന ചടങ്ങാണിത്.കുറേക്കാലമായി മിക്കയിടത്തും ‘സാന്താക്ലോസി’ന്റെ രൂപത്തിലാണ് പപ്പാഞ്ഞിയെ ഒരുക്കുന്നത്… ചുവന്ന കുപ്പായവും ,നീണ്ടുചുവന്ന തൊപ്പിയും ധരിച്ച, വെളുത്ത താടിയും, മുടിയുമുള്ള സാന്താക്ലോസിന്റെ രൂപമാണിപ്പോള്‍ പപ്പാഞ്ഞിയായി പരക്കെ അറിയപ്പെടുന്നത്.
പുതുവര്‍ഷത്തിന്റെ ഭാഗമായി പപ്പാഞ്ഞിയെ പ്രതീകമാക്കിയുള്ള ഉത്സവം കൊച്ചിയുടേതു മാത്രമാണ്.
പാന്റ്സും, കോട്ടും ,തൊപ്പിയും ധരിച്ച്, ചുരുട്ടുവലിച്ച് നില്ക്കുന്ന സായ്പിന്റെ രൂപമായിരുന്നു പണ്ടൊക്കെ ആണ്ടുപപ്പാഞ്ഞിക്ക്.പുതുവര്‍ഷക്കാലത്ത് കൊച്ചിയുടെ തെരുവുകളിലെല്ലാം ഇത്തരം പപ്പാഞ്ഞികളെ കാണാമായിരുന്നു.
പഴയ പാന്റ്സും, ഷര്‍ട്ടുമൊക്കെ ഉപയോഗിച്ചാണ് പപ്പാഞ്ഞിയെ ഒരുക്കിയിരുന്നത്. വൈക്കോലും, തുണിയുമൊക്കെ ഇതിനായി ഉപയോഗിച്ചിരുന്നു. കാലം മാറിയതോടെ പപ്പാഞ്ഞിക്ക് സാന്താക്ലോസിന്റെ രൂപമായി. കൊച്ചിയുടെ തനിമയുള്ള പഴയ പപ്പാഞ്ഞിയെ കാണാതായി.കൊച്ചിയുടെ ജനകീയ ഉത്സവമായ ‘കാര്‍ണിവല്‍’ പരിപാടിയുടെ ഭാഗമായി കുറച്ചുകാലം സാന്താക്ലോസിന്റെ രൂപത്തിലുള്ള പപ്പാഞ്ഞിയെ ഒരുക്കിയിരുന്നു. പിന്നീട് ആ രീതിക്ക് മാറ്റമുണ്ടായി.
കാര്‍ണിവലിന്റെ തുടക്കം മുതല്‍ ഏതാണ്ട് 20 വര്‍ഷത്തോളം കാര്‍ണിവല്‍ പപ്പാഞ്ഞിയെ ഒരുക്കിയത് ഫോര്‍ട്ടുകൊച്ചി സ്വദേശിയും ,ചിത്രകാരനും, ശില്പിയുമൊക്കെയായ കെ.ബി. ജോളിയാണ്.
അടയ്ക്കാമരത്തിന്റെ വാരി കൊണ്ടാണ് ആദ്യമൊക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കിയത്. വൈക്കോലും, ചാക്കുമൊക്കെ ഉപയോഗിക്കും. ആദ്യം ഒക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കുമ്പോൾ ചെലവ് 1,500 രൂപയായിരുന്നു. ഇപ്പോഴത് മൂന്നുലക്ഷം രൂപ വരെയാണ്. സാന്താക്ലോസിന്റെ രൂപം മാറ്റി, പരമ്പരാഗത രൂപത്തിലേക്ക് പപ്പാഞ്ഞിയെ തിരിച്ചു കൊണ്ടുവരുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട് ..
കൊച്ചിയിലെ നിരവധി ചെറുപ്പക്കാര്‍ പപ്പാഞ്ഞി നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു. ജോളി പിന്നീട് കാര്‍ണിവല്‍ സംഘാടക സമിതിയുടെ നേതൃനിരയിലേക്ക് വന്നതോടെ, പപ്പാഞ്ഞി നിര്‍മാണം മറ്റുള്ളവരെ ഏല്‍പ്പിച്ചു. ഫോര്‍ട്ടുകൊച്ചിയിലെ ഫോട്ടോഗ്രാഫര്‍ പ്രകാശന്, കലാകാരനായ സോളി എന്നിവരും പില്ക്കാലത്ത് പപ്പാഞ്ഞി നിര്‍മാണത്തിന് നേതൃത്വം നല്കി.’‘ബിനാലെ’ വന്നതോടെ പപ്പാഞ്ഞി നിര്‍മാണത്തിന്റെ രീതിയില്‍ വലിയ മാറ്റമുണ്ടായി. പപ്പാഞ്ഞിയുടെ വലിപ്പം പിന്നെയും കൂടി. കുറച്ചുകൂടി പ്രൊഫഷണലായ രീതിയില്‍ നിര്‍മാണം തുടങ്ങി.
ബിനാലെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കലാകാരന്മാര് പപ്പാഞ്ഞിയുടെ ഡിസൈന്‍ തയ്യാറാക്കി. ഇരുമ്പുകമ്പി ഉപയോഗിച്ച് സ്ട്രക്ചര്‍ നിര്‍മിച്ചു.കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രമുഖ ചിത്രകാരനും, ബിനാലെ സംഘാടകരിലൊരാളുമായ ബോണി തോമസാണ് പപ്പാഞ്ഞിയെ ഡിസൈന്‍ ചെയ്യുന്നത്… അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണവും. ഇരുമ്പുകമ്പികള്‍ ഉപയോഗിച്ചാണ് സ്ട്രക്ചര്‍ തയ്യാറാക്കുന്നത്. ഇതിനായി പോഞ്ഞിക്കരയില്‍ നിന്ന് വര്‍ക്ഷോപ്പ് തൊഴിലാളികളെ കൊണ്ടുവരും. ഇക്കുറിയും ബോണി തോമസിന് തന്നെയായിരുന്നു പപ്പാഞ്ഞിനിര്മാണ ചുമതല. ‘ഗ്രീനിക്സ് വില്ലേജി’ന്റെ നേതൃത്വത്തിലാണ് നിര്‍മാണം.
കമ്പി ഉപയോഗിച്ച് തയ്യാറാക്കുന്ന കൂറ്റന്‍ പപ്പാഞ്ഞി രൂപത്തില്‍ ചാക്കാണ് പൊതിയുന്നത്.പിന്നീട് വൈക്കോല്‍, തുണി, കടലാസ്, ചകിരി, കയര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മാണം… പ്ലാസ്റ്റിക് ഉപയോഗിക്കില്ല. ചെളിയില്‍ തയ്യാറാക്കുന്ന മോള്‍ഡില്‍ കടലാസ് ഒട്ടിച്ചാണ് മുഖം തയ്യാറാക്കുന്നത്. കടലാസ് പല തട്ടുകളായി ഒട്ടിച്ചെടുക്കും. ആലപ്പുഴയില്‍ നിന്ന് കൊണ്ടുവരുന്ന പ്രത്യേകതരം കയറാണ് പപ്പാഞ്ഞിയുടെ മുടിയായി ഉപയോഗിക്കുന്നത്. ഇപ്പോൾ പപ്പാഞ്ഞി നിര്‍മാണത്തിന് കുട്ടികളെക്കൂടി പങ്കെടുപ്പിക്കുന്നുണ്ട്. പതിനായിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ‘പപ്പാഞ്ഞിയെ കത്തിക്കല്‍’. എല്ലാവര്ക്കും കാണാന്‍ കഴിയുന്ന വിധം 50 അടിയോളം ഉയരത്തിലാണ് പപ്പാഞ്ഞിയെ സ്ഥാപിക്കുന്നത്.
ജനങ്ങള്‍ കൂടിനില്‍ക്കുന്നതിനാല്‍ ധാരാളം സുരക്ഷാപ്രശ്നവുമുണ്ട്. കത്തിക്കൊണ്ടിരിക്കുമ്പോള്‍ പപ്പാഞ്ഞി വീണാല്‍ വലിയ പ്രശ്നമാകും. അതുകൊണ്ട്, പപ്പാഞ്ഞി നിര്‍മാണം വലിയ ശ്രദ്ധയോടെ ആണ്. സ്കെലിറ്റണ്‍ ഒഴികെ മറ്റെല്ലാം കത്തിച്ചാമ്പലാകുന്ന വിധത്തിലാണ് ഇപ്പൊൾ ക്രമീകരണം.ഒരാഴ്ചകൊണ്ട് 15 ഓളം തൊഴിലാളികള്‍ പകലും, രാത്രിയും ജോലി ചെയ്താണ് പപ്പാഞ്ഞി പൂര്‍ത്തിയാക്കിയത്.