ഏറ്റവും പ്രായംകുറഞ്ഞ മേയറുടെ നാട്ടിൽതന്നെയാണ് ഏറ്റവും പ്രായംകുറഞ്ഞ ‘കുഴിവെട്ടുകാരനും’ ഉണ്ടായത്

0
112

പോലീസുകാരൻ അവരെ കത്തിച്ചതാണ് എന്ന് വിഡിയോയിൽ വ്യക്തമാണ്.കീടങ്ങളായ രണ്ട് മനുഷ്യ ജീവനുകളെ ഭരണകൂടം ഈ ഭൂമിയിൽ നിന്ന് തന്നെ കുടിയൊഴിപ്പിച്ചു.രണ്ട് കുട്ടികളെയും ഈ ഭൂമിയിൽ അനാഥമാക്കി.രണ്ട് മനുഷ്യ ജീവനുകൾ കത്തിയമർന്നതിന് ആരെങ്കിലും കുറ്റക്കാരാണ് എന്ന് ഇവിടുത്തെ നിയമമോ ഭരണകൂടമോ കണ്ടെത്തുമോ…?ആരെങ്കിലും ശിക്ഷിക്കപ്പെടുമോ…?

പോലീസുകാരന്റെ അപക്വമായ പ്രവർത്തിയെ അന്വേക്ഷണവിധേയമാക്കുമോ…?ഇല്ല…കാരണം ഇത്രെയൊക്കെയേ ഒള്ളൂ ഈ നാട്ടിൽ ബഹുഭൂരിപക്ഷം വരുന്ന നമ്മുടെയൊക്കെ വില..രണ്ട് തരം മനുഷ്യരുണ്ട് നമ്മുടെയിടയിൽ…ഒന്ന്, പച്ചക്ക് കത്തിച്ചാലും ഒരു പട്ടിയും ചോദിക്കാനില്ലാത്ത രണ്ട് സെന്റുകാർ. രണ്ട്, സുപ്രിം കോടതി വിധിക്ക് പോലും പുല്ല് വില കല്പിച്ച് പതിനായിരകണക്കിന് ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന തമ്പ്രാക്കന്മാർ.

ഏതവൻ ഭരിക്കാൻ കേറിയാലും അവനൊക്കെ ഈ തമ്പ്രാക്കന്മാരുടെ വാലാട്ടി പട്ടികളാണ്.അതിന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്നൊന്നുമില്ല.ധീരരായ കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നു കേരളത്തിൽ. ഒരുകാലത്ത്.ഇന്നുള്ളവരെയൊന്നും ഒരിക്കലും അങ്ങനെ വിളിക്കുകയെ ചെയ്യരുത്.കാരണം കമ്മ്യൂണിസ്റ്റ് എന്ന വാക്കിന് വലിയ അർത്ഥമുള്ളതാണ്.തോന്നിയപോലെ എടുത്ത് ഉപയോഗിക്കാനുള്ള പദമല്ല അത്.സാഹചര്യത്തിനനുസരിച്ച് പത്വതയോടെയും വിവേകത്തോടെയും പെരുമാറാനാണ് മനുഷ്യരെ ജോലിക്ക് നിയമിക്കുന്നത്.അല്ലങ്കിൽ വല്ല റോബോർട്ടുകളെയും നിയമിച്ചാൽ മതിയായിരുന്നല്ലോ എന്ന് ജൂഡിഷ്യറിയും ഭരണകൂടവും ഉദ്യോഗസ്ഥരും മനസിലാക്കണം.

സംസ്കാര സമ്പന്നർ എന്ന് ഊറ്റം കൊള്ളുന്ന കേരള സമൂഹത്തിന് ഏറ്റവും പ്രായം കുറഞ്ഞ മേയറെ കിട്ടിയപ്പോൾ, ദുഃഖകരമെന്നു പറയട്ടെ അതിനിടയിൽ ഏറ്റവും പ്രായം കുറഞ്ഞ കുഴി വെട്ടുകാരനെ കൂടി കിട്ടി.ബാലാവകാശ കമ്മീഷനെല്ലാം സാധാരണക്കാരുടെ വിയർപ്പിന്റെ ഓഹരിയും നക്കി തിന്ന് മണിമാളികയിൽ ഉറക്കത്തിലാണ്… അല്ലെങ്കിൽ ഉറക്കം നടിക്കുകയാണ്… അവർ ഉണരണമെങ്കിൽ നേതാക്കന്മാർക്കോ അല്ലെങ്കിൽ സെലിബ്രിറ്റികൾക്കോ എന്തെങ്കിലും പ്രശ്നം വരണം.കോടീശ്വരന്മാരുടെയും പിടിപാടുള്ളവരുടെയും കയ്യേറ്റവും പഞ്ചനക്ഷത്ര സൗധങ്ങളും കാണാതെ കയറിക്കിടക്കാൻ ഒരു ചെറ്റക്കുടിൽ കെട്ടുന്നവനെ മാത്രം കാണുന്ന അധികാരികളെയും നിയമങ്ങളെയും എന്ത് പേരിട്ടു വിളിക്കണം…?അല്ലെങ്കിൽ പെട്രോളും തീയുമാണ് ഇതിലേ കുറ്റക്കാർ എന്ന വിധി പ്രതീക്ഷിക്കാം.

തീർച്ചയായും ആ കുഞ്ഞുങ്ങൾക്ക് നീതി കിട്ടണം, സ്റ്റേറ്റ് ഏറ്റെടുക്കണം അവരെ. എന്നാൽ ഇവിടെ തെറ്റ് ചെയ്തത് ആരാണ്?
1. കുടിയൊഴിപ്പിക്കാൻ വരും എന്ന് കുറച്ചു കാലത്തേക്ക് അറിയാവുന്നവരായിരുന്നു അവർ. എന്നിട്ടും കുഞ്ഞുങ്ങൾ ഉണ്ടായിട്ടും ആത്മഹത്യ ഭീഷിണി മുഴക്കിയവർ, ഒന്നല്ല പല തവണ
2. 6 മാസമായി കുടിയൊഴിപ്പിക്കൽ ഉണ്ടാകും എന്ന് അറിയാവുന്ന സ്‌റ്റേറ്റ്, ബദൽ സംവിധാനം അവർക്ക് ഒരുക്കി കൊടുക്കുന്നതിൽ പരാജയപ്പെട്ടു.
3. ബദൽ സംവിധാനം ഉണ്ടോയെന്നു അറിയാതെ തന്നെ ഒരു ഉത്തരവ് ഇറക്കി സ്റ്റേറ്റിനെകൊണ്ട് അത് പാലിക്കാൻ നിർബന്ധിപ്പിക്കുന്ന കോടതി.
4. പെട്രോൾ ഒഴിച്ചു ലാമ്പ് കത്തിച്ചു നില്കുന്നവരെ പിന്തിരിപ്പിക്കാനായി ശ്രമിച്ച പോലീസുകാർ, അവരുടെ കൂട്ടത്തിലും പൊള്ളൽ ഏറ്റവരുണ്ട്.
എല്ലാവശവും അന്വേഷണം നടക്കട്ടെ. ഏറ്റവും പാവപെട്ടവന്റെ കൂടെയായിരിക്കണം സർക്കാർ എപ്പോഴും നിൽക്കേണ്ടത്. പാവപെട്ടവരുടെ ക്ഷേമത്തിന് നിന്നത് കൊണ്ട് ജയിച്ചു കേറിയ അതേ സർക്കാർ തന്നെയാണ് ഇത് നടപ്പിലാക്കേണ്ടതും.

 

ആസാദ്

ആ നടുക്കം വിട്ടു മാറില്ല. കുടിയൊഴിപ്പിക്കല്‍ എന്ന ഭീകരത ഒരു കുടുംബത്തിന്റെ നെടുന്തൂണുകള്‍ പറിച്ചെറിഞ്ഞു. ഒരമ്മയും അച്ഛനുമാണ് വെന്തു മരിച്ചത്. രണ്ടു കുട്ടികള്‍, കാലുറപ്പിക്കാനും കരഞ്ഞാശ്ലേഷിക്കാനും അമ്മയും ഭൂമിയുമില്ലാത്തവരായി. കേരളത്തിന് ഇന്ന് ഉറങ്ങാനാവുമോ? അടുക്കരുതേ എന്ന് തീ പിടിച്ച പ്രാണനില്‍ പെട്രോള്‍ വീഴ്ത്തി നിലവിളിച്ചതല്ലേ? അല്‍പ്പം കാക്കണേ എന്നപേക്ഷിച്ചില്ലേ? എങ്ങോട്ടു മാറുവാന്‍ എന്ന ആധിയുടെ കടലിരമ്പം അവരെപ്പിളര്‍ന്നു പ്രവഹിച്ചില്ലേ? നാമത് അവരുടെ പ്രശ്നം എന്നെത്ര ലാഘവത്തോടെ ചാനല്‍ മാറ്റി സ്വസ്ഥരായി! പള്ളിയെപ്പറ്റിയും പാര്‍ട്ടിയെപ്പറ്റിയും വാചാലരായി. കുടിയൊഴിക്കലോളം ഹീനമായ വിധിയില്ല.

അതില്‍പ്പരം ഹിംസ വേറെയില്ല. ഒഴിപ്പിക്കാന്‍ ആര്‍ക്കുണ്ട് അധികാരം? ആരുടെ നിയമം ആരെ ഒഴിപ്പിക്കാന്‍? കോടതിയാമീനും പോലീസും നിരങ്ങിയ നാട്ടുവഴികളൊക്കെ ചെങ്കൊടി ചൂടിയത് ഈ ചോദ്യം കിളിര്‍ത്താണ്. മണ്ണ് ജന്മാവകാശമെന്ന് മതിലുകള്‍ പാടിയത് അപ്പോഴാണ്. പിറകെയാണ് അമരാവതിയിലെ ഇതിഹാസ ദീപ്തമായ പ്രഖ്യാപനം. ‘ഇനിമേല്‍ ഒരാളും കുടിയിറക്കപ്പെടില്ല. മാറ്റിപ്പാര്‍പ്പിക്കലേ നടപ്പുള്ളു’. കമ്യൂണിസ്റ്റ് കര്‍മ്മവീര്യം അമരാവതിയില്‍ എഴുതിയതാണ് എ കെ ജിയുടെ ഉപവാസ മെത്തയില്‍.

ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും നിത്യനിദ്രക്കു കണ്ണീര്‍മണ്ണു മാന്തുന്ന മക്കളെ കാണൂ. തടയുന്ന ഭരണകൂടത്തിന്റെ പൊലീസ് പകര്‍ച്ച നോക്കൂ. അമരാവതിയുടെ സന്തതികളേ, നിങ്ങള്‍ക്കു കണ്ണും കാതും തുറന്നിരിപ്പുണ്ടോ? പൊട്ടിപ്പിടയുന്ന ഈ ചിത്രത്തിന് നിങ്ങളെന്ത് അടിക്കുറിപ്പെഴുതും? പെട്ടെന്നു കയറി വന്നാല്‍ എ കെ ജിയെ എവിടെയിരുത്തും? ആ മതിലെഴുത്ത് എന്തുവെച്ച് മായ്ച്ചുകളയും?
ഇതെല്ലാം കാണ്‍കെ നാം ഉരുകിപ്പോവണം. ഇറക്കിവിടാന്‍ ആര്‍ക്കാവും ഇനിയെന്നു കുമിഞ്ഞ മണ്ണട്ടി ചോദിക്കും. നിയമം അതു കേള്‍ക്കണമെന്നില്ല. ആ കുട്ടികള്‍ ചരിത്രപാത നീളെ അന്വേഷിക്കും, ഞങ്ങളുടെ അച്ഛനമ്മമാര്‍ കൊയ്ത വയലേലകള്‍ അവരുടേതാവാത്തതെന്ത് സഖാക്കളേ? അവരുടെ വിയര്‍പ്പിന്റെ പങ്കെവിടെ? അവരെ നിങ്ങളെപ്പോഴും എവിടേക്കാണ് ഒഴിപ്പിച്ചുകൊണ്ടേയിരുന്നത്?

ഭൂപരിഷ്കരണം നടന്ന് അരനൂറ്റാണ്ടായി. അതിന്റെ ത്യാഗോജ്ജ്വല കഥകളില്‍ പുളകം കൊണ്ടവരാണ് എരിഞ്ഞമര്‍ന്നത്. കഥ മണ്ണു നല്‍കിയില്ല. ഏട്ടിലെ വിപ്ലവം കോളനിപ്പടി കടന്നുമില്ല. പുറത്തായവര്‍ പുറത്തുതന്നെ.ആ കുട്ടികളോട് നാമെന്തു പറയും? അവര്‍ കാട്ടില്‍ പോകുമോ? അവരില്‍നിന്ന് ചുവന്ന ചട്ടയുള്ള ഒരു പുസ്തകം ആരെങ്കിലും കണ്ടെടുക്കുമോ? അല്ലെങ്കില്‍ തെരുവുകളില്‍നിന്നു തെരുവുകളിലേക്ക് ഓടിക്കൊണ്ടിരിക്കുമോ? ഭരണകൂടം അവരെ എങ്ങോട്ടാണ് നയിക്കുക? പോയവര്‍ക്കു ഭൂമി കിട്ടിയല്ലോ. അവര്‍ക്കു മണ്‍വീടും ശാന്തിയും. മക്കള്‍ കുടിയൊഴിക്കലിന്റെ അടുത്ത എപ്പിസോഡിനു തയ്യാറാകുമോ? മാദ്ധ്യമങ്ങള്‍ തുറുകണ്ണുമായി കാത്തിരിക്കുമോ? പുറംതള്ളലിന്റെ ഭരണകൂട പദ്ധതികള്‍ ഇനിയും വിളംബരപ്പെടുമോ?

ഇന്നു നാം ഉറങ്ങുന്നതെങ്ങനെ? സാധുമാടം എരിച്ചു കളഞ്ഞത് മറ്റാരാണ്?എത്ര അടിയേല്‍ക്കണം എന്റെ കുലീനത ഭരണകൂടത്തോടു മുഖാമുഖം നില്‍ക്കാന്‍! കൊലയാളി ഭരണമേ ആര്‍ക്കുവേണ്ടിയാണ് കൊലയും പുറംതള്ളലും നടത്തിപ്പോന്നത്? വീടു നല്‍കുന്ന കാരുണ്യമേ, പിറന്ന മണ്ണില്‍ അവകാശം നല്‍കാന്‍ മടിച്ചതെന്ത്? വന്‍കിട കൈയേറ്റക്കാരോടു കാണിക്കുന്ന അനുതാപത്തിന്റെ ഒരു തിരി ഇങ്ങോട്ടു തെളിക്കാത്തതെന്ത്? അമ്പിളിയുടെയും രാജന്റെയും കുട്ടികള്‍ അതു ചോദിക്കാതെ വരില്ല.യുവാക്കള്‍ അധികാരത്തിലേക്കു കയറുന്ന ബഹളവും ആഘോഷവും മുഴങ്ങുന്നുണ്ട്. അവര്‍ തിരിച്ചറിയുമോ ഈ കുട്ടികളെ? അവരോര്‍ക്കുന്നുണ്ടാകുമോ ഈ കുട്ടികള്‍ക്കു നല്‍കി വീട്ടാനുള്ള കടം?