ആരും അകത്തേക്ക് പോകാറില്ല, പോയല്‍ തിരിച്ചുവരവില്ല ; കൊല്ലപ്പെട്ട കുട്ടികളുടെ ആത്മാക്കള്‍ വീട്ടില്‍ ഗതികിട്ടാതെ അലയുന്നു ; നിതാരി കൂട്ടക്കൊലയിലൂടെ കുപ്രസിദ്ധമായ പാന്ഡറുടെ ബംഗ്ളാവിലെ അമൂല്യ വസ്തുക്കളെല്ലാം പോയി…!!
ഏകദേശം 12 വര്‍ഷം മുമ്പാണ് ഒരു ദിവസം പുലര്‍ച്ചെ നോയ്ഡയിലെ നിതാരി ഗ്രാമത്തിലെ രണ്ടുനില കെട്ടിടത്തിന് പുറത്തെ ഓടയില്‍ നിന്നും ഒരു മനുഷ്യ അസ്ഥികൂടം പ്രത്യക്ഷപ്പെട്ടത്. ആഴ്ചകള്‍ പിന്നിട്ടതോടെ ഒന്നിനുപുറകേ മറ്റൊന്നായി അസ്ഥികൂടങ്ങള്‍ പുറത്തു വന്നുകൊണ്ടേയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീടിനുള്ളില്‍ നടന്നിരുന്ന ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നു. കൊല്ലപ്പെട്ടതെല്ലാം കൊച്ചുകുട്ടികളായിരുന്നു.
ബംഗ്ളാവിന്റെ ഉടമയായ മൊനീന്ദര്സിംഗ് പാന്ഡറും സഹായി സുരേന്ദര്‍ കോലിയും 19 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി. ചില കുട്ടികളെ കോലി കൊലപ്പെടുത്തി കറിവെച്ചു കഴിച്ചെന്ന് വരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ‘നിതാരി കൂട്ടകൊലക്കേസ്’ എന്ന പേരില്‍ ഈ കേസ് ഇന്ത്യന്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2006 ല്‍ ഈ കേസില്‍ പെട്ടതിന് ശേഷം ഈ ബംഗ്ളാവ് യുപി സര്‍ക്കാര്‍ സീല്‍ ചെയ്തെന്നാണ് സര്‍ക്കാര്‍ രേഖകളില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സീല്‍ ചെയ്യപ്പെട്ട വീട് ഇപ്പോള്‍ തകര്‍ക്കപ്പെട്ട് ഉള്ളിലെ വിലപിടിച്ച വസ്തുക്കളെല്ലാം കാണാതായ അവസ്ഥയിലാണ്.
ബംഗ്ളാവിന്റെ പ്രധാനഗേറ്റ് പോയത് കഴിഞ്ഞ വര്‍ഷമായിരുന്നു. മോഷണം അറിയാതെ പോയത് വീടിന്റെ അകത്തളങ്ങളില്‍ വളര്‍ന്നുകയറിയ ചപ്പും കാടും മൂലമായിരുന്നു. ഗ്രൗണ്ട്ഫ്ളോറിലെ അകത്തെ ഗ്രില്ലുകള്‍ പോലും വര്‍ഷങ്ങളായി കാണാനില്ല. കൊല്ലപ്പെട്ട കുട്ടികളുടെ പ്രേതം വീട്ടില്‍ ഗതികിട്ടാതെ അലഞ്ഞു നടക്കുന്നു എന്നാണ് പുറത്തെ പ്രചരണം. പുറത്ത് അനേകം കുട്ടികള്‍ കളിക്കുന്നുണ്ടെങ്കിലും ഒരാള്‍ പോലും പേടി കൊണ്ട് ബംഗ്ളാവിലേക്ക് നോക്കാനോ അകത്തേക്ക് കയറാനോ തയ്യാറാകാറില്ല. വീട് വില്‍പ്പന നോയ്ഡയില് തകൃതിയായി നടക്കുമ്പോള്‍ പോലും ഈ ബംഗ്ളാവ് ശൂന്യമായ നിലയിലാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വീട്ടില്‍ ഇപ്പോഴുള്ളത് ഒഴിഞ്ഞ ബീയര്‍ ബോട്ടിലുകളും 2006 ലെ ഒരു കലണ്ടറും കീറിയ വസ്ത്രങ്ങളും കത്തിച്ച തടിയുപകരണങ്ങളും മഞ്ഞപ്പ് പടര്‍ന്ന ഫോട്ടോഗ്രാഫുകളും മറ്റുമാണ്.
എന്നാല്‍ നോയ്ഡയിലെ സെക്ടര്‍ 31 ലെ ഡി-5 ബംഗ്ളാവില്‍ ഒരിക്കല്‍ അനേകം വിലപിടിച്ച വസ്തുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിലപിടിച്ച എയര്‍ കണ്ടീഷണര്‍ ഇരുന്ന ഭിത്തിയില്‍ ഇപ്പോഴുള്ളത് വലിയ ഒരു ദ്വാരമാണ്. ടെലിവിഷന്‍ സെറ്റുകളും ഫാനുകളും വസ്ത്രങ്ങളും വിളക്കുകളും ബാത്ത്ടബ്ബ് പോലും കാണാതായി. വീടിന് ചുറ്റും യുപി പോലീസ് വെച്ചിരുന്ന ഇരുമ്പ് വേലി പോലും ആള്ക്കാര് കൊണ്ടുപോയി. വീട്ടിലേക്ക് ആരും കയറാറില്ല. 2017 ല്‍ ഒരു ദിവസം ബംഗ്ളാവിന്റെ ഗെയിറ്റ് കാണാതാകുകയായിരുന്നു. 2014 ല്‍ ഇവിടെ ഒരു തീപിടുത്തം ഉണ്ടായിരുന്നു. ഇവിടം ഇപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും കള്ളന്മാരുടെയും കേന്ദ്രമാണ്. 2006 ഡിസംബര്‍ 29 ന് ശേഷം വീട് പൂട്ടിയ നിലയിലാണ്. വീടിനുള്ളില്‍ വരെ ചെടിയും മരങ്ങളും നിറഞ്ഞുകഴിഞ്ഞു.
ആദ്യ ദിവസം എട്ട് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. സിബിഐ സമര്‍പ്പിച്ച ഫൈനല്‍ റിപ്പോര്‍ട്ടില്‍ 19 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി പറയുന്നു. പുറത്ത് കളിച്ചുകൊണ്ടിരുന്ന നിതാരി ഗ്രാമത്തിലെ കുട്ടികളെ മോഹിപ്പിച്ച് ബംഗ്ളാവിലേക്ക് വിളിച്ചു കയറ്റി ആയിരുന്നു പാന്ഡറും കോലിയും കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. കോലി കുട്ടികളുടെ ശരീരഭാഗങ്ങള്‍ മുറിച്ചെടുത്തു സൂക്ഷിച്ചിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്്. മഞ്ഞപ്പൊടി, കുരുമുളക് പൊടി പോലെയുള്ള വസ്തുക്കളും വീട്ടില്‍ ഉപയോഗിച്ചിരുന്ന ധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും മറ്റും ഇപ്പോഴുമുണ്ട്.
തറയില്‍ കൊല്ലപ്പെട്ട ഒരു കുട്ടിയുടേത് എന്ന് കരുതുന്ന ഇടതു ഷൂസും ചില അടിവസ്ത്രങ്ങളും ഉണ്ടായിരുന്നു. 2006 ഡിസംബറിലെ കലണ്ടര്‍ ഭിത്തിയില്‍ തൂങ്ങിയിരുന്നു. ഇതില്‍ നിന്നുമാണ് കൊലപാതകം നടന്നു എന്ന് കരുതുന്ന മാസങ്ങളുടെ വിവരങ്ങള്‍ കിട്ടിയത്. മുറിയിലെ കിടക്കയില്‍ നിന്നും തടികള്‍ അപ്രത്യക്ഷമായി. കിടക്കയും വസ്ത്രങ്ങളും കാണാനില്ല. ലോക്കറുകളും ശൂന്യമാണ്. ഗ്യാരേജില്‍ കിടക്കുന്ന ടയോട്ടാ കൊറോളാ യും പൊടിയും മാറാലയും പിടിച്ച് തിരിച്ചറിയാത്ത അവസ്ഥയിലായി. സെഡാനുള്ളില് വരെ ചെടികള്‍ കിളിര്‍ത്തു. വീടിനെ ചുറ്റിപ്പറ്റി അനേകം കഥകളാണ് പ്രചരിക്കുന്നത്. ഒരു 11 കാരന് ഇവിടെയുണ്ടെന്നും വീട്ടുകാരല്ലാതെ മറ്റാരെങ്കിലും കയറിയാല്‍ പുറത്ത് പോകില്ലെന്നുമാണ് പറച്ചിലുകള്‍. ഈ വീട്ടിലേക്ക് കയറാന്‍ അസാധാരണ ധൈര്യം വേണമെന്നും സംഭവത്തിന് ശേഷം ഇതുവരെ ആരും ഇവിടേയ്ക്ക് വരാറില്ലെന്നും അയല്‍ക്കാര്‍ പറയുന്നു. ഒരിക്കല്‍ ധൈര്യത്തോടെ ഒരാള്‍ കയറാന്‍ ചെന്നപ്പോള്‍ കുട്ടികള്‍ ചിരിക്കുന്നതിന്റെയും ഓടുന്നതിന്റെയും ശബ്ദം കേട്ടിരുന്നത്രേ.
ഇപ്പോഴും അധികൃതരുടെ കസ്റ്റഡിയിലിരിക്കുന്ന ഈ വീടിന്റെ താക്കോലിനായി ഒരിക്കല്‍ പാന്‍ഡറിന്റെ മകന് ശ്രമം നടത്തിയതാണ്. കോടതിവഴി നീങ്ങിയപ്പോള്‍ ഇക്കാര്യത്തില്‍ പാന്‍ഡറിന്റെ കുടുംബത്തിന് മറുപടി നല്കാന് ജില്ലാ മജിസ്ട്രേറ്റിനോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ബംഗ്ളാവ് തിരിച്ചു കൊടുക്കുന്നതില്‍ ചില നിയമപ്രശ്നങ്ങള്‍ നില നില്ക്കുന്നു എന്നായിരുന്നു മറുപടി. ബംഗ്ളാവില്‍ മോഷണവും തീപിടുത്തവും പതിവാണെന്ന് കാണിച്ച് കരണും മാതാവും പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. വൈദ്യൂതി പോലുമില്ലാത്ത വീടിന് തീ പിടിക്കുന്നത് എങ്ങിനെ ആണെന്നാണ് അവരുടെ സംശയം.
അഞ്ചുമുറികളുള്ള വീടിന് ഈ മേഖലയില്‍ ഏഴ് കോടി വരെയാണ് വില. 2006 ല്‍ ചതുരശ്ര മീറ്ററിന് 35,000 വെച്ചായിരുന്നു വസ്തുവില. അത് ഇപ്പോള്‍ മൂന്ന് മടങ്ങ് ഉയര്‍ന്ന ചതുരശ്രമീറ്ററിന് 90,000 വരെയായി. എന്നാല്‍ ഈ വീട് വാങ്ങാന്‍ ആരും എത്തുന്നില്ല. ഇപ്പോഴൂം പ്രദേശത്തുള്ളവര്‍ക്ക് ദേഷ്യം നില നില്ക്കുന്നതിനാല് പാന്‍ഡര്‍ ഇങ്ങോട്ട് വരാന്‍ അവര്‍ അനുവദിക്കുകയുമില്ല. നതാരി ഗ്രാമത്തില്‍ ഇപ്പോള്‍ മിക്ക കുട്ടികള്‍ക്കും പാന്ഡറുടേയും കോലിയുടെയും കഥയും അറിയാം.
“കടപ്പാട്”