Connect with us

Sports

ഒരു സായിപ്പ് ഒരു വിനോദയാത്രക്ക് പോയി, തിരികെ വന്നത് രണ്ട് ഒളിംപിക് മെഡലുകളും കുറെ റെക്കോര്ഡുകളുമായി

ഇന്ത്യൻ കായികചരിത്രത്തിലെ അതുല്യമായ ആ നിമിഷത്തിന്റെ 121 ആം വാർഷികമാണ് ജൂലൈ 16. അന്നും ഇന്നും ആഘോഷിക്കപ്പെടാത്ത ഒരു ചരിത്രനിമിഷത്തിന്റെ

 63 total views

Published

on

Xavi M

ഒരിക്കൽ ഒരു സായിപ്പ് അവധിക്കാലം ചിലവഴിക്കാൻ കാതങ്ങൾ താണ്ടി ഒരു വിനോദയാത്രക്ക് പോയി. തിരികെ വന്നത് രണ്ട് ഒളിംപിക് മെഡലുകളും ഒരുപറ്റം റെക്കോർഡുകളും ആയി.

ഇന്ത്യൻ കായികചരിത്രത്തിലെ അതുല്യമായ ആ നിമിഷത്തിന്റെ 121 ആം വാർഷികമാണ് ജൂലൈ 16. അന്നും ഇന്നും ആഘോഷിക്കപ്പെടാത്ത ഒരു ചരിത്രനിമിഷത്തിന്റെ ഓർമ. പത്തു വ്യാഴവട്ടങ്ങൾക്ക് മുമ്പ്, ഒരു ജൂലൈ 16 നാണ് അവസാന ഹർഡിലും ചാടിക്കടന്ന് ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യാക്കാരൻ ഒളിംപിക് പോഡിയത്തിലേക്ക് ഓടികയറിയത്, അന്നാണ് വിശ്വലോകത്തിന്റെ മുമ്പിൽ ഇന്ത്യൻ പതാക ആദ്യമായി ഉയർന്നുപൊങ്ങിയത്, ധ്യാൻ ചന്ദിന്റെ ഹോക്കി മാന്ത്രികർക്കും കെഡി ജാദവ് എന്ന മല്ലനും പതിറ്റാണ്ടുകൾക്ക് മുമ്പ് കൈവരിച്ച നേട്ടം. പക്ഷെ നോർമൻ പ്രീച്ചാർഡ് എന്ന കൽക്കട്ടയിലെ പ്രീച്ചാർഡ് സായിപ്പിന്റെ ആ അതുല്യപ്രകടനത്തെ കാലചക്രത്തിനൊപ്പം ഇന്ത്യൻകായികപ്രേമികളും വിസ്മരിച്ചു.

Remembering Norman Pritchard, The First Indian Athlete To Win An Individual  Olympic Medalഈ മണ്ണിൽ ജനിച്ചുവളർന്ന ഇതേ മണ്ണിൽ തന്നെ കായികജീവിതം അവസാനിപ്പിച്ച ആ പ്രതിഭാധനനെ കുറിച് ആരും ഓർത്തിട്ടുപോലുമില്ല. തങ്ങളെ അടക്കിഭരിച്ചവരുടെ വംശത്തിൽ പിറന്നവനാണ് അവനും എന്നതുകൊണ്ടാവാം അത്. അതുകൊണ്ടാണ് ഇന്ത്യൻ കായികചരിത്രത്തിന്റെ സുവർണതാളുകളിൽ ധ്യാൻചന്ദ് മുതൽ സച്ചിൻ തെണ്ടുൽക്കർ വരെയും, കെഡി ജാദവ് മുതൽ വിശ്വനാഥൻ ആനന്ദും പങ്കജ് അദ്ധ്വാനിയും എംസി മേരി കോമും വരെ പാടിപുകഴ്ത്തപ്പെട്ടിട്ടും, ഇന്ത്യയുടെ ഒരുപക്ഷെ ഏഷ്യയുടെ തന്നെ ആദ്യ സൂപ്പർതാരമായ നോർമൻ പ്രീച്ചാർഡ് വിസ്‌മൃതിയിലേക്ക് ആണ്ടുപോയത്.

രവീന്ദ്രനാഥ് ടാഗോറിനും വിവേകാനന്ദനും ജന്മം നൽകിയ രാജാറാം മോഹൻറോയിക്കും നേതാജിക്കും മദർ തെരേസയ്ക്കും ഒക്കെ കർമ്മമണ്ഡലം നൽകിയ കൽക്കട്ടാ മഹാനഗരത്തിലാണ് അയാളും പിറന്നുവീണത്. വർഷങ്ങളായി ബംഗാളിൽ സ്ഥിരതാമസാക്കി കച്ചവടം നടത്തിയിരുന്ന ബ്രിട്ടീഷ് ദമ്പതികളുടെ മകനായി 1875 ലാണ് നോർമൻ ഗിൽബെർട്ട് പ്രീച്ചാർഡ് ജനിച്ചത്. അവിടെ തന്നെയാണ് അയാൾ ജ്ഞാനസ്നാനം സ്വീകരിച്ചതും. കൽക്കട്ടയിലെ തന്നെ സുപ്രസിദ്ധമായ സെന്റ് സേവിയേഴ്‌സിലാർന്നു പഠനം. സെന്റ് സേവിയേഴ്‌സിലെ ജീവിത്തിനിടയ്ക്കാണ് പ്രിച്ചാർഡിലെ കായികതാരം രൂപവും പ്രാപിക്കുന്നത്.

Norman Pritchard – India's first Olympic medalistപഠനകാലത്ത് അത്ലറ്റിക്സിലും ഫുടബോളിലും റഗ്ബിയിലുമൊക്കെ കഴിവുതെളിയിച്ച ‌ ഒരു ഓൾ റൗണ്ട് അത്ലറ്റ് ആയിരുന്നു അയാൾ. കൽക്കട്ടയിൽ പിറന്നുവീണ ഏതൊരു ആൺകുട്ടിയെപോലെയും ഫുട്‍ബോളായിരുന്നു പ്രീച്ചാർഡിന്റെയും ഇഷ്ടവിനോദം. സെന്റ് സേവിയേഴ്സിനുവേണ്ടി 1897 ൽ ഒരു ഓപ്പൺ ഫുടബോൾ ടൂർണമെന്റിൽ പ്രീച്ചാർഡ് നേടിയ ഹാട്രിക്കിനെ, ഇന്ത്യൻ മണ്ണിലെ ആദ്യ ഹാട്രിക് ആയാണ് ചരിത്രം രേഖപ്പെടുത്തിയത്, ഇന്ത്യൻ ഫുടബോളിലെ അതുല്യമായൊരു റെക്കോർഡിനുടമ !

പക്ഷെ പ്രിച്ചാർഡിലെ കായികതാരം പൂർണത പ്രാപിച്ചത് അത്ലറ്റിക്സ് ട്രാക്കിലാർന്നു. 1894 മുതൽ തുടർച്ചയായി ഏഴ് കൊല്ലം ബംഗാൾ പ്രവിശ്യയിലെ (ഇന്നത്തെ പശ്ചിമ ബംഗാളും ബംഗ്ളാദേശും ബീഹാറും ജാർഖണ്ഡും ഒറീസയും ആസാമും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ഭൂപ്രദേശം) ഏറ്റവും വേഗമേറിയ താരമായിരുന്നു നോർമൻ പ്രീച്ചാർഡ്. അതിനിടയ്ക്കാണ് തുടർച്ചയായി 2 വട്ടം പത്തു സെക്കെന്റിനുള്ളിൽ നൂറു വാര ഓടി തീർത്തു റെക്കോർഡിട്ടതും ! 100 വാരയ്ക്കു പുറമെ 440 വാര ഓട്ടത്തിലും 120 വാര ഹർഡിൽസിലും ബംഗാളിലും ഇന്ത്യയിലെയും ചാമ്പ്യനായിരുന്നു അയാൾ.

പക്ഷെ ഒരിക്കലും അയാൾ തന്റെ കായികപ്രതിഭയെ അന്താരാഷ്‌ട്ര തലത്തിലേക്ക് എത്തിച്ചിരുന്നില്ല. അന്നത്തെ വാർത്താവിനിമയസാങ്കേതികതയുടെ പോരായ്‌മകൾ മൂലം ആഥൻസിൽ ആധുനിക ഒളിംപിക്സിന് തിരി കൊളുത്തിയത് പോലും അയാൾ അറിഞ്ഞിരുന്നില്ല. ആഥൻസിൽ വിശ്വമേള നടന്നുകൊണ്ടിരുന്നപ്പോൾ അതൊന്നുമറിയാതെ 6000 കിലോമീറ്ററുകൾക്കപ്പുറം അയാൾ ഇന്ത്യൻ ട്രാക്കുകളിൽ റെക്കോർഡുകൾ കടപുഴക്കിക്കൊണ്ട് വേഗതയുടെ ചുഴലിക്കാറ്റ് അഴിച്ചുവിട്ടുകൊണ്ടിരിക്കുയായിരുന്നു. പിതാവിനെ സഹായിച്ചു ആസാമിലെ പരുത്തി വ്യവസായത്തിൽ ജോലി ചെയ്ത് ഇന്ത്യയിൽ തന്നെ അയാൾ കഴിഞ്ഞുകൂടി.
അങ്ങനെ ഇരിക്കെയാണ് പ്രീച്ചാർഡിന്റെ ജീവിതം മാറിമറിഞ്ഞ ആ വേനൽ കാലം വന്നത്. 1900 ലെ ഗ്രീഷ്മത്തിൽ അവധിക്കാലം ചിലവഴിക്കാൻ അയാൾ ജീവിതത്തിൽ ആദ്യമായി വംഗനാടിനെ വിട്ട് തന്റെ മാതാപിതാക്കളുടെ ജന്മനാടായ ബ്രിട്ടനിലേക്ക് കപ്പൽ കയറി. അവിടത്തെ വിനോദദിനങ്ങളിലെ ഒരു ദിവസം ജൂൺ 12 നു അയാളെ പ്രശസ്തമായ London Athletic Club ലേക്ക് തിരഞ്ഞെടുത്തു. പിറ്റേ ദിവസം ക്ളബ്ബിന്റെ ഒരു Challenge Cup ൽ 440 വാര ഹർഡിൽസ് പങ്കെടുത്ത പ്രീച്ചാർഡ് അതിൽ വിജയിക്കാനിടയായി.

രണ്ടാഴ്ചക്ക് ശേഷം 100 വാരയിലും 120 വാര ഹർഡിൽസിലും അന്നത്തെ ബ്രിട്ടീഷ് അത്ലറ്റിക് ചാമ്പ്യനെ തോൽപ്പിച്ചയാൾ ചില ക്ലബ് കിരീടങ്ങളും നേടി. ഇതിൽ ആശ്ചര്യപ്പെട്ട ക്ലബ് അയാളെ പിറ്റേ ആഴ്ച, ജൂലൈ 7 നു നടക്കാൻ പോകുന്ന ബ്രിട്ടീഷ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്കയച്ചു (AAA Championship). അവിടെ വച്ചാണ് അയാൾ ഏഴു ദിവസങ്ങൾക്കപ്പുറം പാരീസിൽ നടക്കാൻ പോകുന്ന വിശ്വകായികമേളയെ കുറിച്ചാദ്യമായി കേൾക്കുന്നത്. പാരീസിലേക്കുള്ള യാത്രാമധ്യേ അമേരിക്കയുടെ മികച്ച താരങ്ങളെല്ലാം പങ്കെടുക്കുന്ന സന്നാഹ മത്സരവേദി കൂടിയായിരുന്നു അത്. അവർക്കൊപ്പം പ്രീച്ചാർഡ് ജീവിതത്തിലാദ്യമായി ഒരു അന്താരാഷ്ട്രവേദിയിലേക്ക് മത്സരിക്കാനിറങ്ങി, അതും ഒളിംപിക്സിന് വെറും ഒരാഴ്ച മുമ്പ്. തന്റെ മാതൃ ക്ലബായ Bengal Presidency AC ന്റെ അംഗമെന്ന നിലയിലാണ് അയാൾ ചാംപ്യൻഷിപ്പിനിറങ്ങിയത്.
അത്ലറ്റിക്സ് എന്നാൽ അമേരിക്കയുടെ മാത്രം കുത്തകയാണെന്ന് ലോകം വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. അമേരിക്കൻ അത്‌ലറ്റുകളുടെ കായികശേഷിക്കുമുമ്പിൽ ആർക്കും പിടിച്ചുനിൽക്കാനാകില്ലെന്ന് ഏവരും ധരിച്ചിരുന്നു. അവിടേക്കാണ് കൽക്കട്ടയുടെ പുത്രൻ കടന്നുവന്നത്. 1900 കളിലെ ജെസി ഓവൻസ് എന്ന് പിന്നീട് അറിയപ്പെട്ട Alvin Kraenzlein ആയിരുന്നു അന്നത്തെ ഏറ്റവും മികച്ച താരം. ഹർഡിൽസിൽ മറ്റ് സൂപ്പർ താരങ്ങളെയെല്ലാം പിന്നിലാക്കിയ പ്രീച്ചാർഡ് Kraenzlein നു മാത്രം പിന്നിൽ രണ്ടാമനായി ഫിനിഷിങ് ലൈൻ കടന്നു. മറ്റു പല ഇനങ്ങളിലും അയാൾ ഒന്നാമനായി തന്നെ ഓട്ടം പൂർത്തിയാക്കി. ബ്രിട്ടീഷ് ജനത അത്ഭുതപ്പെട്ടു. പ്രീച്ചാർഡ് നടത്തിയ ഈ ഐതിഹാസിക പ്രകടനങ്ങൾ ഇംഗ്ലണ്ടിൽ ഉടനീളം വാർത്തയായിരുന്നു.

Advertisement

The Field Magazine അയാളെ “Indian Champion” എന്ന് പുകഴ്ത്തി തലക്കെട്ടെഴുതി. AAA ചാമ്പ്യൻഷിപ്പിലെ ഈ പ്രകടനം അയാളെ പാരീസ് ഒളിംപിക്സിന് യോഗ്യനാക്കി. Bengal Presidency AC യുടെ അംഗമെന്ന നിലയിൽ പങ്കെടുത്തതിനാലും Indian Birth Certificate ഉം Indian Travel Document ഉം (ഇന്നത്തെ Passport) കൈവശമുള്ളതിനാൽ ബ്രിട്ടീഷ് ഇന്ത്യയുടെ പതാകയ്ക്ക് കീഴിൽ IOC നോർമൻ പ്രീച്ചാർഡിനെ രജിസ്റ്റർ ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു ഏഷ്യൻ രാജ്യം ഒളിംപിക്സിൽ പങ്കെടുക്കാൻ പോകുന്നു, അതും നമ്മുടെ ഇന്ത്യ മഹാരാജ്യത്തിനുവേണ്ടി. ഇംഗ്ളീഷ് ചാനൽ മുറിച്ച കടന്ന് അയാൾ പാരീസിലേക്ക് കപ്പൽ കയറി.
അങ്ങനെ പാരീസിലെ ക്രോയ്‌സ് കാറ്റലൻ സ്റ്റേഡിയത്തിൽ വിശ്വമേള വിരുന്നെത്തി. പക്ഷെ പ്രഥമ ഒളിംപിക്സിനെ അപേക്ഷിച് ശരാശരിയിലും താഴെ നിലവാരമുള്ളതായിരുന്നു പാരീസിലെ വേദി. ഒരു സാധാരണ അത്ലറ്റിക് ട്രാക്ക് ആയിരുന്നില്ല അവിടെ, 500m നീളത്തിൽ മരങ്ങൾ നിറഞ്ഞ നിരപ്പല്ലാത്തതായ ഒരു പുൽമൈതാനമായിരുന്നു ട്രാക്ക്. ജൂലൈ 14 നു ട്രാക്കുണർന്നു. 5 ഇനങ്ങളിലാണ് നോർമൻ പ്രീച്ചാർഡ് യോഗ്യത നേടിയത് – 60m, 100m, 200m സ്പ്രിന്റും, 110m, 200m ഹർഡിൽസും. ആദ്യ ദിനം തന്നെ പ്രീച്ചാർഡിറങ്ങി. 100m സ്പ്രിന്റ്, ആദ്യമായി ഒളിംപിക്സ് ട്രാക്കിലേക്ക് ഒരു ഏഷ്യാക്കാരൻ കടന്നുവരുന്നു. അമേരിക്കയുടെ ആധിപത്യം കണ്ട ഹീറ്റ്‌സിൽ ഒന്നാമനായി തന്നെ പ്രീച്ചാർഡ് സെമിയിലേക്ക് കടന്നു. ഫൈനലിന് മുന്നോടിയായുള്ള repechage റൗണ്ടിൽ പ്രീച്ചാർഡും ഓസ്‌ട്രേലിയയുടെ സ്റ്റാൻ റൗലിയും ഒരേ സമയത്തു ഫിനിഷിങ് ലൈൻ കടന്നു, പക്ഷെ ഫോട്ടോഫിനിഷിങ് സാങ്കേതികവിദ്യയുടെ അഭാവം പ്രീച്ചാർഡിനു ഫൈനൽ നിഷേധിച്ചു, ഭാഗ്യം റൗലിയെ തുണച്ചു. അന്നു തന്നെ ആയിരുന്നു 110m ഹർഡിൽസും നടന്നത്. ഇത്തവണ ഹീറ്റ്സിലെ ഒന്നാം സ്ഥാനം പ്രീച്ചാർഡിനെ നേരിട്ട് ഫൈനലിൽ പ്രവേശിപ്പിച്ചു. പ്രീച്ചാർഡിന്റെയും ഏഷ്യയുടെയും ആദ്യ ഫൈനൽ. പക്ഷെ നിർഭാഗ്യം വീണ്ടും അയാളെ വേട്ടയാടി, മെഡലിലേക്കുള്ള ഓട്ടത്തിനിടയിൽ അയാളുടെ പേശി വലിഞ്ഞു, ഒളിമ്പിക് മെഡൽ എന്ന സ്വപ്നം വീണ്ടും കയ്യെത്തും ദൂരത്തു വഴുതി വീഴുന്നത് കണ്ട് പ്രീച്ചാർഡ്‌ തല കുനിച്ചുനിന്നു. ഫൈനൽ പൂർത്തിയാക്കാനാവാതെ കണ്ണീരോടെ അയാൾ കളം വിട്ടു. പിറ്റേന്ന് പ്രീച്ചാർഡിന്റെ മൂന്നാം ഇനം. മീറ്റിലെ ഏറ്റവും ഹ്രസ്വമായ 60m സ്പ്രിന്റ്. ഹീറ്റ്‌സിൽ ഒപ്പം ഓടുന്നത് അമേരിക്കൻ ഇതിഹാസം Alvin Kreanzlein. സെക്കൻഡിന്റെ നൂറിലൊരു അംശത്തിന്റെ വ്യത്യാസത്തിൽ ആൽവിനു പിന്നിലായി പോയ പ്രീച്ചാർഡിനു ഫൈനൽ കാണാതെ പുറത്താകേണ്ടി വന്നു. മത്സരിച്ച മൂന്നിനങ്ങളിലും നിർഭാഗ്യം അയാളെ നിർത്താതെ വേട്ടയാടി, നിരാശ മാത്രം ഫലം.

പക്ഷെ തോറ്റു കൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. അല്ലെങ്കിലും ഇതിഹാസം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ടവന്റെ മുമ്പിൽ ഭാഗ്യനിർഭാഗ്യങ്ങൾക്ക് അധികം പിടിച്ചുനിൽക്കാനാവില്ലല്ലോ. പിറ്റേന്ന് ജൂലൈ 16 നു 200m ഹർഡിൽസ്. എതിരാളി അതേ Alvin Kraenzlein തന്നെ. പ്രീച്ചാർഡിനു ഇത് ആത്മാഭിമാനത്തിന്റെ പോരാട്ടമായിരുന്നു. തലേ ആഴ്ച ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ളീഷുകാരെ വിസ്മയിപ്പിച്ച അയാൾക്ക് ഒരിക്കലും വെറും കയ്യോടെ മടങ്ങിപ്പോകാൻ ആകുമായിരുന്നില്ല. മൂന്നു മെഡലുകളാണ് കൺമുമ്പിൽ വച്ചയാൾക്ക് നഷ്ടപെട്ടത്. പോരാടാൻ ഉറച്ചു അയാൾ ട്രാക്കിലേക്കിറങ്ങി. ഹീറ്റ്‌സിൽ തന്നെ പ്രീച്ചാർഡ് മറുപടി കൊടുത്തു തുടങ്ങി. നിമിഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച Kraenzlein ന്റെ പുതിയ ഒളിമ്പിക് റെക്കോർഡ് ചൂടാറുംമുമ്പേ തിരുത്തിക്കുറിച് അയാൾ ഫൈനലിലേക്ക് ഓടിക്കയറി. ഒരു ഏഷ്യാക്കാരന്റെ ആദ്യ ഒളിംപിക് റെക്കോർഡ്. ബംഗാളിലെ ആഭ്യന്തര ട്രാക്കുകളെ മാത്രം ഓടി തോൽപ്പിച്ച ഒരു പീറ പയ്യനല്ല താനെന്നു തെളിയിക്കാൻ അയാൾക്ക് ആ നേട്ടം ആവശ്യമായിരുന്നു. അന്നു തന്നെ ഫൈനലിനും ട്രാക്കൊരുങ്ങി. അമേരിക്കയുടെ Kraenzlein ഉം Trewksbury ഉം ഇന്ത്യയുടെ പ്രീച്ചാർഡും തമ്മിലായിരുന്നു പ്രധാന പോരാട്ടം. വെടി മുഴങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ Kraenzlein ഫിനിഷിങ് ലൈൻ തൊട്ടു. മില്ലിസെക്കണ്ടുകളുടെ മാത്രം വ്യത്യാസത്തിൽ അയാൾക്ക് പിന്നിൽ അവസാന ഹർഡിലും ചാടി കടന്നു നോർമൻ പ്രീച്ചാർഡ് ഓടിക്കയറി, ഒളിംപിക് പോഡിയത്തിലേക്കും ചരിത്രത്തിലേക്കും.
ഏഷ്യൻകായികരംഗത്തിൽ ഒരു നാഴികക്കല്ല് പിറന്നു, വിശ്വമേളയുടെ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യാക്കാരൻ പോഡിയത്തിലേക്ക് കാലെടുത്തുവച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ പതാക പാരീസിൽ ഉയർന്നുപൊങ്ങി. “Indians should be proud of the fact that Norman Pritchard of India was the first from Asia to win medals in the Paris Olympics in 1900. That was a splendid beginning…a magnificent start for Asia.” വിഖ്യാത ജർമൻ പരിശീലകൻ Dr.Otto Peltzer ന്റെ വാക്കുകളിലുണ്ടെല്ലാം. പിന്നീട് ഇരുപത് വർഷങ്ങൾ വേണ്ടി വന്നു മറ്റൊരു ഏഷ്യാക്കാരന് തന്റെ രാജ്യത്തിന്റെ പതാക മെഡൽവേദിയിൽ ഉയർത്താൻ എന്നതിലുണ്ട് പ്രീച്ചാർഡിന്റെ നേട്ടത്തിന്റെ വലുപ്പം. ജപ്പാനും ചൈനയും കൊറിയയുമെല്ലാം മെഡലുകൾ വാരിക്കൂട്ടാൻ തുടങ്ങുന്നതിനു കാതങ്ങൾക്കു മുമ്പേ കൽക്കട്ടയുടെ പ്രീച്ചാർഡ് സായിപ്പ് കടന്നുപോയിരുന്നു. അന്നത്തെ ഫൈനലിൽ ഒന്നാമതെത്തിയ Kraenzlein ന്റെ തുടക്കം ഒരു ഫൗൾ സ്റ്റാർട്ടായിരുന്നു, അന്ന് ഫൗൾ സ്റ്റാർട്ടിന് അയോഗ്യതക്ക് പകരം 1m penalization മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന കാരണം കൊണ്ട് അർഹതപ്പെട്ട ഒരു സ്വർണമായിരുന്നു പ്രീച്ചാർഡിനു നഷ്ടപെട്ടത്.
അവിടെയൊന്നും പ്രീച്ചാർഡ് നിർത്തിയില്ല. 6 ദിവസങ്ങൾക്കപ്പുറം അത്ലറ്റിക്സിന് തിരശീല വീണ ജൂലൈ 22 നു അയാൾ വീണ്ടും വെടിപൊട്ടിച്ചു. അവസാന ദിനത്തിലെ അവസാന ഇനം 200m സ്പ്രിന്റായിരുന്നു. അമേരിക്കയുടെ William Holland നു പിന്നിൽ രണ്ടാമനായി പ്രീച്ചാർഡ് ഫൈനലിൽ കടന്നു, നോർമന്റെ മൂന്നാം ഫൈനൽ. അമേരിക്കയുടെ Holland ഉം Trewksbury ഉം പിന്നെ 100 മീറ്ററിൽ തനിക്ക് ഫൈനൽ നിഷേധിച്ച സ്റ്റാൻ റൗലിയും ആയിരുന്നു പ്രീച്ചാർഡിന്റെ എതിരാളികൾ. പക്ഷെ റൗലിയെയും ഹോളണ്ടിനെയും തോൽപ്പിച്ചു Trewksbury ക്കു മില്ലിസെക്കന്റുകൾ മാത്രം പിന്നിൽ പ്രീച്ചാർഡ് വീണ്ടും പോഡിയം തൊട്ടു. ഒരൊറ്റ ഒളിംപിക്സിൽ ഇരട്ട മെഡലുകൾ, അതും അത്ലറ്റിക്സിൽ. ഇന്നൊരു ഇന്ത്യാക്കാരന് ചിന്തിക്കാവുന്നതിലും അപ്പുറം. എട്ടു ദിവസങ്ങൾക്കൊണ്ട് 5 ഇനങ്ങളും അതിന്റെ ഹീറ്റ്സും 2 ഹാൻഡിക്യാപ് ഇവന്റസും ഉൾപ്പടെ 14 മത്സരങ്ങളാണ് അയാൾ ഓടി തീർത്തത്. പലരും മാസങ്ങളും വർഷങ്ങളും തയ്യാറെടുത്തു വന്നപ്പോൾ, തന്റെ അവധികാലം ചിലവഴിക്കുന്നതിനിടെയാണ് അയാൾ പാരീസിലേക്ക് പോയത്. അയാൾ ഒളിംപിക്സിനെക്കുറിച് കേട്ടത് പോലും ദിവസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു, ജീവിതത്തിലാദ്യമായി അന്താരാഷ്ട്രവേദിയിൽ എത്തിയതോ വെറും ഒരാഴ്ച മുമ്പ്. അവിടെ നിന്നാണ് അയാൾ ചരിത്രം രചിച്ചത്.
അമേരിക്ക തൂത്തുവാരിയ ആ ഒളിംപിക് ട്രാക്കിൽ, വിധിയെയും നിർഭാഗ്യങ്ങളെയും അമേരിക്കൻ കരുത്തരെയും തോൽപ്പിച്ചു നേടിയ ആ വെള്ളിമെഡലുകൾക്ക് തനി തങ്കത്തിന്റെ തന്നെ വിലയുണ്ട്. മേള അവസാനിച്ചപ്പോൾ അത്ലറ്റിക്സ് മെഡൽ പട്ടികയിൽ ഏഴാമതായി ഇന്ത്യ ഇടം പിടിച്ചു. അതിനു ശേഷം 121 വർഷങ്ങളും 26 ഒളിംപ്യാഡുകളും കടന്നു പോയി, പക്ഷെ പിന്നീട് ഇന്നേവരെ ഇന്ത്യക്ക് ആ മെഡൽ വേദിയിലേക്ക് ഒന്നെത്തിനോക്കാൻ പോലും ആയിട്ടില്ല എന്നതിലുണ്ട് പ്രീച്ചാർഡിന്റെ മഹത്വം.
ഈ രണ്ടു മെഡലുകൾക്ക് പുറമെ handicap events ൽ പെട്ട 400m ഹർഡിൽസിൽ ഒന്നാം സ്ഥാനവും 100m ൽ മൂന്നാം സ്ഥാനവും കൊയ്താർന്ന് അയാൾ തന്റെ ഓട്ടം പൂർത്തിയാക്കിയത്. അന്ന് ഒളിംപിക് ജേതാക്കൾക്ക് മെഡലുകൾക്ക് പകരം ട്രോഫികൾ ആയിരുന്നു കൊടുത്തിരുന്നത്. പക്ഷെ പ്രീച്ചാർഡിന്റെ പോരാട്ടവീര്യത്തിൽ അത്ഭുതപെട്ട ബ്രിട്ടീഷ് അത്ലറ്റിക് അസോസിയേഷൻ അദ്ദേഹത്തിനൊരു Honorary സിൽവർ മെഡലും ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി വിലപിടിപ്പുള്ള ഒരു പേനാക്കത്തിയും സമ്മാനമായി നൽകി. എന്നാൽ കാലം അയാളോട് നീതികേട്‌ കാട്ടാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. പാരീസിലെ വീരേതിഹാസത്തിനു ശേഷം അയാൾ കൽക്കട്ടയിലേക്ക് തന്നെ മടങ്ങി. പക്ഷെ കടലുകൾക്കപ്പുറം അയാൾ സൃഷ്‌ടിച്ച ചരിത്രമൊന്നും കൽക്കട്ടക്കാർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെട്ടിട്ടുള്ളത്. രാജ്യത്തെ തന്നെ വിസ്മയിപ്പിച്ച ഒരു ഇതിഹാസ പ്രകടനത്തെ സ്വന്തം ജന്മനാട് അറിഞ്ഞില്ല എന്നതിനപ്പുറമൊരു വേദന മറ്റെന്തെങ്കിലുമുണ്ടോ ? ഇന്ത്യയെ വിസ്മയിപ്പിച്ച ‘പറക്കും സിങ്’ എന്ന മിൽക്കാ സിങ്ങിനും പയ്യോളിക്കാരി പെൺകരുത്തിനും അഞ്ചു ബോബി ജോർജിനു പോലും എത്തിപിടിക്കാനാവാത്ത നേട്ടമായിരുന്നു അയാളുടെതെന്നിട്ടും, അയാൾ വിസ്മരിക്കപ്പെട്ടു. അവരൊക്കെ വാനോളം ആഘോഷിക്കപ്പെട്ടിട്ടും പുകഴ്ത്തപ്പെട്ടിട്ടും പ്രീച്ചാർഡ് ഇന്ധ്യയ്ക്കാരന്റെ ഓർമകളിൽ പോലും ഇല്ലാണ്ടായി, അന്നും ഇന്നും. ജന്മനാട്ടിൽ തിരികെയെത്തിയ ഉടനെ അയാൾ തന്റെ കായികജീവിതം അവസാനിപ്പിച്ചു.

തുടർന്ന് അയാൾ കായികഭരണത്തിലേക്ക് കടന്നു. 1900 മുതൽ 1902 വരെ Indian Football Association ന്റെ സെക്രട്ടറി ആയി നിലകൊണ്ടു. പിന്നീടൊള്ള 3 കൊല്ലം Honorary സെക്രട്ടറിയായും. 1905 ൽ ഫുടബോൾ ഭരണസമിതിയിലെ തന്റെ കാലാവധി പൂർത്തിയാക്കിയതോടെ അയാൾ എന്നെന്നേക്കുമായി ഇന്ത്യ വിടാൻ തീരുമാനിച്ചു. മുപ്പത് വർഷം വംഗനാടിന്റെ മാത്രം ജീവവായു ശ്വസിച്ച അയാൾ ജന്മനാടിനോട് വിടപറഞ്ഞു. ഫുടബോൾ ഫെഡറേഷന്റെ യാത്രയയപ്പിനു ശേഷം അയാൾ കുടുംബത്തിന്റെ പരുത്തിക്കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബ്രിട്ടനിലേക്ക് കൂടുമാറി. ഇംഗ്ലണ്ടിലേക്കുള്ള ഈ രണ്ടാമത്തെ യാത്രയും പ്രീച്ചാർഡിന്റെ ജീവിതത്തെ വീണ്ടും മാറ്റിമറിച്ചു. അതിനു കാരണമായത് ഇന്ത്യ തന്നെയായിരുന്നു. ഒരു അത്താഴവിരുന്നിനിടയ്ക്ക് സദസ്യർ പ്രീച്ചാർഡിനോട് ഇന്ത്യയെ കുറിച് സംസാരിക്കാൻ ആവശ്യപ്പെട്ടു. മൂന്നു പതിറ്റാണ്ട് താൻ ജനിച്ചു വളർന്ന മണ്ണിനെ പറ്റി അയാൾ വാതോരാതെ വിവരിക്കുവാൻ തുടങ്ങി. വാചാലനായ അയാളുടെ വിവരണം കേട്ട് വിരുന്നിനെത്തിയ സർ ചാൾസ് വിന്തം അയാളിൽ ഒരു നടനുണ്ടെന്ന് കണ്ടുപിടിച്ചു. അയാൾ പ്രീച്ചാർഡിനെ അരങ്ങിലേക്ക് ക്ഷണിച്ചു. തന്റെ നാടകങ്ങളില്ലാം അയാൾ പ്രീച്ചാർഡിനു വേഷം കൊടുത്തു. അഭിനയകല ഗൗരവമായി എടുക്കുവാൻ സർ ചാൾസ് അയാളെ ഉപദേശിച്ചു. അറ്ലാന്റിക്കിനപ്പുറം സിനിമാവ്യവസായം ഉത്ഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഹോളിവുഡ് അയാളെ ആകർഷികൊണ്ടിരുന്നു. സർ ചാൾസിന്റെ നിർദ്ദേശപ്രകാരം അയാൾ അമേരിക്കയിലേക്ക് താമസം മാറ്റി. നോർമൻ ട്രെവർ എന്ന പേരിൽ അയാൾ അവസരങ്ങൾ തേടി നടന്നു. ഒടുവിൽ 1914 ൽ പ്രശസ്തമായ Broadway തിയേറ്ററിൽ ട്രെവർ അരങ്ങേറി. പിറ്റേവർഷം വെള്ളിത്തിരയിലേക്കും അയാൾ കാലെടുത്തുവച്ചു.

അവിടെയും അയാൾ ചരിത്രം കുറിച്ചു, ഹോളിവുഡിൽ അരങ്ങേറുന്ന ആദ്യത്തെ ഒളിമ്പ്യൻ, പിന്നീട് കായികലോകത്തു നിന്ന് സിനിമയിലേക്കെത്തിയ ബ്രൂസ് ലീയുടെയും അർണോൾഡ് ഷ്വാസ്‌നെഗറിന്റെയും ഡ്വെയ്ൻ ജോണ്സന്റെയുമൊക്കെ പിതാമഹൻ. ലോകപ്രശസ്ത സിനിമാ താരങ്ങളായ Ronald Colman, Clara Bow, Gary Cooper എന്നിവരോടൊപ്പം പ്രീച്ചാർഡ് ബിഗ്‌സ്‌ക്രീനിൽ തിളങ്ങി നിന്നു. MGM ന്റെ ബാനറിൽ കോൾമാനൊപ്പമായിരുന്നു അയാളുടെ ഏറിയ സിനിമകളും. നീണ്ട 14 വർഷം ആ നിശബ്ദലോകത്ത്‌ 28 ഓളം ചലച്ചിത്രങ്ങളിലും 26 നാടകങ്ങളിലുമാണ് നോർമൻ ട്രെവറായി മാറിയ നോർമൻ പ്രീച്ചാർഡ് അഭിനയിച്ചത്. അഭിനയത്തിനപ്പുറം ട്രേഡ് യൂണിയനിലെ അംഗം കൂടിയായിരുന്നു അയാൾ. ഒരിക്കൽ നാടക കലാകാരന്മാർക്ക് മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ഒരു ബഹിഷ്‌കരണത്തിന് അയാൾ നേതൃത്വം നൽകിയിരുന്നു.

പക്ഷെ വിധി അയാളെ വേട്ടയാടിക്കൊണ്ടിരുന്നു. 54 ആം വയസിൽ അൽഷിമേഴ്‍സടക്കം തലച്ചോറിനെ ബാധിക്കുന്ന ചില അസുഖങ്ങൾക്ക് അയാൾ ഇരയായി. അതോടെ ഭാര്യയും ഒരേയൊരു മകളും അയാളെ ഉപേക്ഷിച്ചുപോയി. പിന്നീടങ്ങാട്ട് മാനസികകേന്ദ്രങ്ങളിൽ നിന്നു മാനസികകേന്ദ്രങ്ങളിലേക്ക് പ്രീച്ചാർഡിന്റെ ജീവിതം പിഴുതെറിയപ്പെട്ടു. ഒടുവിൽ 1929 ൽ അനാഥനും ദരിദ്രനുമായി ലോസ് ഏഞ്ചൽസിന്റെ തെരുവീഥിയിൽ നോർമൻ പ്രീച്ചാർഡ് എന്ന അതുല്യ കലാകായിക പ്രതിഭ ഒന്നുമില്ലാത്തവനായി മരണത്തിനു കീഴടങ്ങി.

പിന്നീട് കാലം ഒരുപാട് മുന്നോട്ട്പോയി. ഇന്ത്യൻ കായിക മേഖല വളർന്നു പന്തലിച്ചു. പ്രീച്ചാർഡിനെയൊക്കെ ഇന്ത്യ പണ്ടേ മറന്നുപോയിരുന്നു. അങ്ങനെയിരിക്കെയാണ് ഒളിംപിക്‌സിന്റെ നൂറാം വാർഷികത്തിന് അറ്റലാന്റയിൽ തിരിതെളിഞ്ഞതും കൽക്കട്ടയിൽ നിന്ന് തന്നെയുള്ള ലിയാൻഡർ പേസ് എന്ന ചെറുപ്പക്കാരനിലൂടെ വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഒരു മെഡൽ നേടുന്നതും. അക്കാലത്താണ് പല ഇന്ത്യൻ കളിയെഴുത്തുകാരും അവരിലൂടെ ആരാധകരും ഇന്ത്യക്കു വേണ്ടി മെഡൽ നേടിയ ഒരു പ്രിച്ചാർഡ് സായിപ്പിനെ പറ്റി ആദ്യമായി കേൾക്കുന്നതും 96 വർഷങ്ങൾ പഴക്കമുള്ള അയാളുടെ നേട്ടങ്ങളെ കുറിച്ചറിയുന്നതു പോലും. അതിൽ ആശ്ചര്യവും അമ്പരപ്പും തോന്നിയ പല എഴുത്തുകാരും ചരിത്രകാരന്മാരും അതോടെ അയാളെ കുറിച് അന്വേഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് മൺമറഞ്ഞുപോയ ഈ കഥകളൊക്കെ പുറത്തുവന്നത് (അദ്ദേഹത്തെപ്പറ്റി ഇതിൽ കൂടുതലൊന്നും ഇന്നും ആർക്കുമറിയില്ല). പക്ഷെ ചെറിയൊരു അന്തർദേശീയ വിവാദത്തിനും അത് തുടക്കമിട്ടു. പ്രിച്ചാർഡിന്റെ പൗരത്വത്തെ ചൊല്ലിയായിരുന്നു തർക്കം. പ്രിച്ചാർഡ് ബ്രിട്ടീഷുകാരൻ മാത്രമാണെന്നും ലണ്ടൻ അത്ലറ്റിക് ക്ലബ്ബിന്റെ അംഗമെന്ന നിലയിൽ ബ്രിട്ടനുവേണ്ടിയാണ് അയാൾ മത്സരിച്ചതെന്നും ചില ഒളിംപിക് ചരിത്രകാരന്മാർ വാദിച്ചു. അന്നത്തെ ഒളിംപിക് പ്രോഗ്രാമിൽ പ്രിച്ചാർഡിന്റെ പേര് രേഖപെടുത്തപ്പെട്ടത് ബ്രിട്ടന്റെയും ബ്രിട്ടീഷ് ഇന്ത്യയുടേയും പേരിലായിരുന്നു എന്നതുകൊണ്ടാണ് ഈ ആശയകുഴപ്പം ഉണ്ടായത്. (നേരത്തെ ബ്രിട്ടീഷ് AAA ചാമ്പ്യൻഷിപ്പിൽ പ്രവേശിച്ചപ്പോൾ പ്രിറ്റ്‌ചാർഡ് ബംഗാൾ പ്രസിഡൻസി അത്‌ലറ്റിക്സ് ക്ലബിലെയും ലണ്ടൻ അത്‌ലറ്റിക്‌സ് ക്ലബിലെയും അംഗത്വത്തെക്കുറിച്ച് പരാമർശിച്ചതിനാലാണ് ഇത്). ഇത് അന്ന് ഇന്ത്യയിൽ ചില പ്രതിഷേധങ്ങൾ ഉണ്ടാക്കി. കൽക്കട്ടയിൽ ജനിച്ച, കൽക്കട്ടയിൽ പഠിച്ച, കൽക്കട്ടയിലെ ട്രാക്കുകളിൽ തന്റെ അത്ലറ്റിക് റെക്കോർഡുകളെല്ലാം സ്ഥാപിച്ച, കൽക്കട്ടയിൽ വച് തന്നെ തന്റെ കായികജീവിതം അവസാനിപ്പിച്ച അയാളെ ഇന്ത്യാക്കാരനായി തന്നെ കണക്കാക്കണമെന്നു ഇന്ത്യൻ കായികസ്ഥാപനങ്ങൾ വാദിച്ചു. ഒടുവിൽ International Olympic Committee, പ്രിച്ചാർഡ് ബ്രിട്ടീഷ് ഇന്ത്യക്കു വേണ്ടിയാണ് മത്സരിച്ചതെന്നും, അയാളുടെ മെഡലുകൾ ഇന്ത്യയുടെ പട്ടികയിൽ തന്നെ നിലനിൽക്കുമെന്നും തീർപ്പുകല്പിച്ചു. അന്നത്തെ തർക്കങ്ങളിൽ ഉണ്ടായ ഒരു ആക്ഷേപഹാസ്യത്തിൽ നിന്നുപോലും പ്രിച്ചാർഡിന്റെ വലുപ്പം അളക്കാം – “Tell the English: OK, you keep Ranji, the legendary “English” cricketer, and we’ll keep Norman Pritchard”.

കലാകായികമേഖലകളിലെ ഒരു പറ്റം റിക്കോർഡുകൾക്കുടമയാണ് നോർമൻ പ്രിച്ചാർഡ്. ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ ഏഷ്യാക്കാരൻ, ഒളിംപിക്സിൽ മീറ്റ് റെക്കോർഡ് കുറിക്കുന്ന ആദ്യ ഏഷ്യാക്കാരൻ, ഒളിമ്പിക്സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യാക്കാരൻ, ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഏഷ്യാക്കാരൻ, ഇന്ത്യൻ ഫുടബോളിലെ ആദ്യ ഹാട്രിക്കിനുടമ, ഹോളിവുഡിൽ അഭിനയിക്കുന്ന ആദ്യ ഇന്ത്യാക്കാരനും ഒളിംപ്യനും. ഓട്ടോ സ്പെൽറ്സർ പറഞ്ഞതുപോലെ ലോകത്തിനു മുമ്പിൽ ഏഷ്യൻകായികരംഗത്തിന്റെ വാതായനം തുറന്നിട്ടവനാണ് അദ്ദേഹം. ഭൂമിയിലെ ഏതൊരു മികച്ച താരത്തോടും കിടപിടിക്കാൻ ഏഷ്യാക്കാർക്കും സാധിക്കുമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞവൻ.
ഓരോ ഒളിംപിക്സ് കടന്നുവരുമ്പോഴും നാം ധ്യാൻ ചന്ദിന്റെ ഹോക്കി മാന്ത്രികരെ പറ്റിയും കെഡി ജാദവിനെ പറ്റിയും അഭിനവ് ബിന്ദ്രയെ പറ്റിയുമൊക്കെ സംസാരിക്കും. പക്ഷെ ഇന്ത്യൻ കായികപ്രേമികൾ എഴുന്നേറ്റ് നിന്നാദരിക്കേണ്ട ആ ചരിത്രപുരുഷൻ മാത്രം ലോസ് ഏഞ്ചൽസിലെ ഏതോ ഒരു ശവക്കുഴിയിൽ ഇന്നും മണ്മറഞ്ഞിരിക്കുന്നു. ഇന്ത്യൻ കായികരംഗം എത്രയൊക്കെ ഉയരങ്ങൾ കീഴടക്കിയാലും, എത്രയൊക്കെ മെഡലുകൾ വാരിക്കൂട്ടിയാലും, നോർമൻ ട്രെവർ ഗിൽബെർട് പ്രിച്ചാർഡ് എന്ന കൽക്കട്ടയിലെ പ്രിച്ചാർഡ് സായിപ്പിന്റെ നേട്ടങ്ങൾ അത്യുന്നതിയിൽ തന്നെ നിലകൊള്ളും. അത്രത്തോളം അതുല്യനാണ് അയാൾ…

Advertisement

 64 total views,  1 views today

Advertisement
Entertainment9 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment14 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement