ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് നഴ്സിങ് പഠിക്കാൻ പറ്റുമോ ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ഇന്ത്യൻ നഴ്സിങ് കൗൺസിൽ പുറത്തിറക്കിയ ബി.എസ്സ് .സ്സി. നഴ്സിങ്ങിന്റെ പുതുക്കിയ സിലബസിന്റെ കരട് പ്രകാരം പ്ലസ് ടു കഴിഞ്ഞ എല്ലാവർക്കും നഴ്സിങ്ങിന് ചേരാം . നിലവിൽ പ്ലസ്ടുവിന് ജീവശാസ്ത്രം ഒരു വിഷയമായെടുത്ത് സയൻസ് ഗ്രൂപ്പ് പഠിച്ചവർക്കുമാത്രമാണ് നാലുവർഷത്തെ ബി.എസ്സി. നഴ്സിങ്ങിനു പ്രവേശനം അനുവദിച്ചിരുന്നത്. ത്രിവർഷ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് 2021-ഓടെ നിർത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് നഴ്സിങ് കൗൺസിൽ പുതിയ നിർദേശം മുന്നോട്ടുവെച്ചത്.
2020-21 അധ്യയനവർഷത്തേക്കുള്ള പരിഷ്കരിച്ച സിലബസിന്റെ കരടിലെ നിർദേശമനുസരിച്ച് സയൻസിനുപുറമേ കൊമേഴ്സ്, ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങൾ പഠിച്ചവർക്കും അപേക്ഷിക്കാം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.,എസ്.എസ്.സി.ഇ., എച്ച്.എസ്.സി.ഇ., എ.ഐ.എസ്.എസ്.സി.ഇ. എന്നിവ നടത്തുന്ന പ്ലസ്ടു പരീക്ഷയിൽ ഇലക്ടീവ് വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷിന് പാസ് മാർക്ക് വേണം. കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ എന്നിവ നടത്തുന്ന പ്ലസ് ടു പരീക്ഷയിൽ നിശ്ചിത യോഗ്യത ലഭിച്ചവർക്കും അപേക്ഷിക്കാം. വൊക്കേഷണൽ എ.എൻ.എം./ആർ.എ.എൻ.എം. വിദ്യാർഥികൾക്കും അപേക്ഷിക്കാം.സർവകലാശാലയോ, സംസ്ഥാന സർക്കാരോ നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് 50 ശതമാനം മാർക്കും നേടിയിരിക്കണം.