Vimal Baby
സ്റ്റുവർട്ട് ലിറ്റിലും, ടോം ജെറിയും പോലെയുള്ള കമ്പ്യൂട്ടർ അനിമേഷൻ സിനിമകൾ കണ്ടിട്ട് നമ്മുക്കും ഇങ്ങനെയൊരു സിനിമ ഉണ്ടാവണമെന്ന് തോന്നിട്ടുണ്ടോ? എന്നാൽ കേട്ടോളു.., 29 വർഷങ്ങൾക്കു മുൻപ് CGI ‘യും Vfx ‘ഉം എന്തിന്.., കംപ്യൂട്ടർ സാങ്കേതികത പോലും ഇന്ത്യയിൽ കേട്ടുകേൾവിയിലാത്ത കാലത്ത് 1993 -ഇൽ മലയാളത്തിലിറിങ്ങിയ ഏഷ്യയിലെ ആദ്യത്തെ സെൽ ആനിമേറ്റഡ് മൂവിയാണ് ‘ഓ ഫാബി’. ഹരിഹരന്റെ സംവിധാന സഹായിയും ‘പാവക്കൂത്ത്’, ‘തക്ഷശില’ എന്നീ സിനിമകളുടെ സംവിധായകനുമായ കെ.ശ്രീക്കുട്ടൻ എന്ന ശ്രീകുമാർ കൃഷ്‍ണൻ നായരാണ് സംവിധാനം ചെയ്തത്.
1988 ഇൽ ഇറങ്ങിയ ‘Who framed roger rabbit ‘ കണ്ടു ഇൻസ്‌പെയേർഡ് ആയാണ് ഈ സിനിമ കെ.ശ്രീക്കുട്ടൻ സംവിധാനം ചെയ്തത്. സൈമൺ തരകൻ ആണ് ഈ സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തും. സാൻഡി എന്ന ചെറുപ്പക്കാരനും ഫാബി എന്ന അമാനുഷിക മനുഷ്യനും തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ കാതൽ. ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമാതാവുമായ സൈമൺ തരകന്റെ മകനായ റോക്കി തരകനാണ് ഇതിലെ കേന്ദ്രകഥാപാത്രമായ സാൻഡിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ അനിമേഷന്റെ പിതാവ് എന്നറിയപ്പെടുന്ന റാം മോഹൻ ആണ് ഈ സിനിമയുടെ ആനിമേഷൻ സംവിധാനം ചെയ്തത്. 1.4 കോടി ചിലവിലാണ് ‘ഓ ഫാബി’ പുറത്തിറങ്ങിയത്. പക്ഷെ ബോക്സ് ഓഫീസിൽ കാര്യമായ ചലനങ്ങളുമൊന്നും ഉണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചില്ല.
ഇന്ന് പലപ്പോഴും ബഡ്ജറ്റ് മത്സരങ്ങളിൽ പെട്ട് മലയാള സിനിമകൾ പിന്നോട്ടു പോകുന്നുവെന്നും മലയാളസിനിമയിൽ സാങ്കേതികത കുറവാണെന്നും പരിതപിക്കുമ്പോൾ ഓർക്കുക, നമ്മുക്ക് ഒരു ഭൂതകാലമുണ്ടായിരുന്നു..! ‘മൈ ഡിയർ കുട്ടിച്ചാത്തനും’, ‘ഓ ഫാബിയും’ തന്ന ഇന്നും മലയാള സിനിമയെ മുൻപിലേക്ക് കുതിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഭൂതകാലം..!