കുടില ബുദ്ധിക്കാരനെന്ന് ആദ്യകാഴ്ചയിൽത്തന്നെ തോന്നിപ്പിക്കും

0
254

കുടിലബുദ്ധിക്കാരനെന്ന് ആദ്യകാഴ്ചയിൽത്തന്നെ പ്രേക്ഷകനെ തോന്നിപ്പിക്കുന്ന രൂപഭാവങ്ങളായിരുന്നു ഈ നടന്റെ പ്രത്യേകത എൻ.ഗോവിന്ദൻകുട്ടി .ബഹുമുഖപ്രതിഭയായിരുന്നു ഇദ്ദേഹം. നാടകകൃത്ത്, നടൻ, പത്രാധിപർ, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്, നോവലിസ്റ്റ് ഇങ്ങനെ നീണ്ടുപോകുന്നു ഗോവിന്ദൻകുട്ടി വിഹരിച്ച മേഖലകളിൽ. ചെറുപ്പകാലത്ത് പട്ടാളക്കാരനായിരുന്ന അദേഹത്തിന് ആ അനുഭവങ്ങൾ പിൽക്കാലസാഹിത്യജീവിതത്തിൽ വലിയ മൂലധനമായി.

അലക്സാണ്ടർ ദ്യുമയുടെ ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ എന്ന ഐതിഹാസികനോവലിനെ തികച്ചുംകേരളീയവത്കരിച്ച് ഗോവിന്ദൻകുട്ടി ‘പടയോട്ട’ത്തിന് തിരക്കഥയൊരുക്കി. ചിത്രത്തിലൊരു സുപ്രധാനവേഷം കയ്യാളുകയും ചെയ്തു അദ്ദേഹം. 70എംഎമ്മിൽ ജിജോ ഒരുക്കിയ ഈ ചിത്രം മലയാളത്തിലെ കൾട്ട് ക്‌ളാസിക്കുകളിൽ ഒന്നായി. തിരക്കഥയെഴുതിയ മിക്കവാറും ചിത്രങ്ങൾ ബോക്സ്‌ഓഫീസിൽ വൻവിജയം നേടി.

ഇരുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടതിൽ മിക്കതും കണ്ണിൽച്ചോരയില്ലാത്ത വില്ലനായിരുന്നു.തിരക്ക്പിടിച്ച ചലച്ചിത്രജീവിതത്തിനിടയിലും അദ്ദേഹം നാടകത്തെ ചേർത്തുപിടിച്ചു. നാടകങ്ങൾ എഴുതി, അഭിനയിച്ചു.
അൻപതോളം കഥകൾ പത്തോളം നാടകങ്ങൾ ഇരുപതോളം തിരക്കഥകൾ ഗൂർഖ, തിടമ്പ് തുടങ്ങിയ മികച്ച നോവലുകൾ എന്നിവ അദ്ദേഹം സാഹിത്യലോകത്തിന് നൽകി.

‘ഓർമ്മകളുടെ കഥ’ എന്ന ആത്മകഥ മലയാളത്തിലെ ഏറ്റവും മികവുറ്റ ആത്മകഥനങ്ങളിൽ ഒന്നാണ്.
ശാരീരികഅസ്വസ്ഥതകൾ എൺപതുകളോടെ ഇദ്ദേഹത്തെ സിനിമയിൽ നിന്ന് അകറ്റി. 1994ൽ എഴുപതാം വയസ്സിലായിരുന്നു ഗോവിന്ദൻകുട്ടിയുടെ അന്ത്യം.