2001ലെ ക്രിസ്മസ് വിന്നർ വൺമാൻഷോ റിലീസ് ആയിട്ട് 21 വർഷങ്ങൾ
Gladwin Sharun Shaji
ജയറാമേട്ടന്റെ കരിയറിലെ ഏറ്റവും മികച്ച 5 പ്രകടനങ്ങളിൽ ഒന്നായി പെടുത്താവുന്ന പെർഫോമൻസ്.! ജീവന് തുല്യം സ്നേഹിക്കുന്ന മുറപെണ്ണിനെ സ്വന്തമാക്കണമെങ്കിൽ ഒരു കേസ് എങ്കിലും ജയിക്കണമെന്ന അമ്മാവന്റെ വാശി കാരണം ഏറ്റെടുക്കുന്ന ഒരു കേസ്.ഭ്രാന്ത് ഇല്ലാത്ത ഒരാളെ ഭ്രാന്തനായി ചിത്രീകരിച്ച് മാനസിക ആശുപത്രിയിലാക്കി സ്വത്ത് തട്ടിയെടുത്തെന്ന കേസിൽ അയാൾക്ക് ഭ്രാന്ത് ഇല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തി സ്വന്തം ജാമ്യത്തിൽ പുറത്തിറക്കുന്നു.
പിന്നീട് അയാളുടെ ശരിക്കുമുള്ള ഭ്രാന്ത് പുറത്ത് വരുന്നു. ഇത് ആരും അറിയാതിയിരിക്കാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലിൽ മറ്റുള്ളവരുടെ മുൻപിൽ ഒരു ഭ്രാന്തൻ ആയി മാറുന്ന നായകൻ. ഒരുപാട് ആഗ്രഹിച്ചു കെട്ടിയ നായികയെ പോലും മര്യാദക്ക് സ്നേഹിക്കാൻ പറ്റുന്നില്ല. ഒടുക്കം എല്ലാരുടെയും മുന്നിൽ ഭ്രാന്തൻ ആയി തെറ്റിദ്ധരിക്കപ്പെടുമ്പോൾ കൂട്ടുകാരിയുടെ കല്യാണം മുടങ്ങാതിരിക്കാൻ വേണ്ടി വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ ഭ്രാന്തൻ ആയി അഭിനയിക്കേണ്ടി വരുന്ന വല്ലാത്തൊരു അവസ്ഥ.സിനിമയുടെ അവസാനം ഭ്രാന്തനായുള്ള ഇങ്ങേരുടെ അഭിനയം കാണുമ്പോൾ പ്രേക്ഷകർക്ക് ചിരിയും സങ്കടവും ഒരുപോലെ തോന്നും.
അഡ്വക്കേറ്റ് ജയകൃഷ്ണൻ എന്ന കഥാപാത്രം ഇന്നത്തെ ജനറേഷനിലെ ഒരാളെകൊണ്ട് പോലും ചെയ്യാൻ പറ്റില്ല. ജയറാമേട്ടൻ അല്ലാതെ മലയാളത്തിൽ വേറെ ഒരാളെ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. ഇതേ ടൈപ്പിലുള്ള ഒരു കഥാപാത്രം തമിഴിൽ തെന്നാലി എന്ന സിനിമയിലും ജയറാമേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിലെ അഭിനയത്തിന് തമിഴ്നാട് സ്റ്റേറ്റ് അവാർഡും കിട്ടി.!
ലോഹിതദാസ് പടങ്ങളിലെ നായകന്റെ പോലത്തെ ദുരവസ്ഥയുള്ള നായകന്റെ കഥ കോമഡിയിലൂടെ പറഞ്ഞു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു ചെറുതായൊന്നു കണ്ണ് നിറയിപ്പിക്കുന്ന സിനിമ ഷാഫി എന്ന സംവിധായകന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു.! പ്രജ,സൂത്രധാരൻ,മേഘമൽഹാർ തുടങ്ങിയ സിനിമകളുടെ കൂടെ ക്രിസ്മസ് റിലീസ് ആയെത്തിയ വൺമാൻഷോ ആയിരുന്നു ആ സീസണിലെ വിന്നർ.
21 Years of Onemanshow.