ബോംബിങ്ങും ഡാം തകർച്ചയും: ഓപ്പറേഷൻ ചാസ്റ്റൈസിന്റെ എഴുപത്തിയെട്ടാം ആണ്ട്

0
34

ബോംബിങ്ങും ഡാം തകർച്ചയും: ഓപ്പറേഷൻ ചാസ്റ്റൈസിന്റെ എഴുപത്തിയെട്ടാം ആണ്ട്

മനുഷ്യരുടെ ഇടപെടലുകളാലും അല്ലാതെയുമുള്ള ദുരന്തങ്ങൾ വിതച്ചു പോകുന്ന ഭീതിയുടെയും ആഘാതത്തിൻറെയും ആഴവും പരപ്പും എത്രയെന്ന് പറയേണ്ടതില്ല. ചരിത്രവും വർത്തമാനവും അനുനിമിഷം ദുരന്തങ്ങളുടെ ഭീതിതമായ മുഖമുയർത്തി നമുക്ക് മുൻപാകെ നിൽക്കുന്നുണ്ട്. അത്തരം സമഗ്ര വിനാശത്തിൻറെ മൂർത്തമായ പ്രകടനമാണ് ഒരോ യുദ്ധവും. അവ്വിധം മാനവരാശിയെ ആകെ പിടിച്ചു കുലുക്കിയ രണ്ടാം ലോക യുദ്ധത്തിൻറെ ഭാഗമായ, ‘ഓപ്പറേഷൻ ചാസ്റ്റൈസ്’ എന്ന പേരിൽ സഖ്യശക്തികൾ ജർമനിയിലെ അണക്കെട്ടുകൾ തകർത്തതിനെകുറിച്ചാണീ കുറിപ്പ്.

No photo description available.1939 മുതൽ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോക യുദ്ധത്തിൽ മനുഷ്യരാശി അന്നോളമാർജ്ജിച്ച സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും അതിനെ പരിപോഷിപ്പിച്ച സമൂഹങ്ങളിലും ഭൂപ്രദേശങ്ങളിലുമാകെ കെടുതികൾ സൃഷ്ടിക്കുകയാണ് ചെയ്തത്. അങ്ങനെ യുദ്ധം കൊലയുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പിൻറെ മത്സരമായി മാറിയ കാലത്ത് 1943 മെയ് 16 നു രാത്രിയും 17 നു പുലർച്ചയുമായി ജർമനിയുടെ പടിഞ്ഞാറൻ പ്രദേശത്തെ റഹ്ർ (Ruhr) താഴ്വരയിലെ വിവിധ അണക്കെട്ടുകളെ ലക്‌ഷ്യം വച്ച് ബ്രിട്ടീഷ് വ്യോമസേന ഏറ്റെടുത്തു നടപ്പാക്കിയ ദൗത്യമാണ് ‘ഓപ്പറേഷൻ ചാസ്റ്റൈസ്’.

പശ്ചാത്തലം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ തന്നെ വ്യവസായവത്കരണത്തിന്റെ അഭിവൃദ്ധിയിൽ വികസിതമായികൊണ്ടിരുന്ന പ്രദേശമായിരുന്നു ജര്മനിയിലെ റഹ്ർ. യൂറോപ്പിലെതന്നെ സുപ്രധാന നദിയായ റൈനിന്റെ പോഷകനദിയായ റഹ്റിന്റെ സാന്നിധ്യം കൊണ്ടാണ് ഈ പ്രദേശത്തിന് അങ്ങനെയൊരു പേര് ലഭിക്കുന്നത്. നദീതടങ്ങളുടെ വൈപുല്യം കൊണ്ട് കാലങ്ങളായി ആർജിച്ച കാർഷിക അഭിവൃദ്ധിക്ക് പുറമെ കൽക്കരി ഖനനവും ഉരുക്കു നിർമാണവും മറ്റുമായി പുരോഗതി പ്രാപിച്ച റഹ്ർ പ്രദേശത്ത് തന്നെയാണ് ഒന്നാം ലോകയുദ്ധകാലത്തേ ജർമനിയുടെ പ്രധാന ആയുധ നിർമാണ ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. റഹ്ർ പ്രദേശത്തെ വൈദ്യുതിഉത്പാദനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കായും ഖനനത്തിനും മറ്റുമുള്ള ഒരു വലിയ വിഭവസംഭരണിയായാണ് ഇവിടെ നിലകൊണ്ടിരുന്ന നിരവധി അണക്കെട്ടുകൾ പ്രവർത്തിച്ചിരുന്നത്. ഇക്കാരണങ്ങളോടൊപ്പംതന്നെ യുദ്ധമുഖങ്ങളിൽ നിന്ന്, എത്രയും വേഗം തീവ്രമായ ആഭ്യന്തരപ്രശ്നങ്ങളിലേക്കും ആഭ്യന്തര-പുനർനിർമ്മാണത്തിലേക്കും ജർമ്മനിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കണമെന്ന സഖ്യശക്തികളുടെ താല്പര്യം കൂടിച്ചേർന്നപ്പോൾ ബ്രിട്ടീഷ് സേന റഹ്ർ പ്രദേശത്തുതന്നെ ഒരാക്രമണത്തിനു പദ്ധതി തയ്യാറാക്കുകയായിരുന്നു.

No photo description available.1913 ൽ പണി പൂർത്തിയാക്കുമ്പോൾ യൂറോപ്പിലെതന്നെ ഏറ്റവും വലിയ അണക്കെട്ട് ആയിരുന്ന റഹ്ർ നദിയിലെ മൊഹ്‌നെ (Mohne) അണക്കെട്ടിനോടൊപ്പം തന്നെ, സമീപ പ്രദേശത്തെ എയ്‌ദർ (Eder) നദിയിലെ എയ്‌ദർസീ (Edersee) അണക്കെട്ടും തകർക്കുക എന്നതായിരുന്നു ബ്രിട്ടീഷ് സേനയുടെ പ്രധാന ലക്‌ഷ്യം. ഈ പ്രധാന പദ്ധതിയിൽ ഏതെങ്കിലും വിധത്തിൽ ഉണ്ടാകാവുന്ന പരിമിതികളെയും തിരിച്ചടികളെയും കവച്ചുവെക്കുന്നതിനായി ഈ സുപ്രധാന ലക്ഷ്യങ്ങൾക്ക് പുറമെ റഹ്ർ പ്രദേശത്തെതന്നെ സോർപ് (Sorpe), എന്നെപെ (Ennepe) എന്നീ അണക്കെട്ടുകളും തകർക്കാനുള്ള ഒരു ഉപപദ്ധതിയും ബ്രിട്ടീഷ്ക സേന തയ്യാറാക്കിയിരുന്നു.

വെല്ലുവിളികൾ

സാങ്കേതികത്തികവാർന്ന ജർമൻ പ്രതിരോധ സങ്കേതങ്ങളെയും ദ്രുതപ്രത്യാക്രമണങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഇങ്ങനെയൊരു ദൗത്യം സഖ്യശക്തികൾക്ക് അപ്രാപ്യമാണ്. അക്കാരണം കൊണ്ട് തന്നെ സവിശേഷമായ ബോംബിങ് രീതിയും അണക്കെട്ടുകളെ തകർക്കാനാവും വിധം തികച്ചും നൂതനമായ ഒരു ബോംബും രൂപപെടുത്തിയെടുക്കുന്നതിന് ബാൻസ് വാലിസ്‌ (Barness Wallis) എന്ന ആയുധ ഗവേഷണങ്ങളിൽ തല്പരനായ എൻജിനീയറുടെ മേൽനോട്ടത്തിലുള്ള സംഘത്തിനെ ബ്രിട്ടീഷ് സേന ചുമതലപ്പെടുത്തുകയുണ്ടായി.

May be an image of outdoorsവലിപ്പമേറിയതും ഉയർന്ന പ്രഹരശേഷി ഉള്ളതുമായ ബോംബുകൾ നിർമിച്ച് അണക്കെട്ടുകൾ തകർക്കുന്നതിൻറെ അപ്രായോഗികതയെക്കുറിച്ച് പ്രസ്തുത സംഘം ബോധവാൻമാരായിരുന്നു. വലിയ ബോംബർ വിമാനങ്ങൾക്ക് ജർമൻ പ്രതിരോധം ഭേദിച്ച് അണക്കെട്ടുകൾ തകർക്കാനാവുമോയെന്നും ദൗത്യശേഷം സമയബന്ധിതമായി പ്രത്യാക്രമണങ്ങൾക്ക് ഇരയാകാതെയും അപകടം കൂടാതെയും തിരിച്ചെത്താനാകുമോ എന്ന ആശങ്കയുമായിരുന്നു ഒരു വെല്ലുവിളി. അല്ലാത്ത പക്ഷം ബ്രിട്ടീഷ് സേനക്ക് മുൻപാകെ ഉണ്ടായിരുന്ന മറ്റൊരു പോംവഴി ചുരുങ്ങിയത് 40000 അടി ഉയരത്തിൽ നിന്നെങ്കിലും ബോംബിങ് നടത്തി ഭൂമിയിലെ കമ്പനം കൊണ്ട് അണക്കെട്ട് തകർക്കുക എന്നതാണ്. എന്നാൽ ചുരുങ്ങിയത് 10 ടൺ എങ്കിലും ഭാരമുള്ള ബോംബിനെ ഇത്രയും ഉയരത്തിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശേഷിയുള്ള വിമാനങ്ങൾ അന്ന് റോയൽ എയർ ഫോഴ്‌സിൻറെ പക്കൽ ഉണ്ടായിരുന്നില്ല.

ബ്രിട്ടീഷ് സേനയുടെ ചിന്തയിലുണ്ടായ മറ്റൊരുപായം, ടോർപിഡോ ബോംബിങ് രീതി അവലംബിച്ച് ചെറിയ ബോംബർ വിമാനത്തിലൂടെ ബോംബുകളെ റിസർവോയറിൻറെ നീരൊഴുക്കിനടിയിലൂടെ കടത്തിവിട്ട് അണക്കെട്ടിന്റെ ഭിത്തിയിൽ സ്ഫോടനം ഉണ്ടാക്കി തകർക്കുക എന്നതാണ്. (നാവിക ആക്രമണങ്ങളിൽ ശത്രുരാജ്യത്തിൻറെ കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞ് സമുദ്രത്തിനടിയിലൂടെ ടോർപിഡോ ഉപയോഗിച്ച് തകർക്കുന്നതിനെയാണ് ടോർപിഡോ ബോംബിങ്.) എന്നാൽ രണ്ടാം ലോകയുദ്ധത്തിൻറെ തീവ്രത മുൻകൂട്ടി കണ്ടും തന്ത്രപ്രധാന സ്ഥലങ്ങളിൽ സഖ്യശക്തികളുടെ ഏത് തരത്തിലുള്ള ആക്രമണം തടയിടുന്നതിനുമായി മുൻകരുതലുകൾ എടുത്തിരുന്ന ജർമ്മനി റഹ്ർ(Ruhr) താഴ്വരയിലെ അണക്കെട്ടുകളിലും ടോർപിഡോ ബോംബിങ് പ്രതിരോധ നെറ്റുകൾ വിരിച്ചിരുന്നു.

മുന്നൊരുക്കം

ടോർപിഡോ ബോംബിങ് പ്രതിരോധ നെറ്റുകളുടെ സാന്നിധ്യം മനസിലാക്കിയ ബാൻസ് വാലിസ്‌ ഇതിനെയെല്ലാം മറികടക്കാനാവും വിധമുള്ള ഒരു ബോംബ് തന്നെ നിർമിച്ചെടുക്കുകയായിരുന്നു. വീപ്പയുടെ ആകൃതിയിലുള്ളതായ ബോംബിനെ ‘അപ്കീപ്’ എന്ന് നാമകരണം ചെയ്യപ്പെട്ടു. എയർ ഡ്രോപ്പ് ചെയ്‌ത ശേഷം സ്വയം തിരിയാൻ പര്യാപ്തമായ വിധത്തിലായിരുന്നു ബോംബിൻറെ നിർമാണം. സ്വയം തിരിയുന്നു എന്നതിലുപരി ബൗൺസ് ചെയ്യാനുള്ള ശേഷിയും ബോംബിൻറെ രൂപകൽപ്പനയിൽ ഉണ്ടായിരുന്നു. ഇങ്ങനെ സ്വയം തിരിയലും ബൗൺസിങ് ശേഷിയും കൂടിച്ചേർന്ന ബോംബ് ഒരു നിശ്ചിത അകലത്തിൽ നിന്ന് കണക്കുകൂട്ടപ്പെട്ട വേഗതയിൽ ബോംബർ വിമാനത്തിൽനിന്ന് തൊടുത്താൽ റിസർവോയറിൻറെ ഉപരിതലത്തിൽ ബൗൺസ് ചെയ്ത് സ്വയം തിരിഞ്ഞ് ടോർപിഡോ പ്രതിരോധനെറ്റുകളെ മറികടന്ന് അണക്കെട്ടിൻറെ ഭിത്തിയിൽ തട്ടി, താഴേക്ക് ഊർന്നുവീഴുംവിധം ആയിരുന്നു ബോംബിൻറെ നിർമാണം. ബൗൺസിങ്ങിൻറെ ആഘാതത്തിൽ ബോംബ് പൊട്ടാതിരിക്കാനും അണക്കെട്ടിന്റെ അടിത്തട്ടിൽ വെച്ച് തന്നെ ബോംബ് പൊട്ടി അണക്കെട്ടിന് കാര്യമായ കേടുപാട് വരുത്തുക എന്ന ഉദ്ദേശത്താലും ബോംബിൽ ഹൈഡ്രോസ്റ്റാറ്റിക് ഫ്യൂസ് ഉപയോഗിച്ചിരുന്നു. പ്രസ്‌തുത ഫ്യൂസിൻറെ ഉപയോഗം കൊണ്ട് നിശ്ചിത ആഴത്തിലെ ജലമർദ്ദത്താൽ മാത്രം ബോംബ് പൊട്ടുന്ന രീതി ആയിരുന്നു അത്. ‘അപ്കീപ്പി’ന്റെ രൂപപ്പെടുത്തലിനു ശേഷം വ്യത്യസ്ത തരത്തിലുള്ള പരീക്ഷണ ബോംബിങും പരീക്ഷണ പറക്കലുകളും ബ്രിട്ടനിലെ ചില കേന്ദ്രങ്ങളിൽ റോയൽ എയർ ഫോഴ്സ് നടത്തുകയുണ്ടായി.

ആക്രമണവും ഡാമിന്റെ തകർച്ചയും

അക്കാലത്ത് റോയൽ എയർ ഫോഴ്‌സിൻറെ പക്കൽ ഉണ്ടായിരുന്ന അവറോ ലങ്കാസ്റ്റർ യുദ്ധവിമാനങ്ങളെയാണ് ഓപ്പറേഷൻ ചാസ്റ്റൈസിനായി തെരഞ്ഞെടുത്തത്. ബോംമ്പിന്റെ ആകാരത്തിനനുസരിച്ചും ഭാരക്രമീകരണങ്ങൾക്കുമായി അവറോ ലങ്കാസ്റ്ററിൽ വേണ്ടത്ര മാറ്റങ്ങൾ ബ്രിട്ടീഷ് സൈന്യം വരുത്തിയിരുന്നു. അണക്കെട്ട് തകർക്കാനുള്ള ബോംബർ സംഘത്തിനായി വിങ് കമാൻഡർ ഗൈ ഗിബ്‌സൺ ന്റെ നേതൃത്വത്തിൽ പ്രത്യേകമായി ഒരു സ്ക്വാഡ്രൺ (സ്ക്വാഡ്രൺ-617 എന്ന പേരിൽ) തന്നെ രൂപീകരിക്കുകയുണ്ടായി റോയൽ എയർ ഫോഴ്സ്. അന്ന് സഖ്യശക്തികളുടെ ഭാഗമായി നിലകൊണ്ട, ബ്രിട്ടീഷ് പരിശീലനം ലഭ്യമായ മറ്റു രാജ്യങ്ങളിലെ ചില ഫൈറ്റർ പൈലറ്റുമാരും ഈ സ്ക്വാഡ്രണിൻറെ ഭാഗം ആയിരുന്നു.

ബ്രിട്ടനിലെ സ്‌ക്യാമ്പ്ടണിൽ (Scampton) താവളമാക്കിയ സ്ക്വാഡ്രണിന്റെ ദൗത്യത്തിൽ ആകെ 19 യുദ്ധവിമാനങ്ങൾ മൂന്നു ഗ്രൂപ്പുകളായാണ് പങ്കെടുത്തത്. ആദ്യ രണ്ടു ഗ്രൂപ്പുകൾ യഥാക്രമം മൊഹ്‌നെ (Mohne) അണക്കെട്ട്, സോർപ് (Sorpe) അണക്കെട്ട് എന്നീ ആക്രമണങ്ങൾക്കായും മൂന്നാമത്തെ ഗ്രൂപ്പ് ആവശ്യമെങ്കിൽ ഉപപദ്ധതികൾ നടപ്പാക്കാനുമായി ചുമതലയേറ്റു. ഇത്തരമൊരു തന്ത്രപ്രധാനമായ ദൗത്യം നിർവ്വഹിക്കാൻ രാത്രിയാണ് ഉചിതം എന്നതിൽ യാതൊരു സംശയവും സഖ്യശക്തികൾക്ക് ഉണ്ടായിരുന്നില്ല. ആക്രമണം നടന്ന 1943 മെയ് 16 നു രാത്രി ഒൻപതരയോടെയാണ് സ്‌ക്യാമ്പ്ടണിൽ നിന്ന് ‘അപ് കീപ്പും’ പേറി ആദ്യ വിമാനം പറന്നുയരുന്നത്. ജർമൻ വ്യോമവേധ തോക്കുകളെയും ആയുധസന്നാഹങ്ങളെയും മറികടക്കാനും റഡാറിൻറെ പരിധിയിൽ പെടാതിരിക്കാനും താഴ്ന്ന-സഞ്ചാരപാതയിൽ ഏതാണ്ട് 100 അടി ഉയർത്തിലായാണ് ദൗത്യ സംഘം പറന്നത്.
ദൗത്യസംഘത്തിലുണ്ടായിരുന്ന എതാനും ബോംബറുകൾക്ക്, ജർമൻ വിമാനവേധ തോക്കുകളാലും സാങ്കേതികപ്രശ്നങ്ങളാലും ഇലക്ട്രിക്ക് കേബിളുകളിൽ തട്ടിയും ഒക്കെയായി ലക്ഷ്യസ്ഥാനത്തെത്തും മുൻപേ പതനം സംഭവിച്ചിരുന്നു.
ആദ്യ ഗ്രൂപ്പിലെ വിമാനങ്ങൾ മൊഹ്‌നെ അണക്കെട്ട് തകർക്കുന്നതിൽ ലക്ഷ്യം കണ്ടു. എയ്‌ദർസീ അണക്കെട്ടിലേക്ക് പുറപ്പെട്ട ചില വിമാനങ്ങൾക്ക് തിരിച്ചടി ഉണ്ടായെങ്കിലും അണക്കെട്ട് തകർക്കുന്നതിൽ അവർക്ക് വിജയിക്കാനായി. ഉപപദ്ധതിയായി നിലക്കൊണ്ട മൂന്നാം സംഘത്തിന് സോർപ് (Sorpe) അണക്കെട്ടിൻറെ മുകൾ ഭാഗം മാത്രമേ തകർക്കാനായുള്ളു. ഉപപദ്ധതി പ്രകാരം മറ്റു ചില ചെറു അണക്കെട്ടുകൾ കൂടി ലക്‌ഷ്യം വച്ചെങ്കിലും അവിടെങ്ങളിൽ നാശം വരുത്താനായില്ല, ബോംബർ വിമാനങ്ങളുടെ മടങ്ങി വരവിൽ ചില ഉയർന്ന മരങ്ങളിലും ചില്ലകളിലും തട്ടി 2 വിമാനങ്ങൾ കൂടി നഷ്ടപെടുകയുണ്ടായി ബ്രിട്ടീഷ് സേനയ്ക്. 19 അവറോ ലങ്കാസ്റ്റർ ബോംബർ വിമാനങ്ങൾ 133 സൈനികരുമായാണ് ദൗത്യത്തിന് തിരിച്ചതെങ്കിലും മെയ് 17ന് പുലർച്ചെ 3.11 നും 4. 15 നും ഇടയിലായി 9 ബോംബറുകളാണ് സ്‌ക്യാമ്പ്ടൺ എയർ ബേസിൽ മടങ്ങിയെത്തിയത്. അത്യന്തം വെല്ലുവിളിനിറഞ്ഞ ഈ ദൗത്യത്തിൽ സഖ്യ ശക്തികളുടെ 53 സേനാoഗങ്ങൾ കൊല്ലപ്പെടുകയും 3 പേർ യുദ്ധതടവുകാരായി മാറുകയും ചെയ്തു.

ചെറിയ നഷ്ടങ്ങൾ ഉണ്ടായെങ്കിലും എല്ലാ പ്രകാരത്തിലും പഴുതടച്ച പ്രകടനം ദൗത്യത്തിലുണ്ടായില്ലെങ്കിലും അണക്കെട്ട് തകർക്കുക എന്ന ലക്‌ഷ്യം കാണാൻ സഖ്യ ശക്തികൾക്കായി. അണക്കെട്ടുകളുടെ തകർച്ച റഹ്ർ (Ruhr) താഴ്വരയിലാകെ വെള്ളപ്പൊക്കത്തിനും മരണങ്ങൾക്കും കാരണമായി. ഏതാണ്ട് 1200നും 1600നും ഇടയ്ക് ആളുകൾ അണക്കെട്ടിന്റെ തകർച്ചയെത്തുടർന്ന് മരിച്ചതായി വ്യത്യസ്ത റിപ്പോർട്ടുകൾ ഉണ്ട്. മൊഹ്‌നെ അണക്കെട്ടിന്റെ തകർച്ചയെതുടർന്ന് വെള്ളം ഏതാണ്ട് 10 മീറ്റർ ഉയരത്തിലും മണിക്കൂറിൽ ശരാശരി 24 കിലോമീറ്റർ വേഗതയിലും കുത്തിയൊലിക്കുകയാണുണ്ടായത്. അണക്കെട്ട് തകർക്കപ്പെട്ട നദീതടങ്ങളിലാകെയുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധിയായ ഫാക്ടറികൾക്ക് നാശനഷ്ടം സംഭവിച്ചു വീടുകൾ തകർന്നടിഞ്ഞു. ഖനികൾ വെള്ളത്തിനടിയിലായി. പാലങ്ങൾ തകരുകയും റോഡ്, റെയിൽ ഗതാഗതം ആകെ നിലയ്ക്കുകയും ചെയ്തു. ഏതാണ്ട് 80 കിലോമീറ്ററോളം പ്രദേശത്ത് വെള്ളപ്പൊക്കകെടുതികൾ രൂക്ഷമായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഏറെ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ ജർമനിയുടെ പടിഞ്ഞാറൻ പ്രദേശത്തെ ജലവൈദ്യുതശേഷി ഏതാണ്ട് നിലച്ചുവന്നതാണ്. ആഴ്ചകളോളം റഹ്ർ പ്രദേശം ഇരുട്ടിലായി. കൽക്കരി ഉല്പാദനത്തിൽ ഇടിവുണ്ടായി. യുദ്ധമുന്നേറ്റത്തിന്റെ കുന്തമുനയായ ആയുധ നിർമ്മാണത്തെയും ഈ ആക്രമണം ബാധിച്ചു.

തകർച്ചയ്ക്ക് ശേഷം

വെള്ളപ്പൊക്കത്താലുണ്ടായ മരണസംഖ്യയിൽ ഭൂരിഭാഗവും വിദേശതൊഴിലാളികളും യുദ്ധതടവുകാരുമായിരുന്നു എന്നത് സഖ്യ ശക്തികളെ തെല്ലും ആശ്ചര്യപ്പെടുത്തിയില്ല എന്നുമാത്രമല്ല ‘ഓപ്പറേഷൻ ചാസ്റ്റൈസ്’ അക്കാലത്തെ സഖ്യശക്തികളുടെ സേനാoഗങ്ങളുടെ പ്രചോദനത്തിനും ആത്മവിശ്വാസത്തിനുമുള്ള ബിംബമായി അവർ ഉപയോഗപ്പെടുത്തി.

ഉന്നതമായ സാങ്കേതിക-മാനവ വിഭവശേഷിയും വൈദഗ്ധ്യവുംകൊണ്ട് അക്കാലത്തെ പരിമിതമായ സാഹചര്യങ്ങളിൽ ഏതാണ്ട് 1943 ജൂൺ മാസം അവസാനത്തോടെ സ്ഥിതിഗതികൾ ജർമ്മനി നിയന്ത്രണവിധേയമാക്കി. സാമ്പത്തികമായും വിഭവപരമായും ഈ തകർച്ച ജർമ്മനിക്ക് നഷ്ട്ടം വരുത്തി എന്നത് ഒരുപക്ഷെ യുദ്ധത്തെ നേരിടുന്നതിൽ ഒരുപരിധിവരെ പിന്നോട്ടടിച്ചിട്ടുമുണ്ടാകാം. എന്നിരുന്നാലും മനുഷ്യരാശിയുടെ വൈജ്ഞാനിക-സാങ്കേതിക വൈദഗ്ധ്യങ്ങൾ അതിന്റെതന്നെ മികവിനെ തച്ചുതകർക്കുന്നതിന്റെ ഉത്തമഉദാഹരണമാണ് ‘ഓപ്പറേഷൻ ചാസ്റ്റൈസ്’. ഇത്തരമൊരു ചരിത്രത്തിന്റെ ആവർത്തനം ഉണ്ടാകാതിരിക്കാനുള്ള ഓർമ്മയുടെ അടയാളപ്പെടുത്തൽ മാത്രമാണീ കുറിപ്പ്.

Reference:
1. Ralf Blank, The Night of May 16-17, 1943-Operation Chastening: The Destrcution of Mohne Dam
2. Imperial War Meuseum, The Incredible story of the Dambusters Raid
3. Militarywikia.org, Operation Chastise
4. Commonwealth War Graves, 10 Things you Need to Know about the Dambusters
5. BBC, On this Day: 17 May 1943: RAF Raid smashes German Dams