രതിമൂര്‍ച്ഛാഹാനിയുടെ മുഖ്യ കാരണം മാനസികമാണ്

0
467

ഡോക്ടർ പ്രമോദ്

പങ്കാളികള്‍ രണ്ടുപേരും ആഗ്രഹിക്കുന്നതിന് മുന്‍പ് തന്നെ പുരുഷന് സ്ഖലനം ഉണ്ടാകുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. ഇതുമൂലം ഇരുവര്‍ക്കും വേണ്ടത്ര തൃപ്തി ലഭിക്കാതെ പോകുന്നു.

ശീഘ്ര സ്ഖലനത്തിന് വിവിധ കാരണങ്ങള്‍ ഉണ്ട്. മൂത്ര സഞ്ചി, പോസ്റ്റേറ്റു ഗ്രന്ധി, ശുക്ല ഗ്രന്ഥികള്‍ എന്നിവയിൽ ഉണ്ടാകുന്ന അണുബാധയോ രോഗങ്ങളോ സാധാരണയായി കണ്ടു വരുന്ന ഒരു കാരണമാണ്. ചെറുപ്പം മുതൽ സ്വയംഭോഗ സമയത്ത് വളരെപെട്ടന്ന് സ്ഖലനം നടത്തി അതൊരു ശീലമാകപ്പെട്ട വ്യക്തികളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ലിംഗത്തിന്‍റെ ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി, ഉത്കണ്ഠ , മാനസീക സമ്മര്‍ദം, ഭയം, ആശങ്ക, പങ്കാളിയോടുള്ള മനോഭാവം, ആകര്‍ഷണം, രതിപൂര്‍വ ലീലകളിൽ ഇടപെടുന്ന രീതികള്‍, രണ്ടു ലൈംഗീക വേഴ്ചകള്‍ തമ്മിലുള്ള ഇടവേള, എന്നിങ്ങനെ പല ഘടകങ്ങളും സ്ഖലനം നടക്കുന്നതിന് മുന്‍പുള്ള സമയ ദൈര്‍ഘ്യത്തെ സ്വാധീനിക്കാം. ഇവയെല്ലാം ശീഘ്ര സ്ഖലനത്തിന് കാരണം ആകാറുണ്ട്.

ചികിത്സ

കാരണം മനസിലാക്കുക എന്നതാണ് ആദ്യപടി. രോഗ കാരണത്തെ ആസ്പദമാക്കി മരുന്ന്, സെക്സ് തെറാപ്പി, ഉത്കണ്ഠയെ നിയന്ത്രിക്കൽ , തുടങ്ങിയ പല മാര്‍ഗങ്ങള്‍ ഉണ്ട്. ഇവയിൽ ഏതെങ്കിലും ഒരു മാര്‍ഗം മാത്രമായോ മറ്റുള്ളവയുമായി ചേര്‍ത്തോ ചികിത്സ നടത്താം. രോഗികളിൽ നല്ലൊരു ശതമാനം പേര്‍ക്കും ആശ്വാസം ലഭിക്കാറുണ്ട്. എന്ത് ചികിത്സ നൽകിയാലും ഒരു ഫലവും അനുഭവപ്പെടാത്ത അപൂര്‍വ്വം ചില വ്യക്തികളും ഉണ്ട്.

പുരുഷന്മാരിലെ രതിമൂര്‍ച്ഛാഹാനി(Male Orgasmic Dysfunction / Delayed Ejaculation / Retarded Ejaculation)

ലൈംഗിക ബന്ധത്തിലോ പ്രവൃത്തിയിലോ പുരുഷന് രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ വളരെ വൈകി ലഭിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് 13,402 പുരുഷന്മാരിൽ നടത്തിയ ഗവേഷണം കാണിക്കുന്നത് അവരിൽ മൂന്നു ശതമാനംപേര്‍ക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നുവെന്നതാണ്. വില്യം മാസ്റ്റേഴ്സും വെര്‍ജീനിയ ജോണ്‍സണും നടത്തിയ പഠനത്തിൽ 448 പുരുഷന്മാരി 3.8 ശതമാനംപേര്‍ക്കും രതിമൂര്‍ച്ഛാഹാനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പലപ്പോഴും വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുമാണ് ഇത്തരം കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട് പുരുഷനോട് ബീജം പരിശോധിക്കുവാന്‍ ആവശ്യപ്പെടുമ്പോഴാണ് മനസിലാകുന്നത് അയാള്‍ക്ക് ശുക്ലം എടുക്കുവാന്‍ സാധിക്കുന്നില്ല. ലൈംഗിക ബന്ധത്തിലൂടെയോ സ്വയംഭോഗത്തിലൂടെയോ ശുക്ലം പുറത്തുവരാത്ത അവസ്ഥയാണിത്. തത്ഫലമായി ഗര്‍ഭധാരണത്തിന് തടസമാകുന്നു. ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് 4003 പേരിൽ നടത്തിയ ഒരു പഠനത്തിൽ വന്ധ്യതാ ചികിത്സ തേടിയെത്തിയ 770 ദമ്പതികളിൽ കുട്ടികളുണ്ടാകാതിരുന്നതിന് കാരണം 12 ശതമാനം പുരുഷന്മാര്‍ക്കും ശുക്ല സ്ഖലനം നടത്താനുള്ള ബുദ്ധിമുട്ടായിരുന്നു.

ചികിത്സ

രതിമൂര്‍ച്ഛാഹാനിയുടെ മുഖ്യ കാരണം മാനസികമാണ്. ജീവിതത്തിലൊരിക്കലും സ്വയംഭോഗം ചെയ്തിട്ടില്ലാത്തവരിലാണ് ശുക്ല സ്ഖലനം നടത്തുവാന്‍ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ഇവര്‍ക്ക് ലൈംഗിക ബന്ധത്തിലൂടെയോ സ്വയം ഭോഗത്തിന് ശ്രമിച്ചാലോ ശുക്ല വിസര്‍ജനം നടക്കുകയില്ലെങ്കിലും ഉറക്കത്തിൽ സ്വപ്ന സ്ഖലനത്തിന്‍റെ രൂപത്തിൽ അത് സംഭവിക്കാറുണ്ട്. കാരണം ശാരീരികമല്ലാത്തതിനാൽ രതിമൂര്‍ച്ഛാഹാനിയുടെ ചികിത്സയിൽ മരുന്നുകള്‍ക്ക് കാര്യമായ പങ്കൊന്നും വഹിക്കാനില്ല. ചിട്ടയായും ക്രമമായുമുള്ള സെക്സ് തെറാപ്പിയാണ് രതിമൂര്‍ച്ഛാഹാനിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ. ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ രതിമൂര്‍ച്ഛയും ശുക്ല സ്ഖലനവുമില്ലാതിരുന്ന 137 രോഗികളിൽ 50 ശതമാനം പേരാണ് ചികിത്സയ്ക്ക് തയ്യാറായത്. അവരിൽ 84 ശതമാനംപേരും സെക്സ് തെറാപ്പിയിലൂടെ പൂര്‍ണ്ണ സുഖംപ്രാപിച്ചു.