എന്താണ് ഒടിടി(OTT) ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ഓവര്‍-ദ-ടോപ് അല്ലെങ്കില്‍ ഒടിടി എന്നു വിളിക്കുന്നത് ഇന്റര്‍നെറ്റിലൂടെ എത്തുന്ന പ്രോഗ്രാമുകളെയും ഉള്ളടക്കത്തെയുമാണ്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര് തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് പ്രധാന ഉദാഹരണം. പണ്ട് കേബിള്‍ ടിവിക്കു മുൻപ്, ദൂരദര്‍ശന്റെ ടെറസ്ട്രിയല്‍ ട്രാന്സ്മിഷന് മാത്രമുണ്ടായിരുന്ന കാലം പോലെയാണിത് ഇപ്പോള്‍.
അന്ന് കൂടുതല്‍ പേരും ദൂരദര്‍ശന്റെ ആന്റിനയും നാട്ടി കിട്ടുന്നത് കണ്ടു കഴിഞ്ഞു.ഇന്ത്യന്‍ നഗരങ്ങളിലുള്ള കുറച്ചു പേര് ഇപ്പോള്‍ തന്നെ ഒടിടി അടിമകളായി കഴിഞ്ഞു. എന്നാല്‍ ഒടിടി ഇപ്പോള്‍ പ്രചരിക്കാത്തതിന് പല കാരണങ്ങളുണ്ട്. ചെലവു കൂടുതലാണെന്നതു തന്നെയാണ് മുഖ്യ കാരണം. ഒരു ശരാശരി ഇന്ത്യന്‍ ടിവി പ്രേക്ഷകന് ഒരു ദിവസം 3.44 മണിക്കൂര്‍ ടിവിക്കു മുന്നിലിരിക്കുന്നു എന്നാണ് കണക്ക്. ദക്ഷിണേന്ത്യക്കാര്‍ ഇക്കാര്യത്തിലും മുന്നിലാണ്. അവര്‍ നാലു മണിക്കൂറിലേറെ ടിവിക്കു മുന്നിലാണ്. ഇത്രയും കണ്ടെന്റ് സ്ട്രീം ചെയ്യണമെങ്കില്‍ ഇപ്പോള്‍ നല്ല കാശു വേണ്ടിവരും. കൂടാതെ അത് ക്ലേശകരവുമാണ് എന്നതാണ് പ്രശ്നം.
ആമസോണും നെറ്റ്ഫ്ളിക്സും ഇപ്പോള്‍ മറ്റു ബ്രോഡ്കാസ്റ്റര്മാരുടെയത്ര വൈവിധ്യമുള്ള കണ്ടെന്റ് എത്തിക്കുന്നുമില്ല.എന്നാല്‍, സാഹചര്യം അതിവേഗം മാറാമെന്നാണ് വിലയിരുത്തല്‍. 2023ല്‍ ഇന്ത്യന്‍ ഒടിടി വിപണി 500 കോടി മൂല്യമുള്ളതാകുമെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളെ ഇല്ലാതാക്കിക്കൊണ്ടുളള വളര്ച്ചയായിരിക്കില്ല. ഉപയോക്താവില്‍ പുതിയ ഇഷ്ടങ്ങളെ വളര്ത്തിയായിരിക്കും ഒടിടി പടരുക. ഇന്ത്യക്കാരെ മുന്നില്‍ക്കണ്ടുള്ള കണ്ടെന്റ് ആമസോണും നെറ്റ്ഫ്ളിക്സും ധാരാളമായി നിര്‍മിക്കുന്ന കാലവും അധികം അകലെയായിരിക്കില്ല.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2020ല്‍ അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയേക്കാള്‍ കുടുതലായെന്നാണ് ബിസിജി റിപ്പോര്‍ട്ട് പറയുന്നത്.എന്നുപറഞ്ഞാല്‍ യുട്യൂബിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ വരുന്ന വിഡിയോകള്‍ ആളുകള്‍ കൂടുതലായി കാണാന്‍ തുടങ്ങുകയും ടിവിക്കു മുന്നില്‍ തമ്പടിക്കുന്ന പരിപാടി കുറയുകയും ചെയ്യാമന്നു കരുതുന്നു.