ശ്രീ. പദ്മരാജൻ :വേർപാടിൻ്റെ മുപ്പത്തിമൂന്ന് സംവത്സരങ്ങൾ.

രാഗനാഥൻ വയക്കാട്ടിൽ (സോഷ്യൽ മീഡിയയിൽ കുറിച്ചത് )

ഓരോ കാലവർഷക്കാലത്തും തുലാമഴ കോരിച്ചൊരിയുമ്പോഴും. ആർത്തിരമ്പുന്ന കടൽ കാണുമ്പോഴും ജയകൃഷ്ണനും ക്ലാരയും നമ്മുടെ മനസ്സിൽ വീണ്ടും വീണ്ടും കയറിക്കൂടും.ക്ലാരയും ജയകൃഷ്ണനും കുന്നിൻ മുകളിൽ ഇരിക്കുമ്പോൾ അങ്ങകലെ ഒരാളുടെ ദീനരോദനവും അതിൻ്റെ മാറ്റൊലിയും അവരുടെ കാതുകളിൽ പതിച്ചപ്പോൾ അതൊരു കെട്ടിയിട്ട ചങ്ങലക്കൊളുത്തുകൾ കാലിലെ വ്രണത്തിൽ ഉരയുമ്പോൾ ഉണ്ടാകുന്ന വേദന സഹിക്കാൻ കഴിയാത്ത ഒരു ഭ്രാന്തൻ്റെ രോദനമാണ് എന്ന് ജയ കൃഷ്ണൻ വിശദീകരിച്ചു കൊടുക്കുമ്പോൾ നമ്മുടെ മനസ്സും ആ നിമിഷത്തിൽ നൊമ്പരപ്പെടും. അദൃശ്യകഥാപാത്രത്തെ നേരിട്ടു കാണുന്നത് പോലെ തോന്നും. ജയകൃഷ്ണൻ ക്ലാരയ്ക്ക് ഓരോ കത്തുകൾ എഴുതുമ്പോഴും കോരിച്ചൊരിയുന്ന മഴയുടെ താളം ഹൃദയ സംഗീതമാകും .മഴയുടെ ശീതം നമ്മുടെ മനസ്സിലും കുളിരായി മാറും. അതിന് ജോൺസൺ ഒരുക്കിയ പശ്ചാത്തല സംഗീതം കൂടുതൽ ശക്തി പകരും തൂവാനത്തുമ്പികൾ പിന്നെയും പിന്നെയും നമ്മുടെ ചിന്തയിൽ പാറിപ്പറക്കും. മനസ്സിൽ നൂൽമഴയായി പെയ്തിറങ്ങും.

കടലിൽ നീന്താനിറങ്ങി കാണാതായവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ മൂന്നാംപക്കം ചേതനയറ്റ ശരീരം ഏതെങ്കിലും കടപ്പുറത്ത് കാണപ്പെട്ടു എന്ന് കേൾക്കുമ്പോൾ പാച്ചുവിനേയും അപ്പൂപ്പനേയും നമ്മുടെ മനസ്സിൻ്റെ തിരശ്ശീലയിൽ തെളിഞ്ഞുവരും. മനസ് ഓരോ തവണയും ആർദ്രമാകും.നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം.” അതിന്റെ അടുത്ത വരികൾ എന്താണെന്നറിയാമോ ? സോളമൻ സോഫിയയോട് ചോദിക്കുന്നു.
ഊഹും ( അറിയില്ല)
അല്ലെങ്കിൽ വേണ്ട എന്ന് സോളമൻ
പറയ്
പോയി ബൈബിൾ എടുത്തുവച്ചു നോക്ക് എന്ന്
സോളമൻ. പറഞ്ഞ് നിറുത്തിയതിൻ്റെ അടുത്ത വരികൾ എന്താണെന്നറിയാൻ ആകാംക്ഷയോടെ വീട്ടിലേക്ക് ഓടിയെത്തിയ സോഫി ബൈബിൾ എടുത്തു നോക്കുമ്പോൾ “അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും “എന്നു വായിക്കുന്ന ആ രംഗങ്ങൾ മലയാള പ്രേക്ഷകർ നെഞ്ചിലേറ്റി..ആ രംഗങ്ങൾക്ക് കൂടുതൽ ചാരുത നൽകാൻ ജോൺസൺൻ്റെ പശ്ചാത്തല സംഗീതവും അകമ്പടിയായി.’ അക്കാലത്ത് അതിലെ ഡയലോഗുകൾ യുവഹൃദയം ഏറ്റുപറഞ്ഞു. ബൈബിൾ തുറന്ന് നോക്കാത്തവർ പോലും ശാലമോന്റെ ഉത്തമഗീതം വായിക്കാൻ മാത്രമായിട്ടെങ്കിലും അതിൽ ആകൃഷ്ടരായി. മൊബൈൽ ഫോൺ എന്നത് ചിന്തിച്ചിട്ടു പോലുമില്ലാത്ത ആ കാലഘട്ടത്തിലെ പ്രണയലേഖനങ്ങളിലെ വരികൾ എല്ലാം ഈ സിനിമയിൽ നിന്നും ലഭിച്ചതായിരുന്നു. കെ കെ.സുധാകരൻ്റെ നോവലിന് പദ്മരാജൻ്റെ തിരക്കഥയും സംവിധാനവും കൂടിയായപ്പോൾ മലയാളികൾ എന്നെന്നും ഓർക്കുന്ന ഒരു ഹിറ്റ് സിനിമയ്ക്കു പിറവി കുറിക്കുകയായിരുന്നു.
അതുപോലെ എത്രയെത്ര കഥകൾ’; നോവലുകൾ;കഥാപാത്രങ്ങൾ.

തീർത്ഥയാത്ര പോയ ബസ്സ് അപകടത്തിൽ പെട്ട് ഒട്ടേറെ പേർ മരണപ്പെടുകയും തൻ്റെ ഭാര്യ ഗൗരി പരിക്കുകൾ തരണം ചെയ്ത് ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ ബോംബേയിൽ നിന്ന് ഉടനടി എത്തുകയും ചെയ്ത നരേന്ദ്രന് സ്മൃതി ഭ്രംശം മൂലം തന്നെ തിരിച്ചറിയാൻ കഴിയാതെ ഡോക്ടർ ശരത് മേനോൻ്റെ (ജയറാം ) കാമുകിയായി ഗൗരി മാറിയെന്ന സത്യം ബോധ്യപ്പെട്ടപ്പോൾ നിസ്സഹായനായി തിരിച്ചു പോകുമ്പോഴുള്ള ഹൃദയ വേദന പ്രേക്ഷകരുടേയും വേദനയായി മാറി. ഇന്നലെകൾ എന്തെന്ന് ഓർമ്മയില്ലാതെ മായയായി മാറിയ ഗൗരി: ശോഭനയുടെ മികച്ച കഥാപാത്രം’ നരേന്ദ്രനായി സുരേഷ് ഗോപിക്ക് ലഭിച്ച മികച്ച വേഷം:
ഈ കഥാപാത്രങ്ങളുടെയെല്ലാം സ്രഷ്ടാവായ പത്മരാജൻ വിടവാങ്ങി മുപ്പത്തിമൂന്നു സംവത്സരങ്ങൾ കഴിഞ്ഞിട്ടും സിനിമാസ്വാദകർക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല. അദ്ദേഹത്തിൻ്റെ സിനിമകളേയും.ശിലാഫലകത്തിൽ കൊത്തിവച്ചതു പോലെ മനസ്സിൽ മായാതെ നിൽക്കുന്നു.

ശ്രീ.പദ്മരാജൻ അഭ്രപാളികളുടെ ലോകത്തു നിന്ന് ഗന്ധർവ്വ ലോകത്തേക്ക് പോയി 33 വർഷങ്ങൾ പിന്നിടുന്നു..മലയാള സിനിമയുടെ തീരാ നഷ്ടം തന്നെയായിരുന്നു ആ അപ്രതീക്ഷിത വിയോഗം . പദ്മരാജൻ്റെ സിനിമാഖ്യാനരീതി പിന്തുടരുന്ന യഥാർത്ഥ പിൻഗാമികൾ എന്ന് പറയാവുന്ന ആരും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം’ അദ്ദേഹത്തിൻ്റെ മകൻ അനന്തപത്മനാഭനും മകൾ മാധവിക്കുട്ടിയും ആ രംഗത്ത് എത്തിയതുമില്ല. ദൃശ്യമാധ്യമ രംഗത്ത് മകൻ സജീവമായിരുന്നെങ്കിലും സിനിമ മുഖ്യ മാധ്യമമായി സ്വീകരിച്ചിരുന്നില്ല.. (പുതിയ സിനിമാ സംരംഭത്തിന് ഒരുങ്ങുന്നുണ്ട് എന്ന് സോഷ്യൽ മീഡിയ പേജുകളിൽ കണ്ടിരുന്നു.)
ആകാശവാണിയിലെ ജീവനക്കാരായിക്കേയുള്ള പരിചയം പ്രണയവും തുടർന്ന്‌ ജീവിത സഹയാത്രികയുമായ പ്രിയ പത്നി രാധാലക്ഷ്മി പത്മരാജൻ്റെ ഓർമ്മകളിൽ ജീവിക്കുന്നു.

ഒരു ജനവരിയിലെ തണുത്ത വെളുപ്പാൻ കാലത്ത് ഹോട്ടൽ മുറിയിൽ അദ്ദേഹത്തിൻ്റെ ചേതനയറ്റ ശരീരമാണ് ഉറ്റവർക്കും സിനിമാപ്രേമികൾക്കും കാണാൻ കഴിഞ്ഞത്. ഞാൻ ഗന്ധർവ്വൻ എന്ന സിനിമ പ്രദർശനശാലകളിൽ ശരാശരിയായി ഓടിക്കൊണ്ടിരിക്കേ അദ്ദേഹം മറ്റൊരു ലോകത്തേക്ക് പോയി ‘. അകാലത്തിലെ വിടപറയൽ വെറും നാൽപത്തി അഞ്ചു വയസ്സു മാത്രമുള്ളപ്പോൾ. എത്രയോ കലാമൂല്യമുള്ള സിനിമകൾ ഇനിയും പിറക്കേണ്ടിയിരുന്നു. അതൊന്നും തുടക്കമിടാനാകാതെ തൂവാനത്തുമ്പിയായി മറഞ്ഞു പോയി;പ്രേക്ഷക ഹൃദയത്തിൽ നൊമ്പത്തി പൂക്കൾ സമ്മാനിച്ച്.
കാലമെത്ര കഴിഞ്ഞാലും ഇന്നും ചർച്ച ചെയ്യുന്നു പത്മരാജൻ്റെ സിനിമകൾ; നോവലുകൾ.
നക്ഷത്രങ്ങളേ കാവൽ എന്ന നോവലിന് 1972 ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് അദ്ദേഹത്തിൻ്റെ രചനാ വൈഭവത്തിനുള്ള അംഗീകാരം തന്നെ. ‘കള്ളൻ പവിത്രനും ഒരു മികച്ച നോവലാണ്. അതും അദ്ദേഹം തന്നെ ചലച്ചിത്രമാക്കി –

1979ൽ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് പ്രവേശിച്ചു.ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ്‌ ഈ സിനിമ നേടി .1986 ൽ വീണ്ടും ദേശീയ പുരസ്ക്കാരം തിങ്കളാഴ്ച നല്ല ദിവസത്തിലൂടെ ലഭിച്ചു.സംവിധാന രംഗത്ത് പ്രവേശിക്കും മുമ്പ് തിരക്കഥ രചനയിൽ സജീവമായിരുന്നു. ശ്രീ ഭരതൻ്റെ പ്രയാണം എന്ന ചലച്ചിത്രത്തിന് തിരക്കഥ രചിച്ച് അഭ്രപാളികളുടെ ലോകത്തേക്ക് കടന്നു വന്നു, പ്രയാണം രതിനിർവ്വേദം, തകര, ,ലോറി, ഈണം ,ഒഴിവുകാലം എന്നീ സിനിമകൾക്ക് വേണ്ടി ഭരതനോടപ്പം ചേർന്നു:
ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കൈകേയി , കാണാമറയത്ത്, കരിമ്പിൻ പൂവിനക്കരെ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഐ വി ശശിയോടൊപ്പവും,
ശാലിനി എൻ്റെ കൂട്ടുകാരി, ഇടവേള, കൊച്ചു കൊച്ചു തെറ്റുകൾ എന്നീ ചലച്ചിത്രങ്ങൾക്ക് വേണ്ടി മോഹനോടൊപ്പവും ചേർന്നു.
കൂടാതെ കെഎസ് സേതുമാധവൻ ( നക്ഷത്രങ്ങളേ കാവൽ ) Nശങ്കരൻ നായർ (സത്രത്തിൻ ഒരു രാത്രി )കെ ജി ജോർജ് ( രാപ്പാടി കളുടെ ഗാഥ ) ജോഷി (ഈ തണുത്ത വെളുപ്പാൻ കാലത്ത് ) എന്നിവരുടെ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചു.

പെരുവഴിയമ്പലത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ഒരിടത്തൊരു ഫയൽവാൻ. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ മറ്റൊരു ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ – കള്ളൻ പവിത്രൻ, നവംബറിൻ്റെ നഷ്ടം, കൂടെവിടെ ,പറന്ന് പറന്ന് പറന്ന് തികളാഴ്ച്ച നല്ല ദിവസം എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി.മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് തള്ളിവിടുന്ന ഇന്നത്തെ അവസ്ഥ മൂന്നു ദശാബ്ദം മുമ്പ് തന്നെ അദ്ദേഹം പ്രമേയമാക്കി.
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ അതി മനോഹര ചിത്രമായി ‘സോളമനേയും സോഫിയേയും ഇന്നും മറക്കാൻ കഴിയില്ല. ഒപ്പം പോൾ പൈലോക്കാരൻ എന്ന ക്രൂരനായ രണ്ടാനച്ഛനേയും.മോഹൻലാലും ശാരിയും തിലകനും ജീവിക്കുകയായിരുന്നു എന്ന് പറയുകയാകും നല്ലത്. ഒപ്പം കവിയൂർ പൊന്നമ്മയും’.പത്മരാജൻ്റെ സംവിധാന വൈഭവം തന്നെ ‘

കുറ്റാന്വേഷണ ചിത്രമായി വന്ന കരിയിലക്കാറ്റുപോലെയും ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലും മമ്മൂട്ടിയും കാർത്തികയും മികച്ച അഭിനയം കാഴ്ചവച്ചു.ദേശാടനക്കിളിയും പുതുമയുള്ള പ്രമേയമായിരുന്നു.കാർത്തികയും ശാരിയും ഒപ്പം മോഹൻലാൽ ഉർവ്വശി എന്നിവരും: ശരാശരി വിജയം നേടി. നൊമ്പരത്തി പൂവ് ഏറെ നൊമ്പരം സൃഷ്ടിച്ച സിനിമയായി,
അതിനു ശേഷം വന്ന തൂവാനത്തുമ്പികൾ ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്നു. മണ്ണാറത്തുടി ജയകൃഷ്ണനേയും, ക്ലാരയേയും രാധയേയും പ്രേക്ഷകർ മറക്കില്ല. മോഹൻലാൽ ,സുമലത, പാർവ്വതി എന്നിവരുടെ അഭിനയ മുഹൂർത്തങ്ങൾ മറക്കാൻ കഴിയുമോ?

ജയറാമിന് ഇരട്ടവേഷം നൽകി അപരൻ എന്ന ചിത്രത്തിലൂടെ പുതുമുഖ നായകനാക്കുക മാത്രമല്ല. തുടർന്നു വന്ന മൂന്നാംപക്കം ഇന്നലെ എന്നീ ചിത്രങ്ങളിലും നായകനാക്കുകയും ചെയ്തു.റഹ്മാൻ അശോകൻ തുടങ്ങി അനേകം പേരെ സിനിമയിൽ എത്തിക്കുക മാത്രമല്ല പ്രധാന റോളുകൾ നൽകുകയും ചെയ്തു.അതിനിടയിൽ മയക്കുമരുന്നു കള്ളക്കടത്ത് വിഷയമാക്കി സംവിധാനം ചെയ്ത സീസൺ കാര്യമായ ചലനമുണ്ടാക്കിയില്ല.
പുതുമുഖങ്ങളെ മാത്രമല്ല മമ്മൂട്ടി മോഹൻലാൽ എന്നിവർക്കും മികച്ച പരിഗണ നൽകി. അവരുടെ ഏറ്റവും നല്ല അഭിനയവും അഭ്രപാളികളിലേക്ക് പകർത്തി പ്രേക്ഷക പ്രശംസ നേടി.. ശാലിനി എൻ്റെ കൂട്ടുകാരിയും കാണാമറയത്തും വൻ വിജയമായത് അദ്ദേഹത്തിൻ്റെ തിരക്കഥയുടെ മേൻമ കൊണ്ടും കൂടിയാണ്. 1945 മെയ് 23 ന് ജനിച്ച അദ്ദേഹത്തിൻ്റെ 1975 ൽ തുടങ്ങിയ ചലച്ചിത്ര പ്രയാണത്തിന് 1991 ജനവരി 24 ന് തിരശ്ശീല വീണു. ഭൂമിയിൽ അധികനാൾ കഴിയാൻ സമ്മതിക്കാതെ ഗന്ധർവ്വ നെപ്പാലെ ഒരു തിരിച്ചു പോക്ക്.
അകാലത്തിൽ 33 സംവത്സരം മുമ്പ് വിടവാങ്ങിയ അതുല്യപ്രതിഭയ്ക്ക് ഓർമ്മപ്പൂക്കൾ

You May Also Like

ജനപ്രിയ നായകൻ ദിലീപിന്റെ രതീഷ് രഘുനന്ദൻ ചിത്രം ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായി

ജനപ്രിയ നായകൻ ദിലീപിന്റെ രതീഷ് രഘുനന്ദൻ ചിത്രം ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായി. പി ആർ ഓ…

ഈ കാലത്തെ മിസ്റ്ററി സിനിമ പ്രേമികളെയും തൃപ്തിപ്പെടുത്താൻ കഴിവുള്ളൊരു എവർഗ്രീൻ ക്ലാസിക്

‘കരിയിലക്കാറ്റ് പോലെ’ (1986) Jaseem Jazi പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ ‘ഹരികൃഷ്ണനെ’ ഒരു ദിവസം…

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന് 45 ലക്ഷം…

മോഹൻലാൽ അഭിനയിക്കുന്നതല്ലേ കണ്ടിട്ടുള്ളൂ, സംവിധാനം ചെയുന്നത് കണ്ടിട്ടുണ്ടോ ? ‘ബറോസ്’ മേക്കിംഗ് ഗ്ലിമ്പ്സ്

ബാറോസ് ഒരുങ്ങുകയാണ്. ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നു. മോഹൻലാൽ ചിത്രം സംവിധാനം ചെയുന്നതാണ് വിഡിയോയിൽ കാണാൻ…