പടയോട്ടം – കാഴ്ചയും നിത്യകാമുകന്റെ വേഷപ്പകർച്ചയും

0
61

പടയോട്ടം – കാഴ്ചയും നിത്യകാമുകന്റെ വേഷപ്പകർച്ചയും.

പടയോട്ടം – 1982 ലെ ഓണക്കാലത്ത് വന്ന നവോദയയുടെ വമ്പൻപടം – ഒരുപാട് “ആദ്യ” ടാഗുകളോടെ. മലയാളത്തിലെ ആദ്യ 70 mm 6 track stereophonic sound film. ആദ്യ മലയാള സിനിമാസ്കോപ് സിനിമയും നവോദയ തന്നെയാണ് പുറത്തിറക്കിയത്. ആ credit I V Sasi യുടെ “അലാവുദ്ദീനും അൽഭുതവിളക്കിനു” മാണ് (കമൽ, രജനി ഒന്നിച്ച പടം) കിട്ടേണ്ടിയിരുന്നത്. തമിഴിലുംകൂടി ഇറക്കാൻ തീരുമാനിച്ചതുകൊണ്ട് ആ ചിത്രം വൈകുകയും “തച്ചോളി അമ്പു” ആദ്യം release ആവുകയുംചെയ്തു. മമ്മൂട്ടിയും മോഹൻലാലും അവരുടെ മലയാളസിനിമയിലെ പടയോട്ടത്തിന്റെ ആരംഭകാലത്ത് അച്ഛനും മകനുമായി സ്ക്രീനിൽ വന്നു എന്ന ക്രെഡിറ്റും ഈ മെഗാചിത്രത്തിനുതന്നെ.

Padayottam - Alchetron, The Free Social Encyclopediaഎന്നാൽ പടയോട്ടം ഇന്ത്യയിലെത്തന്നെ ആദ്യ സ്വദേശ 70mm ചിത്രമാണ്. ഷോലെ തുടങ്ങിയ മുൻഗാമികളെ സിനിമാസ്കോപ്പിൽ ഷൂട്ട്ചെയ്ത് ലണ്ടനിൽ കൊണ്ടുപോയി 70mm ലേയ്ക്ക് convert ചെയ്യുകയായിരുന്നു. പടയോട്ടം പൂർണ്ണമായും ചെന്നൈ പ്രസാദ് ലാബിൽത്തന്നെയാണ് process ചെയ്തത്. റിലീസിനു മുമ്പേ സംവിധായകനും സൗണ്ട് എഞ്ചിനീയർക്കുമൊപ്പം ചിത്രത്തിന്റെ ഒരു 70mm പ്രിന്റുമായി കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓരോ തിയ്യറ്ററിൽചെന്ന് test run നടത്തിയകാര്യം ക്യാമറചെയ്ത രാമചന്ദ്രബാബു ഓർക്കുന്നുണ്ട്. “ശ്രീപത്മനാഭ”യിലെ സ്ക്രീനിന്റെ വലുപ്പം വർദ്ധിപ്പിക്കേണ്ടിയുംവന്നു. Title logo യോടൊപ്പം 70mm എന്നു ചേർത്തിരിക്കുന്നതും ഒരുപക്ഷേ ആദ്യമായിട്ടായിരിക്കൂം. അന്ന് പുറത്തിറക്കിയ പാട്ടുപുസ്തകത്തിൽ 70mm സാങ്കേതികവിദ്യയെക്കുറിച്ച് ഗ്രാഫിക് ചിത്രീകരണംകൂടി നൽകിയിരുന്നു നിർമ്മാതാക്കൾ.

Padayottam - Alchetron, The Free Social Encyclopediaഅലക്സാണ്ടർ ഡൂമായുടെ പ്രശസ്ത ക്ലാസ്സിക് “The Count of Monte Christo” യാണ് നാട്ടിലെ ഒരു കോലത്തിരി രാജകുടുംബത്തിന്റെ കഥയായി പടയോട്ടത്തിൽ അവതരിച്ചത്. അന്നൊന്നും പതിവില്ലാത്തവിധം കഥയടെ credit, ടൈറ്റിൽ കാർഡിൽ നോവലിനുതന്നെ കൊടുക്കുന്നുണ്ട്. പ്രണയം, വഞ്ചന, ഗൂഢാലോചന, ചതി, പ്രതികാരം എന്നിവയുടെ ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച അവതരണങ്ങളിലൊന്നാണ് മോണ്ടി ക്രിസ്റ്റൊ. ഹോളിവുഡിൽ ഇതിനോടകം എത്രയോ version വന്നുകഴിഞ്ഞു. സ്കൂൾപഠനകാലത്ത് ആനി തയ്യിൽ വിവർത്തനംചെയ്ത ആ ബ്രഹത് നോവൽ വായിച്ചതിന്റെ കോരിത്തരിപ്പ് ഇപ്പോഴും ഓർമ്മയിലുണ്ട്. (മൂന്നു പോരളികൾ- Three Musketeers ആണ് ഡൂമായുടെ മറ്റൊരു സൃഷ്ടി).

തീർച്ഛയായും മലയാളത്തിൽ അന്നേവരെയുണ്ടായ സിനിമകളെയെല്ലാം സാങ്കേതികത്തികവിൽ പടയോട്ടം ബഹുദൂരം പിന്നിലാക്കി. ക്യാമറ, എഡിറ്റിങ്ങ് എന്നിങ്ങനെയുള്ള മേഖലകളിൽ ചിത്രം പലപ്പോഴും ഹോളിവുഡ് നിലവാരം പുലർത്തി. Floating palace introduce ചെയ്യുന്ന aerial shot ഉദാഹരണം. (ഇത് second unit camera കൈകാര്വം ചെയ്ത J. Williams ന്റെ suggestion ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്). അതുപോലെ കടൽരംഗങ്ങളും. കടൽക്കൊള്ളക്കാരും അടിമകളും തമ്മിലുള്ള conflicts എല്ലാം അന്നത്തെ standard benchmarks ന് മുകളിലായിരുന്നു. എഡിറ്റിങ്ങും ക്യാമറയുംചേർന്ന് മികവുറ്റതാക്കിയ ചില സീനുകൾ ഓർമ്മവരുന്നു.

Three legends. Padayottam - 1982... (source: @premnazirology) : Keralaനാട്ടുകാർ ഓടിച്ച് മലകയറി രക്ഷപ്പെടാൻവരുന്ന കുറുപ്പിനുമുന്നിൽ അസ്തമയസൂര്യന്റെ backdrop ൽ നിൽക്കുന്ന തമ്പാന്റെ രൂപം. തമ്പാൻ ഉദയനനാണെന്ന് അപ്പോഴാണ് കുറുപ്പ് തിരിച്ചറിയുന്നത്.
തന്റെ തകർന്ന പഴയവീട്ടിൽ തമ്പാൻ ഓർമ്മകളിൽമുഴുകി നിൽക്കൂമ്പോൾ വരുന്ന പെൺകുട്ടിയുടെ flashback shot..പുള്ളുവൻപാട്ടിന്റെ bgm.
പ്രിയദർശന്റെ കൈവശം മുഴുവൻ script ഉണ്ടായിരുന്നെങ്കിലും അത് edit ചെയ്ത് വടക്കൻപാട്ട് ശൈലിയിലാക്കിയത് ഗോവിന്ദൻകുട്ടിയാണ്. പ്രിയദർശൻ credits ൽ വരുന്നില്ല. ഗോവിന്ദൻകുട്ടിക്കാണെങ്കിൽ അഭിനയജീവിതത്തിലെ മികച്ചൊരു വേഷവുംകിട്ടി. പ്രിയന് മറ്റെന്തെങ്കിലും റോൾ ഉണ്ടോ എന്ന് വ്യക്തമല്ല. സിബി മലയിൽ അസി ഡയറക്ടർ ആയി വരുന്നുണ്ട്. ഈ രണ്ടുപേരുടേയും ആദ്യചിത്രങ്ങൾ അടുത്ത രണ്ടുവർഷങ്ങൾക്കകം പുറത്തൂവന്നു. രാമചന്ദ്രബാബു, എഡിറ്റ് ചെയ്ത ടി.ആർ.ശേഖർ എന്നവർക്കൊപ്പം sound recording ൽ അന്നത്തെ new wave cinema യുടെ ഭാഗമായിരുന്ന ദേവദാസും ചേർന്നപ്പോൾ ഒരു master team തന്നെ പിന്നണിയിൽ വന്നു. ചെമ്മീനിലെന്നപോലെ അങ്ങിനെയൊരു കൂട്ടുകെട്ടിന്റെ അനിവാര്യമായ പരിണാമമായിരുന്നു പടയോട്ടത്തിന്റെ വിജയം. 35 വർഷം മുമ്പ് ഒരു കോടി മുതൽമുടക്കാൻ നിർമ്മാതാവും തയ്യാറായി എന്നതും ഓർക്കണം.

മലയാളസിനിമയിലെ ഒരു നാഴികക്കല്ലായതിനൊപ്പം പടയോട്ടം പ്രേംനസീർ എന്ന നടന്റെ അഭിനയജീവിതത്തിലെയും വലിയ വഴിത്തിരിവായി. അറുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയിൽ വിരലിലെണ്ണാവുന്നവയാണ് ഒരു അഭിനേതാവ് എന്നനിലയിൽ അദ്ദേഹത്തെ മലയാളസിനിമയിൽ അടയാളപ്പെടുത്തുന്നത്. അവയിൽ പലതും വിൻസെന്റിന്റെ സൃഷ്ടികളായിരുന്നു. എം.ടി യുടെ മുറപ്പെണ്ണ്, നഗരമേ നന്ദി, അസുരവിത്ത്, പിന്നെ ഭാർഗവീനിലയം, നദി, അച്ചാണി, ഗന്ധർവക്ഷേത്രം എന്നിവ. പി. ഭാസ്കരനൊപ്പം നസീറിന്റെ career best എന്നു പറയാവുന്ന ഇരുട്ടിന്റെ ആത്മാവ് (വീണ്ടും എംടി). ജിജോയുടെതന്നെ (credit ൽ അപ്പച്ചന്റെ പേരാണെങ്കിലും) തീക്കടൽ, മോഹന്റെ വിടപറയുംമുമ്പേ എന്നിവയും എടുത്തുപറയാം. പലപ്പോഴും കാമുകിക്കുപിറകെ പാട്ടുപാടി മരംചുറ്റിയോടുന്ന കാമുകനൊ, കോളേജ് കുമാരനൊ, അല്ലാത്തപ്പോൾ CID യോ ആവാനായിരുന്നു നസീറിന്റെ നിയോഗം. ഒരു box office ഘടകം എന്നതിലുപരി അദ്ദേഹംപോലും സ്വന്തം കലാജീവിതത്തെ നോക്കിക്കണ്ടിരുന്നോ എന്ന് സംശയമാണ്. ഒരേ അച്ചിൽ വാർത്ത കഥാപാത്രങ്ങൾക്ക് ജീവൻനൽകുകവഴി industry വരച്ചിട്ട കളങ്ങളിൽ ആടിത്തീർക്കുകയായിരുന്നു നസീർ തന്റെ അഭിനയകാലം.
സത്യൻ എന്ന മഹാമേരു അരങ്ങുവാണ ആ നാളുകളിൽ കാമ്പുള്ള കഥാപാത്രങ്ങൾ സ്വാഭാവികമായും അദ്ദേഹത്തിനു ചെന്നുചേർന്നു. പക്ഷേ ഒരു matinee idol ആയി തിളങ്ങുമ്പോഴും അഭിനയസാദ്ധ്യതയുള്ള കഥാപാത്രങ്ങൾക്കുവേണ്ടി second fiddle ചെയ്യുന്നതിന് നസീർ തയ്യാറായിരുന്നു. അടിമകൾ, അശ്വമേധം, കടൽപ്പാലം, അനുഭവങ്ങൾ പാളിച്ചകൾ എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ. പി.എ ബക്കറിന്റെ ചാരം, ലെനിൻ രാജേന്ദ്രന്റെ പ്രേംനസീറിനെ കാൺമാനില്ല എന്നീ പാരലൽ സിനിമാ പരീക്ഷണങ്ങൾ ദയനീയ പരാജയങ്ങളായി. നിഴലാട്ടം, അഴകുള്ള സെലീന എന്നിങ്ങനെ അപൂർവമായിചെയ്ത negative shade കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല. സാഹിത്യസൃഷ്ടികൾ സിനിമയായപ്പോൾ പല മികച്ച കഥാപാത്രങ്ങളും എന്തുകൊണ്ടോ കിട്ടിയത് മധുവിനായിരുന്നു. അദ്ദേഹത്തിന്റെ അരങ്ങേറ്റംതന്നെ പാറപ്പുറത്തിന്റെ “നിണമണിഞ്ഞ കാൽപ്പാടുകളി” ലൂടെ ആയിരുന്നല്ലൊ.

ജിജോയുടെ (പിന്നീട് അപ്പച്ചന്റെ പിടിവാശികളാണൊ അദ്ദേഹത്തെ സിനിമയിൽനിന്ന് അകറ്റിയത്? അറിയില്ല) മികവുതന്നെയാണ് പ്രേംനസീറിന്റെ പടയോട്ടം പ്രകടനത്തിന് മരുന്നായത് എന്നുതന്നെ കരുതണം. മേക്കപ്പ് (പുതിയ ഭാഷയിൽ മൂന്നു ഗെറ്റപ്പിൽ), voice modulation, movement control എന്നിവയിൽ വരുത്തിയ പ്രശംസാർഹമായ മാറ്റം ചിത്രത്തിൽ അനുഭവപ്പെടും. “എന്നെ നിത്യദു:ഖത്തിലേക്ക് തള്ളിയിട്ടിട്ട് നിങ്ങൾക്കിവിടെ സ്വർഗ്ഗസുഖത്തിൽ ആറാടാം എന്നുകരുതി അല്ലെ” എന്ന് രാജാവിനോട് ചോദിക്കുന്നത് ഉദാഹരണം.
അഭിനയമികവിനെക്കുറിച്ച് മറിച്ചുള്ള അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും പ്രേംനസീറിനെ സ്പർശിക്കാതെ മലയാളസിനിമയെക്കുറിച്ച് ആർക്കും ചിന്തിക്കാനാവില്ല. അതിലുപരി ആ നിത്യകാമുകൻ ഇല്ലായിരുന്നെങ്കിൽ യേശുദാസിന്റെയും, ജയചന്ദ്രന്റെയുംമറ്റും മധുരനാദത്തിൽ ഇത്രയും മനോഹരപ്രണയഗാനങ്ങൾ മലയാളസിനിമയിൽ ഉണ്ടാകുമായിരുന്നൊ…സംശയമാണ്. പ്രേംനസീർ ഒന്നുകിൽ പാടുകയായിരിക്കും. അല്ലെങ്കിൽ തന്റെ കാമുകി പാടുന്നത് ഇമവെട്ടാതെ നോക്കിയിരിക്കും. ഷീല, ശാരദ, കെ.ആർ.വിജയ, ജയഭാരതി, വിജയശ്രീ, ലക്ഷ്മി തുടങ്ങി കാക്കത്തൊള്ളായിരം നായികമാരോടൊപ്പം ഈ മനുഷ്യൻ ആടിയ പ്രേമരംഗങ്ങളിലൂടെയാണ് രണ്ടു ദശകങ്ങളിലേറെ തലമുറകളുടെ പ്രണയസങ്കൽപങ്ങൾ പൂത്തുലഞ്ഞത്. “എങ്കിൽഞാൻ….എങ്കിൽഞാൻ..ചക്രവർത്തീ…ഒരു പ്രേമചക്രവർത്തീ…” എന്നെല്ലാം സത്യൻ സ്ക്രീനിൽ പാടുന്നതായി ആർക്കാണ് സങ്കൽപിക്കാനാവുക?
മൂന്നേകാൽ മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന പടയോട്ടത്തിന്റെ edited version യു ട്യൂബിലുണ്ട്. പക്ഷേ രാഗത്തിൽ പണ്ടു കണ്ടപ്പോഴുണ്ടായ അനുഭവം ടി വി ക്കൊ ഹോംതിയ്യറ്ററിനൊ തരാൻ കഴിയില്ല. ഇന്നത്തെ അത്യാധുനിക സാങ്കേതികമികവിലേക്ക് സന്നിവേശിപ്പിച്ച് പടയോട്ടം ഒരിക്കൽ കൂടി big screen ൽ എത്തുമോ? “ബറോസി”ൽ തിരിച്ചുവരുന്ന ജിജോ പ്രതീക്ഷ നൽകുന്നുണ്ട്.
ഓരോ സിനിമാപ്രാന്തനേയും കാഴ്ചയുടെ പുതിയ ആകാശങ്ങളിലേക്ക് ഉയർത്തിയ പടയോട്ടം ശിൽപ്പികൾക്ക് പ്രണാമം…നിത്യകാമുകനും.