എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ എവർഗ്രീൻ ക്ലാസിക് ആയത് ?

0
70

ഡാനിഷ്‌ ജോൺ

തുവാനത്തുമ്പികൾ – ഒരു ചൂണ്ടുപലക

മഴക്ക്‌ മുമ്പുള്ള ഒരു വരണ്ട ഭൂമി. കോരിച്ചൊരിയുന്ന ഒരു മഴ ആ ഭൂമിയെ എങ്ങനെ ഫലഭൂയിഷ്ടമാക്കുന്നു, അതാണ്‌ ഞാൻ കണ്ട തൂവാനത്തുമ്പികൾ. പത്മരാജൻ സിനിമകൾ എപ്പോഴും വേറിട്ടു നിൽക്കാൻ അല്ലെങ്കിൽ കാലത്തിനു മുമ്പേ സഞ്ചരിക്കാൻ ഒരു കാരണം അതിൽ അദ്ദേഹം കോർത്തിണക്കിയ ഒരു തനതു ഭാഷാശൈലിയുണ്ട്‌. പ്രക്യതിയുടെ ഭാഷ. അദ്ദേഹത്തിന്റെ ഏതു കഥകളിലായാലും ഈ ഒരു ശൈലി ആ കഥക്കും കഥാ സങ്കേതങ്ങൾക്കും നൽകുന്ന ഒരു Mileage അത്‌ വേറെ ഒരു Level ആണെന്നുതന്നെ പറയാം. കഥാപാത്രങ്ങൾക്ക്‌ ജീവനുണ്ട്‌. ഭാവി, ഭൂതം, വർത്തമാനകാലങ്ങളിൽ കൂടി സഞ്ചരിക്കുന്നവരാണ്‌ അവർ. അവരുടെ ജീവിതങ്ങൾ പലപ്പോഴും യാഥാർത്ഥ്യത്തോട്‌ അടുത്തു നിൽക്കുന്നു.

ഉദകപോള എന്ന നോവലിലെ ഒരേടെടുത്ത്‌ തൂവാനത്തുമ്പികൾ എന്നൊരു ദ്യശ്യകാവ്യം അദ്ദേഹം സ്യഷ്ടിച്ചപ്പോഴും ആ ഒരു യാഥാർത്യം കണ്ണാടി ചില്ലുപോലെ അനുവാചകനു മുന്നിൽ പ്രതിഭലിച്ചു. ഒരുപാടു ജീവിതങ്ങളുടെ മാത്രമല്ല ഒരു പ്രദേശത്തിന്റെ ( ഗ്രാമവും പട്ടണവും) നല്ല വശവും ചീത്തവശവും ആ നോവലിലൂടെ വരച്ചു കാണിച്ചു. ആ ജീവിതങ്ങളുടെ ഓരോ ദിവസവും സന്തോഷത്തിൽ മാത്രമല്ല ദുരന്തങ്ങളിൽ കൂടിയും കടന്നു പോകുന്നുണ്ട്‌. നാണയത്തിനു രണ്ട്‌ വശമുള്ളത്‌പോലെ ജീവിതത്തിന്റെ രണ്ട്‌ വശങ്ങളും പിന്നെ വശങ്ങളില്ലാതെ നൂൽപാലത്തിലൂടെ ഇഴഞ്ഞു നീങ്ങുന്നതുമായ മുഹൂർത്തങ്ങൾ അദ്ദേഹം വരച്ചിട്ടു.

നോവൽ ചലച്ചിത്രമായപ്പോൾ അത്‌ ഒരു മികച്ച പ്രണയകാവ്യമായാണ്‌ എല്ലാവരും സ്വീകരിച്ചത്‌. ഞാനും അതേ. അന്നുവരെ നമ്മൾ കണ്ടുശീലിച്ച Formulas ൽ നിന്നും ഉള്ള ഒരു വഴിമാറി നടക്കലായിരുന്നു ഈ ചിത്രം.A love with internal commitments. They might act like they doesn’t care but internally they are committed to both. പ്രതിബദ്ധതയുള്ള ഒത്തിരി പ്രണയങ്ങൾ നാം കണ്ടിട്ടുണ്ട്‌. ഇവിടെ അങ്ങനെയല്ല പ്രതിബദ്ധതയ്ക്ക്‌ പകരം പരസ്പരം ഉള്ള ഒരു Caring ആണു.

“ഇന്നലെ ഞാൻ ഒരു ആന്ധ്രാക്കാരിയായിരുന്നു.” ക്ലാരയുടെ ആ സംസാരത്തിനു മുന്നിൽ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ജയക്യഷ്ണൻ നിൽക്കുന്നു. ക്ലാരക്കാണെങ്കില്ലോ യാതൊരു കുറ്റബോധവും ഇല്ല. A love without commitments. അവിടെ സാധാരണ പ്രണയങ്ങളിൽ ഉള്ള പോലെ പിടിമുറുക്കങ്ങളോ സ്വാർത്ഥമായ ഇടപെടലുകളോ ഇല്ല. എന്റെ കാമുകി എനിക്കു മാത്രം. മറ്റൊരു പുരുഷനോട്‌ ചുമ്മാതൊന്ന് സംസാരിച്ചാൽ പോലും ഇഷ്ടപ്പെടാത്ത ഒരു സാധാരണ ശരാശരി പുരുഷസമൂഹത്തിനു മുന്നിൽ ജയക്യഷ്ണൻ അവിടെ വിശാല മനസ്സിനു ഉടമയായ ഒരു കാമുകനായി മാറുന്നു.

എന്നാൽ പലരും പറഞ്ഞ ഈ വിലയിരുത്തലുകളോട്‌ എനിക്ക്‌ ഒട്ടും തന്നെ യോജിപ്പില്ല. കാരണം പത്മരാജൻ കഥാപാത്രങ്ങൾ പച്ച മണ്ണിന്റെ മണമ്മുള്ള മനുഷ്യരാണ്‌. മനുഷ്യ സഹജമായ വികാരങ്ങൾ അവരിൽ പ്രകടമാവുകയാണിവിടെ. നാലു ചുവരുകൾക്കുള്ളിൽ നിന്നു മറ്റൊരു നാലു ചുവരുകൾക്കുള്ളിലേക്ക്‌ മാത്രം ഒതുങ്ങുന്ന ക്ലാരയുടെ ജീവിതത്തെപറ്റി കേൾക്കുമ്പോൾ ജയക്യഷ്ണന്റെ മുഖഭാവം ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ മനസ്സില്ലാക്കാം.

അവിടെ ജയക്യഷ്ണന്റെ നിസ്സഹായത എന്നു പറഞ്ഞാൽ അത്‌ ഒരു പരിധി നിശ്ചയിക്കലാകും, നിസ്സഹായതപോലും പ്രകടമാക്കാൻ പറ്റാത്ത ഒരു അവസ്ഥ. ആത്മാവും ശരീരവും പകുത്തെടുത്ത, താൻ കാത്തു സുക്ഷിച്ച തന്റെ പ്രണയത്തെ അനുഭവിച്ചവൾ തെറ്റിൽ നിന്നും തെറ്റിലേക്ക്‌ പോകുമ്പോൾ തടയാനാവാത്തവന്റെ നിസ്സഹായത. അതാണ്‌ ജയക്യഷ്ണന്റെ മുഖഭാവത്തിൽ പ്രതിഭലിക്കുന്നത്‌. മോഹൻലാൽ എന്ന നടന്റെ കൈകളിൽ ജയക്യഷ്ണൻ ഭദ്രമായിരുന്നു. അവിടെ ജയക്യഷ്ണനു ക്ലാരയോടും ക്ലാരക്കു തിരിച്ചും പ്രതിബദ്ധതയുണ്ട്‌. പക്ഷേ അതു പ്രകടമാകുന്നത്‌ മൗനത്തിൽ ചാലിച്ച പ്രണയത്തിന്റെ ഭാഷയിലാണെന്നു മാത്രം. ആ നിർവ്വികാരത എത്രപേർ കണ്ടു.
എനിക്കു തോന്നുന്നു ലാലിന്റെ മികച്ച അഭിനയമുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അതെന്നു. The definition of the complete actor is reflects in that moment.

‘ആദ്യമായിട്ട് മോഹം തോന്നുന്ന ആളെ ജീവിതം മുഴുവന്‍ ഒരുമിച്ച് ഉണ്ടാവുന്നത് ഭാഗ്യമുള്ളോര്‍ക്കെ കിട്ടു’.
അതെ ക്ലാര അവിടെ ജയക്യഷ്ണന്റെ ആ ആദ്യ മോഹത്തിന്റെ സഫലീകരണത്തിനു വഴിമാറി കൊടുക്കുന്നു. കാരണങ്ങൾ പലതാകാം. ജീവിതത്തെപറ്റി വ്യക്തമായ കാഴ്ച്ചപാടുണ്ട്‌ അവൾക്ക്‌. മുന്നോട്ടുള്ള ജീവിതത്തിൽ വന്നേക്കാവുന്ന പല പ്രശ്നങ്ങൾ അവൾ മുന്നിൽ കാണുന്നു. നിത്യഹരിതമായി ആ പ്രണയം നിലനിൽക്കണമെങ്കിൽ അവിടെ വിരഹം കൂടിയേ തീരൂ. പക്ഷേ ഇവിടെ വിരഹവും ഇല്ല. ഒന്നിച്ചു ജീവിക്കുന്നില്ലെങ്കിലും അവരുടെ മനസ്സുകൾ തമ്മിൽ ഉള്ള ആ ഒരു Silent communication, അതു നിലനിൽക്കുന്നുണ്ട്‌. മഴ ഇവിടെ അങ്ങനെയൊരു ഭാഷയായി ചിത്രത്തിൽ കടന്നുവരുന്നു.

മഴക്ക്‌ പരിമിധികളുണ്ട്‌. മഴ എപ്പോഴും ഒരു വിരുന്നുകാരിയാണ്‌. ക്ലാരയും അങ്ങനെ തന്നെ. ക്ഷണിക്കപ്പെടാത്ത അതിഥിയായി അവൾ അവന്റെ ജീവിതത്തിൽ വന്നു. ഒന്നും പറയാതെ ഇറങ്ങി പോവുകയും ചെയ്തു. പിന്നെയുള്ളത്‌ കാത്തിരിപ്പാണ്‌.
ക്ലാര ആരെയും മോഹിപ്പിക്കുന്ന കുളിരണിയിക്കുന്ന മഴയാണെങ്കിൽ രാധ എന്നത്‌ പച്ച മണ്ണാണ്‌.

രാധ ഒരു സാധാരണ നായർ പെൺകുട്ടി. ജീവിതത്തെപറ്റിയുള്ള വലിയ കാഴ്ചപാടുകളേക്കാൾ ഒത്തിരി സ്വപനങ്ങൾ ഉള്ള പെൺകുട്ടി. പച്ച മണ്ണിനും മഴക്കും ഇടയിൽ നിൽക്കുന്ന കർഷകൻ അതാണ്‌ ജയക്യഷ്ണൻ. രാധ എന്ന ഫലഭൂയിഷ്ടമായ മണ്ണ്‌ ഇപ്പോൾ വെള്ളത്തിന്റെ ഈർപ്പമോ നനവോ ഇല്ല. തൂമ്പകൊണ്ട്‌ കിളച്ച്‌ വെള്ളം ഒഴുകാനുള്ള ചാലുകൾ കീറി മഴക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പിലാണ്‌ ജയക്യഷ്ണൻ. ഒടുവിൽ മഴപേയ്ത്‌ ആ ഭൂമിയേ കുളിരണിയിച്ചു. മണ്ണിനു ഇളക്കം തട്ടി ഇപ്പോൾ നൂറുമേനി വിളയുന്ന നിലമായി അതു മാറുന്നു. നല്ലൊരു ദാമ്പത്യത്തിനു ഉതകുന്ന ഒരു വിളനിലമായി അവൾ മാറുകയാണ്‌.

മണ്ണാറത്തൊടിയിലെ ജഡ്ജി തമ്പുരാന്റെ മകന്റെ ജീവിതം കടിഞ്ഞാണുകൾക്ക്‌ നടുവിൽ ആയിരുന്നു. ഇവിടെ തങ്ങളുടെ കഥാപാത്രത്തിൽ നിന്നും ജയക്യഷ്ണന്റെ മറ്റൊരു ജീവിതത്തിന്റെ ചിത്രം നമുക്ക്‌ കിട്ടുന്നുണ്ട്‌. കടിഞ്ഞാൺ പോട്ടിയ പട്ടം ആകുന്നുണ്ടെങ്കിലും അത്‌ എവിടെയോ തടഞ്ഞു നിൽക്കുന്നു. ഒരു പക്ഷേ വീടും ആ ഗ്രാമവും എന്ന കമ്പിൽ ആകാം അതു തടഞ്ഞു നിന്നത്‌.

സത്യത്തിൽ ആരോടായിരുന്നു ജയക്യഷ്ണനു പ്രണയം. സംശയമില്ല ക്ലാരയോടു തന്നെ, അപ്പോൾ രാധയോടുള്ളതോ?. രാധ ഒരിക്കലും ഒരു പ്രണയിനി ആകാൻ ആഗ്രഹിച്ചിട്ടില്ല. ജയക്യഷ്ണൻ രാധയേ തന്റെ ജീവിതസഖി ആയിതന്നെയാണ്‌ കണ്ടത്‌. പക്ഷേ അയാൾ അവളെ ജീവിതത്തിലേക്ക്‌ ക്ഷണിച്ച രീതി തികച്ചും ബാലിശമായിപോയി. ഒരു കോളെജ്‌ ലൈഫിലെ റാഗിങ്ങിനെ അനുസ്മരിപ്പിക്കും വിധം. അവിടെ അയാളെ കുറ്റം പറയാനാകില്ല.

പ്രായത്തിന്റെ പക്വതകുറവ്‌. പിന്നീടു കുടുംബങ്ങളുടെ ഇടപെടലിൽ അതായത്‌ രണ്ടു കൂട്ടരുടെയും കാരണവസ്ഥാനത്തു നിൽക്കുന്നവർ രംഗത്ത്‌ വരുന്നതോടെ അതിനു ഒരു പരിഹാരമാകുന്നു.
ഇവിടെ ജയക്യഷ്ണന്റെ ജീവിതത്തിൽ വരുന്ന മാറ്റം ശ്രദ്ധിക്കേണ്ടതാണ്‌. കോളെജ്‌ ലൈഫ്‌ കഴിഞ്ഞെങ്കിലും മനസ്സ്‌ ആ ലോകത്തിൽ തന്നെ തങ്ങി നിൽക്കുന്നു. അവിടെ നിന്നും കുടുംബജീവിതത്തിലേക്ക്‌ കടക്കുന്നതിന്റെ ഒരു പാകപ്പെടൽ. പിന്നീടുള്ള രംഗങ്ങളിൽ അത്‌ അവ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്‌. പിന്നിട്‌ ഒരു മഴപോലെ ക്ലാര അവന്റെ ജീവിതത്തിലേക്ക്‌. അത്‌ മറ്റൊരു പ്രണയ ജീവിതത്തിന്റെ തുടക്കം. ജീവിതം ഒരു പാഠശാലയാകുന്നു.

മലമുകളിലെ ഭ്രാന്തന്റെ നിലവിളി. ആ നിലവിളി കേൾക്കാൻ ആരുമ്മില്ല. അതു ഒരു മുന്നറിയിപ്പാണ്‌. ചെറുപ്പത്തിന്റെ സൗന്ദര്യവും പുഷ്ഠിയും എല്ലം ഇല്ലാതാകുന്ന ഒരു നാളെയുടെ ഓർമ്മപ്പെടുത്തൽ. അങ്ങനെയും ഒരു കാലം ഉണ്ടെന്നുള്ള ഒരു മുന്നറിയിപ്പ്‌. അവിടെ കാമുകിയേക്കാൾ ജയക്യഷ്ണനു ആവശ്യം നല്ലൊരു ഭാര്യയുടെ സാമീപ്യമാണ്‌. രാധയുടെ സാമീപ്യം.

ഈ കഥയിൽ കഥാപാത്രങ്ങളുടെ മാനസീക സംഘർഷങ്ങൾ അതു പറഞ്ഞു അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്‌. നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ചന്റെ അവസ്ഥയെന്താണ്‌. അതുപോലെയാണ്‌ ഇതിലെ കഥാപാത്രങ്ങളും. അവർക്ക്‌ അവരുടെ ദു:ഖങ്ങൾ മാനസീക സംഘർഷങ്ങൾ അതൊക്കെ വാക്കുകളിൽ കൂടിയല്ലാതെ പലപ്പോഴും മൗനത്തിൽ കൂടിയാണ്‌ അവർ പ്രകടിപ്പിക്കുന്നത്‌. ഇതിലെ നായികാ നായകന്മാരുടെ നോട്ടത്തിനുപോലും ഒരു പ്രണയത്തിന്റെ ഭാഷയുണ്ട്‌. ആ കണ്ണുകളിൽ അവ ദ്യശ്യമാകുന്നത്‌ വളരെ തന്മയത്വത്തോടെ പത്മരാജൻ ഒപ്പിയെടുത്തു.

പത്മരാജൻ ചിത്രങ്ങളെ പലപ്പോഴും ഒരു Category യിൽ തളച്ചിടാൻ ശ്രമിക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌. രതിയുടെയും വയലൻസ്സിന്റെയും ക്ലാസിക്ക്‌ രൂപം, അല്ലെങ്കിൽ പെണ്ണുടലിന്റെ അതിപ്രസരം. പത്മരാജൻ തിരകഥ എഴുതിയ ചില ചിത്രങ്ങളിൽ ശരീരപ്രദർശ്ശനം അൽപം കടന്നുവന്നിട്ടുണ്ട്‌ എന്നുള്ളത്‌ ഒരു വസ്തുതയാണ്‌. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ പക്ഷേ അങ്ങനെയൊരു ശ്രേണിയിൽ പെടുത്താനാവില്ല. പച്ചമനുഷ്യന്റെ കഥ അതിന്റെ എല്ലാവിധ അന്തസത്തയോടും കൂടി അദ്ദേഹം അവതരിപ്പിച്ചു. ഇവിടെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക്‌ ഇത്തരം വികാരങ്ങൾ ആത്മീയവ്യാപാരമാണ്‌. ശരീരത്തിനു അവിടെ പ്രാധാന്യം ഇല്ല. മാത്രമല്ല ഇതു പെണ്ണുടലിന്റെ സ്വാതന്ത്യത്തിനുവേണ്ടിയുള്ള യാത്രയല്ല സ്ത്രീമനസ്സിന്റെ യാത്രയും പ്രതിഷേദവുമാണ്‌.

ക്ലാര – ജയക്യഷ്ണൻ പ്രണയവും ഇതുപോലെ തന്നെ. സ്ത്രീക്കും അവളുടെ സ്വാതന്ത്യം ഉണ്ട്‌, തീരുമാനങ്ങളുണ്ട്‌. അത്‌ ആവിഷ്ക്കരിക്കാൻ പത്മരാജൻ തിരഞ്ഞെടുത്ത ക്ലാരയുടെ തൊഴിൽ രംഗം ഒരിക്കൽ പോലും ഒരു നെഗറ്റീവായ സമീപനം സ്യഷ്ടിച്ചിട്ടില്ല. ഏറ്റവും മികച്ച പത്മരാജൻ ചിത്രം ഒരിക്കലും തൂവാനതുമ്പികൾ അല്ല. പക്ഷേ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഈ ചിത്രത്തിലേതാണ്‌. അതിനർത്ഥം മറ്റു കഥാപാത്രങ്ങൾ മോശമാണെന്നല്ല. പത്മരാജന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ വ്യക്തിത്വം ഉള്ളവരാണ്‌ , പച്ച മനുഷ്യരാണ്‌. പുരുഷന്റെ കണ്ണിൽ നോക്കുമ്പോൾ എല്ലാവിധ പുരുഷഗുണങ്ങളും ഒത്തിണങ്ങിയ ഒരാളാണ്‌ ജയക്യഷ്ണൻ. പക്ഷേ ഈ വ്യക്തി ഇതിലെ ക്ലാര – രാധ എന്ന സ്ത്രീകഥാപാത്രങ്ങൾക്ക്‌ മുന്നിൽ ഒന്നുമല്ലാതാവുന്നു. സ്ത്രീയുടെ കണ്ണിൽ ജയക്യഷ്ണൻ എല്ലാ പുരുഷ ലക്ഷണങ്ങളും ഉള്ള ആളാണോ? ഞാൻ പറഞ്ഞത്‌ ശാരീരികമല്ല മാനസീകമാണ്‌. പത്മരാജനെ വിമർശ്ശിക്കുന്നവരോട്‌ എനിക്ക്‌ പറയാനുള്ളത്‌ അദേഹത്തിന്റെ സ്യഷ്ടികൽ മനസ്സിരുത്തികാണുക, ആ കഥകൾ മുൻധാരണകളില്ലാതെ വായിക്കുക. ഒരു യഥാർത്തജീവിതത്തിലെ മനുഷ്യൻ അനുഭവിക്കുന്ന എല്ലാവിധ മാനസീക സഘർഷങ്ങളും അവയിൽ കാണാൻ സാധിക്കും. ഒരു പക്ഷേ നമ്മളേ തന്നെ കാണാൻ സാധിക്കും.

പെണ്ണായ മാധവിക്കുട്ടി പെണ്ണിന്റെതായ അവസ്ഥകളെ വിപ്ലവകരമായ രീതിയിൽ വരച്ചു കാണിച്ചപ്പോൾ അതിനെക്കാൾ ഒരു പടി മുന്നിൽ തന്നെയാണ്‌ പത്മരാജന്റെ സ്ത്രീകഥാപാത്രങ്ങൾ. അവർ ഒരിക്കലും ആണിന്റെ ചിറകുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല. തന്റെതായ വ്യക്തിത്വം ഉള്ളവരാണ്‌. ആത്മാഭിമാനത്തേക്കാൾ വലിയ നഷ്ടമല്ല ശരീരത്തിനേൽക്കുന്നത്‌ എന്ന് ഉത്തമ ബോധ്യമുള്ളവർ.
പെണ്ണിനു മാത്രമല്ല ശരീരശുദ്ധി വേണ്ടത്‌ അത്‌ ആണിനും ഉണ്ട്‌ എന്നോരു ഓർമ്മപെടുത്തൽ അദ്ദേഹം ഈ ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നു. ചിത്രത്തിൽ ഒരു മദ്ധ്യവർഗ്ഗ ഫ്യുഡൽ വ്യവസ്ഥിതിയുടെ വക്താവായാണ് ജയക്യഷ്ണൻ വരുന്നത്‌‌. നാഗരീകതയുടെ കൂടെ ചരിക്കുന്ന ആളാണെങ്കിലും ഗ്രാമത്തിന്റെ നിഷ്കളങ്കത അയാളിൽ ഉണ്ട്‌. വ്യാവസായിക മുതലാളിമാരുടെ കൂട്ടത്തിലും ഒരു മാടമ്പിയുടെ പ്രൗഡിയോടെ അയാൾ നിൽക്കുന്നു. അയാളുടെ dealings അത്തരത്തിലുള്ളതാണ്‌. തനിക്ക്‌ നിരന്തരം ശല്യമായ കുടിയാനെ വകവരുത്താനോ ഇല്ലാതാക്കാനോ ഉള്ള ക്രൂരത അയാൾക്കില്ല. പക്ഷേ അയാളുടെ സുഹ്യത്തായ ദേവമാത ബസ്സ്‌ മുതലാളി ബാബുവിന്റെ പെരുമാറ്റങ്ങളിൽ നാഗരീക ജീവിതത്തിന്റെ ആ ഒരു കാടൻ മനസ്ഥിതി നമുക്ക്‌ കാണാനാകും.

പിന്നെ മറ്റൊരു കഥാപാത്രമാണ്‌ തങ്ങൾ. മാന്യതയുടെ മുഖം മൂടി ധരിച്ച ഒരു പക്ക കൂട്ടികൊടുപ്പുകാരൻ. സമൂഹത്തിലെ ഉന്നതശ്രേണിയിൽ ഉള്ളവരാണ്‌ സുഹ്യത്തുക്കൾ. പക്ഷേ ചെയ്യുന്നത്‌ ഏറ്റവും ഹീനമായ തൊഴിലും. നാഗരീകതയുടെ ആ ഒരു മുഖം മൂടി സംസ്കാരം വളരെ ലളിതമായി പത്മരാജൻ അവതരിപ്പിക്കുന്നു.ഒരുപക്ഷേ ബുദ്ധിജീവികൾക്ക്‌ ഇദ്ദേഹത്തിന്റെ ചിത്രങ്ങളോട്‌ എത്രമാത്രം മതിപ്പുണ്ടാകും എന്നറിയില്ല. ഒരു ചലചിത്രം അത്‌ ഒരു കലാരൂപം കൂടിയാണ്‌. ആ സ്ഥിതിക്ക്‌ ആ കലാരൂപത്തോട്‌ പൂർണ്ണമായും നീതിപുലർത്തിയ കലാകാരന്മാരിൽ ഒരാളാണ്‌ പി. പത്മരാജൻ. അതുകൊണ്ട്‌ തന്നെയാണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങൾ Evergreen classics ആയി ഇന്നും നിലനിൽക്കുന്നത്‌.