നാസിയ ഹസൻ: വാനമ്പാടികളുടെ രാജകുമാരി
പ്രമോദ് കാരുവള്ളിൽ
വൈക്കം
വർഷമേഘങ്ങൾ പെയ്തൊഴിയാതെ നിന്ന ജൂണിലെ സന്ധ്യകളിൽ, തേജസ്വിനിയായ ഒരു വാനമ്പാടി എന്റെ സഹയാത്രികയായി വന്നു.അരൂപിയായി എനിക്കൊപ്പം നിന്ന്, ഏകാന്തതയുടെ വിഹ്വലതകളിൽ നിന്നു മോചനം നൽകിക്കൊണ്ട് അവൾ എനിക്കായി പാടി. പതിറ്റാണ്ടുകൾക്കു മുമ്പ് താൻ പാടിയ പാട്ടുകൾ ഓരോന്നായി എന്നെ കേൾപ്പിച്ചു.ആ ഗാനങ്ങൾ സൃഷ്ടിച്ച മാസ്മരികാനുഭൂതിയിൽ ഞാൻ സ്വയമലിഞ്ഞു. എന്റെ സുന്ദരിയായ സഹയാത്രികയുടെ നാദവശ്യതയിൽ, ഇടയ്ക്കിടെ കോരിച്ചൊരിഞ്ഞ രാത്രിമഴയുടെ ഇരമ്പവും ഇടിമിന്നലിന്റെ രൗദ്രതാണ്ഡവവും ഞാൻ മറന്നു. തലസ്ഥാനനഗരത്തിൽ നിന്നുള്ള മടക്കയാത്രകളായിരുന്നു അത്. ഗാനസാഗരത്തിൽ മുങ്ങിപ്പോയതു മൂലം തീവണ്ടിയുടെ ചൂളം വിളി സൃഷ്ടിച്ച അലയൊലികളും അവയുടെ ചക്രങ്ങൾ പാളത്തിലമരുമ്പോഴുള്ള പ്രകമ്പനങ്ങളും എന്റെ കാതുകളെ സ്പർശിക്കാതെ കടന്നു പോയി. അവളുടെ ഗാനങ്ങൾ കേൾക്കാൻ മാത്രമുള്ളതായിരുന്നില്ല, കാണാനും കൂടി ഉള്ളതായിരുന്നു. വർണങ്ങൾ ചാലിച്ച പീലികളാൽ വിസ്മയം വിടർത്തുന്ന മയിലിനെ പോലെ അവൾ എന്റെ മുന്നിൽ നൃത്തം വച്ചു. ഒരു അപ്സരസിന്റെ മോഹനവശ്യതയും ചാരുതയുമുണ്ടായിരുന്നു, ആ വാനമ്പാടിയുടെ ആലാപനത്തിനും ചലനങ്ങൾക്കും.
പത്താം വയസ്സിൽ സംഗീതലോകത്തെത്തി, മുപ്പത്തഞ്ചാം വയസ്സിൽ ഈ ലോകത്തോടു തന്നെ വിടപറഞ്ഞ അവൾ എന്റെയോ ഇന്ത്യയിലെ ഒരു തലമുറയുടെയോ മാത്രം ആരാധനാപാത്രമായിരുന്നില്ല; പാകിസ്ഥാന്റെയും ലോകത്തിന്റെയും വാനമ്പാടിയായിരുന്നു. ‘ഖുർബാനി ‘ (Qurbani) എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെ ഇന്ത്യൻ യുവജനതയുടെ ഹൃദയത്തിൽ മായാമുദ്ര പതിപ്പിച്ച ആ ഗായികയാണ് നാസിയ ഹസൻ. “ആപ് ജൈസാ കോയി മേരി സിന്ദഗി മേ ആയേ… ” എന്ന ഒറ്റ ഗാനത്തിലൂടെ ഇന്ത്യയെ കീഴടക്കിയ വിശ്രുതപാകിസ്ഥാനി ഗായിക.
യുവഹൃദയങ്ങളെ ത്രസിപ്പിച്ച ആൽബങ്ങൾ
…………………………………………………………..
നാസിയ ഹസൻ “ആപ് ജൈസാ കോയി മേരി” എന്ന വിഖ്യാതഗാനം ആലപിച്ചത് പതിനഞ്ചാം വയസ്സിലാണ്. ഗാനം ജനങ്ങളിലെത്തിയതോടെ അക്ഷരാർത്ഥത്തിൽ ഗായിക താരമായി. ചലച്ചിത്രനിർമാതാവും സംഗീതജ്ഞനുമായ ബിദ്ദുവാണ് ഈ ഗാനമൊരുക്കിയത്.കർണാടകസംഗീതവും ഹിന്ദുസ്ഥാനിയും രൂഢമൂലമായ ഇന്ത്യയിൽ പോപ് സംഗീതത്തിന് സ്വീകാര്യത നൽകുകയും അടിത്തറ പാകുകയും ചെയ്ത ഗാനങ്ങളിൽ പ്രഥമഗണനീയമാണ് “ആപ് ജൈസാ…” ദക്ഷിണേഷ്യയിൽത്തന്നെ ജനസഹസ്രങ്ങൾ ആവേശപൂർവം ഈ ഗാനം ഹൃദയത്തിലേറ്റുവാങ്ങി.നാസിയയുടെ ആലാപനത്തിന്റെ ഊർജസ്വലതയും സീനത്ത് അമൻ എന്ന നടിയുടെ മാദകനൃത്തവും ചേർന്നപ്പോൾ 1980 കളിലെ യുവജനതയ്ക്ക് ഹരം കൊള്ളാൻ മറ്റൊന്നും ആവശ്യമില്ലെന്നായി. സംവിധായകനും നായകനുമായ ഫിറോസ് ഖാനും ഗാനരംഗത്തുണ്ടായിരുന്നു.ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ‘ഫിലിം ഫെയർ’ അവാർഡ് നാസിയയെ തേടിയെത്താൻ അധികം താമസമുണ്ടായില്ല.
അഭൂതപൂർവമായിരുന്നു, ” ആപ് ജൈസാ…” സൃഷ്ടിച്ച പശ്ചാത്യസംഗീതത്തിന്റെ അലയൊലികൾ. അത് ഇന്ത്യയും പാകിസ്ഥാനും കടന്ന് ലോകം മുഴുവൻ വ്യാപിച്ചു. പാകിസ്ഥാനിലെ പോപ് സംഗീതത്തെ നാസിയയും സഹോദരനായ സോഹെബും മുന്നിൽ നിന്നു നയിച്ചു. പരമ്പരാഗതസംഗീതപ്രേമികൾ മുറുമുറുത്തെങ്കിലും ഇരുവരുടെയും ജനപ്രീതി വർദ്ധിച്ചു വന്നതേയുള്ളൂ.
1981ൽ ‘ഡിസ്കോ ദീവാനേ’ എന്ന സംഗീത ആൽബം പുറത്തു വന്നതോടെ നാസിയയുടെ പ്രശസ്തിയും വാനോളമുയർന്നു. ഗായികയുടെ ജന്മദിനത്തിലാണ് ആദ്യ ആൽബം റിലീസ് ചെയ്തത്. വളരെ പെട്ടെന്ന് അതിലെ ഗാനങ്ങൾ ഹിറ്റായി. ഒരു ഡസനിലധികം രാജ്യങ്ങളിൽ, മികച്ച ഗാനങ്ങളുടെ പട്ടികയിൽ ഈ ആൽബം ഇടം പിടിച്ചു.
ആൽബത്തിന്റെ പേരിൽത്തന്നെ തുടങ്ങുന്ന പ്രസിദ്ധ ഗാനം, ”ആവോ നാ, പ്യാർ കരേ..”, “ലേകിൻ മേരാ ദിൽ…”, “മുഝേ ചാഹേ ന….”, “കോമൾ..”, “തേരേ കദ്മോം കോ..”, “ദുണ്ഡ്ലി രാത്…” എന്നിവ ഇതിൽ ഉൾപ്പെട്ടതാണ്. ആലാപനവും അവതരണവും സോഹെബ് ഹസനോടൊപ്പമായിരുന്നു. നിർമാണവും സംഗീതവും ബിദ്ദു തന്നെ. തൊട്ടടുത്ത വർഷം ‘സ്റ്റാർ/ബൂം ബൂം’ എന്ന ആൽബം ഇറങ്ങി. “ബൂം ബൂം..”, “കോയി നഹി..”, “ഖുശി…”, “ഊയി…ഊയി ..”, “ജാനാ….” തുടങ്ങിയ ഗാനങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. ഇവ, ആൽബം ഒരുക്കിയ ബിദ്ദുവിന്റെ തന്നെ ‘സ്റ്റാർ’ (1982) എന്ന ബോളിവുഡ് ചിത്രത്തിൽ പിന്നീട് ഉപയോഗിച്ചു.
”ആംഖേം മിലാനേവലേ…”, “ആഗ്..”, “ദം ദം ദീദി…”, “ക്യാ ഹുവാ”, “ദോസ്തി…”, “സുൻ മേരേ മെഹബൂബ്..” തുടങ്ങിയ ഗാനങ്ങൾ ഉൾപ്പെട്ട മൂന്നാമത്തെ ആൽബം ‘യങ് തരംഗ്’ ആസ്വാദകലോകത്തെത്തിയത് 1983 ലാണ്. ഇതിന്റെയും അണിയറയിൽ ബിദ്ദുവായിരുന്നു. ഏതാണ്ട് മൂന്നു വർഷത്തിനു ശേഷം (1987) ‘ഹോട്ട് ലൈൻ’ ഇറങ്ങി. “ടെലിഫോൺ പ്യാർ….”, “ഹം ഔർ തും..”, “അജ്നബി… “, “ഖുബ്സൂരത്..”, “തേരി യാദ്..” “ദോസ്തി..” തുടങ്ങിയവയാണ് ഇതിലെ ഗാനങ്ങൾ. 1992 ൽ നാസിയയുടെ അവസാനആൽബമായ ‘കാമറ കാമറ’ ജനങ്ങൾക്കിടയിലെത്തി. മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണപ്രവർത്തനങ്ങൾക്ക് ഇതിലൂടെ പിന്തുണ അറിയിക്കുകയായിരുന്നു ഗായിക.
‘ഡിസ്കോ ദീവാനേ’യുടെ ഇംഗ്ലിഷ് പതിപ്പായ ‘ഡ്രീമർ ദീവാനേ’യിലൂടെ ബ്രിട്ടനിലും നാസിയ പ്രശസ്തയായി. അവിടെ ആദരിക്കപ്പെട്ട ആദ്യപാകിസ്ഥാനി ഗായികയായിരുന്നു അവർ. ആരോഗ്യപ്രശ്നങ്ങൾ നാസിയയെ തീവ്രമായി അലട്ടാൻ തുടങ്ങിയതിനാൽ സഹോദരങ്ങൾ ഒരുമിച്ച് പിന്നീട് ഗാനങ്ങൾ ഇറക്കിയില്ല. മാത്രമല്ല, നാസിയ സംഗീതരംഗത്തു നിന്നു തന്നെ പിൻവലിഞ്ഞു.
നാസിയയുടെ ഗാനങ്ങളും ചലച്ചിത്രങ്ങളും
…………………………………………………………
‘ഖുർബാനി’ (1980), ‘സ്റ്റാർ’ (1982) എന്നിവ കൂടാതെ ‘ദിൽവാല’ (1986), ‘ഇൽസാം’ (1986), ‘മേം ബൽവാൻ’ (1986) ‘സായ’ (1989) തുടങ്ങിയ ഹിന്ദി ചലച്ചിത്രങ്ങളിലും നാസിയയുടെ ഗാനങ്ങൾ ഉൾപ്പെട്ടിരുന്നു. കരൺ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ (2012) എന്ന ചലച്ചിത്രത്തിനായി ‘ഡിസ്കോ ദീവാനേ’ ഉപയോഗിക്കുകയുണ്ടായി. ‘സ്റ്റാർ’ പോലുള്ള ചലച്ചിത്രങ്ങളിൽ നാസിയയുടെ ആൽബങ്ങളിലെ ഗാനങ്ങൾ അല്ലെങ്കിൽ ശബ്ദരേഖ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു. എന്നാൽ മറ്റു പലതിലും അവരുടെ പുതിയ ഗാനങ്ങൾ തന്നെ ഉണ്ടായിരുന്നു.നാസിയയുടെ ഗാനങ്ങളുടെ ചലച്ചിത്രാവിഷ്കാരം പലതും മസാലക്കൂട്ടുകൾ നിറഞ്ഞതായിരുന്നെങ്കിലും വേഷവിധാനത്തിലോ ഭാവപ്രകടനത്തിലോ ഒരിക്കലും ഈ ഗായിക സഭ്യതയുടെ അതിരുകൾ ലംഘിച്ചില്ല. ചലച്ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഒട്ടേറെ അവസരങ്ങൾ നാസിയയെ തേടിയെത്തിയെങ്കിലും അവർ അതിൽ താത്പര്യം കാണിച്ചില്ല.
ആരാധകരെ ത്രസിപ്പിച്ച ഗാനങ്ങളിലൂടെ നാസിയ ഹസൻ എത്തിച്ചേർന്നത് ‘ദക്ഷിണേഷ്യയിലെ പോപ് സംഗീതത്തിന്റെ റാണി’യെന്ന പദവിയിലേക്കാണ്. പാശ്ചാത്യസംഗീതവും ഡിസ്കോ എന്ന നൃത്തരൂപവും അവരിലൂടെ ദക്ഷിണേഷ്യയിൽ ചിരപ്രതിഷ്ഠ നേടി.
ബാല്യത്തിൽ തുടങ്ങിയ സംഗീതസപര്യ
…………………………………………………….
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയിൽ 1965 ഏപ്രിൽ മൂന്നിനാണ് നാസിയ ഹസൻ ജനിച്ചത്.പിതാവ് ബാസിർ ഹസൻ ബിസിനസുകാരനായിരുന്നു. അമ്മ മുനിസ ബാസിർ സാമൂഹികപ്രവർത്തകയും.നാസിയയുടെ കൗമാരം ലണ്ടനിലായിരുന്നു. സഹോദരനും ഗായകനുമായ സോഹെബും നാസിയയും തമ്മിൽ ദൃഢമായ അടുപ്പമാണുണ്ടായിരുന്നത്. പില്ക്കാലത്ത് പല ആൽബങ്ങളും പുറത്തിറക്കിയത് ഇരുവരും ഒരുമിച്ചാണ്. സഹ്റ എന്നൊരു സഹോദരിയും ഉണ്ട് ഇവർക്ക്.കറാച്ചി ഗ്രാമർ സ്കൂളിലും ലണ്ടൻ സർവകലാശാലയിലും റിച്ച്മണ്ട് അമേരിക്കൻ അന്താരാഷ്ട്ര സർവകലാശാലയിലുമായി നാസിയ ഔപചാരികവിദ്യാഭ്യാസം പൂർത്തിയാക്കി. റിച്ച്മണ്ടിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും ധനതത്വശാസ്ത്രത്തിലും ലണ്ടൻ സർവകലാശാലയിൽ നിന്ന് നിയമത്തിലും അവർ ബിരുദം നേടി. ചെറുപ്രായത്തിൽത്തന്നെ നാസിയ ഹസ്സൻ സംഗീതലോകത്തു പിച്ചവച്ചിരുന്നു. 1975ൽ, പി.റ്റി.വി.യിലെ കുട്ടികളുടെ പ്രോഗ്രാമായ ‘കലിയോം കി മാല’യിൽ “ദോസ്തി ഐസാ നാതാ..” എന്ന ഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ടെലിവിഷൻ ഷോകളിലൂടെ അവളുടെ സവിശേഷശബ്ദം ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.
ഐക്യരാഷ്ട്രസംഘടനയുടെ രാഷ്ട്രീയകാര്യ വിശകലനവിദഗ്ദ്ധയായി നാസിയ കുറച്ചു കാലം സേവനമനുഷ്ഠിച്ചു. കുട്ടികളുടെ ക്ഷേമത്തിനുള്ള യു.എൻ. വിഭാഗമായ ‘യൂനിസെഫി’ലും പ്രവർത്തിക്കുകയുണ്ടായി. 1991 ൽ പാകിസ്ഥാന്റെ യു.എന്നിലെ കൾച്ചറൽ അംബാസഡറായി അവർ നിയോഗിക്കപ്പെട്ടു.
1995 മാർച്ച് 30ന് വ്യവസായിയായ മിർസ ഇഷ്തിയാഖ് ബെയ്ഗിനെ നാസിയ വിവാഹം കഴിച്ചു. എന്നാൽ വിവാഹബന്ധം അവൾക്ക് യാതനകളാണു സമ്മാനിച്ചത്. പരസ്പരം പൊരുത്തപ്പെടാനാവാതെ ജീവിച്ച ഈ ദമ്പതിമാർക്ക് ഒരു മകനുണ്ട്- ആരിസ് ഹസൻ. അഞ്ചു വർഷത്തെ ദാമ്പത്യത്തിനു ശേഷം 2000 ആഗസ്റ്റ് 4 ന് നാസിയയും ഭർത്താവും വേർപിരിഞ്ഞു. ഒരാഴ്ച കഴിയും മുമ്പേ നാസിയയുടെ ആരോഗ്യനില വഷളായി. ശ്വാസകോശാർബുദം അതിന്റെ ഇരയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ആഗസ്റ്റ് 13 ന് ലണ്ടനിലെ നോർത്ത് ഫിഞ്ച്ലിയിലുള്ള ഒരു ആശുപത്രിയിൽ വച്ച് ലക്ഷക്കണക്കിനു വരുന്ന ആരാധകരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് നാസിയ ഹസൻ ഈ ലോകത്തു നിന്നു വിടവാങ്ങി.ഏതാനും ദിവസങ്ങൾക്കു ശേഷം, ലണ്ടനിലെ ഹെൻഡൻ സെമിത്തേരി നാസിയയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി.
എന്തായിരുന്നു നാസിയയുടെ ആകർഷണം ?
…………………………………………………………….
1975 മുതൽ 1992 വരെയുള്ള കാലഘട്ടത്തിലാണ് നാസിയ സംഗീത – നൃത്തരംഗങ്ങളിൽ സജീവമായിരുന്നത്.ഇത്രയേറെ വർഷങ്ങൾ ലക്ഷക്കണക്കിന് ആരാധകരെ ഈ ഗായികയിൽ പിടിച്ചു നിർത്തിയത് എന്തായിരിക്കാം ?’ഇന്ത്യയുടെ വാനമ്പാടി’ ലതാ മങ്കേഷ്കറുടേതു പോലെ ശ്രുതിശുദ്ധമോ അപാരമായ റേഞ്ചുള്ളതോ, ദക്ഷിണേന്ത്യയാകമാനം ജനപ്രീതി നേടിയ പി. സുശീലയുടേതു പോലെ വശ്യമനോഹരമോ, എസ്. ജാനകിയുടേതു പോലെ സൗമ്യമധുരമോ ആയിരുന്നില്ല നാസിയയുടെ ഇമ്പമാർന്ന ശബ്ദം. എന്നാൽ പാശ്ചാത്യ – പൗരസ്ത്യ സംഗീതധാരകൾക്ക് അത് ഒരു പോലെ ഇണങ്ങി.പരമ്പരാഗത ഇന്ത്യൻ സംഗീതത്തിന്റെ മാനദണ്ഡങ്ങൾ നോക്കിയാൽ അത്രയധികം സ്ഫുടം ചെയ്തെടുത്ത ശുദ്ധസ്വരമായിരുന്നില്ല പോപ് രാജകുമാരിയെന്നു വിശേഷിപ്പിക്കപ്പെട്ട നാസിയയുടേത്. താരസ്ഥായിയിലെത്തുമ്പോൾ ശ്രുതി ഭംഗമുണ്ടാകുന്നുണ്ടോ എന്നു പോലും ആസ്വാദകനു തോന്നാം. ഹമ്മിങ്ങുകളിലും ശബ്ദം പതറുന്നതായി അനുഭവപ്പെടും. ഒരുപക്ഷേ, അവരുടെ അവസാനവിധി നിർണയിച്ച രോഗം മൂലം ദീർഘശ്വാസം എടുക്കാൻ കഴിയാതെ വന്നതാവാം കാരണം.ഇങ്ങനെയെല്ലാമാണെങ്കിലും ആ സ്വരത്തിന് സവിശേഷമായ ഒരു മാസ്മരികശക്തിയുണ്ടായിരുന്നു. നാസിയയുടെ രൂപത്തിന്റെയും ചലനങ്ങളുടെയും സൗന്ദര്യം കൂടി ചേർന്നതോടെ പ്രേക്ഷകർക്ക് അവരെ തങ്ങളുടെ സ്വപ്നങ്ങളിലെ റാണിയാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.നീണ്ട മുടിയിഴകൾ ഇടയ്ക്കിടെ പിന്നിലേക്ക് ഒതുക്കിക്കൊണ്ടുള്ള അവരുടെ ആലാപനം… അല്ലെങ്കിൽ സ്റ്റേജ് പ്രസൻസ് എല്ലാവരേയും ആകർഷിച്ചു. പലപ്പോഴും അവർ വേദിയിൽ ഒഴുകുകയായിരുന്നു.
ഒരു മാൻപേടയുടേതു പോലെ തോന്നിക്കുന്ന ആർദ്രനയനങ്ങളുടെ, വൈരുദ്ധ്യമെന്നു പറയാവുന്ന തീക്ഷ്ണതയാണ് മറ്റൊന്ന്.
1980 കളുടെ തുടക്കത്തിലാണ് നാസിയ ഇന്ത്യയിൽ ആദ്യമായി ജനപ്രീതി നേടിയത്. “ആപ് ജൈസാ കോയി.. ” എന്ന പ്രഥമഗാനം തന്നെയായിരിക്കും അവരെ കുറിച്ചോർക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ ആദ്യമെത്തുക. രണ്ടാം സ്ഥാനത്ത് ഒരു പക്ഷേ “ഡിസ്കോ ദീവാനേ….”യും.
എന്നാൽ ‘ബൂം ബൂം’ എന്ന ആൽബത്തിലെ ‘കോയി നഹി’ അവയേക്കാൾ പല അർത്ഥത്തിലും മനോഹരമാണ്. സോഹെബിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണിത്. ഓർക്കെസ്ട്ര പോപ് സ്വഭാവത്തിലുള്ളതാണങ്കിലും ഇതിന്റെ വരികൾ മെലഡിയുടെ ഇമ്പം നിറഞ്ഞതാണ്. അമിത് ഖന്നയുടെ വരികൾക്ക് ബിദ്ദു ഈണം നൽകിയിരിക്കുന്നു.ബോളിവുഡ് ചലച്ചിത്രമായ ‘സ്റ്റാറി’ൽ ആ ഗാനം ഉൾപ്പെടുത്തിയത് മസാല രംഗത്തിന്റെ അകമ്പടിയോടെയാണ്. പക്ഷേ, ആൽബത്തിൽ നാസിയയുടെ അവതരണവും സ്റ്റേജ് ഷോകളിലെ ആലാപനവും അങ്ങേയറ്റം മാന്യമായിരുന്നു.
“യേ ദിൽ തേരേ ലിയേ ഹെ…
യേ ജാൻ തേരേ ലിയേ…
ഓ…ഹോ… ഹോ …
മേരേ ലിയേ, തേരേ സിവാ
ജാനേ ജഹാം കോയി നഹി….” എന്ന പല്ലവി നാസിയയുടെ ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത് അതീവഹൃദ്യമായാണ്.
“എനിക്ക് ഈ ലോകത്തിൽ അങ്ങല്ലാതെ മറ്റാരുമില്ല” എന്നു പാടുന്ന ഗായികയുടെ ആത്മാനുഭൂതിയുടെയും ഭാവപൂർണിമയുടെയും ഒരംശം പോലും ചലച്ചിത്രത്തിൽ രംഗത്തെത്തിയ വിഖ്യാതനടിക്കു പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
‘യങ് തരംഗ് ‘ എന്ന ആൽബത്തിലെ “സുൻ മേരേ മെഹബൂബ് ” പോലുള്ള ചില ഗാനങ്ങളിലൂടെ ഈ പോപ് ഗായിക ചടുലമായ ആലാപനത്തിൽ മാത്രമല്ല, സൗമ്യസംഗീതത്തിലും അഗ്രഗണ്യയാണെന്നു തെളിയിച്ചു. ഔപചാരികമായ സംഗീതാഭ്യസനം കൂടാതെയാണ് അവർ ഈ നേട്ടം കൈവരിച്ചതെന്നത് അത്ഭുതാവഹമാണ്.
ഒരു ഗസലിന്റെ ആഴവും സൗമ്യതയും മെലഡിയുടെ സൗന്ദര്യവും വ്യാപ്തിയും ഒത്തിണങ്ങിയ ഗാനമാണ് “സുൻ..” ഗാനരംഗമാകട്ടെ, ഒരു സ്വപ്നം പോലെ ചേതോഹരവും. ഏകയായ ഗായിക വനത്തിൽ പ്രിയതമനെ ഓർമിച്ച് അലയുന്നതാണ് ദൃശ്യം. ഒടുവിൽ, ആകാശത്തിലേക്കു പറന്നുയരുന്ന ഇലകൾക്കിടയിലൂടെ നാസിയയുടെ അവ്യക്തമുഖം തെളിയുമ്പോൾ അവർ സ്വർഗത്തിലേക്കു മടങ്ങിയതോർത്ത് പ്രേക്ഷകന്റെ ഹൃദയം വിങ്ങും.
“ബൂം ബൂം….”, “ദോസ്തി…”, ” ആംഖോം മിലാനേവാലേ…”, “ദിൽ കി ലഗി…”
എന്നിവയും നാസിയയുടെ ഏറ്റവും പ്രസിദ്ധ ഗാനങ്ങളിൽ പെടുന്നു. ഒരു ദശാബ്ദത്തിലേറെക്കാലം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംഗീതരംഗം ഭരിക്കുക തന്നെയായിരുന്നു നാസിയയും സഹോദരനും.
അംഗീകാരങ്ങൾ, ഗൂഗിളിന്റെ ആദരം
………………………………………………….
ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള ‘ഫിലിം ഫെയർ’ അവാർഡിന് അർഹയായ ആദ്യത്തെ പാകിസ്ഥാൻകാരിയാണു നാസിയ. ഇന്നും ഈ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ പാക് വനിത എന്ന അംഗീകാരം അവരുടെ പേരിലാണ്.ഇതിനു പുറമേ ‘ഗോൾഡൻ ഡിസ്ക് ‘ അവാർഡും ‘ഡബിൾ പ്ലാറ്റിനവും’ മരണാനന്തര ബഹുമതിയായി പാകിസ്ഥാൻ പ്രസിഡന്റിന്റെ ‘പ്രൈഡ് ഓഫ് പെർഫോമൻസും’ നാസിയയുടെ പേരിലുണ്ട്. കലാ-സാംസ്കാരികരംഗത്ത് പാക് സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമാണ് ‘പ്രൈഡ്’. 2002 ൽ അന്നത്തെ പ്രസിഡന്റ് പർവേസ് മുഷറഫിൽ നിന്ന് നാസിയയുടെ അമ്മ നിറകണ്ണുകളോടെയാണ് അവാർഡ് ഏറ്റുവാങ്ങിയത്.
റിച്ച്മണ്ട് സർവകലശാല നാസിയയ്ക്ക് ഓണററി ഡോക്ടറേറ്റ് നല്കുകയുണ്ടായി. ഗായികയുടെ മരണശേഷമായിരുന്നു അത്. നാസിയ സ്മരണകൾ തുടിച്ചു നിന്ന ഒരു ചടങ്ങിൽ ഏകമകൻ ആരിസ് ആ ബിരുദം ഏറ്റുവാങ്ങി.ജീവിച്ചിരുന്നെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് നാസിയയ്ക്ക് 53 വയസ് തികയുമായിരുന്നു. പ്രശസ്ത ഇൻറർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ അന്ന് അവർക്കു സ്മരണാഞ്ജലിയർപ്പിച്ചത്, ദുപ്പട്ടയും തോളിലിട്ട്, ഒഴുകുന്ന മുടിയിഴകൾ അലക്ഷ്യമായി പറത്തി സ്റ്റേജിൽ നിന്നു പാടുന്ന അവരുടെ സ്കെച്ച് ഡൂഡിൽ (Doodle) ആക്കിക്കൊണ്ടായിരുന്നു. പശ്ചാത്തലമാകട്ടെ, 1980കളിൽ ഗാനരംഗങ്ങളെ പ്രഭാപൂരിതമാക്കിയ ഡിസ്കോ ലൈറ്റുകളും.
ഈ വിശ്രുതഗായികയെ കുറിച്ച് ചില ഡോക്യുമെൻററികൾ പില്ക്കാലത്ത് പുറത്തിറങ്ങുകയുണ്ടായി.നാസിയയുടെയും സോഹെബിന്റെയും ആൽബങ്ങളുടെ 60 മില്യനിലധികം കോപ്പികൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്നും ആ ഗാനങ്ങൾ കാലാതിവർത്തിയായി നിൽക്കുന്നു.അഞ്ച് ആൽബങ്ങളാണ് നാസിയയും സഹോദരനും ചേർന്ന് സൃഷ്ടിച്ചത്. ഗായികയുടെ മരണത്തെ തുടർന്ന് ദുഃഖിതനായ സോഹെബും സംഗീതലോകത്തു നിന്ന് അകന്നു. 2015ൽ മാത്രമാണ് അദ്ദേഹം പിന്നീട് ഒരു ആൽബം പുറത്തിറക്കിയത്. ഈ സഹോദരങ്ങളുടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയെ കുറിച്ച് ബോളിവുഡിൽ ഒരു ചലച്ചിത്രം ഒരുങ്ങുന്നുണ്ട്.
ബഹുമുഖപ്രതിഭയായ ഗായിക
………………………………………..
നാസിയ ഹസൻ ഒരു ഗായികയും നർത്തകിയും മാത്രമായിരുന്നില്ല. ഗാനരചയിതാവായും നിയമജ്ഞയായും അവർ അറിയപ്പെട്ടിരുന്നു. ” “ആവോ ന…”, “ലേകിൻ മേരാ ദിൽ രോ രഹാ ഹെ…”, “മുഝേ ചാഹേ ന….” തുടങ്ങിയ ഗാനങ്ങൾ എഴുതിയത് സഹോദരങ്ങൾ ചേർന്നാണ്.യഥാർത്ഥ മനുഷ്യസ്നേഹിയായിരുന്ന പാകിസ്ഥാന്റെ വാനമ്പാടി, പാവങ്ങളുടെ കണ്ണീരൊപ്പിക്കൊണ്ട് വർഷങ്ങളോളം സാമൂഹികക്ഷേമമേഖലയിലും പ്രവർത്തിച്ചു. തന്റെ രാജ്യത്തെ ദരിദ്രാവസ്ഥയിലുള്ള സ്കൂളുകൾ സന്ദർശിക്കാനും കുട്ടികളെ സഹായിക്കാനും നാസിയ സമയം കണ്ടെെത്തി.1970 കളുടെ രണ്ടാം പകുതിയിലും 80കളിലും, യാഥാസ്ഥിതികത്വം കൊടികുത്തി വാഴുന്ന ആ നാട്ടിലെ ഏറ്റവും പ്രസിദ്ധയായ, ഏറെ ആരാധിക്കപ്പെട്ട താരമായിരുന്നു അവർ. ‘പാകിസ്ഥാനി പോപ് സംഗീതത്തിന്റെ റാണി’ (Queen of Pop in Pakistan) എന്നും അവർ പുഴ്ത്തപ്പെട്ടു.വിവിധ രംഗങ്ങളിൽ മികവു തെളിയിക്കുന്നവർക്ക് നാസിയയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. അവയിൽ പ്രധാനം സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കുള്ളതു തന്നെ. ഇഷ്തിയാഖ് ബെയ്ഗുമായുള്ള ദാമ്പത്യം ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ നാസിയ ആശ്വാസം കണ്ടെത്തിയത് ഏകമകനിലും സംഗീതത്തിലും ജനക്ഷേമപ്രവർത്തനങ്ങളിലുമായിരുന്നു.
കുടുംബാംഗങ്ങൾ അവരുടെ പേരിൽ 2003 ൽ സ്ഥാപിച്ച ‘നാസിയ ഹസൻ ഫൗണ്ടേഷൻ’ ഇന്നും സാമൂഹികക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതമാണ്. കറാച്ചിയിലെ പാവപ്പെട്ട തെരുവുകുട്ടികളുടെ ഉന്നമനത്തിനുള്ള സ്കൂൾ സ്ഥാപിക്കുന്ന പദ്ധതിയിലൂടെ രണ്ടു വർഷം മുമ്പും ഫൗണ്ടേഷൻ ലോകശ്രദ്ധ നേടിയിരുന്നു. തെരുവിൽ പണിയെടുക്കാൻ വിധിക്കപ്പെട്ട ബാല്യങ്ങളടെ വിദ്യാഭ്യാസവും പരിപോഷണവുമായിരുന്നു ഗായികയുടെ പേരിലുള്ള ആ സ്ഥാപനത്തിന്റെ ലക്ഷ്യം.
എന്നും യുവതിയായ നാസിയ
……………………………………….
ദശലക്ഷങ്ങളുടെ സ്വപ്നമായി, ആരാധനാപാത്രമായി, അവർക്ക് ആഹ്ളാദം നൽകി, ഏവരെയും സ്നേഹിച്ചു കഴിയുമ്പോഴും നാസിയ പലപ്പോഴും അതീവദുഃഖിതയായിരുന്നു. പക്ഷേ, അവർ പുഞ്ചിരിക്കാൻ ശ്രമിച്ചു. ചെന്നിടത്തെല്ലാം തന്നിലെ ഊർജം പ്രസരിപ്പിച്ചു.ജീവിതദുരിതങ്ങൾക്ക് ആശ്വാസമായി പിറന്ന മകന്റെ വളർച്ച കാണാനോ ആർത്തവവിരാമത്തിന്റെ സ്വാസ്ഥ്യമനുഭവിക്കാനോ ഒരു പേരക്കുട്ടിയെ കാണാനോ നാസിയയ്ക്കു കാലം സമയം നൽകിയില്ല. മാരകമായ ശ്വാസകോശാർബുദത്തെ അവൾ അതിജീവിക്കില്ലെന്ന് ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നെങ്കിലും അവർ ശുഭപ്രതീക്ഷ പുലർത്തി.
മകനു വേണ്ടി ജീവിക്കാനും സഹോദരനുമൊത്ത് ഒരു ആൽബം കൂടി പുറത്തിറക്കാനും നാസിയ ആഗ്രഹിച്ചിരുന്നു. പക്ഷേ, രണ്ടും സഫലമായില്ല. സഹോദരിക്കൊപ്പം പാടാനായി സോഹെബ് ആയിടെ ഒരു ഗാനം എഴുതുകയും ചെയ്തിരുന്നു. പക്ഷേ, അത് ഒറ്റയ്ക്ക് ആലപിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
വിവാഹമോചനത്തിലൂടെ ഭർത്താവിന്റെ പീഡനങ്ങളിൽ നിന്നു രക്ഷ നേടിയപ്പോഴേയ്ക്കും അവർക്കനുവദിച്ച ഇഹലോകവാസം ഏറക്കുറെ അവസാനിച്ചിരുന്നു. കീമോതെറാപ്പിയുടെ ശാരീരികവേദനയും അനുഭവിച്ച യാതനകളുടെ മാനസികവ്യഥയും കടിച്ചമർത്തി, നാസിയ ജീവൻ വെടിഞ്ഞു.
ലണ്ടനിലെ ഹെൻഡൻ ശ്മശാനത്തിലാണ് നാസിയയുടെ കബറിടം. അവിടെ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
“In Loving Memory Of NAZIA HASAN – A Loving daughter, sister and mother who was loved and cherished by millions of people. Died in her youth on 13th August 2000.”
യുവത്വം വിടും മുമ്പേ മൺമറഞ്ഞ നാസിയയ്ക്ക് പിന്നെയൊരിക്കലും പ്രായം കൂടിയിട്ടുണ്ടാവില്ല. അവരിപ്പോഴും ആ 35 വയസുകാരിയായിരിക്കാം. സ്വർഗത്തിന്റെ ഏതോ കോണിൽ, അല്ലെങ്കിൽ ഇന്ദ്രസദസ്സിൽ പാടിത്തിമർത്ത് ഉല്ലസിക്കുന്ന ദേവകന്യകമാർക്കൊപ്പം നാസിയ ഉണ്ടാകും.
ഒരു തലമുറയുടെ ഹരമായിരുന്നു നാസിയ. ലോകമെങ്ങുമുള്ള യുവസംഗീതപ്രേമികളുടെ സ്വപ്നവും. ഇന്നു മധ്യവയസ് പിന്നിട്ട 1980കളിലെ ആ യുവാക്കൾ ഇപ്പോഴും ഇങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം –
“താരാഗണങ്ങൾക്കിടയിൽ ഇപ്പോഴും ഒരു നക്ഷത്രമായി നാസിയ ഹസനുണ്ടെങ്കിൽ… ലാളിത്യവും നിഷ്കളങ്കതയും മുഖമുദ്രയാക്കിയ അവരിപ്പോഴും യുവത്വം വിടാത്ത സുന്ദരിയാണെങ്കിൽ…
സഫലമാക്കാനാഗ്രഹിച്ച സ്വപ്നങ്ങൾ പലതും ഭൂമിയിൽ അവശേഷിപ്പിച്ച് വിട പറഞ്ഞ അവരുടെ വശ്യസുന്ദരശബ്ദം ഇപ്പോഴും ഉണ്ടെങ്കിൽ..ഒരു നാൾ ഞാൻ ഏകനായി ആ അനന്തവിസ്മയലോകത്തിലേക്കു ചെല്ലും.എന്നിട്ടു ഞാനെന്റെ ഹൃദയം തുറന്ന് അവർക്കെന്റെ വിഫലപ്രണയത്തിന്റെ ഓർമ്മപ്പൂക്കൾ കൈമാറും.”