2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടനാണ് സിജു വിത്സൺ. അൽഫോൻസ് പുത്രൻ അണിയിച്ചൊരുക്കിയ നേരം, പ്രേമം എന്നെ സിനിമകളിലും താരം ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു എങ്കിലും ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ്സിലെ കേന്ദ്രകഥാപാത്രമാണ് സിജു വിത്സണ് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ഇപ്പോൾ വിനയൻ സംവിധാനം ചെയുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു കേന്ദ്രകഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആണ് അവതരിപ്പിക്കുന്നത്. തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനായ നവോഥാന നായകനായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ . സിജുവിന്റെ വാക്കുകളിലൂടെ
“ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥാപാത്രം ചെയ്യണമെന്ന് വിനയന്‍ സാര്‍ പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ടെന്‍ഷന്‍ ആയിരുന്നു. ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ അവസാനിക്കുന്നതുവരെ വിനയന്‍ സാർ രൂപംനൽകിയ ആ കഥാപാത്രത്തോട് നീതിപുലര്‍ത്താനും നന്നായി ചെയ്യാനും കഴിഞ്ഞുവെന്ന ആത്മവിശ്വാസം എനിക്കുണ്ട്. വേലായുധ പണിക്കർ ആകുന്നതിന് വേണ്ടി ആറ് മാസം തുടര്‍ച്ചയായി രാവിലെ 6 മണി മുതല്‍ 9 വരെ കളരി, 10.30 മുതല്‍ 12.30 വരെ ജിമ്മില്‍, വൈകിട്ട് നാല് മണി മുതല്‍ ആറ് വരെ ഹോഴ്സ് റൈഡിംഗ് ഇങ്ങനെയായിരുന്നു പരിശീലനം. ചിത്രത്തിലെ നായികയായ പൂനെ സ്വദേശിയായ കയാദു കളരി പരിശീലിക്കാന്‍ ഉണ്ടായിരുന്നു. കയാദു വളരെ വേഗം അഭ്യാസമുറകള്‍ പഠിച്ചു. ടിനി ടോമും കളരി പരിശീലിക്കാന്‍ ഉണ്ടായിരുന്നു. ”
“അച്ഛന്‍ ചുമട്ടുതൊഴിലാളിയായിരുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ 2001 ല്‍ അച്ഛന്‍ മരിച്ചു. ചെറുപ്പത്തില്‍ അച്ഛന്റെകൂടെ ആക്ഷൻ സിനിമകൾ കണ്ട ഓർമകളുണ്ട്. ബ്രൂസ്ലി, ജാക്കിച്ചാന്‍, അര്‍ണോള്‍ഡ് ..ഇവരുടെയൊക്കെ സിനിമകള്‍ അച്ഛന്‍റെ കൂടെയിരുന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഈ സിനിമകള്‍ കണ്ടതിന്‍റെ ഗുണമായിരിക്കാം പത്തൊമ്പതാം നൂറ്റാണ്ടിലെ ആക്ഷന്‍ സീനുകളില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ അറിയാതെ അച്ഛന്‍റെ കൂടെ കണ്ട ഇംഗ്ലീഷ് ആക്ഷന്‍ മൂവിയൊക്കെ ഓര്‍മ്മയിലെത്തിയിരുന്നു” സിജു പറഞ്ഞു.