എന്തൊരു സുന്ദരമായ വാർത്തയാണ്

    94

    എന്തൊരു സുന്ദരമായ വാർത്തയാണ് ❤️ബിഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബം. നാലു വയസ്സുമുതൽ ഇവിടെ താമസിക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച മലയാളം ഒഴുക്കോടെ സംസാരിക്കുന്ന പായൽ കുമാരി. മക്കളെ എങ്ങനെയും പഠിപ്പിക്കണമെന്ന് കരുതി പണിയെടുത്തുകൊണ്ടിരുന്ന അച്ഛൻ പ്രമോദ് കുമാറും അമ്മ ബിന്ദുദേവിയും. ഇളയ രണ്ടു സഹോദരങ്ങൾ കൂടെച്ചേർന്ന വാടകവീടിന്റെ പരാധീനതകളിൽ ഒരുവേള പഠനം ഉപേക്ഷിക്കാൻ വരെ ആലോചിച്ച ബിരുദകാലം. കൂട്ടുകാരും അധ്യാപകരും നൽകിയ പിന്തുണയിൽ പിന്നെയും മുന്നോട്ടുപോയ ആഗ്രഹം.ആ പായൽകുമാരിക്കാണ് എം ജി സർവകലാശാലയുടെ ബിഎ ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ ഇക്കൊല്ലത്തെ ഒന്നാംറാങ്ക്. അതിർത്തികളെ മനുഷ്യർ എങ്ങനെയെല്ലാമാണ് മുറിച്ചുകളയുന്നത്.

    പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും പ്രമോദ് കുമാർ ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നു.95 ശതമാനം മാർക്കോടെയാണ് പായൽ പ്ലസ് ടു പൂർത്തിയാക്കിയത്. എസ്.എസ്.എൽ.സി.ക്ക് 83 ശതമാനം മാർക്കുമുണ്ടായിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ ശീലം. പി. ജി.യാണ് അടുത്ത ലക്ഷ്യം. ജെ.എൻ.യു. ഉൾപ്പെടെ ഇഷ്ടങ്ങളുണ്ട്. സിവിൽ സർവീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്.
    ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിൽ ഗോസെയ്മടി ഗ്രാമത്തിൽ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലേക്കെത്തിയത്. പായൽ കൈവരിച്ച നേട്ടം വലിയ സന്തോഷവും അഭിമാനവുമാണ് നൽകുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മൾ കാണിച്ച കരുതലുകൾ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഇതിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ പായലിനാകട്ടെ എന്ന് ആശംസിക്കുന്നു. തങ്ങളെ അതിഥികളായ സ്വീകരിച്ച നാട്ടിൽ മകളെത്തിപ്പിടിച്ച നേട്ടം പ്രമോദ് കുമാർ സിംഗിൻ്റെ കുടുംബത്തിന് നൽകുന്നത് ഇരട്ടി മധുരമാണ്
    കടപ്പാട് Shibu Gopalakrishnan