Business
മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം
വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് പന്ത്രണ്ടു കിലോമീറ്ററകലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ ജനിച്ച പി.സി. മുസ്തഫയ്ക്ക് മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരുPC MUSTHAFA
2,545 total views, 17 views today

വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് പന്ത്രണ്ടു കിലോമീറ്ററകലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ ജനിച്ച പി.സി. മുസ്തഫയ്ക്ക് മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്നു. അന്യരുടെ ഔദാര്യം കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. ആറാം ക്ലാസിൽ തോറ്റതോടെ കൂലിപ്പണിക്കാരനായ ബാപ്പയെ സഹായിക്കാൻ പോയിത്തുടങ്ങി. ഇതോടെ നേരത്തിനു വിശപ്പടക്കാമെന്നായി. അപ്പോഴും പക്ഷേ പ്രാതലുൾപ്പെടെയുള്ള ഇഷ്ടമുള്ള ഭക്ഷണം കിട്ടാക്കനി തന്നെയായിരുന്നു. ആറു കിലോമീറ്റർ നടന്നാണ് എന്നും സ്കൂളിൽ പോയിരുന്നത്. ഇടയ്ക്ക് പഠനം നിർത്തി തോട്ടത്തിൽ കൂലിവേലയ്ക്കു പോകുന്ന മുസ്തഫയെ കണ്ട് സ്കൂളിലെ കണക്ക് അധ്യാപകൻ മാത്യുസാർ ബാപ്പയേയും മകനേയും വഴിയിൽ തടഞ്ഞുനിർത്തി. പിന്നെ അദ്ദേഹം ബാപ്പയോട് ശാസനാരൂപത്തിൽ അഭ്യർഥിച്ചു: കണക്കിൽ ഇവൻ മിടുക്കനാണ്. ഇംഗ്ലീഷിൽ മാത്രം അൽപം പിറകിലായതാകണം മാർക്ക് കുറഞ്ഞുപോയതും തോറ്റതും. ഇവന്റെ പഠിപ്പ് നിർത്തരുത്. നാളെ മുതൽ സ്കൂളിൽ പറഞ്ഞയക്കണം.. മാത്യുസാർ നിർബന്ധിച്ചപ്പോൾ ബാപ്പ സമ്മതം മൂളി.
ബാപ്പയെപ്പോലെ എന്നും കൂലിപ്പണിക്കാരനാകാൻ തന്നെയാണോ നിന്റേയും പരിപാടിയെന്ന സ്നേഹനിധിയായ ആ അധ്യാപകന്റെ ചോദ്യം മുസ്തഫയുടെ ഇളം മനസ്സിനെ സ്പർശിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള കഷ്ടപ്പാട് മുസ്തഫയ്ക്ക് നന്നായറിയാം. മാത്യുസാറിനെപ്പോലെ ഒരധ്യാപകനാകണം എന്ന ആഗ്രഹവുമായാണ് അവൻ പിറ്റേന്ന് മുതൽ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങിയത്. പ്രായത്തിൽ തന്നെക്കാൾ താഴെയുള്ള കുട്ടികളോടൊപ്പം ആറാം ക്ലാസിൽ വീണ്ടുമിരിക്കുമ്പോൾ അപകർഷതാബോധം മുസ്തഫയെ വലയം ചെയ്തു. എങ്കിലും ഉൽസാഹത്തോടെ പഠിച്ച് ആ വർഷം പാസായി. പിന്നീട് പത്താം ക്ലാസിലെത്തുമ്പോഴേക്കും സ്കൂളിലെ മിടുക്കനായ വിദ്യാർഥിയായിരുന്നു മുസ്തഫ. ഡിസ്റ്റിംഗ്ഷനോടെയാണ് പത്താം ക്ലാസ് ജയിച്ചത്. സാമ്പത്തിക പ്രശ്നം കോളേജ് പഠനത്തിനു തടസ്സമായിരുന്നു. ബാപ്പയുടെ ഒരു സുഹൃത്താണ് ഫാറൂഖ് കോളേജിലേക്ക് പറഞ്ഞയച്ച് അവിടെ അഡ്മിഷൻ ശരിയാക്കിക്കൊടുത്തത്. അപ്പോഴും വിശപ്പടക്കണമെങ്കിൽ വിവിധ ഹോസ്റ്റലുകളിൽ നിന്ന് സൗജന്യമായി ലഭിച്ച് വന്നിരുന്ന ‘ചാരിറ്റി ഭക്ഷണം’ ആശ്രയിക്കേണ്ടിവന്നു. പക്ഷേ നന്നായി പഠിച്ച മുസ്തഫ പ്രീഡിഗ്രി നല്ല മാർക്കോടെ വിജയിച്ച് എൻജിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി. എൻട്രൻസിൽ 63 – മത്തെ റാങ്ക്. കോഴിക്കോട് റീജ്യനൽ എൻജിനീയറിംഗ് കോളേജിൽ ( ഇപ്പോൾ എൻ.ഐ.ടി) ബി.ടെക് കംപ്യൂട്ടർ സയൻസിനു ചേർന്നു. 1995 ൽ ബി.ടെക് മികച്ച നിലയിൽ ജയിച്ച് പുറത്ത് വന്ന മുസ്തഫ അൽപകാലം ബാംഗ്ലൂരിൽ ജോലി ചെയ്തു. തുടർന്ന് മോട്ടോറോള കമ്പനിയുടെ പരിശീലന പരിപാടിക്കായി ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്ക്. മോട്ടോറോള കമ്പനിയിലെ ജോലിക്കും അയർലാന്റിലെ പരിശീലനത്തിനു ശേഷം മുസ്തഫയ്ക്ക് ദുബായ് സിറ്റിബാങ്കിൽ ജോലി കിട്ടി. കിട്ടിയ ശമ്പളത്തിൽ ഒഴിവാക്കി വീട് പുതുക്കിപ്പണിതു. 2000 -ൽ മുസ്തഫയും വിവാഹിതനായി.
നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ബെംഗളൂരുവിൽ ഇന്റലിൽ അവസരമുണ്ടെന്ന് അറിയുന്നത്. നല്ല ശമ്പളവും ആനുകൂല്യവുമുള്ള ‘സാംബ’യിലെ ജോലി കളഞ്ഞ് അങ്ങനെ, 2003-ൽ വീണ്ടും ഇന്ത്യയിലേക്ക്. ബെംഗളൂരുവിലെ ഇന്റൽ കാലത്താണ് എം.ബി.എ. എന്ന ആഗ്രഹത്തിന് ചിറകുമുളച്ചത്. വൈകാതെ ബാംഗ്ലൂർ ഐ.ഐ.എമ്മിലേക്ക്. ജോലിയും പഠനവുമായി തിരക്കിന്റെ നെറുകയിൽ.
അടുത്ത ബന്ധുവും സുഹൃത്തുമായ അബ്ദുൾ നാസറും അദ്ദേഹത്തിന്റെ സഹോദരങ്ങളും (‘വയനാടൻ കസിൻസ്’) ചേർന്ന് ബെംഗളൂരുവിൽ ഇന്ദിരാ നഗറിനടുത്ത് ‘ചോയ്സ് സ്റ്റോർ’ എന്നപേരിൽ ചെറിയൊരു പലവ്യഞ്ജനക്കട നടത്തുന്നുണ്ടായിരുന്നു. ആ കടയിലായിരുന്നു മുസ്തഫയുടെ ഒഴിവുവേളകൾ. അവരോട് പല ബിസിനസ് ആശയങ്ങളും മുസ്തഫ പങ്കുവച്ചു.
ആ കടയിൽ, കവറിൽ കെട്ടിയ ദോശമാവ് തമിഴ്നാട് സ്വദേശി വിതരണം ചെയ്യാറുണ്ടായിരുന്നു. പക്ഷേ, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് സ്ഥിരം പരാതിയായിരുന്നു. അതു പല തവണ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ആ പ്രശ്നം തങ്ങൾക്കുതന്നെ പരിഹരിച്ചാൽ എന്താണെന്ന ചിന്ത നാസർ പങ്കുവയ്ക്കുന്നത്.
പരീക്ഷണമെന്ന നിലയിലായിരുന്നു തുടക്കം. കടയോടുചേർന്ന് ചെറിയൊരു മുറി വാടകയ്ക്കെടുത്തു. ഗ്രൈൻഡർ, മിക്സർ, തൂക്കമെടുക്കുന്ന മെഷീൻ, സീലിങ് മെഷീൻ, സെക്കൻഡ് ഹാൻഡ് സ്കൂട്ടർ… എല്ലാംകൂടി 50,000 രൂപയുടെ പ്രാരംഭ നിക്ഷേപം. പക്ഷേ, മാവിന്റെ കൂട്ട് ശരിയാവാൻ മാസങ്ങളെടുത്തു. തുടക്കത്തിൽ ചോയ്സ് സ്റ്റോറിലൂടെ തന്നെ സാമ്പിളുകൾ വിതരണം ചെയ്തു. പിന്നീട്, അടുത്തുള്ള 20 കടകൾ തിരഞ്ഞെടുത്ത് അവയിലൂടെയും സാമ്പിളുകൾ ലഭ്യമാക്കാൻ തുടങ്ങി. മുസ്തഫയ്ക്ക് പാതി ഷെയർ. മറ്റു ഓഹരികൾ തുല്യമായി അമ്മാവന്റെ മക്കൾക്ക്. ഐഡി ഫ്രഷ് ഫുഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തു.
ആറു മാസം തുടർച്ചയായി ഈ കടകളിലൂടെ 100 പായ്ക്കറ്റുകൾ പ്രതിദിനം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. പതിയെ ഡിമാൻഡ് കൂടി. ഉപയോഗിച്ചുതുടങ്ങിയവർ വീണ്ടും ചോദിച്ചെത്തി. ഉപഭോക്താക്കളിൽ നിന്ന് ഉത്പന്നത്തിന്റെ ഗുണമേന്മ കേട്ടറിഞ്ഞ് കൂടുതൽ പേർ വാങ്ങാൻ തുടങ്ങി. അതോടെ, വിൽപ്പനയ്ക്ക് വയ്ക്കുന്ന ഏതാണ്ട് മുഴുവൻ പായ്ക്കറ്റും വിറ്റുതീരുന്ന അവസ്ഥയെത്തി.
പരീക്ഷണം വിജയിച്ചതോടെ വാണിജ്യാടിസ്ഥാനത്തിൽ തന്നെ വിൽപ്പന ആരംഭിക്കാനുള്ള ആത്മവിശ്വാസമായി. ഒരു ഡിസൈനറുടെ സഹായത്തോടെ പാക്കിങ്ങിൽ ഐ.ഡി. എന്ന ബ്രാൻഡ് നാമത്തിന് നല്ലൊരു ഡിസൈനൊരുക്കി. (‘ഐഡന്റിറ്റി’ എന്ന ഇംഗ്ലീഷ് വാക്കിന്റെ ചുരുക്കെഴുത്തായാണ് ‘ഐ.ഡി.’ എന്ന ബ്രാൻഡ് നാമം മുസ്തഫയും കൂട്ടരും തിരഞ്ഞെടുത്തത്. പക്ഷേ, ബിസിനസ് വിജയിച്ചതോടെ ഐ.ഡി. എന്നാൽ ‘ഇഡ്ഡലി, ദോശ’ എന്നാണെന്ന് ഉപഭോക്താക്കൾ ധരിച്ചു.) 700 ചതുരശ്രയടിയുള്ള മുറി വാടകയ്ക്കെടുത്ത് കിച്ചൺ സ്ഥാപിച്ചു. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് മുസ്തഫയ്ക്ക് ഇതിന് മുതൽക്കൂട്ടായത്. ആറു ലക്ഷം രൂപയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി അപ്പോൾ മുതൽമുടക്കിയത്. ദിനംപ്രതി 2,000 പായ്ക്കറ്റുകൾ ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് ഐ.ഡി. ഫ്രഷ് വളർന്നു.
ബാംഗ്ലൂർ നഗരത്തിൽ 400 ഔട്ട്ലെറ്റുകൾ, പ്രതിദിനം നാലായിരം കിലോഗ്രാം ദോശ-ഇഡ്ലിമാവ് നിർമാണം എന്നതിൽനിന്ന് 2008 ആയതോടെ കമ്പനി വൻവളർച്ചയിലെത്തി. ഡിമാൻഡ് പിന്നെയും ഉയർന്നതോടെ കൂടുതൽ മൂലധനം ആവശ്യമായി വന്നു. പലിശ അധിഷ്ഠിത വായ്പ എടുക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് ഉറപ്പിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്ത് കല്പറ്റയിൽ വാങ്ങിയിട്ടിരുന്ന ഭൂമി വിൽക്കുക മാത്രമായിരുന്നു പിന്നീട് മുസ്തഫയുടെ മുന്നിലുണ്ടായിരുന്ന മാർഗം. 2500 ചതുരശ്ര അടിയിൽ കർണാടകയിലെ ഹൊസ്കോട്ടെ വ്യവസായ മേഖലയിൽ സ്വന്തമായി ഫാക്ടറി നിർമിച്ചു.
ഐ.ഡി. ഫ്രഷ് ഇതിനിടെ ചെന്നൈയിലേക്കും ചുവടുവച്ചു. പക്ഷേ, തങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങാൻ ചെന്നൈ വിപണി തയ്യാറായിരുന്നില്ല. കാരണം തങ്ങളുടേതിനെക്കാൾ കുറഞ്ഞ വിലയ്ക്ക് ചെന്നൈയിൽ ദോശമാവ് ലഭിക്കുമായിരുന്നു. ഇതോടെ, കമ്പനി നഷ്ടത്തിലായി. ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത സ്ഥിതിയിലെത്തിചെന്നൈയിലെ പ്രവർത്തനം നിർത്തി
വീണ്ടും ബെംഗളൂരുവിലേക്ക്. ഉത്പന്നത്തിന്റെ ഗുണമേന്മ ഒട്ടുംകുറയ്ക്കാതെ ചെലവുകുറയ്ക്കാനുള്ള നടപടികൾ തുടങ്ങി. അതോടെ, കമ്പനി വീണ്ടും ലാഭത്തിലെത്തി. ദോശമാവിൽ ഒതുങ്ങാതെ കൂടുതൽ ഉത്പന്നങ്ങൾ പരീക്ഷിക്കുകയായിരുന്നു അടുത്ത ദൗത്യം. അങ്ങനെ, അപ്പം, അപ്പംമാവ്,ലഘു പലഹാരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ വിപണയിലിറക്കി.ഐ.ഡി. ഫ്രഷിന്റെ പലഹാര ബിസിനസ് പരാജയമായി. മൂന്നു വർഷംകൊണ്ട് അത്തരം ഉത്പന്നങ്ങൾ ഒഴിവാക്കി. ഫ്രഷ് ഫുഡ്സ് ആണ് തങ്ങളുടെ വഴിയെന്നും തിരിച്ചറിഞ്ഞു. ഇതിനിടെ, പൊറോട്ടയിൽ വിജയംകണ്ടു. അതോടെ, ദോശ മാവിലും പൊറോട്ടയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബെംഗളൂരുവിലെ വിൽപ്പന കൂട്ടാനായി ശ്രമങ്ങൾ. ചപ്പാത്തി, വീറ്റ് പൊറോട്ട, പനീർ, തൈര് എന്നിവയും ഉത്പന്നശ്രേണിയിൽ ചേർത്തു
2010-11 ആയപ്പോഴേക്കും വിറ്റുവരവ് 10 കോടി രൂപ കടന്നു. ബെംഗളരുവിലെ അടിത്തറ ശക്തമായതോടെ, ചെന്നൈ വിപണിയിലേക്ക് വീണ്ടും രംഗപ്രവേശം ചെയ്തു. ഇത്തവണ വ്യത്യസ്തമായ തന്ത്രവുമായാണ് ഇറങ്ങിയത്.ചെറിയ നിക്ഷേപത്തിൽ കിച്ചൺ സ്ഥാപിച്ച് പൊറോട്ട മാത്രമാണ് ചെന്നൈയിൽ വിപണനം നടത്തിയത്.ഗുണനിലവാരം ഉറപ്പാക്കി ഉപഭോക്താക്കളുടെയും വ്യാപാരികളുടെ വിശ്വാസം പിടിച്ചതോടെ ദോശമാവും ചെന്നൈ വിപണിയിലെത്തിച്ചു.
അതു വിജയിച്ചതോടെ, കൂടുതൽ വിപണികളിലേക്ക് പ്രവേശിക്കാനുറപ്പിച്ചു.പക്ഷേ, ഇതിന് കൂടുതൽ മൂലധനം ആവശ്യമാണ്.സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കാളികളാക്കി ചേർത്തുകൊണ്ടായിരുന്നു പുതിയ വിപണികളിലേക്കുള്ള പ്രവേശനം. ഓരോ സ്ഥലവും പ്രത്യേക യൂണിറ്റുകളാക്കി പങ്കാളികളെ ചേർക്കുകയായിരുന്നു. മുംബൈ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലേക്കുകൂടി പ്രവേശിക്കാൻ ഇതോടെ കഴിഞ്ഞു. പിന്നീട് 2015-ൽ ഈ യൂണിറ്റുകളെല്ലാം ‘ഐ.ഡി. ഫ്രഷ് ഫുഡ്സ്’ എന്ന ഒരൊറ്റ കമ്പനിയിൽ ലയിപ്പിച്ചു.ഇതിനിടെ, 2015-16-ൽ കമ്പനിയുടെ വിറ്റുവരവ് 100 കോടി രൂപ എന്ന നാഴികക്കല്ലിലെത്തി
2013-ൽ സെക്വയ ക്യാപ്പിറ്റലിൽ നിന്ന് 30 കോടി രൂപയുടെ മൂലധനത്തിന് കരാറായി. ഇതിൽ മൂന്നു കോടി രൂപ മുൻകൂറായി കിട്ടി. ഇതോടെ, വേഗത്തിൽ വളരാനുള്ള അവസരം കൈവന്നു. എന്നാൽ, ദോശമാവ് ബിസിനസ്സിൽ നിന്ന് വലിയ നേട്ടമൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന മാർക്കറ്റ് റിസർച്ച് ഏജൻസിയുടെ കണ്ടെത്തലിനെത്തുടർന്ന് കൂടുതൽ മുതൽമുടക്കിന് സെക്വയ തയ്യാറായില്ല.പക്ഷേ, 2014-ൽ ഹീലിയോൺ ക്യാപ്പിറ്റലിൽ നിന്ന് 35 കോടി രൂപ സ്വരൂപിക്കാൻ കഴിഞ്ഞത് നേട്ടമായി.വിപ്രോ മേധാവി അസിം പ്രേംജിയുടെ സ്വകാര്യ നിക്ഷേപക സ്ഥാപനമായ പ്രേംജി ഇൻവെസ്റ്റിൽ നിന്ന് 2017 മാർച്ചിൽ 150 കോടി രൂപയുടെ നിക്ഷേപമെത്തി.
ഐഡി ആരംഭിച്ച ട്രസ്റ്റ് ഷോപ്പ് ഈ യുവക്കൂട്ടത്തിന്റെ മനസിലെ നന്മയുടെ മറ്റൊരു പ്രതീകമാണ്. സെയ്ല്സ്മാനും കാഷ് കൗണ്ടറും കാമറയുടെ നോട്ടവും ഇല്ലാത്ത ഔട്ട്ലെറ്റുകള്.ആവശ്യമുള്ള ഉല്പ്പന്നം തെരഞ്ഞെടുത്ത ശേഷം പണം മണി ബോക്സില് നിക്ഷേപിച്ചാല് മതി.ഏറ്റവും മികച്ച മാര്ക്കറ്റിംഗ് ഐഡിയ എന്ന അംഗീകാരം നേടാന് ട്രസ്റ്റ് ഷോപ്പിന് അധികനാള് വേണ്ടി വന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാജ്യത്തെ 35 നഗരങ്ങളിൽ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. യുഎസ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്.അഗ്രികൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) യുഎസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ), നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (എൻപിഒപി) എഫ്എസ്എസ്എഐക്കു കീഴിലെ ജൈവിക് ഭാരത് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ കമ്പനി കൂടിയാണ് ഐഡി ഫ്രഷ്.
ദ ഹിന്ദു ബിസിനസ് ലൈനിന്റെ കണക്കുപ്രകാരം 2021 സാമ്പത്തിക വർഷം 294 കോടി രൂപയാണ് കമ്പനിയുടെ ആദായം.മുൻ വർഷത്തിൽ നിന്ന് 23.5 ശതമാനം വർധനയാണ് വരുമാനത്തിലുണ്ടായത്.വ്യവസായ ലോകം തികച്ചും അദ്ഭുതത്തോടെയാണ് ഈ വളർച്ച നോക്കിക്കണ്ടത്.ബിസിനസ് മാസികകളുടെ കവർച്ചിത്രമായി മുസ്തഫയും ഐഡി ഫ്രഷ്ഫുഡും നിറഞ്ഞു.ബിസിനസ് ടുഡേ, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ ലേഖകർ മുസ്തഫയെത്തേടി ബാംഗ്ലൂരിലെത്തി.രണ്ടായിരത്തോളം തൊഴിലാളികളുള്ള ഈ സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം ആയിരം കോടിയുടെ വിറ്റുവരവാണ്.
2,546 total views, 18 views today