‘പിക്‌നിക്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക, “കസ്തൂരി മണക്കുന്നല്ലോ…” എന്ന പാട്ടാണ്. ശ്രീകുമാരൻ തമ്പി രചിച്ച് എം.കെ.അർജുനൻ ഈണം നൽകിയ ഏഴു ഗാനങ്ങളാണ് ഈ സിനിമയിലുള്ളത്. ‘ചന്ദ്രക്കല മാനത്ത്’, ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി’, ‘ശിൽപികൾ നമ്മൾ’ തുടങ്ങിയ പാട്ടുകളൊക്കെ കാലാതിവർത്തികളായി ഇന്നും തുടരുന്നവയാണ്.

പിക്‌നിക് - Picnic (Malayalam Movie) | M3DB.COM1975ലെ വിഷു റിലീസ് ചിത്രമായിരുന്നു ‘പിക്‌നിക്’. എസ്.എൽ.പുരം സദാനന്ദൻ രചിച്ച് ശശികുമാറെന്ന അക്കാലത്തെ ഹിറ്റ് മേക്കറുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ സിനിമ എല്ലാ അർഥത്തിലും ഒരൊന്നാന്തരം വാണിജ്യ സിനിമ തന്നെയാണ്. എഴുപതുകളിലെ സിനിമാ പ്രേക്ഷകരെ ഹരംകൊള്ളിക്കാനുള്ളതെല്ലാം ഈ സിനിമയിലുണ്ട്. പാട്ടിന് പാട്ട്, ഡാൻസിനു ഡാൻസ്, തല്ലിനു തല്ല്, കൊലപാതകം എന്നുവേണ്ട സകലതും. ലക്ഷ്മിയും നസീറും ചേർന്നുള്ള പ്രണയരംഗങ്ങളൊക്കെ ഇന്നും കണ്ടിരിക്കാൻ രസമുണ്ട്. അപ്പോൾ അന്നത്തെ പ്രേക്ഷകരുടെ കാര്യം പറയണോ? ‘കുടുകുടു പാടിവരും കുറുമ്പുകാരികളേ’ എന്നാരംഭിക്കുന്ന ഗാനം കോളജു പിള്ളാരുടെ വെറും അർമാദമല്ല. പിക്‌നിക്കിനിടയിൽ ആണുങ്ങളും പെണ്ണുങ്ങളും രണ്ടു ടീമായി തിരിഞ്ഞുള്ള കബഡി കളിയാണ് ഈ പാട്ടുസീൻ. ഒരൊന്നൊന്നര പാട്ടുസീൻ തന്നെയാണിത്.

അച്ഛനും മകനുമായി പ്രേംനസീർ ഈ സിനിമയിൽ രണ്ടു വേഷങ്ങളാണ് ചെയ്യുന്നത്. അച്ഛൻ വേഷം ഫ്‌ളാഷ് ബാക്കിൽ മാത്രമാണ്. സിനിമയുടെ കൂടുതൽ ഭാഗവും നസീറും ലക്ഷ്മിയും നായികാനായകരാകുന്ന ഫ്‌ളാഷ് ബാക് തന്നെയാണ്. മകൻ നസീറാകട്ടെ കോളജ് കുമാരനാണ്. ഈ സിനിമയിൽ കോളജ് കുമാരനായി അഭിനയിക്കുമ്പോൾ നസീറിന് അൻപതിനടുത്താണ് പ്രായം. ഒപ്പമുള്ള മറ്റൊരു കോളജ് കുമാരനായ ബഹദൂറിനും അതിനടുത്തു പ്രായം വരും. (എന്നിട്ടാണ് നമ്മുടെ ഇന്നത്തെ സൂപ്പർ താരങ്ങൾ ചെറുപ്പക്കാരായി വേഷംകെട്ടുകയാണെന്നു പറഞ്ഞ് ചിലർ നിലവിളിക്കുന്നത്.)

കോളജിൽ നിന്നുള്ള വിദ്യാർഥി സംഘം പുലിക്കണ്ണൻ ഡാമിൽ പിക്‌നിക്കിന് എത്തുന്നതും അവിടെ വച്ച് വാച്ചറായ ആൾ പഴയ കഥ പറയുന്നതുമാണ് സിനിമ. ഫ്‌ളാഷ് ബാക്കിനു മുൻപ് കോളജു പിള്ളാരുടെ പാട്ടും കൂത്തും അടിയും. ഫ്‌ളാഷ് ബാക്കിൽ നാട്ടു മനുഷ്യരും കാട്ടുമനുഷ്യരും തമ്മിലുള്ള പാട്ടും കൂട്ടും അടിയും. അങ്ങനെ സംഘർഷഭരിതവും ആഘോഷനിർഭരവുമായ രണ്ടര മണിക്കൂർ കടന്നുപോകുന്നതേ അറിയാത്ത വിധത്തിലാണ് ശശികുമാർ സിനിമ ഒരുക്കിയിട്ടുള്ളത്.

കഥ നടക്കുന്ന ഒറ്റ സ്ഥലം. മൂന്നു ലൊക്കേഷനുകളിലായിട്ടാകണം അത് ചിത്രീകരിച്ചിട്ടുള്ളത്. അണക്കെട്ട് വരും മുൻപ് അവിടെ സർവ്വേയ്‌ക്കെത്തുന്ന ഒരു സംഘമെത്തുന്നതാണ് ഒരു കാലം. അഞ്ചു വർഷത്തിനുശേഷം അണക്കെട്ടിന്റെ പണി പുരോഗമിക്കുന്ന മറ്റൊരു കാലവും പണി പൂർത്തിയായ അണക്കെട്ടും പരിസരങ്ങളും. അങ്ങനെ മൂന്നു കാലങ്ങൾ, മൂന്നിടങ്ങൾ. ഏതൊക്കെയാണ് ലൊക്കേഷനെന്നുമാത്രം തപ്പിയിട്ടു കണ്ടുപിടിക്കാനായില്ല.

1976ലാണ് ഇടുക്കി അണക്കെട്ട് പണി പൂർത്തിയാക്കി കമ്മീഷൻ ചെയ്യുന്നത്. കൊലുമ്പൻ എന്ന ആദിവാസിയാണ് വനത്തിൽ ഈ അണക്കെട്ട് പണിയാനുള്ള സ്ഥലം അധികാരികൾക്ക് കാണിച്ചുകൊടുക്കുന്നത്. ഈ സിനിമയിലും അങ്ങനെ തന്നെയാണ്. പുലിക്കണ്ണൻ എന്ന ആദിവാസി കാണിച്ചു കൊടുത്ത സ്ഥലത്ത് അണക്കെട്ടു പണിതതിനാൽ അതിന് പുലിക്കണ്ണൻ ഡാമെന്ന പേരും സിനിമയിൽ കൊടുത്തിരിക്കുന്നു. ഇടുക്കി അണക്കെട്ടു നിർമാണം വാർത്തകളിൽ വരികയും ആളുകൾ അത് ശ്രദ്ധിച്ചുതുടങ്ങുകയുമൊക്കെ ചെയ്തിരുന്ന കാലത്തു പുറത്തുവന്ന സിനിമയായതിനാൽ ആ വിധത്തിലും പിക്‌നിക് അന്നത്തെ പ്രേക്ഷകരെ നന്നായി ആകർഷിച്ചിട്ടുണ്ടാകണം. ആ ഒരു സാധ്യത മുന്നിൽ കണ്ടുതന്നെയായിരിക്കണം ഈ സിനിമയുടെ പ്രമേയം എസ്.എൽ.പുരവും ശശികുമാറും ചേർന്ന് തെരഞ്ഞെടുത്തത്.

ഒരു വാണിജ്യ സിനിമയുടെ കൂട്ട് എന്താണെന്നു മനസ്സിലാക്കാൻ കണ്ടിരിക്കേണ്ട സിനിമയെന്ന് ഡെന്നീസ് ജോസഫ് സഫാരി ചാനലിൽ ചൂണ്ടിക്കാട്ടിയതാണ് ഞാൻ ഈ സിനിമ കാണാനുള്ള കാരണം. അദ്ദേഹത്തിന്റെ നിഗമനത്തിൽ യാതൊരു തെറ്റുമില്ല. എല്ലാത്തരം വാണിജ്യ ചേരുവകളും ഉൾക്കൊള്ളിച്ചുണ്ടാക്കിയ, അക്കാലത്തെ പ്രേക്ഷകരെ എല്ലാത്തരത്തിലും രസിപ്പിക്കുന്ന യഥാർഥ വാണിജ്യസിനിമ തന്നെയായിരുന്നു പിക്‌നിക്. പി.ജി. വിശ്വംഭരന്റെ പേര് സിനിമയുടെ സഹസംവിധായകരുടെ പേരിനൊപ്പം കണ്ടുവെന്ന കാര്യം കൂടി കൂട്ടിച്ചേർക്കട്ടെ.

You May Also Like

ചക്രം

ഈ തന്തക്കിഴവന്‍ ചവുന്നില്ലല്ലോ ?”ഗോവിന്ദന്‍കുട്ടി വളരെ ദേഷ്യത്തോ ടെയാണിത്‌ പറഞ്ഞത് .ഈ വാചകം കേട്ടത് രണ്ടേ രണ്ടു പേര്‍ മാത്രം.രണ്ടും ഗോവിന്ദന്‍കുട്ടിയുടെ ചേട്ടന്മാരാണ്. സ്ട്രക്ചര്‍ പതിയെ ഗംഗതീരതെക്ക് അടുത്തുകൊണ്ടിരുന്നു.സ്ട്രക്ചര്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പിള്ള ദയനീയമായി മക്കളെയൊന്നു നോക്കി.മൂന്നിന്‍റെയും മുഖത്ത് കുറ്റബോധം തോട്ടുതീണ്ടിയിട്ടുണ്ടയിരുന്നില്ല.സ്ട്രക്ചര്‍ ഒന്ന് കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ പിള്ള പറഞ്ഞു . “ഇതിനും കുറച്ചുകൂടി തെക്ക് മാറി ,പായെഘട്ടിനു അടുത്ത് ഗംഗയ്ക്ക് കുറച്ചു കൂടി ഒഴുക്ക് കൂടും, ഒന്ന് കൂടി നിര്‍ത്തിയിട്ടു അയാള്‍ പറഞ്ഞു ..

അവസ്ഥാന്തരങ്ങള്‍ ..

അപ്പുവിന്റെ കരച്ചില്‍ ഉച്ചത്തിലായ നേരം ഉമ ചുറ്റും നോക്കി, ചുവരിലെഹാങറില്‍ തൂങ്ങുന്ന ഷോളില്‍ ആ നോട്ടം തറഞ്ഞു നിന്നു. നിറകണ്ണുകളോടെ, ആഷാളിലേക്കും പിടഞ്ഞു കരയുന്ന കുഞ്ഞിന്റെ ദയനീയ മുഖത്തേക്കും മാറി മാറിനോക്കിക്കൊണ്ടിരുന്നു അവള്. എന്തു ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോവ്യക്തമായ ഒരുത്തരം അവളുടെ മനസില്‍ ഉദിച്ചു വന്നതേയില്ല.

നമ്മളെ ഞെട്ടിച്ച വില്ലന്മാരായ നായകന്മാര്‍ !

ഈ സിനിമകളും വേഷങ്ങളും അപൂര്‍വമായി ഉണ്ടാകുന്നത് കൊണ്ടാകാം, നമ്മള്‍ അവയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും

ഹോ എന്നാ വേദനയാര്‍ന്നെന്നറിയാമോ?

ഇടതുകാലിലെ ഉപ്പൂറ്റി നീര് വന്നു വീര്‍ത്തിരിക്കുന്നു.മിനിഞ്ഞാന്ന് കയറിയ ഒരു കാരമുള്ളാണ് നീരുവീക്കത്തിന്റെ സൃഷ്ടാവ്.പണ്ടും ഒരു പ്രാവശ്യം വളരെകുട്ടിയായിരിക്കുമ്പോള്‍ ഇടവഴിയില്‍ നിന്നും ഈ വിദ്വാന്‍ ജോസെഫിന്റെ കാലില്‍ ഉമ്മവെച്ചിട്ടുണ്ട് .കാരമുളെളന്നു പരക്കെ അറിയപ്പെടുന്ന ഈ അസത്തിനു അസാരം വിഷം ഉണ്ടെന്നു അന്ന് വൈദ്യന്‍ രാമയ്യന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട് . അന്നത്തെ പോലെ ഇന്നും അതിന്റെ വേദന അസഹ്യമായിതന്നെ അനുഭവപ്പെടുന്നുമുണ്ട്.ഈ വിങ്ങലും വേദനയും സഹിക്കാന്‍ മേല, വയസ്സ് 47 ആയി കൂട്ടിനു ഷുഗറും ഉണ്ട്. ആകെ പ്രശ്‌നമാകുമോ?