കടൽക്കൊള്ളക്കാർ ഒരു കണ്ണ് മൂടിവയ്ക്കുന്നത് എന്തിന് ?

481

Shajahan Khuraisi

കടൽ കൊള്ളക്കാരന്റെ ചിത്രം ചൂണ്ടിക്കാണിച്ച് എന്തിനാണ് ഇയാളുടെ ഒരു കണ്ണ് മൂടിയിരിക്കുന്നത് എന്ന് മോൻ ചോദിച്ചപ്പോഴാണ്, ഇത് പണ്ട് ഞാനും ആലോചിച്ചതാണല്ലോ എന്ന് ഓർത്തത്. സെർച്ച് ചെയ്ത് നോക്കിയപ്പോഴാണ് അതിലെ കാര്യം പിടി കിട്ടിയത് : പതിനെട്ടാം നൂറ്റാണ്ട് കടൽക്കൊള്ളക്കാരുടെ സുവർണ്ണ കാലം ആയിരുന്നല്ലോ. ബോട്ടുകളിൽ വന്ന് കപ്പൽ കൊള്ളയടിക്കലായിരുന്നു രീതി. രണ്ട് നിലകളെങ്കിലും ഉണ്ടായിരുന്ന കപ്പലിൽ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം സൂക്ഷിച്ചിരുന്നത് താഴെ നിലയിലായിരുന്നു.

ശക്തമായ സൂര്യപ്രകാശത്തിൽ മുകൾ നിലയിലുള്ളവരുമായി ഏറ്റുമുട്ടി, അവരെ കീഴ്പ്പെടുത്തിയ ശേഷം
വെളിച്ചം കുറഞ്ഞ, താഴെ നിലയിലുള്ളവരെ നേരിടാനൊരുങ്ങുമ്പോൾ ഈ കൊള്ളക്കാർക്ക് കണ്ണ് കാണാൻ പറ്റാതെ വരും. പകൽ വെളിച്ചത്തിൽ കാഴ്ചക്ക് സഹായിക്കുന്നത് കണ്ണിലെ കോൺ കോശങ്ങളും, ഇരുണ്ട വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നത് റോഡ് കോശങ്ങളുമാണല്ലോ. നല്ല വെളിച്ചം ഉള്ള സമയത്ത് റോഡ് കോശങ്ങൾ ഇനാക്ടീവ് ആയിരിക്കും. ഇരുണ്ട വെളിച്ചത്തിൽ ഇരുപത് മിനിറ്റെങ്കിലും നിന്നാലേ അവക്ക് പ്രവർത്തനം വീണ്ടെടുക്കാനാകൂ.

അതുകൊണ്ട് തന്നെ, കപ്പലിന്റെ താഴെ നിലയിലേക്ക് പോകുന്ന കൊള്ളക്കാർക്ക് കുറേ മിനിറ്റുകളോളം ഒന്നും വ്യക്തമായി കാണാനാവില്ല. ആ സമയം കൊണ്ട്, അവിടെ നേരത്തേ ഉള്ള കപ്പൽ യാത്രക്കാർ ഇവരെ കീഴ്പ്പെടുത്തും. അത്‌ മറികടക്കാൻ വേണ്ടിയാണ് ഇവർ ഒരു കണ്ണ് നേരത്തേ മൂടി വെക്കുന്നത്. മുകൾ നിലയിലുള്ളവരെ കീഴ്പ്പെടുത്തി താഴേക്ക് വരുമ്പോൾ അവർ ഈ കൺമൂടി മറ്റേ കണ്ണിലേക്ക് മാറ്റും. നേരത്തേ മൂടി വെച്ചിരുന്നത് കൊണ്ട് ആ കണ്ണിലെ റോഡ് കോശങ്ങൾ ആക്ടീവ് ആയിരിക്കും.
അങ്ങനെ ഇരുണ്ട വെളിച്ചത്തിൽ വ്യക്തമായി കാണാനും അവിടെയുള്ളവരെ ആക്രമിക്കാനും സാധിക്കും.ഹോ, കൊള്ള വരെ എത്ര ശാസ്ത്രീയമായാണ് ആസൂത്രണം ചെയ്തിരുന്നത് .