നഷ്ടപ്പെട്ട നായിക പി.കെ.റോസി
കടപ്പാട് : ചരിത്രപ്പെരുമ
അവലംബം: സമകാലീന മാധ്യമങ്ങൾ
മലയാള സിനിമയിലെ ആദ്യത്തെ അഭിനേത്രിയായ പി കെ റോസിയുടെ 120 ആം ജന്മദിനമായ ഇന്ന്, ആദരസൂചകമായി പ്രസിദ്ധീകരിച്ച ഗൂഗിൾ ഡൂഡിൽ ആണ് ചിത്രത്തിൽ… പതിറ്റാണ്ടുകൾക്ക് ശേഷം റോസി ഇന്നും ചർച്ചയാക്കപ്പെടുന്നു എന്നതും ഇത്തരത്തിലൊരു അംഗീകാരം ലഭിക്കുന്നു എന്നതും സന്തോഷം ഉളവാക്കുന്ന കാര്യമാണ്.
ജാതിവിവേചനം നിലനിന്നിരുന്ന കാലത്ത് വിഗതതകുമാരൻ എന്ന സിനിമയിൽ, പുലയ സമുദായത്തിൽ നിന്നുള്ള നടി, ഒരു ഉയർന്ന ജാതിക്കാരിയായ നായർ സ്ത്രീയായി അഭിനയിക്കാൻ ധൈര്യപ്പെട്ടു എന്നതിനാൽ നാടുവിടേണ്ടി വന്നതാണ് റോസിയുടെ ചരിത്രം.1903ൽ പൗലോസിന്റെയും കുഞ്ഞിയുടെയും മകളായി രാജമ്മ എന്ന പേരിൽ ജനിച്ചു എന്നാണ് പറയപ്പെടുന്നത്. പുല്ലുവെട്ടായിരുന്നു കുടുംബത്തൊഴിൽ. ചെറുപ്പത്തിൽ തന്നെ അഭിനയത്തോട് താല്പ്പര്യം ഉണ്ടായിരുന്നതിനാൽ കക്കാരിശ്ശി നാടകം പഠിച്ചു. (മലയാളവും തമിഴും കലർന്ന, പിന്നോക്ക വിഭാഗക്കാർ അവതരിപ്പിച്ചിരുന്ന ഒരു സംഗീത നാടക കലാരൂപം)
സിനിമയിലെ അരങ്ങേറ്റം
വീട്ടുകാരുടെ ആഗ്രഹത്തിന് വിരുദ്ധമായി കലയോടുള്ള അഭിനിവേശം തുടർന്ന റോസി, തിരുവനന്തപുരത്ത് തൈക്കാട് ഒരു നാടക കമ്പനിയിൽ ജോലിക്ക് ചേർന്നു. പ്രഗത്ഭയും അനുഭവപരിചയവുമുള്ള അഭിനേത്രിയായി അവർ വളർന്നു. വിവിധ നാടക വേഷങ്ങളിൽ അഭിനയിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക നാടകവേദിയിലെ റോസിയുടെ പങ്കാളിത്തമാണ് സംവിധായകൻ ജെ സി ഡാനിയലിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.
വിഗതകുമാരനിൽ അഭിനയിക്കാൻ ജെസി ഡാനിയേൽ ആദ്യം മുംബൈയിൽ നിന്നുള്ള വനിതാ അഭിനേതാവായ മിസ് ലാനയെ കൊണ്ടുവന്നു. സിനിമയുടെ കുറച്ച് ഭാഗം ഷൂട്ട് ചെയ്തുവെങ്കിലും, അവരുടെ പ്രകടനത്തിൽ സംവിധായകൻ സന്തുഷ്ടൻ ആവാത്തതിനാൽ അവർ മാറുകയും അങ്ങനെ റോസിയ്ക്ക് അവസരം കിട്ടുകയും ആയിരുന്നു. ഇന്ത്യൻ സിനിമയുടെ നവോത്ഥാന ഘട്ടത്തിൽ, സ്ത്രീ അഭിനേതാക്കൾ സാധാരണമായിരുന്നില്ല. നാടകത്തിൽ അഭിനയിച്ചവരെപ്പോലും അവജ്ഞയോടെ കണ്ടിരുന്ന കാലഘട്ടം ആയിരുന്നതിനാലാവാം ഡാനിയേലിനു അഭിനേതാക്കളെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്. ആദ്യകാല സിനിമകളിലെ പല സംവിധായകരും സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പുരുഷന്മാരെ തിരഞ്ഞെടുത്തു. ആദ്യ ഇന്ത്യൻ സിനിമയായ രാജാ ഹരിശ്ചന്ദ്ര (1913) ഇതിന് ഉദാഹരണമാണ്.
ചിത്രം പ്രദർശിക്കപ്പെട്ടത് തിരുവനന്തപുരത്തെ ക്യാപിറ്റോൾ സിനിമയിൽ ആയിരുന്നു (ഇന്ന് സ്റ്റാച്യുവിൽ മരിക്കാർ മോട്ടോർസ് നിൽക്കുന്ന സ്ഥലം). ആദ്യ സ്‌ക്രീനിങ്ങിനു പക്ഷെ റോസിയ്ക്ക് ക്ഷണം ഇല്ലായിരുന്നു – റോസി വന്നാൽ പരിപാടി ബഹിഷ്‌കരിക്കുമെന്ന് പല പ്രമുഖരും ഭീഷണിപ്പെടുത്തിയതിനാൽ ഡാനിയേലിന് അവരെ ഒഴിവാക്കി വന്നു. കാമുകൻ (ഡാനിയേൽ) നായികയുടെ മുടിയിൽ അണിഞ്ഞ ഒരു പുഷ്പത്തിൽ ചുംബിക്കുന്ന രംഗം കണ്ട് ആളുകൾ രോഷാകുലരായി, സ്‌ക്രീനിലേക്ക് കല്ലെറിഞ്ഞു. സിനിമ റിലീസ് ചെയ്ത് ദിവസങ്ങളോളം അക്രമം തുടർന്നു. റോസിയും കുടുംബവും താമസിച്ചിരുന്ന കുടിൽ സവർണ്ണ വിഭാഗങ്ങൾ കത്തിച്ചതായി ചില വിവരണങ്ങൾ പറയുന്നു. ഇത്രയധികം പീഡനങ്ങൾ ഏൽക്കേണ്ടി വന്നതിനാൽ റോസി തിരുവനന്തപുരം വിട്ടുപോകാൻ നിർബന്ധിതയായി. കേശവ പിള്ള എന്ന ട്രക്ക് ഡ്രൈവറെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയി, ‘രാജമ്മാൾ’ എന്ന് പേര് മാറ്റി ശിഷ്ട കാലം ആരോരും അറിയാതെ ജീവിച്ചു എന്നാണ് പറയപ്പെടുന്നത്. .
കുടുംബം
2013-ൽ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ “പികെ റോസിയുടെ മകൾ പത്മ: ഇന്ത്യൻ സിനിമയുടെ 100 വർഷങ്ങൾ” എന്ന വീഡിയോ പ്രസിദ്ധീകരിച്ചു. റോസിയുടെ മകളെ മധുര ഗോരിപാളയത്ത് കണ്ടെത്തിയാതായി അതിൽ പറയുന്നു. തയ്യൽക്കാരനായ ഭർത്താവ് ഷൺമുഖം, മകൾ രാജലക്ഷ്മി, പത്മയുടെ പേരക്കുട്ടി എന്നിവർ വീഡിയോയിലുണ്ട്. റോസിയുടെ ഭൂതകാലത്തിലെ ഇങ്ങനെയൊരു ഏടിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ല എന്നാണ് അവർ വിഡിയോയിൽ പറയുന്നത്. റോസിയുടെ സഹോദരൻ ഗോവിന്ദൻ, മകൻ അനിൽ എന്നിവരെയും സംഘം കണ്ടെത്തിയിരുന്നു.
കുടുംബം ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ടാണ് രാജമ്മ പേര് മാറ്റി റോസമ്മ എന്നാക്കി, ഒടുവിൽ റോസി ആയി മാറി എന്ന് ചിലർ പറയുമ്പോൾ, രാജമ്മയുടെ പേര് ‘റോസി’ എന്നാക്കി മാറ്റിയത് ജെ സി ഡാനിയേലാണെന്ന് ചിലർ പറയുന്നു.
അംഗീകാരങ്ങൾ
മലയാള ചലച്ചിത്ര വ്യവസായത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) പി കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിച്ചിട്ടുണ്ട്. പികെ റോസി സ്മാരക സമിതി ഏർപ്പെടുത്തിയ ഒരു അവാർഡ് നാടകം, ടിവി, സിനിമ എന്നിവയിലെ വനിതാ അഭിനേതാക്കൾക്ക് നൽകപ്പെടുന്നു. 2013-ൽ ജെ.സി. ഡാനിയലിന്റെ ജീവിതത്തെയും ആദ്യ മലയാളം സിനിമ എടുക്കാനുള്ള ശ്രമത്തെയും ആസ്പദമാക്കി സെല്ലുലോയ്ഡ് എന്ന ചിത്രം കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. (റോസിയുടെ കഥാപാത്രം ചിത്രീകരിച്ചതിനെപ്പറ്റി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്). അതേ വർഷം, ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിൽ ആദ്യത്തെ പികെ റോസി മെമ്മോറിയൽ പ്രഭാഷണം ജെന്നി റൊവേനയുടെ അധ്യക്ഷതയിൽ നടന്നു.
അറുപതുകളുടെ അവസാനത്തിലാണ് വിഗതകുമാരനെക്കുറിച്ചും അതിന്റെ ദാരുണമായ വിധിയെക്കുറിച്ചും ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. പ്രമുഖ പത്രപ്രവർത്തകനും ദളിത് ആക്ടിവിസ്റ്റുമായ കുന്നുകുഴി മണി, റോസിയുടെ ഭൂതകാലത്തിന്റെ സമഗ്രമായ ഒരു കഥ സൃഷ്ടിക്കാൻ വർഷങ്ങളോളം റോസിയുടെ ബന്ധുക്കളെ സന്ദർശിച്ചു. ജെ.സി. ഡാനിയലിനെ നാഗർകോവിലിൽ നിന്ന് കണ്ടെത്തിയ കുന്നുകുഴി 1971-ൽ റോസിയെക്കുറിച്ചുള്ള തന്റെ ആദ്യ ലേഖനം കലാപ്രേമിയിൽ പ്രസിദ്ധീകരിച്ചു. കൂടാതെ ചിത്രഭൂമി , ചന്ദ്രിക , തേജസ് , എസ് അമകലിന മാസിക തുടങ്ങി നിരവധി മലയാളം മാസികകളിൽ അവരെക്കുറിച്ച് എഴുതിയിട്ടുണ്ട്. വിനു എബ്രഹാമിന്റെ നഷ്‌ട നായിക എന്ന നോവലിനെ ആസ്പദമാക്കിയാണ് സെല്ലുലോയ്ഡ് എന്ന സിനിമ എടുത്തത്.
ഉപസംഹാരം
നാടകത്തിലേക്കും സിനിമയിലേക്കും സ്ത്രീകളുടെ പ്രവേശനത്തിന് കടുത്ത പരിമിതികളുണ്ടായിരുന്ന കാലത്താണ് റോസി നാടകത്തോടുള്ള തന്റെ അഭിനിവേശം സ്വീകരിച്ചത്. ജാതിയുടെയും പുരുഷാധിപത്യത്തിന്റെയും ബലിയാടായി സമൂഹത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടതും, അവർ അഭിനയിച്ച ഒരേയൊരു സിനിമ കാലക്രമേണ നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തതും, മലയാള സിനിമയ്‌ക്ക് നികത്താനാവാത്ത നഷ്ടമാണ്. ഒട്ടുമിക്ക സ്ത്രീകളും അകത്തളങ്ങളിൽ ഒതുങ്ങി നിന്നിരുന്ന കാലത്ത് സിനിമ സ്‌ക്രീൻ പോലെ ഒരു പൊതുമേഖലയിലേക്ക് കടന്നുവന്ന്, ജാതിയുടെ വേലിക്കെട്ടുകളിൽ നിന്ന് മോചനം നേടാൻ ധൈര്യപ്പെട്ട്, സ്വന്തം കഴിവിൽ അധിഷ്ഠിതമായി ഒരു വ്യക്തിത്വം കൊത്തിവച്ച പി. കെ. റോസിയെ ആദരവോടെ ഇന്ന് സ്‌മരിക്കാം…