അറിവ് തേടുന്ന പാവം പ്രവാസി
സിനിമയിൽ പാട്ട് പാടുന്നവരെ പിന്നണി ഗായകർ എന്ന് വിളിക്കാൻ കാരണമെന്ത് ? മലയാളത്തിലെയും ഇന്ത്യൻ സിനിമാ ഗാനചരിത്രത്തിലെയും ആദ്യ പിന്നണി ഗാനങ്ങളും ആദ്യ പിന്നണി ഗായകരും ഏതാണ്?
അഭിനയിക്കുന്നവർക്കു വേണ്ടി മറ്റൊരാൾ മറ്റൊരു സ്ഥലത്തു നിന്നു പാടി അത് സിനിമയിൽ കൂട്ടിച്ചേർക്കുന്നതാണ് പിന്നണി ഗാനം (Playback song) .ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിന് മുൻകൂട്ടി പാടി റെക്കോർഡുചെയ്യുന്ന ഗായകരാണ് പിന്നണി ഗായകർ. പിന്നണിഗായകരുടെ ഗാനങ്ങൾ റെക്കോർഡുചെയ്ത് ചലച്ചിത്രങ്ങളിൽ അഭിനേതാക്കൾ ക്യാമറകൾക്കു മുൻപിൽ ചുണ്ട് ചലിപ്പിച്ച് അഭിനയിക്കുന്നു.
പിന്നണിഗാനം ആലപിക്കുന്ന ഗായികയെ പിന്നണിഗായികയെന്നും , ഗായകനെ പിന്നണിഗായകനെന്നും വിളിക്കുന്നു. യഥാർത്ഥ ഗായകരെ ചലച്ചിത്രത്തിൽ കാണുവാൻ സാധിക്കില്ല.
ഇന്ത്യൻ സിനിമയില്‍ പിന്നണി ഗാനങ്ങളുടെ പിറവിക്ക് ഏകദേശം 88 വയസ്സ് ആയി . പിന്നണി ഗാനാലാപന രീതി ചലച്ചിത്ര ഗാനങ്ങളെ മാത്രമല്ല, ചലച്ചിത്രങ്ങളെപ്പോലും ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതാണ് കഴിഞ്ഞ 88 വർഷങ്ങൾക്കിടയിൽ ഇന്ത്യക്കാർ കണ്ടത് (കേട്ടത്!). 1935 ഒക്ടോബറില്‍ പുറത്തിറങ്ങിയ ‘ധൂപ് ഛാവോൻ’ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു ഇന്ത്യൻ സിനിമാ മേഖലയിൽ വലിയ മാറ്റത്തിന്റെ സംഗീതസാന്ദ്രമായ ആ തുടക്കമുണ്ടായത്.
ബംഗാളിയിൽ ‘ഭാഗ്യചക്രം’ എന്ന പേരിലും ഹിന്ദിയിൽ ‘ധൂപ് ഛാംവ്’ എന്ന പേരിലും ദ്വിഭാഷാ ചിത്രം നിർമിക്കുകയായിരുന്നു കൊൽക്കത്തയിലെ ‘ന്യൂ തിയറ്റേഴ്സ്’. ആ സിനിമയ്ക്കുള്ളിൽ ഒരു നാടകമുണ്ടായിരുന്നു– ‘ജീവൻജ്യോതി’ എന്ന പേരിലുള്ള സ്റ്റേജ് നാടകം. അതിൽ ഒരു സമൂഹഗാനമുണ്ട്. ആ പാട്ട് രംഗം പെട്ടെന്നു മാറിക്കൊണ്ടിരിക്കുന്ന പല ഷോട്ടുകൾ ചേർത്ത് കൂടുതൽ വികാരഭരിതമായി അവതരിപ്പിക്കാൻ കഴിയുമെന്ന് സംവിധായകനായ നിതിൻ ബോസിനു തോന്നി.
ഒരു ക്യാമറ മാത്രം ഉപയോഗിച്ചു ഷൂട്ട് ചെയ്തിരുന്ന അക്കാലത്ത് ദൃശ്യവും , ശബ്ദവും ഷൂട്ടിങ് സമയത്തു തന്നെ ഫിലിമിൽ ആലേഖനം ചെയ്യുന്നതായിരുന്നു രീതി. ഗായകസംഘം ചിത്രീകരണ സ്ഥലത്ത് വന്നിരുന്ന് കഥാസന്ദർഭത്തിനനുസരിച്ച് പാട്ടു പാടും. അതിനിടയിൽ ഗാനത്തിന്റെ തുടർച്ച നഷ്ടപ്പെടാതെ പല ഷോട്ടുകളിലായി ചിത്രീകരണം നടത്തുക അസാധ്യമായിരുന്നു. നിതിൻ ബോസിന്റെ സഹോദരന്‍ മുകുൾ ബോസ് ആയിരുന്നു ചിത്രത്തിന്റെ സൗണ്ട് റിക്കാർഡിസ്റ്റ്. അദ്ദേഹത്തോട് നിതിൻ ബോസ് തന്റെ ആവശ്യം അറിയിച്ചു.
ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നിതിൻ ബോസ് സംഗീത സംവിധായകൻ പങ്കജ് മല്ലികിന്റെ വീട്ടിലേക്കു ചെന്നു. പങ്കജ് മല്ലിക് കുളിക്കുന്നതിനിടയിൽ അടുത്ത വീട്ടിലെ ഗ്രാമഫോൺ പെട്ടിയിൽ നിന്നു കേട്ട ‘കം വിത് മി വെൻ ദ് മൂൺ ബീംസ്’ എന്ന ഗാനത്തിനൊപ്പം സ്വന്തം ശബ്ദം സിങ്ക് ചെയ്ത് പാടാൻ ശ്രമിക്കുന്നത് നിതിൻ ബോസിന്റെ ശ്രദ്ധയിൽപ്പെട്ടു. ആ നിമിഷം നിതിൻ ബോസിന്റെ മനസ്സിൽ പുത്തനാശയത്തിന്റെ ബൾബ് മിന്നി. സംഗീത സംവിധായകൻ റായ്ചന്ദ് ബോറാൽ പുതിയ ഗായകരെ കണ്ടെത്താൻ ശ്രമം തുടങ്ങി. സംഗീത ബിരുദം നേടിയിരുന്ന സുപ്രോവാഘോഷ്, പാരുൾ ബിശ്വാസ് എന്നീ ഗായികമാരും ഗാനരംഗത്ത് അഭിനയിച്ചിരുന്ന ഹരിമതി, കെ.സി.ഡേ എന്നീ ഗായകരും ചേർന്ന് ഗാനം ആലപിച്ചു. പണ്ഡിറ്റ് മധുർ രചിച്ച ‘മേം ഖുശ് ഹോനാ ചാഹും, ഖുശ്ഹോന സകും…’ എന്ന ഗാനവും ഭാഗ്യചക്രയിലെ ബംഗാളിയിലെ സമാനമായ ഗാനവും അങ്ങനെ ഇന്ത്യയിലെ ആദ്യ പിന്നണി ഗാനങ്ങളായി മാറി.
1935 ഒക്ടോബറിൽ സിനിമ പുറത്തിറങ്ങി. ഈ ഗാനം തുടങ്ങുന്നത് സുപ്രോവാ ഘോഷിന്റെ ശബ്ദത്തിലായിരുന്നു. അതിനാൽ ഇന്ത്യൻ സിനിമയിലെ ആദ്യ പിന്നണി ഗാന ശബ്ദത്തിന് ഉടമയായി സുപ്രോവാ ഘോഷ് അറിയപ്പെടുന്നു. കെ.സി.ഡോ സിനിമയിൽ സ്വയം പാടി അഭിനയിക്കുകയും മറ്റൊരു നടനു വേണ്ടി പിന്നണി പാടുകയും ചെയ്തതിനാൽ അദ്ദേഹം ആദ്യ പിന്നണി ഗായകനുമായി.
1935ൽ റിലീസ് ചെയ്ത ‘ജവാനി കി ഹവാ’ എന്ന ഹിന്ദി ചിത്രമാണ് ആദ്യമായി പിന്നണി ഗാനം ഉൾപ്പെടുത്തിയതെന്ന വാദമുണ്ട്. ഈ ചിത്രത്തിൽ ചന്ദ്രപ്രഭ എന്ന നടിക്കു വേണ്ടി സ്വന്തം സഹോദരിയും , സംഗീത സംവിധായകയുമായ സരസ്വതി ദേവി പിന്നണി പാടിയെന്നാണ് അവകാശവാദം. ‘ബോംബെ ടാക്കീസ്’ നിർമിച്ച ഈ ചിത്രത്തിന്റെ പ്രിന്റോ , ഗാനത്തിന്റെ ഗ്രാമഫോൺ റിക്കാർഡോ ഇപ്പോൾ ലഭ്യമല്ല. കൂടുതൽ വിശ്വസനീയമായ രേഖകളും തെളിവുകളും വിവരങ്ങളും അടിസ്ഥാനമാക്കി ‘ഭാഗ്യചക്ര’, ‘ധൂപ് ഛാംവ്’ എന്നിവ തന്നെയാണ് പിന്നണി ഗാനാലാപനത്തിന്റെ തുടക്കം കുറിച്ചതെന്ന് അംഗീകരിക്കപ്പെടുന്നു.
സരസ്വതി ദേവി – ചന്ദ്രപ്രഭ സഹോദരിമാരുടെ പേരിൽ മറ്റൊരു റെക്കോർഡ് ഇപ്പോഴുമുണ്ട്, ജനപ്രീതി നേടിയ ആദ്യ പിന്നണി ഗാനം ഇരുവരുടെയും പേരിലായിരുന്നു. 1936ൽ റിലീസ് ചെയ്ത ‘അഛൂത് കന്യ’ എന്ന ബോംബെ ടാക്കീസ് ചിത്രത്തിൽ നടിയായിരുന്ന ചന്ദ്രപ്രഭയ്ക്കു വേണ്ടി സരസ്വതീ ദേവി സംഗീതം നൽകി പാടിയ ‘കിത്ത് ഗയേഹോ ഖേവൻഹാർ’ എന്ന ഗാനമായിരുന്നു അത്.ഇന്ത്യയിൽ നിന്നുള്ള ആദ്യ ശബ്ദചിത്രമായ ആലം ആരയ്ക്കായി 1952 അല്ലെങ്കിൽ 1953 വരെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയിലും റെക്കോർഡിംഗ് സ്റ്റുഡിയോയിലുമായി രണ്ട് പ്രാവശ്യം ഗാനങ്ങൾ റെക്കോർഡ് ചെയ്തു. ഇന്ത്യയിലെ ആദ്യ സിനിമഗാനമുള്ള ചലചിത്രം കൂടിയാണ് ആലം ആര. ഗാനം ആലപിച്ചത് ചിത്രത്തിലെ തന്നെ അഭിനേതാവായിരുന്ന വസീർ അഹമ്മദ് ഖാനായിരുന്നു. റെക്കോർഡിങ് സൗകര്യമില്ലാതിരുന്നതിനാൽ ഹാർമോണിയം തബല എന്നിവയുടെ അകമ്പടിയോടെ ലൈവായ് പാട്ട് പാടുകയായിരുന്നു.
മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ട ചിത്രമെന്ന ഖ്യാതി മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമായ നിർമ്മലയ്ക്കാണ്. അതിനു മുൻപ് ഇറങ്ങിയ ബാലൻ (1938), ജ്ഞാനാംബിക (1940), പ്രഹ്ലാദ (1941) എന്നീ ചിത്രങ്ങളിൽ പാട്ടുണ്ടെങ്കിലും നിർമലയ്ക്ക് മുൻപ് വരെ തത്സമയ ശബ്ദ ലേഖനമാണ് മലയാള സിനിമ അവലംബിച്ചിരുന്നത്. അതിനാൽ പാടുവാൻ കൂടി കഴിവുള്ള അഭിനേതാക്കൾക്കെ അവസരം ലഭിച്ചിരുന്നുള്ളൂ. ഗാനരംഗങ്ങൾ അഭിനയിക്കുമ്പോൾ തന്നെ അഭിനേതാക്കൾ പാടുകയും ഉപകരണസംഗീതകാരന്മാർ ഫ്രെയിമിൽ പെടാതെ നിന്ന് ഉപകരണങ്ങൾ വായിക്കുകയും അത് റെക്കോർഡ് ചെയ്യുകയുമായിരുന്നു പതിവ്.
മലയാള സിനിമാപിന്നണി ഗാനചരിത്രത്തിലെ ആദ്യ ഗാനം എന്ന പദവി മഹാകവി ജി. ശങ്കരക്കുറുപ്പ് എഴുതി, ഇ. ഐ. വാര്യർ സംഗീതം നൽകിയ 1948 ഇൽ പുറത്തിറങ്ങിയ നിർമ്മലയിലെ “ഏട്ടൻ വരുന്ന ദിനമേ… ” എന്ന ഗാനത്തിനാണ്.
ഏട്ടന്‍ വരുന്ന ദിനമേ
ഏട്ടന്‍ വരുന്ന ദിനമേ
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
അരുമദിനമേ ഹ ഹാ ഹ ഹഹഹാ
ഏട്ടന്‍ വരുന്ന ദിനമേ
ഏട്ടന്‍ വരുന്ന ദിനമേ
എന്ന മലയാള സിനിമയിലെ ആദ്യ പിന്നണി ഗാനം പാടിയതാകട്ടെ വിമല ബി. വർമ്മ എന്ന ആറാം ക്‌ളാസുകാരി. നിർമലയിൽ പി. ലീല പാടിയ ഗാനങ്ങൾ ഉണ്ടെങ്കിലും മലയാള സിനിമയിലെ ആദ്യ പിന്നണി ഗായിക എന്ന സ്ഥാനം വിമല. ബി. വർമ്മയ്ക്ക് ആണ്. സേലത്തെ മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ്. അതേ ചിത്രത്തിൽ അഭിനയിക്കാനും അവർക്ക് അവസരം കൈ വന്നു .
‘നിർമ്മല’ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ടൈഫോയിഡ് പിടിപെട്ടു മരിക്കുന്ന അനിയത്തിയായി ആണ് വിമല ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് അഭിനയ രംഗത്തും പിന്നണി ഗാന രംഗത്തും വിമല തുടർന്നില്ല.
ഇന്ത്യയിലെ ജനപ്രിയരായ പിന്നണിഗായകർക്ക് ജനപ്രിയ അഭിനേതാക്കൾ, സംഗീത സംവിധായകർ, എന്നിവരുടെ അതേ പദവി ലഭിക്കുന്നു. കൂടാതെ അവർക്ക് പൊതുജന പ്രശംസയും ലഭിക്കുന്നു. പിന്നണിഗായകരിൽ ഭൂരിഭാഗവും തുടക്കത്തിൽ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയവരാണ്. പിന്നീട് അവർ അവരുടെ ശ്രദ്ധേയത നേടിയെടുക്കുന്നു. മുഹമ്മദ് റാഫി, അഹമ്മദ് റുഷ്ദി എന്നിവരെ ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് ഗായകരായി കണക്കാക്കുന്നു.പ്രധാനമായും ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള സഹോദരിമാരായ ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ എന്നിവരെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും ശ്രദ്ധേയരുമായ ഗായകരിൽ രണ്ടുപേരായി വിലയിരുത്താറുണ്ട്. സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡുചെയ്‌ത കലാകാരിയായി ഭോസ്‌ലെയെ 2011-ൽ ഗിന്നസ് ഔദ്യോഗികമായി അംഗീകരിച്ചു.