സിനിമയിൽ ഒക്കെ പൊലീസ് പട്ടിയുടെ കൂടെ ഓടുന്ന പോലീസുകാരെ കാണാം. അങ്ങനെ ഓടുന്നവർ സാധാരണ പോലീസുകാരാണോ അതോ പരിശീലനം നേടിയവരാണോ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
പൊലീസിലെ ഏറ്റവും നിർണായക വിഭാഗമാണു ഡോഗ് സ്ക്വാഡ്. മോഷണത്തിനു മുതൽ കൊലപാതകത്തിനു വരെ തുമ്പുണ്ടാക്കുന്നവർ. പ്രകൃതി ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടുപിടിക്കാൻ പോലും സ്ക്വാഡിലെ ഡോഗുകളാണു സഹായം. എന്നാൽ മണം പിടിച്ച് തുമ്പു കണ്ടെത്തുന്നതിൽ നായയുടെ മിടുക്കു മാത്രമാണോ പ്രധാനം? നായ്ക്കളെ കൃത്യമായി പരിശീലിപ്പിച്ച് ഏതു ദൗത്യത്തിനും യോഗ്യരാക്കുന്നത് പൊലീസിലെ ഹാൻഡ്ലർമാരാണ്.
ഓരോ സംഭവങ്ങളിലും നായ്ക്കൾ പേരും പെരുമയും നേടുമ്പോഴും തുടലുമായി പിന്നിലോടുന്ന ഹാൻഡ്ലർമാരെ ആരും കാണുന്നില്ല. കേസ് പിടിക്കുന്നതു ഡോഗിന്റെ മാത്രം മിടുക്കു കൊണ്ടല്ല. അതിനെ പരിശീലിപ്പിച്ചെടുക്കുന്ന ഹാൻഡ്ലർക്കാണ് അതിന്റെ ക്രെഡിറ്റ്. സ്ക്വാഡിലെ ഒരു ഡോഗിനെ ഡി കമ്മിഷൻ ചെയ്യുന്നതുവരെയോ, അതു മരിക്കുന്നതുവരെയോ ഒപ്പം തുടരുന്നവരാണു ഹാൻഡ്ലർമാർ. വർഷങ്ങളോളം ഡോഗിനൊപ്പം ജീവിക്കുന്നവർ.
1959-ലാണ് തിരുവനന്തപുരത്ത് മൂന്ന് അൽസേഷ്യൻ നായ്ക്കളെ ഉൾപ്പെടുത്തി കേരളത്തിലെ ഡോഗ് സ്ക്വാഡ് രൂപീകരിച്ചത്. K9 വിംഗ് എന്ന് വിളിക്കപ്പെടുന്ന ഇതിന് സംസ്ഥാനത്തെ 14 ജില്ലകളിലും സാന്നിധ്യമുണ്ട്. നായ്ക്കൾ ജനിച്ച് മാസങ്ങൾക്കുള്ളിൽ സ്ക്വാഡിൽ ഉൾപ്പെടുത്തി പരിശീലനം നൽകും. കൂടാതെ, സ്ക്വാഡിലെ മനുഷ്യ സേനാംഗങ്ങൾക്ക് പരിശീലനവും നൽകും.
9 മാസമാണ് ഒരു ഡോഗിന്റെ ട്രെയിനിങ്. ഇതിൽ ആദ്യത്തെ 3 മാസം എല്ലാവർക്കും ഒരേ ട്രെയിനിങ് ആണ്. ആ മൂന്നു മാസത്തിനുള്ളിൽ മിടുക്ക് പിടികിട്ടും. നന്നായി ഓടാനും ചാടാനും കഴിയുന്ന ഡോഗിനെ ട്രാക്കർ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കും. പിന്നീട് ആറു മാസം ആ വിഭാഗത്തിലാണു പരിശീലനം. മോഷണം, കൊലപാതകം തുടങ്ങിയ കേസുകൾ തെളിയിക്കാനാണ് ഇവയെ ഉപയോഗിക്കുക.
ആക്ടിവിറ്റി കുറഞ്ഞവയെങ്കിലും നന്നായി മണം പിടിക്കാൻ അറിയുന്നവയെ സ്നിഫർ വിഭാഗത്തിലേക്കു മാറ്റും. സ്ഫോടക വസ്തു, ലഹരി, സ്പിരിറ്റ് എന്നിവ പിടിക്കാനാണ് ഇവയെ ഉപയോഗപ്പെടുത്തുക. അടുത്തിടെയാണു കഡാവർ വിഭാഗം വന്നത്. മണ്ണിടിച്ചിലിലും മറ്റും മണ്ണിനടിയിലാകുന്ന മൃതദേഹം കണ്ടെത്തുകയാണു കഡാവർ സ്നിഫർ വിഭാഗത്തിന്റെ ജോലി.
മനുഷ്യനുമായി പെട്ടെന്ന് ഇണങ്ങുന്നവരാണു നായ്ക്കൾ. അതിനൊപ്പം വർഷങ്ങളോളം ജീവിക്കുമ്പോൾ ഹാൻഡ്ലർമാരും ഡോഗും തമ്മിൽ വലിയ വൈകാരിക ബന്ധമുണ്ടാകുന്നുണ്ട്. പൊലീസിലെ ജോലിക്കു കൊള്ളാതാകുമ്പോൾ അവയെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ ഹാൻഡ്ലർമാർ തയ്യാറാകാറുണ്ട്. പക്ഷേ പല കേസുകൾക്കും തുമ്പുണ്ടാക്കാൻ സഹായിക്കുന്ന, ഭൂമിക്കടിയില്‍നിന്നു ജീവന്റെ തുടിപ്പു തൊട്ടെടുക്കുന്ന, പൊലീസ് ഡോഗ് സ്ക്വാഡിലെ ജോലി അത്ര സുഖകരമല്ല.
24 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ വിശ്രമം അനുവദിക്കണം എന്നാണ് പൊലീസ് നിയമാവലി എങ്കിലും പൊലീസിലെ നായ്ക്കളെ പരിപാലിക്കുന്ന പൊലീസുകാർക്ക് അവധിയോ, സ്ക്വാഡിൽ നിന്ന് അത്യാവശ്യത്തിനു പുറത്തിറങ്ങാനുള്ള ചിലപ്പോൾ അനുവാദമോ ലഭിക്കില്ല.പങ്കാളിയായ നായയുടെ അടിസ്ഥാന പരിചരണം, ക്ഷേമം, പരിശീലനം എന്നിവ ഹാൻഡ്ലറുടെ ഉത്തരവാദിത്വമാണ് .
നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ പോലും നായയെ പരിപാലിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ചിലപ്പോൾ രാത്രികളിലും , വാരാന്ത്യങ്ങളിലും , അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ടി വന്നേക്കാം. ഈ റോളിന്റെ സ്വഭാവം 24/7 ആണ് . ഓരോ നായയ്ക്കും വ്യത്യസ്ത രീതികളും പെരുമാറ്റങ്ങളും ഉണ്ട്. ഹാൻഡ്ലർ അവരുടെ പങ്കാളിയായ നായയുടെ ഓരോ നീക്കവും മുൻകൂട്ടി കാണാനുള്ള പ്രധാന ഉത്തരവാദിത്തമുണ്ട്.
സ്ക്വാഡിലെ ഡോഗ് ഹാൻഡ്ലർമാർക്ക് വെറ്ററിനറി നഴ്സിങ് പരിശീലനവും നൽകുന്നുണ്ട്. ഒരു ഡോഗിന് രണ്ടു ഹാൻഡ്ലർമാരാണുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്.
ഒരു ഡോഗിനൊപ്പമുള്ള ഹാൻഡ്ലറെ, ഡോഗിനെ ഡി കമ്മിഷൻ ചെയ്യുന്നതുവരെ സ്ക്വാഡിൽനിന്നു മാറ്റരുതെന്നാണ് നിയമം . അതീവ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയാൽ മാത്രമേ മാറ്റാൻ പാടുള്ളൂ .ഡോഗിനെ പരിശീലനകാലം മുതൽ കാണുന്ന ഹാൻഡ്ലറെ മാത്രമേ അതു കൃത്യമായി അനുസരിക്കുകയുള്ളൂവെന്നതിനാലാണ് ഇവരെ മാറ്റരുതെന്ന നിർദേശമുള്ളത്. ഹാൻഡ്ലറും ഡോഗും തമ്മിലുള്ള വൈകാരിക ബന്ധമാണു പല കേസന്വേഷണത്തിലും നല്ല റിസൽട്ട് ഉണ്ടാക്കാൻ സഹായിക്കാറുള്ളത്.
സൂപ്പർ ഡോഗ്സ് എന്നാണ് ഓമനപ്പേര് എങ്കിലും ചിലയിടങ്ങളിൽ കയറിക്കിടക്കാൻ സ്വന്തമായി കെന്നൽ പോലുമില്ലാത്തതാണു പോലീസ് നായ്ക്കൾ നേരിടുന്ന പ്രധാന പ്രശ്നം. ചില പൊലീസ് ക്വാർട്ടേഴ്സുകളിൽ പൊലീസ് പിരിവിട്ടാണു നായ്ക്കളെ പാർപ്പിക്കാനുള്ള കെന്നലുകൾ നിർമിച്ചിട്ടുള്ളത്. റിഫ്രഷർ കോഴ്സ് നടത്താറുള്ള കുട്ടിക്കാനത്ത് അവിടെ ഉപയോഗിക്കാതെ കിടക്കുന്ന ബസിനുള്ളിലാണു സ്ക്വാഡിലെ നായ്ക്കളെ താമസിപ്പിക്കുന്നത്. പത്തനംതിട്ടയിൽ വാഹനത്തിലെ ചൂട് കാരണം ഒരു നായ് ചത്തു. ഇതിനു ശേഷമാണു സ്ക്വാഡിലെ നായ്ക്കൾക്കു സഞ്ചരിക്കാനുള്ള വാഹനം എസിയാക്കിയത്.
കേരളാ പൊലീസിന്റെ ഡോഗ് സ്ക്വാഡിൽ ആകെയുള്ളത് 184 നായ്ക്കളാണ്. വിവിധ ഇനങ്ങളിൽപ്പെട്ടവയാണ് ഇവ. ഇനങ്ങളിങ്ങനെയാണ്: ലാബ്രഡോർ റിട്രീവർ, ഗോൾഡൻ റിട്രീവർ, ബെൽജിയം മലിനോയിസ്, ബീഗിൾ, ഡോബർമാൻ, ജർമൻ ഷെപ്പേഡ്, കന്നി (ഇന്ത്യൻ ബ്രീഡ്), ചിപ്പിപ്പാറ (ഇന്ത്യൻ ബ്രീഡ്). ഡോഗ് സ്ക്വാഡിലെ നായ്ക്കളെ വിവിധ വിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്– ട്രാക്കർ, എക്സ്പ്ലോസിവ് സ്നിഫർ, നർക്കോട്ടിക് സ്നിഫർ, ആൽക്കഹോൾ സ്നിഫർ, കഡാവർ സ്നിഫർ എന്നിവയാണവ. തൃശൂർ പൊലീസ് അക്കാദമിയിൽ വിശ്രാന്തി എന്ന പേരിൽ നായ്ക്കൾക്കുള്ള വിശ്രമ കേന്ദ്രമുണ്ട്. അവിടെ സർവീസിൽ നിന്നു വിരമിച്ച 16 നായ്ക്കളാണു നിലവിലുള്ളത്.
പുരുഷൻമാർ മാത്രമല്ല ഡോഗ് ഹാൻലർ ജോലിയിൽ ഉള്ളത്.കേരളത്തിലെ ആദ്യ വനിത ഡോഗ് ഹാന്ഡ്ലര് ഇടുക്കി ഡോഗ് സ്ക്വോഡിലാണ് ഉള്ളത് . പേര് :ബിന്ദു വി സി . പുതിയതായി ഇടുക്കി ഡോഗ് സ്ക്വേഡിലേയ്ക്ക് എത്തിയ ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട മാഗി എന്ന ട്രാക്കര്‍ നായ്കുട്ടിയെ ഹാന്‍ഡില്‍ ചെയ്യുന്നത് എഎസ്ഐയായ ബിന്ദുവാണ്.