ഉരുളക്കിഴങ്ങ് രാജാവ്
Angels Nair
പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാർ പെറു കീഴടക്കി യൂറോപ്പിൽ തിരിച്ചെത്തിയത് ഉരുളക്കിഴങ്ങ് എന്ന ഒരു പുതിയ കിഴങ്ങുമായിട്ടായിരുന്നു. പക്ഷെ യൂറോപ്പിലെ ജനങ്ങൾ ഉരുളക്കിഴങ്ങിനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. പ്രത്യേകിച്ച് ഫ്രാൻസിലെ കർഷകർ. അതൊരു വിഷകിഴങ്ങാണെന്ന് അവർ വിശ്വസിച്ചു. അതു കഴിച്ചാൽ കുഷ്ഠം, സിഫിലസ് തുടങ്ങി മാരകമായ അസുഖങ്ങൾ ഉണ്ടാകും എന്നവർ കരുതി. അക്കാലത്ത് ഉരുളക്കിഴങ്ങ് കന്നുകാലികൾക്കും ഏറ്റവും പാവപ്പെട്ടവർക്കും കൊടുത്തിരുന്നു. പട്ടിണിക്കാരായ ഫ്രഞ്ചു കർഷകർ പോലും അതുകഴിക്കാൻ മടിച്ചു. അങ്ങനെ 1748 ൽ ഫ്രാൻസിൽ ഉരുളക്കിഴങ്ങ് നിരോധിച്ചു.
1589 ൽ ബ്രിട്ടീഷ് പര്യവേഷകനായ Sir Walter Raleigh എലിസബത്ത് ഒന്ന് രഞ്ജിയുടെ കൊട്ടാരത്തിൽ ഉരുളക്കിഴങ്ങിന്റെ ഗുണങ്ങൾ അവതരിപ്പിച്ചു. പക്ഷെ അവിടെയുള്ള പാചകക്കാർ ചെടിയുടെ ഇലയും തണ്ടും കറിവച്ചു വിളമ്പിയപ്പോൾ കൊട്ടാരത്തിലെ പലർക്കും മാരകമായ അസുഖം ബാധിച്ചു. അതോടെ അവിടെ നിന്നും ഉരുളക്കിഴങ്ങ് പടിയിറങ്ങി. ഉരുളക്കിഴങ്ങിന്റെ എല്ലാ ഭാഗങ്ങളും വിഷമുള്ളതാണ്. വേവിച്ചില്ലെങ്കിൽ ഉരുളക്കിഴങ്ങും.
പ്രഷ്യയും (ജർമനി) ബ്രിട്ടനുമായി നടന്ന യുദ്ധത്തിൽ പിടിക്കപ്പെട്ട ഫ്രാൻസിലെ മെഡിക്കൽ ആർമി ഓഫീസറും ജൈവ ശാസ്ത്രജ്ഞനുമായ പർമെന്റീർ (Parmentier) ക്ക് തടവറയിൽ കഴിക്കാൻ കൊടുത്തത് ഉരുളക്കിഴങ്ങ് മാത്രമായിരുന്നു. പർമെന്റീർ ഫ്രാൻസിൽ തിരിച്ചെത്തിയത് ഉരുളക്കിഴങ്ങിനെ അപ്പോസ്തലൻ ആയിട്ടായിരുന്നു. അദ്ദേഹം ഒരു പ്രബന്ധം തന്നെ അവതരിപ്പിച്ചു. അതോടെ ഉരുളകിഴങ്ങു നിരോധനം 1772ഫ്രാൻസിൽ ഇല്ലാതായി. ഫ്രാൻസിലെ ചക്രവർത്തി ലൂയി പതിനാറാമൻ തന്റെ കോട്ടിൽ ബട്ടനോട് ചേർത്ത് കിഴങ്ങിന്റെ ഒരു പൂവ് വക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രാജ്ഞി മേരി അന്റോനെറ്റ് തലയിൽ ഉരുളക്കിഴങ്ങ് പൂക്കൾ ചൂടിയും പ്രചാരണം നടത്തി.
റഷ്യൻ ചക്രവർത്തിനി കാതറിൻ ഒന്ന് ഉരുളകിഴങ്ങു കൃഷി ആരംഭിക്കാൻ വിളംബരം പുറപ്പെടുവിച്ചെങ്കിലും ആരും അതു ചെവിക്കൊണ്ടില്ല. ബൈബിളിൽ ഉരുളക്കിഴങ്ങിനെ കുറിച്ചു പറഞ്ഞിട്ടില്ല എന്ന കാരണത്താൽ റഷ്യൻ ഓർത്തോടെക്സ് സഭ ഉരുളക്കിഴങ്ങിനെ എതിർത്തു.ഉരുളക്കിഴങ്ങിൽ ധാരാളം പോഷക ഗുണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയ പ്രഷ്യൻ ചക്രവർത്തി ഫ്രഡറിക് 1756 ൽ ഉരുളകിഴങ്ങു നിർബന്ധമായും കൃഷി ചെയ്യാൻ ഒരു വിളംബരം പുറപ്പെടുവിച്ചു. പക്ഷെ പ്രഷ്യയിലെ ജനങ്ങൾക്ക് അപരിചിതമായിരുന്ന രുചിയും മണവും നിറവും ഇല്ലാതിരുന്ന ആ കിഴങ്ങു കൃഷി ചെയ്യാൻ കർഷകർ വിസമ്മതിച്ചു. ചക്രവർത്തിയുടെ വിളംബരത്തെ മറ്റൊരു ഉരുളക്കിഴങ്ങാക്കി ജനം കണ്ടപ്പോൾ ചക്രവർത്തി ഫ്രഡറിക് മറ്റൊരു അടവെടുത്തു.
അദ്ദേഹം കുറെയേറെ സ്ഥലത്ത് ഉരുളകിഴങ്ങു കൃഷിചെയ്ത് ഭടന്മാരെ കാവൽ നിർത്തി. ശക്തമായ കാവലിൽ നട്ടുവളർത്തുന്നത് എന്താണെന്നറിയുവാനുള്ള ജിജ്ഞാസ നാട്ടുകരിൽ വർദ്ധിച്ചു. വിലപ്പെട്ട എന്തോ ഒന്ന് അവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി. ഒരു ദിവസം കാവൽക്കാരോട് അവിടെ നിന്നും പതുക്കെ മാറുവാൻ ചക്രവർത്തി പറഞ്ഞു. കാവൽക്കാർ മാറിയ തക്കത്തിൽ നാട്ടുകാർ ആ ചെടികളിൽ കുറെ പറിച്ചെടുത്ത് തങ്ങളുടെ പറമ്പിൽ രഹസ്യമായി കൃഷി ചെയ്യാൻ ആരംഭിച്ചു. അതോടെ ചക്രവർത്തിയുടെ പദ്ധതി വിജയിക്കുകയും പ്രജകളുടെ പട്ടിണി അവസാനിക്കുകയും ചെയ്തു.
ഈ കഥ ഫ്രഡറിക് രാജാവിനെകുറിച്ചു പറയുന്നതാണെങ്കിലും വിശ്വസിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കും അത്ര ഉറപ്പില്ല. ഇതേ കഥ പർമെന്റീറിനെ കുറിച്ചും നിലവിലുണ്ട്. ലൂയി പതിനാറാമൻ ഉരുളകിഴങ്ങു കൃഷിക്കായി പരീസിന് പുറത്ത് പതിച്ചുകൊടുത്ത 100ഏക്കർ തരിശുഭൂമിയിൽ അദ്ദേഹം കൃഷി ചെയ്യാൻ ആരംഭിച്ചപ്പോഴും കവൽക്കാരെ നിർത്തി. കാവൽക്കാരുടെ അഭാവം നോക്കി നാട്ടുകാർ ചെടികൾ പറിച്ചുകൊണ്ടു പോയി നാട്ടുവളർത്തി ഫ്രാൻസിൽ കൃഷി പടർന്നു എന്നും ഒരു കഥയുണ്ട്.ഏതായാലും ഫ്രഡറിക് രാജാവിനെ ഉരുളക്കിഴങ്ങ് രാജാവ് എന്ന പേരിൽ ആണ് പിന്നീട് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കല്ലറക്കു മുകളിൽ ഇപ്പോഴും ധാരാളം ആളുകൾ ഉരുളക്കിഴങ്ങ് സമർപ്പിക്കുന്നുണ്ട്.