പ്രശാന്ത്‌ ഭൂഷൺ! എന്തൊരു മനുഷ്യനാടോ താങ്കൾ !

171

യൂനുസ് ഖാൻ✍🏼

“ശരി, മാപ്പു പറയുന്നതിൽ എന്താണ് തെറ്റ്‌?” ജസ്‌റ്റിസ്‌‌ മിശ്രയുടേതാണു ചോദ്യം.
പ്രശാന്ത്‌ ഭൂഷന്റെ അഭിഭാഷകൻ രാജീവ് ധവാനാണു മറുപടി പറഞ്ഞത്‌:
“കോടതി ബലംപ്രയോഗിച്ച് മാപ്പുപറയിക്കാന്‍ ശ്രമിക്കുകയാണു. നിരുപാധികമാപ്പ് മാത്രമേ അംഗീകരിക്കൂ എന്ന ഉത്തരവ് ബലപ്രയോഗമാണു.”
പ്രശാന്ത് ഭൂഷൺ ഇടപെട്ടു:
“നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍വേണ്ടി മാപ്പ് പറയാനാകില്ല.”
“എന്താണു പ്രശാന്ത്‌ പറഞ്ഞുവരുന്നത്‌?” – ജസ്റ്റിസ്‌ ആശ്ചര്യത്തോടെ ചോദിച്ചു:
“കോടതിയലക്ഷ്യക്കേസില്‍ താൻ കുറ്റക്കാരനാണെന്ന വിധി റദ്ദാക്കണം.!”
“ഒകെ, ഇനി ആവര്‍ത്തിക്കരുത്!”
“എന്ത് ആവര്‍ത്തിക്കരുത് എന്നാണു താങ്കൾ പറയുന്നത്‌?. കോടതിയെ ക്രിയാത്മകമായി വിമർശിയ്ക്കാൻ പാടില്ലെന്നോ?”
“ഈ കോടതി പ്രശാന്ത് ഭൂഷണെ ശിക്ഷിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ അദ്ദേഹത്തിന് എന്ത് ശിക്ഷ നൽകണം?” – ജസ്റ്റിസ് മിശ്രയുടെ ചോദ്യം അഭിഭാഷകനോടായിരുന്നു.
“ഒന്നുകിൽ അദ്ദേഹത്തെ കോടതിയിൽ ഹാജരാകുന്നതിൽ നിന്നു വിലക്കാം, അല്ലെങ്കിൽ തടവുശിക്ഷ നൽകാം. രണ്ടാമത്തെ ശിക്ഷയാണ് കോടതിയലക്ഷ്യത്തിന് നൽകാറുള്ളത്. എന്നാൽ എന്തു ശിക്ഷ നൽകിയാലും ഒരു കൂട്ടർ അദ്ദേഹത്തെ രക്തസാക്ഷിയെന്നും മറ്റൊരു കൂട്ടർ യഥാർഥ ശിക്ഷ ലഭിച്ചുവെന്നും പറയും, അതു വിവാദങ്ങളിലേക്ക് നയിക്കും. അത്തരം വിവാദങ്ങളുടെ ആവശ്യമെന്താണു?. ശിക്ഷയുടെ ഫലം പ്രശാന്ത് ഭൂഷണു രക്തസാക്ഷിപരിവേഷം ലഭിയ്ക്കുക എന്നതായിരിക്കും. ഒരിക്കലും അങ്ങനെ ചെയ്യരുത്. അദ്ദേഹത്തിന് തൽക്കാലം രക്തസാക്ഷിയാകാൻ താൽപര്യമില്ല”
“പ്രശാന്ത് ഭൂഷണിന്റെ എല്ലാ പ്രസ്താവനകളും അതിന്റെ ന്യായീകരണങ്ങളും മനസ്സിലാക്കുക എന്നത് ഏറെ പ്രയാസപ്പെട്ട കാര്യമാണു. മുപ്പതു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു അഭിഭാഷകനെന്ന നിലയിൽ പ്രശാന്ത് ഭൂഷൺ പെരുമാറേണ്ടത് ഇങ്ങനെയല്ല” – ജസ്റ്റിസ്‌ മറുപടിയെന്നോണം പറഞ്ഞു.
“ഞങ്ങൾ കോടതിയുടെ ദയയല്ല ആവശ്യപ്പെടുന്നത്. നീതിയാണ് വേണ്ടത്. നിങ്ങൾ അദ്ദേഹത്തോട് ഇത് ആവർത്തിക്കല്ലെന്ന് പറഞ്ഞാൽ അദ്ദേഹം തിരിച്ചു ചോദിക്കും എന്ത് ആവർത്തിക്കരുതെന്ന്. കോടതിയെ വിമർശിക്കരുതെന്ന് കോടതിക്ക് പറയാനാകുമോ? കോടതിക്ക് അദ്ദേഹത്തെ നിശബ്ദനാക്കാനാകുമോ?” – രാജീവ് ധവാന്റെ ശബ്ദമുയർന്നു.
“ഞങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവന മുഖവിലയ്ക്കെടുക്കുന്നു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും ഞങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിലും കോടതിയെ വിമർശിക്കുന്ന രീതിയിൽ സംയമനം പാലിക്കുകയും വസ്തുതകൾ ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു എന്നു പരാമർശിച്ച് കേസ് കോടതിക്ക് അവസാനിപ്പിക്കാം”
“മാപ്പു പറയുന്നതിൽ എന്താണ് തെറ്റ്‌? അത് കുറ്റബോധത്തിന്റെ പ്രതിഫലനമാകുമോ? മുറുവുകൾ ഉണക്കുന്ന മാന്ത്രികപദമാണ് മാപ്പ്. മാപ്പ് പറഞ്ഞാൽ നിങ്ങൾ മഹാത്മാഗാന്ധിയുടെ വിഭാഗത്തിലേക്ക് ചേർക്കപ്പെടും. ഗാന്ധിജി അത് ചെയ്തിരുന്നു. നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ മരുന്ന് ഉയോഗിച്ച് ആ വേദന മാറ്റണം. അതിനെ നിന്ദിക്കരുത്” – ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
“പ്രശാന്ത് ഭൂഷൺ ഖേദംപ്രകടിപ്പിച്ചാൽ ഈ കേസ് അതോടെ അവസാനിപ്പിക്കണം” – അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ അഭ്യർഥിച്ചു.
“ഇതു കോടതിയ്ക്ക്‌ സ്വീകാര്യമാണു”
“പക്ഷെ, പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുത്‌. വേണമെങ്കിൽ താക്കീത് ചെയ്യാം” – അറ്റോർണി ജനറൽ ഓർമ്മിപ്പിച്ചു.
“മാപ്പ് പറയാത്ത ആളെ താക്കീത് ചെയ്തിട്ട് എന്തുകാര്യം?” – ജസ്റ്റിസ് തിരിച്ചുചോദിച്ചു.
“പരമോന്നത കോടതി ജനാധിപത്യം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് മുൻ ജഡ്ജിമാരുൾപ്പെടെയുള്ളവർ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. അവരുടെയൊക്കെ അഭിപ്രായങ്ങളുടെ പട്ടിക എന്റെ പക്കലുണ്ട്. ഈ പ്രസ്താവനകളെല്ലാം നീതി നിർവഹണ സംവിധാനം സ്വയം മെച്ചപ്പെടുത്താനുള്ളതാണ്.” – കെ.കെ വേണുഗോപാൽ മറുപടി പറഞ്ഞു.
“അയാൾ ചെയ്തത് തെറ്റാണെന്ന് അയാൾ കരുതുന്നില്ല. അയാൾ മാപ്പും പറഞ്ഞിട്ടില്ല. തെറ്റ് ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ തെറ്റ് ചെയ്തെന്ന് അയാൾക്ക് തോന്നുന്നില്ല. അപ്പോൾ എന്ത് ചെയ്യാനാകും?. തെറ്റു ചെയ്തില്ലെന്ന് കരുതുന്നൊരാൾക്ക് താക്കീത് നൽകിയിട്ടെന്താണ് കാര്യം?” – ജസ്റ്റിസ് എല്ലാവരോടുമായിട്ടെന്ന പോലെ പറഞ്ഞു.
“അപ്പോൾ ഞാനിവിടെ നിക്കണോ, അതോ ജയിലിലേയ്ക്ക്‌ പോണോ?” – പ്രശാന്ത്‌ ഭൂഷൺ.
“ഈ കേസ്‌ വിധി പറയാനായി വീണ്ടും മാറ്റി വയ്ക്കുന്നു”
പ്രശാന്ത്‌ ഭൂഷൺ! എന്തൊരു
മനുഷ്യനാടോ താങ്കൾ ❣️