എല്ലാത്തിലും രാഷ്ട്രീയ സുവർണ്ണാവസരം കാണരുത്, എല്ലാവരും ഒന്നിച്ച് നിൽക്കുക

40

എല്ലാത്തിലും രാഷ്ട്രീയ സുവർണ്ണാവസരം കാണരുത്, എല്ലാവരും ഒന്നിച്ച് നിൽക്കുക

കേരളമെന്നല്ല, ഇന്ത്യയെന്നല്ല, ലോകം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ സർക്കാർ ആനുകൂല്യം കൈപ്പറ്റുന്ന പ്രവണത ഒഴിവാക്കണം. സ്വന്തമായി കോററ്റൈൻ ചിലവ് വഹിക്കാൻ കഴിവുള്ളവർ അത് ചെയ്യാൻ തയ്യാറാവണം.

അതിനൊന്നും സൗകര്യമില്ലാത്ത അർഹരായ പാവപ്പെട്ട പ്രവാസികളെ ആയിരിക്കണം സർക്കാർ ചിലവിൽ താമസിപ്പിക്കേണ്ടത്. അത്തരത്തിലൊരു വേർത്തിരിവ് തീർച്ചയായും രൂപീകരിച്ചെടുക്കേണ്ടിയിരിക്കുന്നു. പാവയ്ക്ക ആകൃതിയുള്ള കേരളത്തിലേക്ക് മത്തങ്ങ പോലെ വീർത്തു പൊട്ടാൻ പാകത്തിലാണ് ആളുകളുടെ ഒഴുക്ക്. പതിനായിരത്തോളം മാത്രമേ പ്രവാസികൾ എത്തിയിട്ടുള്ളു, എന്നാൽ ലക്ഷത്തോട് അടുക്കുന്നു അന്യസംസ്ഥാനത്ത് നിന്നും വന്നവർ.ഇനിയും അതുകൂടും അപ്പാേൾ കാര്യങ്ങൾ ആകെ തകിടം മറിയും. കേരളം ഒന്നാം നമ്പർ ആയപ്പോൾ പോലും വിമർശനം നേരിട്ടെങ്കിൽ ഗ്രാഫ് താഴേക്ക് വരാൻ അധിക സമയമില്ല. വിമർശനം കുമിഞ്ഞ് കൂടും.? ഒരവസരത്തിന് തക്കം പാർത്തിരിക്കുന്നവർ കല്ലിന് മൂർച്ഛ കൂട്ടിത്തുടങ്ങി.

നാട്ടിലെ സംഘടനകൾക്കും, കച്ചവടക്കാർക്കും സിനിമാതാരങ്ങൾക്കുമൊക്കെ പ്രവാസികളുടെ കോററ്റൈൻ സൗകര്യത്തിന് സഹായഹസ്തം നീട്ടാൻ സാധിക്കണം. ഇപ്പോഴെല്ലെങ്കിൽ ഇനിയെപ്പോഴാണ് പ്രവാസികളെ നിങ്ങൾ സഹായിക്കുക. എല്ലാവർക്കും കോററ്റൈൻ സൗജന്യമാക്കുക എന്നതിലല്ല പ്രതിഷേധം വേണ്ടത്, അർഹതയുള്ളവർക്ക്, അത്യാവശ്യക്കാർക്ക് അത് ലഭ്യമാക്കാനാണ് സർക്കാർ ഇടപെടലുകൾ വേണ്ടത്.

ഞങ്ങൾ പ്രവാസികൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുക തന്നെ ചെയ്യും. അന്ന് ഒന്നിന് ഇരുപത് എന്ന കണക്കിന് തിരിച്ചു തരുക തന്നെ ചെയ്യും. ഉണ്ടില്ലേലും, ഉടുത്തില്ലേലും മറ്റുള്ളവരെ ഊട്ടിയും ഉടുപ്പിച്ചും ശീലമുള്ളവനാണ് പ്രവാസി. മുണ്ട് മുറുക്കിയുടുത്ത് ജീവിച്ച് ശീലമുള്ളവൻ.രാഷ്ടീയം കളിക്കാതെ എല്ലാവരും ഒന്ന് ചേരുക.

വിദേശത്ത് നിന്നും വരുന്ന ലക്ഷകണക്കിന് മലയാളികളെ സൗജന്യമായി ക്വാറന്റൈൻ ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ല എന്നാണ് സർക്കാർ പറയുന്നത്. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാകും.പക്ഷെ മാസങ്ങളായി തൊഴിൽ നഷ്ട്ടപ്പെട്ട് പത്ത് റിയാൽ പോലും കയ്യിലില്ലാതെ വരുന്നവർ എങ്ങനെയാണ് ഈ പണം സർക്കാരിന് തരുക ? പണം തരാനില്ലാത്തവരെ നിങ്ങൾ വീട്ടിൽ പറഞ്ഞുവിടുമോ..? പിടിച്ച് മേടിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ ഇത്.ഞാനൊരു കാര്യം പറയാം.തൊഴിൽ നഷ്ട്ടപ്പെട്ട് എക്സിറ്റിൽ വരുന്നവരെ പാസ്പ്പോർട്ട് നോക്കിയാൽ മനസിലാകും.അത്തരക്കാരെ സൗജന്യമായും അല്ലാത്തവരെ പണം ഈടാക്കിയും ക്വാറന്റീൻ ചെയ്യുക.കൂടാതെ ലോകത്തെ എല്ലാ ഇന്ത്യൻ എംബസികളിലും ആ രാജ്യത്തുള്ള ഇന്ത്യക്കാരെ അത്യാവശ്യ ഘട്ടങ്ങളിൽ നാട്ടിലെത്തിക്കാനും സഹായിക്കാനായി ഒരു ഫണ്ടുണ്ട്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്.

വിദേശത്തേക്ക് പോകുന്ന ഓരോ വ്യക്തിയിൽനിന്നും എംബസി വഴി ചെയ്യുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന പണത്തിൽ നിന്ന് ഏതാണ്ട് ഇരുനൂറ് രൂപ ഈ ഫണ്ടിലേക്കാണ് പോകുന്നത്. ഇക്കാലമത്രെയും ഗൾഫിലേക്ക് വന്നുപോയ പ്രവാസികളുടെ കണക്ക് വെച്ച് നോക്കിയാൽ അനേകം കോടികളുണ്ടാകും ഗൾഫിലെ ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികളിൽ.ഓരോ എംബസികളിലും കോടാനുകോടികൾ ഉണ്ടാകും എന്ന് തന്നെയാണ് പലരുടെയും വിലയിരുത്തൽ.ഓരോ പ്രവാസികളുടെയും പണമാണ് അത്.

പക്ഷെ ചിലവാക്കില്ലെന്ന വാശിയിലാണ് എംബസികളും കേന്ദ്രവും.വെൽഫെയർ ഫണ്ടിന്റെ നിയമാവലിയിൽ പറയുന്നത് അടിയന്തിര ഘട്ടത്തിൽ ടിക്കറ്റിനടക്കം ഈ പണം ചിലവാക്കാം എന്നാണ്.എന്നാൽ കേന്ദ്രത്തിന് ഇപ്പോഴും അടിയന്തിര ഘട്ടമായിട്ടില്ല പോലും.ജോലി നഷ്ട്ടപ്പെട്ട് തിരിച്ച് വരുന്ന ഓരോ പ്രവാസിയും ആ പണത്തിന്റെ അവകാശികളാണ്.സംസ്ഥാനം അത് കേന്ദ്രത്തോട് ചോദിച്ച് വാങ്ങാൻ തയ്യാറാകണം.സമ്മർദ്ദം ചെലുത്തണം.ഇതുമാത്രമൊന്നുമല്ല പ്രവാസികളുടെ കയ്യിൽ നിന്നും ഇന്ത്യയുടെ ഖജനാവിലേക്ക് എത്തിയ പണം.ആയിരത്തി തൊള്ളായിരത്തി എൺപത്തി മൂന്ന് മുതൽ ഗൾഫിലേക്ക് പോകുന്നവർ എമിഗ്രെഷൻ ക്ളീയറൻസ് അഥവാ റിട്ടേൺ ടിക്കറ്റും കെട്ടണം എന്നതായിരുന്നു വ്യവസ്ഥ.

മൂന്ന് വർഷത്തിന് ശേക്ഷം ഈ തുക തിരിച്ച് തരുമെന്നുമായിരുന്നു എഗ്രിമെന്റ്. ഇരുപത്തി മൂന്ന് വർഷമാണ് ഈ ചട്ടം നിലവിലുണ്ടായിരുന്നത്.ഈ കാലയളവിൽ കോടിക്കണക്കിന് മനുഷ്യർ പോയിവന്നു.ആർക്കെങ്കിലും ഒരാൾക്ക് ഈ പൈസ തിരികെ കിട്ടിയതായിട്ട് ചൂണ്ടിക്കാണിക്കാമോ? രണ്ടായിരത്തി ഏഴിൽ ടി കെ ഹംസ ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചപ്പോൾ അന്നത്തെ പ്രവാസികാര്യ മന്ത്രി വയലാർ രവി ഇരുപതിനായിരം കോടി കൊടി രൂപ എന്നാണ് മറുപടി കൊടുത്തത്…!ഇന്നത് പലിശയടക്കം സുമാർ അൻപതിനായിരം കോടി രൂപയായിട്ടുണ്ടാകണം. പ്രവാസികൾക്ക് തിരിച്ച് കൊടുക്കേണ്ട പണമാണെന്നോർക്കണം.ഇതുവരെയും ഒരാൾക്ക് പോലും തിരിച്ച് കൊടുക്കാതെ ഇന്ത്യ ഗവർമെന്റ് കൈവശം വെച്ചിരിക്കുകയാണെന്നും ഓർക്കണം .പ്രവാസികളെ സഹായിക്കാൻ ഈ പണമൊക്കെ ഇപ്പോൾ ചിലവാക്കിയില്ലങ്കിൽ പിന്നെ ഇപ്പോൾ…? പ്രവാസികൾക്ക് ആരുടേയും ഔദാര്യം വേണ്ട. അവരുടെ പണം അവർക്ക് വേണ്ടി ചിലവഴിച്ചാൽ മാത്രം മതി.സംസ്ഥാനം ഈ ഘട്ടത്തിലെങ്കിലും ആ പണം ചോദിച്ച് മേടിക്കാൻ തയ്യാറാകണം..

Previous articleഅണലി ആഘോഷിക്കപ്പെടുമ്പോൾ
Next article63 കൊല്ലമായി തുടരുന്ന കേരള പലായനങ്ങൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.