ഗുണ്ടാബലത്തിൽ റോഡുവാഴുന്നവർ

594

സ്വകാര്യ ബസ് മുതലാളിമാർ ഒന്നാന്തരം ഗുണ്ടാനേതാക്കൾ ആകുന്ന അവസ്ഥ ഇന്നോഇന്നലെയോ തുടങ്ങിയതല്ല. തങ്ങളുടെ ബിസിനസ് നടത്തിക്കൊണ്ടുപോകാനും എതിരാളികളെ ഒതുക്കാനും വേണ്ടിവന്നാൽ യാത്രക്കാരുടെ മെക്കിട്ടു കയറാനും ഇവർ തീറ്റിപ്പോറ്റുന്ന ഗുണ്ടകളെ യഥേഷ്ടം ഉപയോഗിക്കുന്നു. കേരളത്തിന്റെ റോഡുകളിൽ ഇവർ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇന്ന് നടന്ന ഒരു സംഭവം ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസിൽ വച്ച് ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചിരിക്കുന്നു. പ്രതിഷേധം കനത്തതോടെ കൊച്ചി പൊലീസ് കേസെടുക്കുകയും ഏതാനുംപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഈ സാഹചര്യത്തിൽ വായിക്കപ്പെടേണ്ട കുറിപ്പാണിത്. വിഷ്ണുവിജയൻ (Vishnu Vijayan)എഴുതുന്നു. പോസ്റ്റ് വായിക്കാം

===

കേരളത്തിൽ ഒരുപക്ഷെ ബിസിനസ് നിലനിൽപ്പിന് ഗുണ്ടകളെ നിലനിർത്തി പോരുന്നതിൽ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്ന വിഭാഗങ്ങളിൽ ഒന്നാണ് വലിയൊരു ശതമാനം ബസ് ഓപ്പറേറ്റേഴ്‌സ്.

റോഡിലെ മത്സരവും, KSRTC ഉൾപ്പെടെ ബസുകളുടെ റൂട്ട് പിടിക്കൽ തുടങ്ങി, വിദ്യാർത്ഥികളെ നേരിടാൻ വരെ കൃത്യമായി ഉപയോഗിച്ച് പോരുന്ന ഒരു വിഭാഗം ക്രിമിനലുകൾ ഒട്ടുമുക്കാലും ബസ് കമ്പനികളുടെയും ഭാഗമായുണ്ട്.

Vishnu Vijayan

രണ്ടു മാസം മുമ്പ് നാഗമ്പടം (കോട്ടയം) പുതിയ പാലത്തിൽ കൂടി ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോൾ, മുൻപിൽ പോയിരുന്ന കാർ റോഡിലെ തിരക്ക് കാരണം ബസിൻ്റെ സമയം അൽപ നഷ്ടമാക്കി എന്ന കാരണത്താൽ, കണ്ടക്ടർ ഡ്രൈവറിനോട് പറയുന്നത് കേറ്റി ഇടിക്കെടാ എന്നാണ്.

അത് കേട്ടപാതി കാറിനെ ഓവർടേക്ക് ചെയ്തു കയറി ബസിന്റെ പിൻഭാഗം കാറിൽ ശക്തമായി ഇടിപ്പിച്ചു ബസ് നിർത്താതെ പോകുകയും ചെയ്തു, ബസിൽ ഒരു പോലീസുകാരൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ബസ് നിർത്തി തയ്യാറായത്. എന്നിട്ടും പോലീസുകാരൻ്റെ ചോദ്യത്തിന് കണ്ടക്ടർ തൻ്റെ പ്രവർത്തിയെ യാതൊരു ഉളുപ്പില്ലാതെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. നിരത്തുകളിൽ പലപ്പോഴും ഇതൊരു സാധാരണ കാഴ്ചയാണ്.

സംസ്ഥാനത്തെ ചെറുതും വലുതുമായ
എല്ലാ പട്ടണങ്ങളിലും പ്രബല ബസ് കമ്പനികളുടണ്ട്, അതാത് സ്ഥലങ്ങളിൽ റൂട്ടിൽ ആധിപത്യമുള്ള ബസുകൾ റോഡിലും, യാത്രക്കാരോടും, വിദ്യാർത്ഥികളോടും, ധാർഷ്ട്യത്തോടെ ഇടപെടുന്നതാണ് ബസുകാരുടെ രീതി.

പൊതുവെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒഴികെ ഭയം കൊണ്ട് ആരുംതന്നെ ഇക്കൂട്ടരെ ചോദ്യം ചെയ്യാൻ തയ്യാറാകില്ല എന്നതാണ് വാസ്തവം.

കേരളത്തിൽ അന്തർസംസ്ഥാന സർവീസ് കോൺട്രാക്റ്റ് ഉള്ള ഏറ്റവും പ്രബലമായ ഗ്രൂപ്പാണ് കല്ലട ട്രാവൽസ്. തിരുവനന്തപുരം ബെംഗളൂരു റൂട്ടിൽ ഓടുന്ന ഇവരുടെ ബസിൽ മൂന്ന് യാത്രക്കാർക്ക് നേരെ ജീവനക്കാർ ഗുണ്ടായിസം കാണിച്ചു മർദിച്ചതായും വഴിയിൽ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട ഒരു ന്യൂസ് പുറത്ത് വന്നിരുന്നു. യാത്രക്കാരുടെ പരാതിയിൽ ബസ് ജീവനക്കാരർക്ക് എതിരെ പോലീസ് കേസെടുത്തതായി അറിയാൻ കഴിയുന്നു.

ഏതാനും മാസം മുൻപ് സംസ്ഥാനത്ത് നടന്ന പ്രൈവറ്റ് ബസ് സമരത്തെ ഗവൺമെന്റ് നേരിട്ടത് റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ ഇറക്കിയാണ്, ആ ദിവസങ്ങളിൽ ആളുകൾ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ താത്പര്യം കൂടുതൽ കാണിക്കുന്ന കാഴ്ച നമ്മൾ കണ്ടതാണ്.

പൊതുവെ പൊതുമേഖലാ സ്ഥാപനങ്ങളോട് മലയാളിയുടെ മനോഭാവത്തിൽ നിന്ന് വളരെ വ്യത്യസ്തമായ സമീപനമാണ് KSRTC യുടെ കാര്യത്തിലുള്ളത് എന്ന് പറയാം, ഒരു തരം പ്രത്യേക സമീപനം ഉള്ളതായി തോന്നിയിട്ടുണ്ട്.

ഇതേ മനോഭാവത്തെ മാർക്കറ്റ് ചെയ്യുക എന്നതാണ് ബോർഡ് സ്വീകരിക്കേണ്ട സമീപനം, സ്വകാര്യ മേഖലയിൽ ഇത്രത്തോളം വലിയൊരു ശൃംഖല സൃഷ്ടിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് കെഎസ്ആർടിസി പോലൊരു സ്ഥാപനത്തിന് അത് വിജയകരമായി നടപ്പിൽ വരുത്തിക്കൂടാ ! സ്കാനിയ, വോൾവോ തുടങ്ങിയ ആഡംബര ബസുകൾ കമ്പനിയിൽ നിന്ന് നേരിട്ട് ലീസിൽ എടുത്ത് അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ഒരു പ്രോജക്ടിനെ കുറിച്ച് മുൻപ് കേട്ടിരുന്നു, അശ്രദ്ധ മൂലം തുടർച്ചയായി നടന്ന അപകടം വഴി സ്കാനിയ ബസുകളിൽ വൻതോതിൽ നഷ്ടം സംഭവിച്ചതായും മറ്റൊരു വാർത്ത വന്നിരുന്നു.

പ്രത്യേക ട്രയിനിംഗ് നൽകി ഡ്രൈവർമാരെ ഈ മേഖലയിൽ ഉൾപ്പെടുത്തി, KSRTC അന്തർസംസ്ഥാന സർവ്വീസുകളിൽ കൂടുതൽ ശ്രദ്ധ നൽകുക എന്നതൊക്കെ തന്നെയാണ് സ്വകാര്യ മേഖലയിലെ ഇത്തരം ഗുണ്ടായിസത്തിനും ധാർഷ്ട്യത്തിനുമുള്ള മറുപടി…